ADVERTISEMENT

രണ്ടു വർഷമപ്പുറത്തുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പഞ്ചാബിലടക്കം കോൺഗ്രസിനുണ്ടായ പരാജയം ആ പാർ‌ട്ടിയിലുണ്ടാവേണ്ട കാലാനുസൃതവും സമൂലവുമായ നവീകരണത്തെക്കുറിച്ചാണ് ഓർമിപ്പിച്ചത്. ഒരുകാലത്ത് ഇന്ത്യ എന്ന രാജ്യത്തോളം വലുപ്പമുണ്ടായിരുന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള വഴി എങ്ങനെയാവണമെന്ന ബോധ്യം അതുകെ‍ാണ്ടുതന്നെ ഏറെ പ്രസക്തമാകുന്നു. ജനാധിപത്യം, മതനിരപേക്ഷത എന്നിവ സംബന്ധിച്ച പല ചോദ്യങ്ങളും രാജ്യം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, ഒൻപതു വർഷത്തിനുശേഷം നടന്ന ചിന്തൻ ശിബിരത്തിലൂടെ കോൺഗ്രസിനു കൈവന്ന തിരിച്ചറിവുകൾക്കു നിർണായക പ്രാധാന്യമുണ്ട്.

ദുർബലമായ സംഘടനാ സംവിധാനവും കോൺഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യവുമ‍െ‍ാക്കെച്ചേർന്ന് കോൺഗ്രസിനെ സങ്കീർണമായ ദശാസന്ധിയിലെത്തിച്ച വേളയിലാണു ചിന്തൻ ശിബിരം ചേർന്നത്. ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവിക്കുള്ള അംഗബലം പോലുമില്ലാത്ത പാർട്ടിക്ക്, പഞ്ചാബ് കൂടി നഷ്ടപ്പെട്ടതോടെ രാജ്യത്തു രണ്ടിടത്തു മാത്രമാണിപ്പോൾ സ്വന്തം മുഖ്യമന്ത്രിയുള്ളത്. ഈ നിലയിൽനിന്നു വീണ്ടും ദേശീയതലത്തിൽ ശക്തിയുള്ള പാർട്ടിയായിത്തീരണമെങ്കിൽ, വരുംതിരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കണമെങ്കിൽ അടിയന്തരമായി സ്വീകരിക്കേണ്ട മാറ്റങ്ങളെക്കുറിച്ചാണ് രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന ത്രിദിന ശിബിരം ചർച്ച ചെയ്തത്. ഒരർഥത്തിൽ, കാലവും കോൺഗ്രസും മുഖാമുഖമിരിക്കുകയായിരുന്നു അവിടെ. 

ഈ ഘട്ടത്തിലും നയിക്കാൻ ഗാന്ധികുടുംബമല്ലാതെ മറ്റാരുമില്ലെന്ന ചിന്തയാണു പാർട്ടിക്കുള്ളതെന്ന് ഉറപ്പിച്ചുപറഞ്ഞു, ചിന്തൻ ശിബിരം. പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന ആവശ്യത്തിനു സമ്മതം മൂളിയില്ലെങ്കിലും പാർട്ടിയുടെ നായകൻ രാഹുൽ ഗാന്ധിതന്നെയെന്ന വ്യക്തമായ സൂചനയോടെയാണു ശിബിരം സമാപിച്ചത്. പുതിയ കാലത്തെ അഭിമുഖീകരിക്കാൻ സ്വയംനവീകരണത്തിലൂടെ തയാറെടുക്കുകയാണെന്നു പറയുന്ന കോൺഗ്രസ്, രാജ്യത്തെ യുവജനതയ്ക്കു നൽകേണ്ട പ്രാതിനിധ്യത്തിനു ചർച്ചയിൽ ഊന്നൽ നൽകുകയുണ്ടായി.  

പാർട്ടി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും 65 വയസ്സ് പരിധി നിശ്ചയിക്കണമെന്ന യുവജനകാര്യ പ്രമേയത്തിലെ നിർദേശം പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തള്ളിയെങ്കിലും സ്ഥാനാർഥിത്വത്തിനും പാർട്ടി സമിതികളിലും 50% പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്കു നൽകുമെന്ന വ്യവസ്ഥയുൾപ്പെടുത്തി. ബിജെപിയും സിപിഎമ്മും ഭാരവാഹിത്വത്തിനു പ്രായപരിധി നിശ്ചയിച്ച സാഹചര്യത്തിൽ ഈ തീരുമാനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഒരാൾക്ക് ഒരു പദവി, ഒരു പദവിയിൽ തുടർച്ചയായി പരമാവധി 5 വർഷ കാലാവധി എന്നിവ ശിബിര തീരുമാനങ്ങളിൽ ഉൾപ്പെടുന്നു. ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥിയേ പാടുള്ളൂവെങ്കിലും 5 വർഷം പാർട്ടിയിൽ പ്രവർത്തനപരിചയമുണ്ടെങ്കിൽ രണ്ടാമതൊരാൾക്കു പദവി അനുവദിക്കാമെന്ന ഇളവുണ്ട്. 

ദേശീയതയുടെയും സാമ്പത്തിക വികസനത്തിന്റെയും കുത്തക രാഷ്ട്രീയതലത്തിൽ ബിജെപി ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് സാമൂഹികനീതിയുടെ വക്താവായി മാറണമെന്ന വാദം ചിന്തൻ ശിബിരത്തിലെ ചർച്ചകളിൽ ശ്രദ്ധേയമായി. പാർട്ടിക്കുള്ളിലെ ഫോറങ്ങളിൽ 50 ശതമാനം വരെ പ്രാതിനിധ്യം ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കു നൽകണമെന്ന ആശയം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതു പാർട്ടി ഭരണഘടനയിലോ നിയമാവലിയിലോ എഴുതിച്ചേർത്തിട്ടില്ല. സംഘടനാതലത്തിൽതന്നെ നിലവിലെ നടത്തിപ്പുരീതിയിലെ പരിഷ്കാരങ്ങളിൽ മാത്രമേ പ്രവർത്തകസമിതി ശ്രദ്ധയൂന്നിയുള്ളൂവെന്നും അഴിച്ചുപണിക്കു തയാറായില്ലെന്നും പരാതിയുണ്ട്.

രാജ്യസ്വാതന്ത്ര്യം എന്ന സ്വപ്നം മുൻനിർത്തി, ആദർശത്തിന്റെയും ദേശസ്നേഹത്തിന്റെയും വഴിവെളിച്ചത്തിൽ, ഒട്ടേറെപ്പേർ ഏകഹൃദയത്തോടെ പടുത്തുയർത്തിയതാണ് കോൺഗ്രസ് പാർട്ടി. കാലപ്രവാഹത്തിൽ കൈമോശം വരാൻ പാടില്ലാത്ത ആ ഉന്നതമൂല്യങ്ങളാണ് ഇന്നും, എന്നും ആ പാർട്ടിയുടെ ആധാരശിലയാകേണ്ടത്. കോൺഗ്രസ് എന്നും ജനങ്ങളുടെ പാർട്ടിയായിരുന്നു. ജനങ്ങൾ ചിന്തിക്കുന്നതെന്തെന്നു തിരിച്ചറിയാൻ കഴിയുന്ന പാർട്ടിയുമായിരുന്നു. ആ തിരിച്ചറിവിൽനിന്നു കോൺഗ്രസ് അകന്നുപോയോ എന്ന ആത്മപരിശോധനയാണു ശിബിരത്തിൽ മുഖ്യമായും ഉണ്ടായത്. 

കേഡർ സ്വഭാവമുള്ള പാർട്ടികളെപ്പോലെ ഘടനാപരമായ കെട്ടുറപ്പോ ആശയപ്രചാരണരീതിയോ അച്ചടക്കബോധമോ കോൺഗ്രസിലില്ലാത്തത് പാർട്ടിയുടെ ദൗർബല്യം തന്നെയാണെന്നു തിരിച്ചറിഞ്ഞ് ശിബിരം മുന്നോട്ടുവയ്ക്കുന്ന നയതീരുമാനങ്ങളിൽ പലതും ഏറെ പ്രസക്തമാണ്. ആ തീരുമാനങ്ങൾ നടപ്പാക്കാനും കാലത്തിനെ‍ാത്തു സ്വയം നവീകരിക്കാനും കോൺഗ്രസിനു കഴിയുമോ എന്ന് ഉറ്റുനോക്കുകയാണു ജനാധിപത്യഭാരതം.

English Summary: Congress Chintan Shivir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com