കേരളത്തിന്റെ മുഖശ്രീ; കുടുംബശ്രീ ഇന്ന് 25–ാം വർഷത്തിലേക്ക്

kudumbashree-logo-1
SHARE

സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യത്തോടെ 1998 മേയ് 17ന് ഉദ്ഘാടനം ചെയ്യപ്പെട്ട കുടുംബശ്രീ ഇന്നു രജതജൂബിലി വർഷത്തിലേക്ക്. ഒരു കുടുംബത്തിൽ ഒരംഗത്തിനു മാത്രമായിരുന്ന കുടുംബശ്രീ അംഗത്വം ഓക്സിലറി ഗ്രൂപ്പുകളിലൂടെ ഒന്നിലധികം കുടുംബാംഗങ്ങളിലേക്കും എത്തുകയാണ്. മറ്റു സംസ്ഥാനങ്ങൾക്കു പുറമേ വിവിധ രാജ്യങ്ങളും മാതൃകയാക്കിയ കുടുംബശ്രീയെത്തേടി  ഒട്ടേറെ ദേശീയ– രാജ്യാന്തര പുരസ്കാരങ്ങളെത്തി. യുഎൻ ഗ്ലെൻമാർക്ക് ന്യൂട്രിഷൻ പുരസ്കാരമാണ് ഒടുവിലത്തേത്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിൽ മികച്ച മാതൃകയായ കുടുംബശ്രീയുടെ അയൽക്കൂട്ടങ്ങൾക്കാകെ 5586.68 കോടി രൂപയുടെ സമ്പാദ്യമുണ്ട്. 

Kudumbasree-3

പുതുമേഖലകളിലേക്ക്

(എം.വി.ഗോവിന്ദൻ, മന്ത്രി)

സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ അവരുടെ പങ്കാളിത്തം അനിവാര്യമാണ്. പരമ്പരാഗത തൊഴിൽ സംരംഭങ്ങളിൽനിന്നു പുതുസംരംഭങ്ങളിലേക്കു മാറുന്ന കുടുംബശ്രീയെയാണ് ഇന്നു കാണാൻ കഴിയുക. കുടുംബശ്രീ ഉൽപന്നങ്ങൾക്കു മെച്ചപ്പെട്ട വിപണിയും വരുമാന ലഭ്യതയും ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന വിപണന മേളകളോടൊപ്പം കുടുംബശ്രീ ബസാർ ഡോട്ട്.കോം എന്ന പേരിൽ ഓൺലൈൻ വിപണനരംഗത്തും ചുവടുറപ്പിച്ചു കഴിഞ്ഞു. ആമസോൺ, സഹേലി, ഫ്ലിപ്കാർട് എന്നിവയുമായി സഹകരിച്ചും ഉൽപന്നവിപണനം നടത്തുന്നുണ്ട്. 

സംസ്ഥാനത്ത് 3,43,271 വനിതാ കർഷകർ 74776 കാർഷിക കൂട്ടായ്മകളിലൂടെ 33,310.05 ഹെക്ടറിൽ കൃഷി ചെയ്യുന്നു. ആട് ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കൻ എന്നീ പദ്ധതികളിലൂടെ മൃഗസംരക്ഷണ മേഖലയിലും കുടുംബശ്രീയുണ്ട്. 2 ഐടി യൂണിറ്റുകളും ഒരു ഐടി കൺസോർഷ്യവും 19 പരിശീലന ഗ്രൂപ്പുകളും കുടുംബശ്രീയുടേതായുണ്ട്. 

സ്ത്രീധനം, സ്ത്രീപീഡനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെയുള്ള വർത്തമാനകാല വനിതാ മുന്നേറ്റങ്ങളിൽ കുടുംബശ്രീക്കു വളരെയേറെ പ്രസക്തിയുണ്ട്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ ഇന്നു സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കാനുള്ള യത്നത്തിലാണ്. അഭ്യസ്തവിദ്യരായ കൂടുതൽ സ്ത്രീകൾ കുടുംബശ്രീയിലൂടെ സംരംഭകത്വ മേഖലയിലേക്കു  കടന്നുവരികയാണ്. 18 മുതൽ 40 വയസ്സ് വരെയുള്ള വനിതകൾക്കായി ആരംഭിച്ച ഓക്സിലറി ഗ്രൂപ്പുകളിലാണ് ഇവരുടെ പങ്കാളിത്തം. നല്ല വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും വീട്ടമ്മമാരായി ഒതുങ്ങേണ്ടി വന്ന യുവതികൾക്ക് അവർ പഠിച്ച മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കാനാണ് ഓക്‌സിലറി ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. സംസ്ഥാനത്ത് 19,555 ഓക്‌സിലറി ഗ്രൂപ്പുകൾ നിലവിൽ വന്നുകഴിഞ്ഞു. 302595 അംഗങ്ങളാണ് ഇതിലുള്ളത്. 

മാതൃകാപ്രവർത്തനങ്ങളാൽ ശ്രദ്ധ നേടിയ ചില കുടുംബശ്രീ യൂണിറ്റുകൾ

kudumbashree-unit-1
കാസർകോട് പിലിക്കോട് ഗ്രാമകിരണം എൽഇഡി ആൻഡ് സ്ട്രീറ്റ് ലൈറ്റ് നിർമാണ യൂണിറ്റ്.

നാട്ടിലും വീട്ടിലും വെളിച്ചമായവർ

(കാസർകോട്)

നാടിനെ വെളിച്ചത്തിലേക്കു നയിച്ച കൂട്ടായ്മയാണ് പിലിക്കോട് ഗ്രാമകിരണം എൽഇഡി ആൻഡ് സ്ട്രീറ്റ്‌ലൈറ്റ് നിർമാണ യൂണിറ്റ്. നീലേശ്വരം ബ്ലോക്ക് പരിധിയിലെ 5 പഞ്ചായത്തുകളിലെയും നീലേശ്വരം നഗരസഭയിലെയും തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സംരംഭം 4 വർഷംകൊണ്ട് മികച്ച നേട്ടമാണു കൊയ്തത്. പിലിക്കോട് പഞ്ചായത്ത് ഒരുക്കിയ താൽക്കാലിക കെട്ടിടത്തിലാണ് ഇവരുടെ പ്രവർത്തനം. 

എൽഇഡി ബൾബുകൾക്കു പുറമേ തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടി തെരുവുവിളക്കുകളും തയാറാക്കി സ്ഥാപിക്കുന്നു. 2 വർഷം അറ്റകുറ്റപ്പണിയും നടത്തും. പുറത്തുനിന്നു സാമഗ്രികൾ വാങ്ങി യോജിപ്പിച്ചാണ് ഇവ നിർമിക്കുന്നത്. 13 അംഗങ്ങളാണു കൂട്ടായ്മയിലുള്ളത്. ഇതിൽ 9 പേർ കുടുംബശ്രീ അംഗങ്ങളാണ്. 4 പുരുഷന്മാർ സഹായികളായി ഒപ്പമുണ്ട്. അംഗങ്ങൾക്ക് മാസത്തിൽ കുറഞ്ഞത് 15000 രൂപ വീതം വരുമാനമായതോടെ കുടുംബങ്ങളിലും തെളിയുന്നതു നറുവെളിച്ചം.

2018 ഏപ്രിലിലാണ് യൂണിറ്റ് തുടങ്ങിയത്. ചെലവായ 12 ലക്ഷത്തിൽ 8 ലക്ഷം രൂപ ബാങ്ക് വായ്പ വഴി ലഭ്യമാക്കി. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 15 ദിവസത്തെ പരിശീലനം. ആദ്യം എൽഇഡി ബൾബുകൾ ആണു തയാറാക്കിയത്. 80 രൂപ മുതൽ വിലയുള്ള ബൾബുകൾക്കു ഡിമാൻഡ് കൂടിയതോടെ തെരുവുവിളക്കിലേക്കും കൈ വച്ചു. ബാങ്ക് വായ്പ മുഴുവൻ തിരിച്ചടച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള പലിശരഹിത വായ്പയുടെ ഏതാനും തിരിച്ചടവു മാത്രമാണു ബാക്കിയുള്ളത്. പി.പി.അശോകൻ കോ ഓർഡിനേറ്ററും പി.വി.ഷാജി പ്രസിഡന്റും വി.പി.മിനിത സെക്രട്ടറിയുമാണ്.

kudumbashree-unit-2
കുടുംബശ്രീ അംഗങ്ങൾ ആദി കുടയുടെ നിർമാണത്തിൽ.

സുന്ദരവർണങ്ങളായി വിരിഞ്ഞ് ആദി

(കണ്ണൂര്‍)

ബഹുവർണക്കുടകൾ നിർമിച്ച് നാൽപതിലേറെ ആദിവാസി കുടുംബങ്ങൾക്കു തണലേകുകയാണ് കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിലെ ആദി കുടയെന്ന കുടുംബശ്രീ സംരംഭം. കുടുംബശ്രീയുടെ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ കീഴിൽ 2021 ഏപ്രിൽ 16ന് 30 ആദിവാസി സ്ത്രീകളെ കുട നിർമാണം പരിശീലിപ്പിച്ചായിരുന്നു തുടക്കം. 11 അംഗങ്ങളെക്കൂടി ചേർത്ത് നിള, ലോട്ടസ് എന്നിങ്ങനെ രണ്ടു സംരംഭങ്ങളായി സിഡിഎസിൽ റജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചു.

രണ്ടു യൂണിറ്റുകളും ചേർന്ന് ആദ്യ ഘട്ടത്തിൽ, മൂന്നു മടക്കുള്ള 500 കുടകളാണു നിർമിച്ചത്. ഇവ വിവിധ സിഡിഎസുകൾ വഴി വിറ്റു. മികച്ച അഭിപ്രായമാണു ലഭിച്ചത്. വിലക്കുറവും ‘ആദി’യെ ആളുകളിലേക്ക് അടുപ്പിച്ചു. രണ്ടാം ഘട്ടത്തിൽ 5 മടക്ക്, പ്രിന്റ്, കുട്ടികൾക്കുള്ള കുടകൾ എന്നിവയെല്ലാം നിർമിക്കാനുള്ള പരിശീലനം അംഗങ്ങൾക്കു ലഭ്യമാക്കി. രണ്ടായിരത്തോളം കുടകൾ അതിവേഗം വിറ്റുപോയി.

8.25 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷത്തെ വിറ്റുവരവ്. ലാഭം 1.75 ലക്ഷം. ഇത്തവണ ജില്ലാ പഞ്ചായത്തിൽ നിന്നു 10 ലക്ഷം രൂപ വായ്പ ലഭിച്ചു. ഇതുപയോഗിച്ച് 5000 കുടകൾ നിർമിക്കാനാണു ലക്ഷ്യം. 4500 എണ്ണം പൂർത്തിയായി. ഇതുവരെ അയ്യായിരത്തിലേറെ കുടകൾക്കുള്ള ഓർഡറായിട്ടുണ്ട്.250 മുതൽ 450 രൂപ വരെയാണ് വില. 

kudumbashree-unit-3
കുറവിലങ്ങാട് ഗ്രാനീസ് ഫുഡ് പ്രോഡക്ട്സിൽ നിന്നുള്ള കാഴ്ച.

രുചിയിൽ ‘കപ്പ’ടിച്ച് ഗ്രാനീസ്

(കോട്ടയം)

കപ്പ കൊണ്ട് കപ്പടിച്ച് കുറവിലങ്ങാട്ടെ ഗ്രാനീസ് ഫുഡ് പ്രോഡക്ട്സ്. കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ ആദർശ് കുടുംബശ്രീ അംഗങ്ങളുടെ സംരംഭമാണിത്.   കപ്പയിൽ നിന്നു രുചി വൈവിധ്യങ്ങളാണു ഗ്രാനീസ് സൃഷ്ടിക്കുന്നത്. കപ്പ മെഷീനിൽ അരി‍ഞ്ഞ് ഡ്രയറിൽ ഉണക്കിയെടുത്ത് വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നു. മിക്സ്ചർ, മധുരസേവ, പക്കാവട, മുറുക്ക് തുടങ്ങിയ ഉൽപന്നങ്ങളുടെ വൈവിധ്യമാണു ഗ്രാനീസിനെ ട്രെൻഡിയാക്കുന്നത്. 

50 ലക്ഷത്തോളം രൂപ മുതൽമുടക്കിലാണു സംരംഭം തുടങ്ങിയത്. തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ) ആണു സാങ്കേതിക പിന്തുണ നൽകുന്നത്. ആർ.പി.ലീലാമണി പ്രസിഡന്റും ബീനാമ്മ പീറ്റർ സെക്രട്ടറിയുമായി അഞ്ചംഗ സംഘമാണു പ്രവർത്തനങ്ങൾക്കു പിന്നിൽ. പി.അമ്പിളി, ശോഭന രാജപ്പൻ, രാജി ദിലീപ് എന്നിവരാണു മറ്റ് അംഗങ്ങൾ.

കർഷകരുടെ ദുരിതം കണ്ടപ്പോഴാണ് 2018ൽ കപ്പയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ എന്ന ആലോചന വന്നത്. 2021ൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സീസൺ സമയത്ത് ചക്കയുടെ വിവിധ ഉൽപന്നങ്ങളുമുണ്ടാക്കുന്നു. പാവയ്ക്ക, കോവയ്ക്ക എന്നിവയും ഉണക്കി വിവിധ ഉൽപന്നങ്ങൾ തയാറാക്കുന്നു. ഏത്തയ്ക്ക ഉണക്കിയതുമുണ്ട്. 

kudumbashree-unit-4
കോഴിക്കോട് കുരുവട്ടൂരിലെ സ്വരലയം സംഘത്തിന്റെ ശിങ്കാരിമേളം.

ചരിത്രത്തിലേക്ക് കൊട്ടിക്കയറി സ്വരലയം

(കോഴിക്കോട്)

കുരുവട്ടൂരിലെ സ്വരലയം കുടുംബശ്രീ കൂട്ടായ്മ ശിങ്കാരിമേളം കൊട്ടിക്കയറിയുന്നതു ചരിത്രത്തിലേക്കാണ്. പുരുഷൻമാർ മാത്രം അരങ്ങുവാണിരുന്ന ചെണ്ടമേളങ്ങളുടെ ലോകത്തു സ്വന്തമായൊരു സ്ഥാനമുണ്ടാക്കിയാണ് 11 വർഷം മുൻപ് ‘സ്വരലയ’ത്തിലെ വനിതകൾ ശിങ്കാരിമേളവുമായി യാത്ര തുടങ്ങിയത്. 

പഞ്ചായത്തിന്റെ വനിതാ ഫണ്ടിൽനിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. കുന്നമംഗലം കോഓപ് റൂറൽ ബാങ്കിൽനിന്നും ഒന്നര ലക്ഷം രൂപ വായ്പയെടുത്തു. 15 അംഗങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. ആറു മാസത്തെ പരിശീലനത്തിനു ശേഷമായിരുന്നു ഉദ്ഘാടനം. രാജ്യമൊട്ടാകെ 1500ൽ അധികം വേദികളിൽ ശിങ്കാരിമേളം അവതരിപ്പിച്ചുകഴിഞ്ഞു. 

രാജ്യത്തിന്റെ പലഭാഗങ്ങളിലും ശിങ്കാരിമേളത്തിനു കേരളത്തിലെ കുടുംബശ്രീ ടീം എന്ന പേരിലാണു സ്വരലയത്തിനു ക്ഷണം ലഭിക്കാറുള്ളത്. സംഘത്തെക്കുറിച്ച് പഠിക്കാൻ സേലത്തുനിന്നുള്ള സംഘം അടുത്തിടെ കുരുവട്ടൂരിലെത്തിയിരുന്നു. 2018ൽ ജില്ലയിലെ മികച്ച തൊഴിൽ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി നാലു തവണ ഒന്നാം സ്ഥാനത്തെത്തി.

23 സ്ത്രീകളും പത്തിലധികം കുട്ടികളുമടങ്ങുന്നതാണ് സ്വരലയം കൂട്ടായ്മ. 14 മുതൽ 40 വയസ്സുവരെയുള്ളവർ ഇതിലുണ്ട്. എ.റീജാകുമാരിയാണ് പ്രസിഡന്റ്. ശ്രീജ പറമ്പിലാണ് അധ്യക്ഷ. പതിനൊന്നു വർഷത്തിനിടെ മൂന്നുകോടിയിലധികം രൂപയാണു സ്വരലയത്തിനു ലഭിച്ചത്. ശിങ്കാരിമേളവും വിളക്കാട്ടവും മുതൽ ഡിജെ ഫ്യൂഷൻ വരെയുള്ള വൈവിധ്യങ്ങളാണു കൂട്ടായ്മയുടെ ശക്തി.  

kudumbashree-unit-7
നാപ്കിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകർ.

പ്രകൃതിയോട് ഇണങ്ങി; ശുചിത്വം ഉറപ്പാക്കി

(ഇടുക്കി)

ഉപയോഗശേഷം വലിച്ചെറിയുന്ന പാഡുകൾ ഇനി പഴങ്കഥ, കഴുകി ഉണക്കി 5 വർഷം വരെ ഉപയോഗിക്കാവുന്ന ‘ഹൈജിനിക്‌സ്’ സേഫ്റ്റി ക്ലോത്ത് നാപ്കിനുകളുമായി കുടുംബശ്രീ സംരംഭകർ. കാമാക്ഷി പഞ്ചായത്തിലെ പ്രകാശിനു സമീപമുള്ള മാടപ്രായിലെ 4 വനിതാ സംരംഭകരാണ് ഇതുവഴി താരങ്ങളായത്. ജാസ്മിൻ ജയിംസ്, ആഷ്‌ലി ജസ്റ്റിൻ, ജാനറ്റ് പ്രദീപ്, ആനിയമ്മ ആന്റണി എന്നിവർ. സിന്തറ്റിക് പാഡുകൾ ഉപയോഗിക്കുന്നതു മൂലമുള്ള അലർജിയും മറ്റ് അസുഖങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കോട്ടൺ തുണി ഉപയോഗിച്ചുള്ള നാപ്കിൻ നിർമാണ യൂണിറ്റ് 2020 ജനുവരിയിലാണ് ആരംഭിച്ചത്. ഈ നാപ്കിൻ ഉപയോഗിക്കുന്നതിലൂടെ സുരക്ഷിതമായ ആർത്തവ ചക്രവും ശുചിത്വവും ഉറപ്പാക്കാനാകുമെന്ന് ഇവർ പറയുന്നു. 

കെമിക്കലും ജെല്ലുമൊന്നും ചേർക്കാതെ 5 രീതിയിലുള്ള നാപ്കിനുകളാണ് ഇവർ നിർമിക്കുന്നത്. ആർത്തവസമയത്ത് ഓരോ ദിവസത്തെയും ആവശ്യത്തിനനുസരിച്ച് 3 മുതൽ 10 ലയർ വരെയുള്ള തുണികൾ കൊണ്ടാണ് നാപ്കിന്റെ നിർമാണം. കൂടിയ തോതിൽ ബ്ലീഡിങ് ഉള്ളവർക്കും കുറച്ചുള്ളവർക്കും ഉപയോഗിക്കാവുന്ന വിധം പല വലുപ്പത്തിലുള്ള പാഡുകളാണ് ഓരോ പാക്കറ്റിലും ഉള്ളത്. കോട്ടൻ തുണി തമിഴ്‌നാട്ടിൽ നിന്നാണു വാങ്ങുന്നത്. ജാസ്മിന്റെ വീട് കേന്ദ്രീകരിച്ചാണു നിർമാണം. ബാങ്ക് വായ്പയടക്കം 3 ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് ഇവർ യൂണിറ്റ് ആരംഭിച്ചത്. 4 പാഡ് ഉൾപ്പെടുന്ന പാക്കറ്റിന് 500 രൂപ, 7 പാഡ്  ഉൾപ്പെടുന്ന പാക്കറ്റിന് 900 രൂപ. കൂടുതൽ മേഖലകളിലേക്ക് പാഡ്  എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

kudumbashree-unit-5
ദീപ മക്കളായ അരവിന്ദിനും ആദിത്യയ്ക്കുമൊപ്പം.

അടുക്കളയിലെ അദ്ഭുതങ്ങൾ

(പത്തനംതിട്ട)

ഏഴംകുളം പഞ്ചായത്തിലെ 19–ാം വാർഡിലെ ശ്രീലക്ഷ്മി കുടുംബശ്രീ അയൽക്കൂട്ടം അംഗമായ എസ്. ദീപ മുളയിലും ഈറ്റയിലും ചിരട്ടയിലും രൂപപ്പെടുത്തിയെടുക്കുന്ന അടുക്കള ഉപകരണങ്ങൾ കണ്ടാൽ ആരും അദ്ഭുതപ്പെടും. ആത്മ ബാംബൂ യൂണിറ്റ് എന്ന സംരംഭമുണ്ടാക്കി അതുവഴി ജീവിതമാർഗം കണ്ടെത്തിയിരിക്കുകയാണു ദീപ.  

കുടുംബശ്രീയുടെ മേളകളിലെല്ലാം ആത്മ ബാംബൂ യൂണിറ്റിന്റെ സ്റ്റാളുമുണ്ടാകും. മുള കൊണ്ടുള്ള കട്ടിങ് ബോർഡ്, ചട്ടുകം, പുട്ടുകുറ്റി, ലാംപ് ഷെയ്ഡ്, പൂക്കൊട്ട, ബാഗ്, സോപ്പുപെട്ടി, ചീപ്പ്, പെൻ സ്റ്റാൻഡ്, തെങ്ങിൻതടി കൊണ്ടുള്ള ചട്ടുകം, സ്പൂൺ, ചിരട്ട കൊണ്ടുള്ള ഗ്ലാസ്, പുട്ടുകുറ്റി, ഈറ്റ കൊണ്ടുള്ള പേന തുടങ്ങി നൂറിലേറെ വസ്തുക്കൾ ഇതുവരെ നിർമിച്ചിട്ടുണ്ട്. ഉൽപന്നങ്ങളുടെ നിർമാണത്തിൽ വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഉറവ് എന്ന സംഘടനയിൽ നിന്നു  ഭർത്താവ് അനൂപ് പരിശീലനം നേടിയിട്ടുണ്ട്. മുളയും ഈറ്റയും അനൂപാണ് എത്തിച്ചു നൽകുന്നത്. ഉൽപന്നങ്ങൾ നിർമിക്കാൻ നാരുകളില്ലാത്ത ആനമുള വേണ്ടതിനാൽ വയനാട്ടിൽ 2 ഏക്കറിൽ മുള കൃഷിയുമുണ്ട്. 

kudumbashree-unit-6
പുൽപള്ളി ഭാഗ്യലക്ഷ്മി കുടുംബശ്രീ അംഗങ്ങള്‍ പപ്പായത്തോട്ടത്തില്‍.

വിജയമധുരം നുണഞ്ഞ് ഭാഗ്യലക്ഷ്മി

(വയനാട്)

ജൂബിലി വർഷത്തിൽ സ്ത്രീശാക്തീകരണത്തിന്റെ മധുരം നുണയുകയാണു വയനാട്ടിലെ ഭാഗ്യലക്ഷ്മി കുടുംബശ്രീ. പുൽപള്ളി പഞ്ചായത്തിലെ ആടിക്കൊല്ലിയിൽ 10 വീട്ടമ്മമാർ ചേർന്ന് 2002ൽ ആരംഭിച്ച ഭാഗ്യലക്ഷ്മി കൂട്ടായ്മയുടെ ബ്രാൻഡ് തേനായ വയനാട് ബീ ഗാർഡൻ റോയൽ ഹണി ഡൽഹിയിൽ നടന്ന സരസ് മേളയിലടക്കം പ്രിയപ്പെട്ടതായി. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നു പരിശീലനം നേടിയ അംഗങ്ങൾ സ്വന്തം വീട്ടുമുറ്റത്താണ് തേനീച്ചക്കൃഷിയാരംഭിച്ചത്. എസ്‌വിഇപി പദ്ധതിയിൽ ആരംഭിച്ച കൃഷി പിന്നീടു പരിസരങ്ങളിലെ കൃഷിയിടങ്ങളിലേക്കു വ്യാപിപ്പിച്ചു. 

ഉപഭോക്താക്കൾക്കു നേരിട്ടും കുടുംബശ്രീ മേളകളിലൂടെയും തേൻ വിൽക്കുന്നു. വാഴയും പച്ചക്കറികളും കൃഷി ചെയ്തിരുന്ന ഇവർ പപ്പായക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്ത് 3,000 പപ്പായച്ചെടികൾ നട്ടു. ഇപ്പോൾ ആദായമെടുത്തു ചന്തകളിലെത്തിക്കുന്നു. 

തയ്യൽ യൂണിറ്റ്, ഇൻഡസ്ട്രിയൽ യൂണിറ്റ്, ഓട്ടോറിക്ഷ എന്നിവയും ഭാഗ്യലക്ഷ്മിക്കു സ്വന്തമായുണ്ട്. 10 ലക്ഷം രൂപയുടെ ആസ്തി. സാധുക്കൾക്കും രോഗികൾക്കും സഹായം നൽകാനും അംഗങ്ങൾ മുൻപന്തിയിലാണ്. ഷീജ സാബു പ്രസിഡന്റും അശോക രാമചന്ദ്രൻ സെക്രട്ടറിയുമായ സംഘത്തിലിപ്പോൾ 12 പേരുണ്ട്. 

kudumbashree-unit-8
യോഗ പരിശീലനത്തിൽനിന്ന്.

സംരംഭകലോകത്ത് പടരാൻ നിശാഗന്ധി

(മലപ്പുറം)

കോവിഡിൽനിന്ന് ആശ്വാസം ലഭിച്ച കാലത്താണ് കോഡൂർ വടക്കേമണ്ണ കുടുംബശ്രീ യൂണിറ്റിലെ 4 യുവതികൾ പുതിയ സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ, 2022 ഫെബ്രുവരി 24ന് നിശാഗന്ധി യോഗ ആൻഡ് ട്യൂഷൻ സെന്ററിനു തുടക്കമായി. മൂന്നു മാസത്തിനിപ്പുറം ചെടികൾക്കുള്ള വളം നിർമാണം, ഡേ കെയർ സെന്റർ തുടങ്ങി പുതിയ മേഖലകളിലേക്കു വികസിക്കാനുള്ള ശ്രമത്തിലാണു നിശാഗന്ധി. 

വടക്കേമണ്ണ സ്വദേശികളായ ഉമ്മു ഹബീബ, റാബിയ, രേഷ്മ, ധന്യ എന്നിവർ രണ്ടു വർഷം മുൻപാണു കുടുംബശ്രീ അയൽക്കൂട്ടത്തിൽ അംഗങ്ങളായത്. ഈ വർഷം ആദ്യമാണു സംരംഭം തുടങ്ങാനുള്ള ആലോചനയുണ്ടായത്. ഡോക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിശീലനത്തിനു വീട്ടമ്മമാരിൽനിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 30 വിദ്യാർഥികളാണു നിലവിൽ ട്യൂഷൻ സെന്ററിലുള്ളത്. ഡേ കെയർ സെന്റർ ആരംഭിക്കാനും പദ്ധതിയുണ്ട്. 

kudumbashree-unit-9
ചെങ്ങന്നൂരിലെ ഷീ ലോഡ്ജ്.

സൂപ്പർ ഹിറ്റ് ഷീ ലോഡ്ജ്

(ആലപ്പുഴ)

സ്ത്രീകൾക്കു സുരക്ഷിതമായ താമസസൗകര്യവും ഒപ്പം വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും. ചെങ്ങന്നൂർ നഗരസഭയിലെ  ഷീ ലോഡ്ജ് സൂപ്പർ ഹിറ്റാണ്. 25–ാം വാർഡിലെ ധന്യ, അമൃത എന്നീ രണ്ടു കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് 2020 നവംബറിലാണു ഷീ ലോഡ്ജ് ആരംഭിച്ചത്. വനിതാ വിശ്രമകേന്ദ്രത്തെ ലോഡ്ജാക്കി മാറ്റുകയായിരുന്നു. 4 മുറികളിലായി 8 പേർക്കു താമസിക്കാം. ഒരു മാസത്തേക്ക് 3000 രൂപ വാടക. ഒരു ദിവസത്തേക്ക് 200 രൂപയും. വിശ്രമിക്കാനും സൗകര്യമുണ്ട്. 2 മണിക്കൂറിനു 100 രൂപ. മൂന്നുനേരത്തെ ഭക്ഷണത്തിനു 100 രൂപ മാത്രം. ഓമന അശോകൻ, ബിന്ദു അനിൽ, സ്മിത എന്നിവർക്കാണു ചുമതല. 

kudumbashree-unit-10
കുട്ടമ്പുഴയിലെ കുടുംബശ്രീ അംഗങ്ങൾ.

കാനനയാത്രയ്ക്ക് കൂട്ട്

(എറണാകുളം)

വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയത്തിലാണ് എറണാകുളം കുട്ടമ്പുഴയിലെ രൂപശ്രീ കുടുംബശ്രീ വിനോദസഞ്ചാര മേഖലയിലേക്ക് ഇറങ്ങിയത്. കുട്ടമ്പുഴയുടെ കാനനസൗന്ദര്യം അടുത്തറിയാൻ എത്തുന്നവരെ കാടകങ്ങളിലൂടെ ആനയിക്കുകയാണ് 15 പേരടങ്ങുന്ന ഈ വനിതാസംഘം.

പഞ്ചായത്തിലെ ട്രൈബൽ കുടുംബശ്രീ സംരംഭമായ ‘സഹ്യ’യ്ക്കു കീഴിൽ, ഒരു വർഷം മുൻപാണു കുട്ടമ്പുഴ സഫാരി ആരംഭിച്ചത്. ഭക്ഷണമുൾപ്പെടെയുള്ള പാക്കേജാണ് ഇവർ ഒരുക്കുന്നത്.  വനത്തിലൂടെ 12 കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടമ്പുഴയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടം, കാട്ടരുവികൾ, ആനത്താര് എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങാം. ഏറുമാടത്തിനു മുകളിലെ വിശ്രമവും തടാകത്തിലെ വഞ്ചി തുഴയലും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. 6 പേരടങ്ങുന്ന സംഘത്തിന് 5000 രൂപയാണു സഫാരി പാക്കേജ്. 

English Summary: Kudumbashree silver jubilee celebration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA