ADVERTISEMENT

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിലൂടെ ലോകത്തിനു നഷ്ടമാകുന്നതു ഭരണസാരഥ്യം എങ്ങനെയാവണമെന്ന് അറിയിച്ച സ്നേഹദീപ്ത മുഖമാണ്. ഏതു കഠിന സ്വപ്നത്തെയും ഇച്ഛാശക്തികെ‍ാണ്ടു യാഥാർഥ്യമാക്കാൻ കഴിഞ്ഞ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. കേരളത്തെ എന്നും കരുതലോടെ കണ്ട അദ്ദേഹത്തിന്റെ വേർപാടിൽ മലയാളക്കരയിലും ദുഃഖം അലയടിക്കുന്നു.

   പിതാവും യുഎഇ രാഷ്ട്രപിതാവുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വിയോഗത്തെത്തുടർന്ന് 2004ൽ യുഎഇ ഭരണാധികാരിയായ അദ്ദേഹം, രാജ്യത്തെ സമഗ്രവികസനത്തിലേക്കു നയിച്ചാണു വിടപറയുന്നത്. വനിതാശാക്തീകരണത്തിനും സമത്വവും സ്വാതന്ത്ര്യവുമുള്ള സാമൂഹികവ്യവസ്ഥയ്ക്കും പ്രാമുഖ്യം നൽകിയ ഷെയ്ഖ് ഖലീഫ, ഭരണസംവിധാനങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. അറബ് മേഖലയുടെതന്നെ സൗമ്യമുഖമുദ്രയായിരുന്ന അദ്ദേഹം മേഖലയിൽ സങ്കീർണമാകാമായിരുന്ന പല പ്രശ്നങ്ങളും കരുതലോടെയും ന്യായബോധത്തോടെയും കൈകാര്യം ചെയ്തു.  

സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ യുഎഇയിലേക്കെത്തിയ ഇതര രാജ്യക്കാർക്കും അദ്ദേഹം തുല്യപരിഗണന നൽകിയപ്പോൾ ഗുണഫലങ്ങൾ ഏറെ ലഭിച്ചത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കായിരുന്നു. ആ സ്നേഹവും കരുതലും യുഎഇയെ കേരളീയരുടെ രണ്ടാം വീടാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇന്ത്യക്കാരുടെ സ്ഥിരോത്സാഹവും കഠിനാധ്വാനവും അദ്ദേഹമെപ്പോഴും ഹൃദയപൂർവം മാനിച്ചു.  ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിലും വികസന–സേവന മേഖലകളിലും ഇന്ത്യ–യുഎഇ ബന്ധം ദൃഢമാക്കിയതിൽ മുഖ്യപങ്കു വഹിച്ചതു ഷെയ്ഖ് ഖലീഫ ആയിരുന്നു.

യുഎഇയിലെ ലക്ഷക്കണക്കിനു മലയാളികൾ കൈവരിച്ച ആത്മവിശ്വാസത്തിന്റെ മുഖ്യ പ്രചോദനമാണു കടന്നുപോകുന്നത്. ജീവകാരുണ്യമേഖലയിലും പലപ്പോഴും അദ്ദേഹത്തിന്റെ സഹായം കേരളത്തെ തേടിയെത്തി. കേരളത്തിലെ പ്രളയകാലത്ത്, തങ്ങളുടെ രാജ്യത്തിന്റെ വളർ‍ച്ചയിൽ സുപ്രധാന പങ്കുവഹിച്ചവരാണു മലയാളികളെന്ന ആമുഖത്തോടെ യുഎഇ ഭരണകൂടം 700 കോടി രൂപയാണു വാഗ്ദാനം ചെയ്തത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടു ചർ‍ച്ചയാവുകയും ചെയ്തു.

   യുഎഇ വികസനത്തിനു മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ നൽകിയ സംഭാവനകളെ ഷെയ്ഖ് ഖലീഫ എപ്പോഴും വിലമതിച്ചു. ഇന്ത്യയുമായി എക്കാലവും ഊഷ്മള ബന്ധം നിലനിർത്തിയ അദ്ദേഹം പ്രതിരോധ മേഖലയിലടക്കം തന്ത്രപ്രധാന സഹകരണത്തിനു തുടക്കം കുറിക്കുകയുണ്ടായി. യുഎഇയിൽ നടന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ രാജ്യാന്തര സമ്മേളനത്തിൽ പാക്കിസ്ഥാന്റെ എതിർപ്പ് അവഗണിച്ചും ഇന്ത്യയെ മുഖ്യാതിഥിയായി ക്ഷണിക്കാൻ യുഎഇ തയാറായതിന്റെ കാരണക്കാരനും അദ്ദേഹംതന്നെയായിരുന്നു. 

    ഇസ്രയേലുമായി സഹിഷ്ണുതയുടെ പാലം പണിഞ്ഞതും അദ്ദേഹത്തിന്റെ കാലത്താണ്. പലസ്തീനിലെ ഗാസാ മുനമ്പിൽ ഷെയ്ഖ് ഖലീഫ നഗരം, ആഫ്രിക്കൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ-ആരോഗ്യ സംരംഭങ്ങൾ എന്നിവയെല്ലാം രാജ്യാതിർത്തികൾ കടന്ന അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ അടയാളങ്ങളായി. സർവമതസാഹോദര്യത്തിന്റെ പല മുദ്രകളും യുഎഇയിൽ രേഖപ്പെടുത്തിയാണ് ഷെയ്ഖ് ഖലീഫ കാലത്തെ അഭിവാദ്യം ചെയ്തത്. സഹിഷ്ണുതാ മന്ത്രാലയം,  ഹാപ്പിനെസ് മന്ത്രാലയം എന്നിവയുടെ രൂപീകരണം യുഎഇയെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധേയമാക്കി. 

   ഏഴു വർഷത്തോളം ആരോഗ്യപ്രശ്നങ്ങളാൽ പൊതുവേദിയിൽനിന്നു വിട്ടുനിന്നിരുന്നെങ്കിലും യുഎഇയുടെ ആത്മാംശം വെളിപ്പെടുത്തിയ എല്ലാ തീരുമാനങ്ങളുടെയും ജീവകേന്ദ്രം അദ്ദേഹമായിരുന്നു. ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനു സ്ഥാപകനേതാക്കൾ നൽകിയ മാർഗനിർദേശങ്ങൾ എപ്പോഴും അദ്ദേഹത്തിനു വഴിവെളിച്ചമായി. ആ നിർദേശങ്ങൾ ഉൾക്കെ‍ാണ്ട് അരനൂറ്റാണ്ടിനിടെ സുസ്ഥിര വികസനം നേടിയെന്ന് ഷെയ്ഖ് ഖലീഫ ധന്യതയോടെ പറഞ്ഞതു കഴിഞ്ഞവർഷമാണ്.  അടുത്ത 50 വർഷത്തേക്കുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് വികസന വിഹായസ്സിൽ വൻനേട്ടം കൈവരിക്കുമെന്നും ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. 

സ്നേഹഭരിതവും ലളിതവുമായിരുന്നു ആ ജീവിതദർശനം. പുതിയ ലോകം അദ്ദേഹത്തിലെപ്പോഴും മിടിച്ചു. സാങ്കേതികതയുടെ നവമുദ്രകൾ യുഎഇ കൈനീട്ടി സ്വീകരിച്ചതും അതുകെ‍ാണ്ടുതന്നെ. വിദ്യാഭ്യാസത്തിലൂടെയും തെ‍ാഴിലവസരങ്ങളിലൂടെയും വനിതകളെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വികസനത്തെ ഭരണത്തിന്റെ മുഖമുദ്രയാക്കിയ, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത, സ്നേഹവും കരുതലുംകെ‍ാണ്ടു ഹൃദയങ്ങൾ കീഴടക്കിയ മഹനീയ മാതൃകയുടെ വേർപാടാണിത്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് മലയാള മനോരമയുടെ ആദരാഞ്ജലി.

English Summary: Tribute to Sheikh Khalifa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com