ADVERTISEMENT

മുണ്ട് അലക്കാൻ മുക്കാൽ ചക്രം ഇല്ലെങ്കിലും മുഴുത്ത വർത്തമാനത്തിനു ലവലേശം കുറവില്ല. തൃക്കാക്കരയിലും പ്രഖ്യാപനം വന്നു കഴിഞ്ഞു. വികസനത്തിന്റെ വിളംബരമായി തെക്കു വടക്ക് സിൽവർലൈൻ ഇതാ വരുന്നു. കേരളം കാണുന്ന ഏറ്റവും വലിയ വികസന പദ്ധതി. പക്ഷേ, ധനമന്ത്രിക്കു ശ്വാസംവിടാൻ പറ്റുന്നില്ല. കഴുത്തറ്റം കടമാണ്. കോർപറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും എടുത്ത കടമെല്ലാം കൂടി സംസ്ഥാനത്തിന്റെ തലയിൽവച്ചു കെട്ടിയിരിക്കുകയാണ് കേന്ദ്രം. അതുകഴിഞ്ഞുള്ള തുകയേ ഇനി കടമായി തരികയുള്ളൂവെന്നു കൂടി പറഞ്ഞതാണ് ധനമന്ത്രിയുടെ ശ്വാസം വിലക്കിയത്. ശ്വാസം തീരെ പോകുന്നില്ലെന്നു കണ്ടപ്പോൾ നിർമലാജി മന്ത്രി അൽപം അയഞ്ഞു. ഒരു അയ്യായിരം കോടി കടം എടുത്തോ; ബാക്കി പിന്നെ നോക്കാം. അതുകൊണ്ടു പക്ഷേ എന്താകാൻ? കിട്ടാവുന്നിടത്തു നിന്നെല്ലാം ഊറ്റിക്കഴിഞ്ഞു. ഒരു നൂറായിരം കാര്യങ്ങൾക്കു പണം വേണ്ടപ്പോഴാണ് ഈ ചില്ലറത്തുക. 

നാട്ടിലെ ചില സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യം പറഞ്ഞതു പോലെയാണ് ഇപ്പോൾ സർക്കാരും. വഴിയേ പോകുന്നവർക്കെല്ലാം കടമെടുക്കാൻ ജാമ്യം നിൽക്കും. അവർ കടം തിരിച്ചടയ്ക്കില്ല. അപ്പോൾ ജാമ്യക്കാരന്റെ വീട്ടിൽ ജപ്തി വരും. വീടുതന്നെ ജപ്തി ചെയ്യുന്ന അയ്യോ പാവം പരുവത്തിലാണെങ്കിലും വീട്ടുകാരൻ കൊട്ടാരം പണിയുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നാലോ? അങ്ങനെ ഒരു വീട്ടുകാരനു ജപ്തി നോട്ടിസ് വന്നപ്പോൾ വീട്ടുകാർ ചോദിച്ചു, അത് എന്തു നോട്ടിസാണ്. വീട്ടുകാരന്റെ ഉത്തരം: ഹോ ഈ കലക്ടറെക്കൊണ്ടു തോറ്റു. കലക്ടറേറ്റിൽ വികസന യോഗത്തിനെത്താൻ പറഞ്ഞുള്ള നോട്ടിസാണ്. പാവം ഭാര്യയും പിള്ളേരും അതു വിശ്വസിച്ചു. വിശ്വസിച്ചുകൊണ്ടേയിരുന്നു, പലവട്ടം. സിൽവർലൈനും ഏതാണ്ട് ആ പരുവത്തിലാണ്. 

aazhchakurippukal-4

തെക്കുവടക്ക് വികസനത്തിന്റെ വായ്ത്താരിയാണു തൃക്കാക്കരയിലാകെ. പക്ഷേ, പ്രസംഗവേദികളിൽ അടിക്കുന്ന കുറ്റിയേയുള്ളൂ. നാട്ടിൽ മഞ്ഞക്കുറ്റി മുന്നേറ്റത്തിന് ഇടവേളയാണിപ്പോൾ. ഇന്ധനവിലയുടെയും മഞ്ഞക്കുറ്റിയുടെയും സവിശേഷതയാണത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ പോളിങ് കഴിയുന്നതുവരെ അനങ്ങില്ല. നിന്നിടത്തു നിൽക്കും. വികസനത്തിന്റെ വക്താക്കൾ മുൻപു വികസന പദ്ധതികളെയാകെ തുരങ്കംവച്ച കഥ പറയുകയാണ് എതിരാളികൾ. പദ്ധതികൾക്കു വച്ച പാരകൾ പ്രത്യേകിച്ചു തൃക്കാക്കരയുടെ പ്രാന്തപ്രദേശങ്ങളിൽ ഏറെയുണ്ടത്രേ. 

സർവകലാശാലകളുടെ ലളിതപരീക്ഷണങ്ങൾ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കി കേസിൽ കുടുങ്ങുന്നവരേ, നിങ്ങൾ മരമണ്ടന്മാർ. കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ പ്രവേശനം നേടൂ. പഠിക്കാതെ, വേണമെങ്കിൽ പരീക്ഷ എഴുതാതെയും കിട്ടും പെടപെയ്ക്കണ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ. കേരളയോ കണ്ണൂരോ കാലിക്കറ്റോ....ഏതുമാകട്ടെ. നിങ്ങളുടെ ആഗ്രഹം സഫലമാകും. 

ചോദ്യം കൊടുക്കേണ്ടിടത്ത് ഉത്തരം കൊടുക്കും. ഉത്തരം വേണ്ടവർക്കു പുസ്തകം കൊടുക്കും. അതുനോക്കി ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്കു ഗൈഡും കൊടുക്കും. എന്തു കടുംകൈ ചെയ്താണെങ്കിലും കുട്ടികൾ ജയിച്ചിരിക്കണം. ഇടതിന്റെ ഇടത്തേയറ്റത്തു നിൽക്കുന്ന അധ്യാപകസഖാക്കളും സർവകലാശാലാ മേലാളരും തോളോടുതോൾ ചേർന്നാണു പോരാട്ടം. കണ്ടുനിൽക്കുന്നവർ ഇതിനെ ക്രമക്കേട്, തോന്ന്യാസം എന്നൊക്കെ വിളിച്ചേക്കാം. സോഷ്യലിസം നടപ്പാക്കാനുള്ള കഠിനപ്രയത്നത്തെ അങ്ങനെയങ്ങു പുച്ഛിക്കാമോ? 

കണ്ണൂരിൽ ഇത്തവണത്തെ സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്കു കഴിഞ്ഞ സെമസ്റ്ററിലെ ചോദ്യക്കടലാസ് കൊടുത്തു. കേട്ടപ്പോൾ ‘അയ്യയ്യോ...’ എന്നു വിളിച്ചു തലയിൽ കൈവച്ചോ? എങ്കിൽ നിങ്ങളുടെ മനോനിലയിൽ പിശകുണ്ട് മിസ്റ്റർ. സോഷ്യലിസം നടപ്പാക്കാനുള്ള സൈക്കോളജിക്കൽ മൂവായിരുന്നു അത്. സർവകലാശാലയിലെ സഖാക്കൾ പറയുന്നതുകൂടി കേൾക്കൂ. കഴിഞ്ഞ തവണ മൂന്നാം സെമസ്റ്റർ എഴുതിയവരുടെ ചോദ്യക്കടലാസിന് ഇത്തവണ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അർഹതയുണ്ട്. ഒരേ സിലബസിൽ പഠിച്ചവർക്ക് ഒരേ ചോദ്യക്കടലാസ്. അതല്ലേ സോഷ്യലിസം? നമ്മുടെ ലക്ഷ്യം തുല്യതയല്ലേ? 

അധികനാളായില്ല, കേരളയിലും കാലിക്കറ്റിലും കൊടുത്തു കഴിഞ്ഞ സെമസ്റ്ററിലെ ചോദ്യക്കടലാസ്. അതിനെതിരെ ആക്ഷേപവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. അവരോട് അധ്യാപകസഖാക്കൾക്ക് ഒന്നേ പറയാനുള്ളൂ, ‘കണ്ണൂരിൽ തുടങ്ങിയതു രണ്ടിടത്തുകൂടി എത്തിയിരിക്കുന്നു. അതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. ഇത് സർവ സർവകലാശാലകളിലും നടപ്പാക്കും.’

സർവകലാശാലകളിൽ മുത്തശ്ശിയായ കേരള, പരീക്ഷ കുറച്ചുകൂടി ലളിതമാക്കി. ചോദ്യക്കടലാസിനു പകരം പരീക്ഷയ്ക്ക് ഉത്തരസൂചിക കൊടുത്തു. കുട്ടികൾ മിടുക്കന്മാരായതുകൊണ്ട് ഒരക്ഷരം ഉരിയാടിയില്ല. എല്ലാം പകർത്തിവച്ചു. മൂല്യനിർണയത്തിന് ഉത്തരക്കടലാസുകളുടെ പാക്കറ്റ് ലഭിച്ച അധ്യാപകൻ അതു തുറന്നപ്പോൾ ഉത്തരസൂചികയുണ്ട്. ചോദ്യക്കടലാസ് കാണാനില്ല. സർവകലാശാലയിൽ വിളിച്ചപ്പോഴാണു സത്യം അറിയുന്നത്! 

കേരള ലളിതമായി പരീക്ഷ നടത്തിയെങ്കിൽ അതിലളിതമായ രീതി കാലിക്കറ്റിൽ വികസിപ്പിച്ചെടുത്തു. അവിടെ ചോദ്യക്കടലാസിൽ തന്നെ ഉത്തരവും കൂടി അച്ചടിച്ചു നൽകി. ഇതിനപ്പുറം സോഷ്യലിസം നടപ്പാക്കുന്നത് എങ്ങനെ? ഒടുവിൽ ഇതാ കേരളയുടെ കൊമേഴ്സ് ബിരുദത്തിന്റെ സിലബസ് നിശ്ചയിച്ചു. വിവരമുള്ളവർ അന്വേഷിച്ചുപോയപ്പോൾ കണ്ടെത്തി, അതു മുഴുവൻ കർണാടകയിലെ സർവകലാശാലയിൽ നിന്നു കോപ്പിയടിച്ചത്! 

aazhchakurippukal-1

സർവകലാശാലകളിൽ നടക്കുന്നതൊന്നും ബിന്ദു മന്ത്രിയോടു ചോദിക്കല്ലേ. ഒറ്റപ്പെട്ട സംഭവങ്ങളാണ് എല്ലാം. ഉന്നതവിദ്യാഭ്യാസം ഒഴികെ മറ്റെന്തിനെക്കുറിച്ചും ചോദിച്ചോളൂ. മറുപടി പറയാൻ മന്ത്രി തയാർ. 2018ൽ മുഖ്യൻ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചിരുന്നു. വിഷയം: സർവകലാശാലകളെ എങ്ങനെ മികവുറ്റതാക്കാം. യോഗാന്ത്യത്തിൽ മുഖ്യൻ ഉത്തരവിട്ടു, ‘നമ്മുടെ സർവകലാശാലകൾ രണ്ടുവർഷംകൊണ്ടു ദേശീയതലത്തിൽ ആദ്യ 10 റാങ്കിൽ ഉൾപ്പെടണം. അടുത്തഘട്ടത്തിൽ രാജ്യാന്തര റാങ്കിങ്ങിൽ ഇടം നേടണം. ഇപ്പോൾ മനസ്സിലായില്ലേ നമ്മുടെ മുഖ്യനും തമാശകൾ വഴങ്ങുമെന്ന്.

സിപിഎമ്മിലെ ശശിമഹായോഗം

ജ്യോതിഷത്തിൽ ശനിദോഷം പോലെ സിപിഎമ്മിൽ ശശിദോഷം സംഭവിക്കാറുണ്ടു ചിലപ്പോൾ. അനിഷ്ടസ്ഥാനങ്ങളിൽ ശനി സഞ്ചരിച്ചാൽ തൊഴിൽരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു ജ്യോതിഷവിധി. ശശിദോഷത്തിലും ഇതുതന്നെ. പാർട്ടി പ്രവർത്തനവും ഒരു തൊഴിലാണല്ലോ. ആ തൊഴിലിനിടെ അനിഷ്ട സ്ഥാനങ്ങളെക്കുറിച്ചു ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ കാര്യങ്ങൾ പ്രതികൂലമാകും. ശശിദോഷം അനുസരിച്ചു നടപടി ഉണ്ടാകുന്ന സമയത്തെ തൽക്കാലിക ബുദ്ധിമുട്ടേയുള്ളൂ. റബർപന്തു ചുമരിലടിച്ചതുപോലെ വൈകാതെ പാർട്ടിയിൽ തിരിച്ചെത്താം. പുറത്തായപ്പോൾ ഇരുന്നതിനെക്കാൾ ഉയർന്ന പദവി കിട്ടും. 

ശനിദശ ദോഷം മാത്രമല്ല, ഗുണവും ചെയ്യും. പാർട്ടിയിൽ അതിനെ ശശിമഹായോഗം എന്നാണു വിളിക്കുന്നത്. ഈ യോഗം ഉള്ളവർ രാജാവിനു തുല്യമായ പദവി, ഗ്രാമദേശങ്ങളുടെ അധികാരം എന്നിവ നേടും. ശനിയും ശശിയും തമ്മിൽ എന്താ ചേർച്ച! 

കണ്ണൂരിൽ 2011ൽ, നായനാരുടെ പൊളിച്ചെഴുത്തു സെക്രട്ടറിയിൽ തുടങ്ങിയതാണു പാർട്ടിയുടെ ശശിദോഷം. 2019ൽ ഷൊർണൂർ ശശി വീണു ഇതേ ദോഷത്തിൽ. ഈ മാസം മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവും അധ്യാപകനും മുനിസിപ്പൽ കൗൺസിലറുമായ കെ.വി.ശശികുമാറിനാണു ദോഷം ബാധിച്ചത്. മൂന്നു ജില്ലയിൽ മൂന്നു ശശിമാർ. ഏതു പാർട്ടിയും കൊതിക്കുന്ന നേട്ടം.

ശനിദോഷം മൂന്നുതരമുണ്ട്: ഏഴരശനി, കണ്ടകശനി, അഷ്ടമത്തിൽ ശനി. പൊളിച്ചെഴുത്തു സെക്രട്ടറിക്ക് ഏഴരശനിയായിരുന്നു. നടപടി നേരിട്ട് ഏഴര വർഷം കഴിഞ്ഞ്, 2019ൽ ആണു ജില്ലാ കമ്മിറ്റിയിൽ തിരികെയെത്തിയത്. പിന്നെ വച്ചടിവച്ചടി കയറ്റം. ഇത്തവണ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തില്ല. പക്ഷേ, സംസ്ഥാന കമ്മിറ്റിയിൽ തിരികെ വന്നു. മാസം ഒന്നായില്ല ഇതാ വീണ്ടും പൊളിച്ചെഴുത്തു സെക്രട്ടറി പദവിയിൽ.

ഷൊർണൂർ ശശിക്ക് കണ്ടകശനിയായിരുന്നു. 4,7,10 രാശികളിൽ ശനി സഞ്ചരിക്കുന്നതാണു കണ്ടകശനിയെന്നു ജ്യോതിഷം. നോക്കൂ, ഷൊർണൂർ ശശി 10 മാസം കഴിഞ്ഞതും പാർട്ടിയിൽ തിരികെ എത്തിക്കഴിഞ്ഞു. അതും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിത്തന്നെ. പോരാത്തതിനു വിനോദ സഞ്ചാര കോർപറേഷനിൽ ചെയർമാനായി നിയമനവും. അതിനെക്കാൾ മഹത്തരമായൊരു ഭാഗ്യവും അടുത്തിടെ വന്നു.

കർഷകത്തൊഴിലാളി യൂണിയന്റെ സ്ത്രീ സുരക്ഷാ സെമിനാറിൽ ഷൊർണൂർ ശശിയായിരുന്നു അധ്യക്ഷൻ. അതും തന്റെ കേസ് അന്വേഷിച്ച ശ്രീമതിക്കൊപ്പം. സെമിനാർ നടന്ന ഓഡിറ്റോറിയത്തിൽ ഇരുന്നാൽ കാണാമായിരുന്നു, പീഡനം നടന്നുവെന്ന് ഡിഫി വനിതാ നേതാവിന്റെ പരാതിയിൽ പറയുന്ന മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസിന്റെ മുകളിലത്തെ നില!.

aazhchakurippukal-3

മലപ്പുറം ശശിയുടെ കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. എങ്കിലും ഈ ശശിക്ക് എട്ടാമത്തെ രാശിയിൽ സഞ്ചരിക്കുന്ന ശനി, അതായത് അഷ്ടമത്തിൽ ശനിയാകാനാണു സാധ്യത. പീഡകരോടു പാർട്ടിയുടെ നിലപാടുവച്ചു നോക്കിയാൽ അതു ശരിയാകണം. കാരണം 8 വർഷം കഴിയുമ്പോൾ പാർട്ടിയിൽ മലപ്പുറം തിരിച്ചെത്തിയേക്കും. ഇതുവരെ മുനിസിപ്പൽ കൗൺസിലറേ ആകാൻ പറ്റിയുള്ളൂവെങ്കിൽ അന്നു ചിലപ്പോൾ ചെയർമാൻ പദവിതന്നെ കൊടുത്തേക്കാം.

പണി മുടക്കിയതിന് പണം പിടിക്കണോ?

സത്യത്തിൽ ഒരു ഉപതിരഞ്ഞെടുപ്പു കാലത്തുതന്നെ ഇങ്ങനെയൊക്കെ പറയാൻ ഒരു മന്ത്രിക്ക് അപാര തൊലിക്കട്ടി വേണം. അതും പകൽ മുഴുവൻ പണിയെടുക്കുന്നവന് ഇരുട്ടുവീഴും മുൻപു കൂലി നൽകണമെന്നു പറഞ്ഞിട്ടുള്ള വിശുദ്ധ പുസ്തകമൊക്കെ വായിക്കുന്നയാൾക്ക്. സംസ്ഥാനത്തിന്റെ സ്വന്തം ആനവണ്ടി കോർപറേഷൻകാരുടെ ശമ്പളത്തെപ്പറ്റി ആന്റണി രാജു മന്ത്രിയുടെ ഒടുവിലത്തെ പ്രസ്താവന കേട്ട് തൊഴിലാളി സഖാക്കളൊക്കെ അന്തംവിട്ടിരിക്കുകയാണ്. പത്താം തീയതിയെങ്കിലും, അല്ല മുഖ്യൻ അമേരിക്കയിൽനിന്നു വന്നു കഴിഞ്ഞെങ്കിലും, മാസപ്പടി കിട്ടുമെന്നു കാത്തിരുന്നവരോടാണു മന്ത്രിയുടെ വാക്കുകൾ. നിങ്ങൾ തന്നെ അതിനുള്ള പണം ഉണ്ടാക്കിക്കോളാൻ. കാരണമോ? പറയുന്നതു കേൾക്കാതെ പണിമുടക്കിയെന്ന്.  

പണിമുടക്കും ഹർത്താലുമൊക്കെയായി നാട്ടുകാരുടെമേൽ എത്രയോ വട്ടം കുതിരകയറിയവരാണ് ഇതു പറയുന്നത്. പണിമുടക്കിയതാണു പ്രശ്നമെങ്കിൽ അന്നത്തെ കാശ് കുറച്ച് ബാക്കി കൊടുത്തുകൂടേ?. പ്രശ്നം അതൊന്നുമല്ല. കയ്യിൽ പത്തു പൈസയില്ല. ഗീർവാണത്തിനു പക്ഷേ ഒരു കുറവുമില്ല. എല്ലാം ശരിയാകുമെന്നു മുൻപു പറഞ്ഞതു സത്യമായി വരികയാണ്. ആനവണ്ടിക്കമ്പനിയിൽ മുഴുവനായും ശരിയായിക്കഴിഞ്ഞു.

സ്റ്റോപ് പ്രസ്

കേരളത്തിലും സർക്കാരുണ്ടാക്കാൻ കഴിയുമെന്ന് കേജ്‌രിവാൾ

പാർട്ടിയുടെ ചിഹ്നം ചൂൽ തന്നെയാണല്ലോ.

Content Highlights: Aazhchakurippukal, Vimathan column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com