പ്രായോഗികമാകണം വാക്കുകൾ

subhadinam-1
SHARE

പ്രഭാഷണം കഴിഞ്ഞെത്തിയ ഗുരുവിനോടു ഭാര്യ ചോദിച്ചു: ഇന്നു പതിവിലും ക്ഷീണിതനാണല്ലോ. ഗുരു പറഞ്ഞു: ഇന്നത്തെ പ്രസംഗമാണു കാരണം. സാധുക്കളെ സഹായിക്കണം, ഉള്ളവർ ഇല്ലാത്തവർക്കു നൽകണം തുടങ്ങിയ പ്രായോഗിക നിർദേശങ്ങളടങ്ങിയ നീണ്ട പ്രസംഗമായിരുന്നു ഇന്നത്തേത്. എന്നിട്ടു പ്രസംഗം വിജയമായിരുന്നോയെന്നു ഭാര്യ ചോദിച്ചു. ഗുരു പറഞ്ഞു: പാതി വിജയമായിരുന്നു. പാവപ്പെട്ടവർ സ്വീകരിക്കാൻ തയാറാണ്. പണക്കാർ പങ്കുവയ്ക്കാൻ തയാറാണോ എന്നതിനെക്കുറിച്ച് ഇനിയും പറയാറായിട്ടില്ല. 

പ്രവർത്തനോന്മുഖമല്ലാത്ത പ്രഭാഷണങ്ങളെല്ലാം കെട്ടുകഥകളായി അവസാനിക്കുകയേയുള്ളൂ. പ്രചോദിപ്പിക്കാനും ആവേശഭരിതരാക്കാനും എളുപ്പമാണ്. അതിനു സംസാരമികവ് മതി. കർമപഥത്തിലെത്തിക്കണമെങ്കിൽ അനുകരണാർഹമായ പ്രവർത്തനശൈലിയുംകൂടി വേണം. നല്ല വാക്കുകൾക്കൊണ്ട് ആളുകൾ നന്നാകുമായിരുന്നെങ്കിൽ സാരോപദേശ കഥകളിലൂടെ മാത്രം വിശുദ്ധസമൂഹം രൂപപ്പെട്ടേനെ. വാക്കുകളിലൂടെ മാത്രം തുടരുന്ന ബന്ധങ്ങൾക്കും ഇടപെടലുകൾക്കും കാതലുണ്ടാകില്ല. ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ സ്വയം ഏറ്റെടുത്തു നടത്തിയ ഒരു കർമമെങ്കിലും ഉണ്ടാകണം. ഒരിക്കലും കുളിച്ചിട്ടില്ലാത്തവർക്കു സ്നാനാനുഭൂതിയെക്കുറിച്ച് അനുഭവത്തിൽനിന്നു സംസാരിക്കാൻ കഴിയില്ല. കുളിക്കില്ലെന്നു വാശി പിടിക്കുന്നവരോടു നനയുന്നതിന്റെ മഹിമയെക്കുറിച്ചു വാചാലമാകുന്നതിലും അർഥമില്ല. പ്രഭാഷകരുടെ വാക്കുകളും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടാകണം.  തത്വശാസ്ത്രത്തെക്കാൾ പ്രായോഗികതയ്ക്ക് ഊന്നൽ നൽകണം, തലച്ചോറിനോടു മാത്രമല്ല; ഹൃദയത്തോടും സംവദിക്കണം, നാവിന്റെ അമിതോപയോഗത്തിനിടയിൽ കാതുകളുടെ അടിസ്ഥാന ലക്ഷ്യം മറക്കരുത്. 

ഉള്ളവരുടെ നിർജീവതയാണ് ഇല്ലാത്തവരുടെ നിസ്സഹായതയെക്കാൾ പരിതാപകരം. അവനവനൊന്നും നഷ്ടപ്പെടാനില്ലെങ്കിൽ മറ്റുള്ളവരുടെ നഷ്ടങ്ങളെ ലഘൂകരിക്കുകയും ആ നഷ്ടങ്ങളിലൂടെയുണ്ടാകുന്ന നേട്ടങ്ങളെ പർവതീകരിക്കുകയും ചെയ്യും. കയ്യിലുള്ളതു പോകുമെങ്കിൽ ആദർശവാക്യങ്ങളിലും സമീപനത്തിലും വ്യത്യാസങ്ങളുണ്ടാകും. നിർബന്ധങ്ങളും നിബന്ധനകളുമില്ലാതെ കർമം ചെയ്യുന്നവരിലൂടെ മാത്രമേ സഹാനുഭൂതിയും സമത്വവും ഉടലെടുക്കൂ. 

English Summary: Subhadinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA