മങ്ങൽ മാറ്റാൻ മുഖം മാറ്റൽ

biplab
SHARE

ഉത്തരാഖണ്ഡിൽ വിജയിച്ച തന്ത്രം മോദി വീണ്ടും പയറ്റിയിരിക്കുന്നു. തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ള ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന്റെ കസേര തെറിച്ചു. അതുവഴി ഭരണവിരുദ്ധവികാരത്തെ മറികടക്കാമെന്നാണ് ബിജെപി കണക്കുകൂട്ടൽ. സംസ്ഥാനത്തെ മൂന്നു പ്രധാന എതിരാളികൾ ഈ സാഹചര്യത്തെ എങ്ങനെ ഉപയോഗിക്കും എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെ മാറ്റിയതിലൂടെ മുഖ്യനെ മാറ്റി ഭരണവിരുദ്ധവികാരം ചെറുക്കുക എന്ന തന്ത്രമാണു നരേന്ദ്ര മോദി വീണ്ടും പ്രയോഗിച്ചത്. ഉത്തരാഖണ്ഡിൽ ഫലം കണ്ട മാർഗമാണിത്. പക്ഷേ അവിടെ ആദ്യം മാറ്റിയ മുഖ്യമന്ത്രിയെ വീണ്ടും മാസങ്ങൾക്കകം മാറ്റേണ്ടിവന്നു. രണ്ടാമനു പകരം വന്നയാൾ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തിയെങ്കിലും സ്വന്തം സീറ്റിൽ തോറ്റു. മുൻപ്, ഗുജറാത്തിലെ മുഖ്യമന്ത്രി അടക്കം മുഴുവൻ മന്ത്രിമാരെയും മോദി മാറ്റുകയുണ്ടായി. കർണാടകയിലാകട്ടെ, മുതിർന്ന നേതാവു കൂടിയായ ബി.എസ്. യെഡിയൂരപ്പയെ മാറ്റിയതും ബിജെപി സർക്കാരുകളുടെ ജനാംഗീകാരം നഷ്ടമായോയെന്നു വിലയിരുത്തുന്നത് വോട്ടറല്ല, ഹൈക്കമാൻഡാണെന്ന നയത്തിന്റെ സൂചനയായിരുന്നു.

എന്നാൽ, ത്രിപുരയിലടക്കം പുതിയതായി നിയോഗിക്കപ്പെട്ടവരെല്ലാം, പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയുടെ ക്യാംപിലെ അംഗങ്ങളോ വിശ്വസ്തരോ ആണെന്നതു ശ്രദ്ധേയമാണ്. ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി മണിക് സാഹ, ബിപ്ലവ് ദേബിന്റെ അടുത്ത സുഹൃത്താണ്. വാസ്തവത്തിൽ, ത്രിപുരയിലെ വിമതരുടെ പ്രധാന ആരോപണം ബിപ്ലവ് ദേബ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ സാഹയുടെ കയ്യിലെ പാവയാണെന്നായിരുന്നു. സാഹ ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കുകയും ബിപ്ലവ് ദേബിന്റെ മന്ത്രിമാരിൽ ഭൂരിഭാഗത്തെയും നിലനിർത്തുകയും ചെയ്തതോടെ ത്രിപുരയിൽ കാര്യമായ മാറ്റമൊന്നും യഥാർഥത്തിൽ സംഭവിച്ചിട്ടില്ലെന്ന വികാരവും ഉയർന്നിട്ടുണ്ട്. 

ഇതേകാര്യം തന്നെയാണു കർണാടകയിലും സംഭവിച്ചത്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ മുഖ്യമന്ത്രിസ്ഥാനം വിട്ട യെഡിയൂരപ്പ തന്നെയാണു പകരക്കാരനായി ബസവരാജ് ബൊമ്മെയുടെ പേരു നിർദേശിച്ചത്. 2018 ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസും ജനതാദളും വിട്ടുവന്നവർ അടക്കം യെഡിയൂരപ്പയുടെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരെയും ബൊമ്മെ നിലനിർത്തുകയും ചെയ്തു.

അസമിൽ മാറ്റം വന്നതു ബിജെപിയുടെ തിരഞ്ഞെടുപ്പുവിജയത്തിനുശേഷമാണ്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ കേന്ദ്രമന്ത്രിസഭയിലേക്കാണു പോയത്. ഡപ്യൂട്ടിയായിരുന്ന ഹിമന്ത ബിശ്വ ശർമ പകരം മുഖ്യമന്ത്രിയായി. എന്നാൽ, മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ഒരു ലോക്സഭ ഉപതിരഞ്ഞെടുപ്പും കോൺഗ്രസിനോടു പരാജയപ്പെട്ടിട്ടും ഹിമാചൽ പ്രദേശിലെ ജയ്റാം ഠാക്കൂറിനു സ്ഥാനചലനമുണ്ടായില്ല. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നതും ഠാക്കൂർ തന്നെ. അതേപോലെ, ദീർഘകാലമായി മുഖ്യമന്ത്രിക്കസേരയിലുള്ള മധ്യപ്രദേശിലെ ശിവ്‌രാജ് സിങ് ചൗഹാനെയും ഹരിയാനയിലെ മനോഹർ ലാൽ ഖട്ടറെയും ബിജെപി തൊട്ടിട്ടില്ല. അവരുടെ ഭരണം മെച്ചപ്പെട്ടതാണെന്ന വിലയിരുത്തലാണു കാരണം.

ത്രിപുരയിലെ പെട്ടെന്നുള്ള മാറ്റം ഉയർത്തുന്ന പ്രധാന ചോദ്യം സംസ്ഥാനത്തെ ബിജെപിയുടെ മൂന്നു പ്രധാന എതിരാളികൾ ഈ സാഹചര്യത്തെ എങ്ങനെ ഉപയോഗിക്കുമെന്നതാണ്. ബിജെപിക്കുള്ളിൽ ശക്തമായ വിഭാഗീയതയുണ്ട്. ബിപ്ലവ് ദേബ് ഒട്ടും ജനപ്രിയനല്ല, പുതിയ മുഖ്യമന്ത്രിയായ സാഹയ്ക്കു ഭരണപരിചയക്കുറവുമുണ്ട്. ദീർഘകാലം ത്രിപുര ഭരിച്ച സിപിഎമ്മിനെ നാലുവർഷം മുൻപാണു ബിജെപി വീഴ്ത്തിയത്. സംസ്ഥാനത്തു സിപിഎമ്മിന്റെ പല ഓഫിസുകളും ബിജെപി പിടിച്ചെടുക്കുകയോ തകർക്കുകയോ ചെയ്തു. ഈയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും സിപിഎം പരാജയപ്പെട്ടു. സംസ്ഥാന സമ്മേളനം നടത്താൻ പോലും പാർട്ടിക്കു കഴിഞ്ഞില്ല. ഈ വർഷം ഫെബ്രുവരിയിൽ ജിതേന്ദ്ര ചൗധരി പാർട്ടി സെക്രട്ടറിയായശേഷം, കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 

പരാജയത്തിൽനിന്നു പരാജയത്തിലേക്കു കൂപ്പുകുത്തുന്ന കോൺഗ്രസിൽ നിന്ന് ഈയിടെ തൃണമൂൽ കോൺഗ്രസിലേക്കും ചിലർ കൊഴിഞ്ഞുപോയി. ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ പോലും ത്രിപുരയിൽ എങ്ങനെ മുന്നേറുമെന്നതിനെപ്പറ്റി ആലോചന ഉണ്ടായില്ല.  

ബംഗാളുമായി സാംസ്കാരികമായും ഭാഷാപരമായും ത്രിപുരയ്ക്കുള്ള സാഹോദര്യം മുതലെടുത്തു രാഷ്ട്രീയവിജയം നേടാനാവുമെന്നാണു മമതയുടെ പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ, ശക്തരായ നേതാക്കളില്ലാത്തതാണു ത്രിപുരയിൽ തൃണമൂലിന്റെ മുഖ്യപോരായ്മ. ത്രിപുരയുടെ ചുമതലയുള്ള മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി പലവട്ടം സംസ്ഥാനം സന്ദർശിച്ചു. എന്നിട്ടും, സിപിഎമ്മും കോൺഗ്രസും പോലെ തൃണമൂലും തദ്ദേശതിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമാണു കാഴ്ചവച്ചത്. ഇതു ബിപ്ലവ് ദേബിന് ഉന്മേഷം പകർന്നിരുന്നുവെങ്കിലും മോദിയും അമിത് ഷായും അതുകൊണ്ടൊന്നും സംപ്രീതരായില്ലെന്ന് അദ്ദേഹത്തിനു താമസിയാതെ മനസ്സിലായി. 

ലോക്സഭയിൽ 2 അംഗങ്ങൾ മാത്രമുള്ള ചെറുസംസ്ഥാനമാണു ത്രിപുരയെങ്കിലും അതൊരു സുപ്രധാന പ്രത്യയശാസ്ത്ര പോരാട്ടഭൂമിയാണ്. ബിജെപി തീവ്ര ഹിന്ദുത്വവുമായി മുന്നേറുമ്പോൾ, സിപിഎം ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം നടപ്പാക്കാൻ ശ്രമിക്കുന്നു, പ്രാദേശിക സ്വത്വം എന്ന ആശയത്തിലൂന്നിയാണു തൃണമൂലിന്റെ പ്രചാരണം. പഴയ ദേശീയ പാർട്ടി എന്ന ആശയത്തിലൂന്നി ഇവരുടെ നടുവിൽ കോൺഗ്രസും. സംസ്ഥാന സെക്രട്ടറിയെ നീക്കി സിപിഎമ്മാണ് ആദ്യം  മാറ്റത്തിനു തുടക്കമിട്ടത്. പിന്നാലെ മുഖ്യമന്ത്രിയെത്തന്നെ മാറ്റി ബിജെപിയുടെ ദ്രുതപ്രതികരണമുണ്ടായി. നരേന്ദ്ര മോദി ഭരണരീതി മുന്നോട്ടു വയ്ക്കുന്ന ഇരട്ട എൻജിൻ സർക്കാർ എന്ന ഫോർമുല ഇതിലൂടെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

English Summary: Tripura BJP politics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA