ADVERTISEMENT

സംസ്ഥാനത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമെന്നു നാം അഭിമാനിച്ചുപോന്ന കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പ്രതിമാസ ആശങ്കയായിരിക്കുകയാണ്.  ജോലി ചെയ്തതിനു വേതനം നൽകാതെവരുമ്പോൾ അതു ജീവനക്കാരോടുള്ള ക്രൂരതയും നിരുത്തരവാദിത്തവും തന്നെയാണ്. സർക്കാർ ഇടപെടലിനെത്തുടർന്ന് ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കാൻ വഴിതുറന്നിട്ടുണ്ടെങ്കിലും ശമ്പള പ്രതിസന്ധിക്കു ശാശ്വത പരിഹാരം വേണമെന്നത് അടിയന്തരാവശ്യമായി മാറിയിരിക്കുന്നു.

ശമ്പളം തുടർച്ചയായി അനിശ്ചിതാവസ്ഥയിലാകുമ്പോൾ കാൽലക്ഷത്തോളം കെഎസ്ആ‍ർടിസി ജീവനക്കാരുടെ കുടുംബങ്ങളാണു പ്രതിസന്ധിയിലാവുന്നത്. വിഷു, ഈസ്റ്റർ ആഘോഷദിനങ്ങളെല്ലാം കഴിഞ്ഞ്, ഏപ്രിൽ പതിനെട്ടിനാണു മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്തത്. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുത്ത 45 കോടി രൂപ ഓവർ ഡ്രാഫ്റ്റും ഉപയോഗിച്ചായിരുന്നു ശമ്പളവിതരണം. ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ നൽകാനാവാത്തതു വലിയ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്തു.

ധന–ഗതാഗത വകുപ്പ് മന്ത്രിമാർ ഇന്നലെ നടത്തിയ ചർച്ചയ്ക്കുശേഷം, ഏപ്രിൽ ശമ്പളത്തിനായി ‌കെഎസ്ആർടിസിക്കു സമാഹരിക്കാൻ കഴിയുന്ന തുക എത്രയെന്ന് അറിയിക്കാൻ മാനേജ്മെന്റിനു നിർദേശം നൽകിയിരിക്കുകയാണ്. ബാക്കി പണം കണ്ടെത്താനുള്ള വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകും. നിലവിൽ 3178 കോടി രൂപ സർക്കാർ ഗാരന്റിയിൽ ഇതുവരെ കെഎസ്ആർടിസി വായ്പ എടുത്തിട്ടുണ്ടെന്നതുകൂടി ഒാർമിക്കാം. എങ്ങനെയെങ്കിലും പണമുണ്ടാക്കി ഇത്തവണ ശമ്പളം കെ‍ാടുത്താൽതന്നെയും ഓരോ മാസവുമുള്ള അനിശ്ചിതാവസ്ഥ ഇനിയും തുടരുമെന്നതാണു യാഥാർഥ്യം. കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ, സ്വിഫ്റ്റിനു വേണ്ടി 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭാ യോഗം ഇന്നലെ അനുമതി നൽകിയിട്ടുണ്ട്. ഇതിനായി കിഫ്ബിയിൽനിന്നു 4% പലിശ നിരക്കിൽ 455 കോടി രൂപ അനുവദിക്കും. 

വരവിനെക്കാൾ ചെലവുകൂടിയ ഏതു സ്ഥാപനത്തിന്റെയും ദുർവിധിയാണിതെങ്കിലും എത്രയും പെട്ടെന്നു ശാശ്വതപരിഹാരം കണ്ടെത്തേണ്ട ശമ്പളപ്രശ്നം ഇത്രയും രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്നു ബന്ധപ്പെട്ടവർക്കാർക്കും കൈകഴുകാൻ പറ്റില്ല. ഒരുകാലത്തു കേരളത്തിന്റെ അഭിമാനമായിരുന്ന ഈ സ്ഥാപനം ഈ ദുരവസ്ഥയിലെത്താനുള്ള മുഖ്യകാരണം തന്നെ അലംഭാവവും കാര്യക്ഷമതയില്ലായ്മയുമല്ലേ? കെഎസ്ആർടിസിയുടെ വിവിധ പ്രശ്നങ്ങൾക്കു ദീർഘകാല ലക്ഷ്യത്തോടെയുള്ള ചികിത്സയല്ല പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കെഎസ്ആർടിസി നന്നാക്കാനായി വിദഗ്ധർ എഴുതിയ ഒട്ടേറെ റിപ്പോർട്ടുകൾ ആസ്ഥാനത്തു പൊടിപിടിച്ചു കിടക്കുന്നുണ്ട്; ഏറ്റവും ഒടുവിൽ പ്രഫ. സുശീൽ ഖന്നയുടെ റിപ്പോർട്ടും. ഇപ്പോഴത്തെ നിലയിലാണു കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെങ്കിൽ ഓട്ടം നിലയ്ക്കാൻ അധികകാലം വേണ്ടിവരില്ലെന്ന് ആ റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. 

മാനേജ്മെന്റ് സംവിധാനത്തിന്റെ കഴിവുകേടാണ് കെഎസ്ആർടിസിയെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചതെന്ന്, കെ‍ാൽക്കത്ത ഐഐഎമ്മിൽ പ്രഫസറായിരുന്ന സുശീൽ ഖന്ന മലയാള മനോരമയിലൂടെ പ്രതികരിക്കുന്നുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുക്കുകയാണു മാനേജ്മെന്റ് ചെയ്യേണ്ടതെന്നും പ്രശ്നം എന്തെന്നറിയുകയും അതു പരിഹരിക്കുകയും ചെയ്യുക മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു. ഒരു സ്ഥാപനം മെച്ചപ്പെടണമെങ്കിൽ അതിന്റെ കാര്യക്ഷമത എപ്പോഴും ഉയർത്തിക്കൊണ്ടിരിക്കണമെന്നു പ്രഫ. സുശീൽ ഖന്ന പറയുന്നതിലെ അടിസ്ഥാനപാഠം കെഎസ്ആർടിസിക്ക് ഇനിയും മനസ്സിലായിട്ടില്ല. മാറിമാറി വരുന്ന ഉദ്യോഗസ്ഥ മേധാവികൾക്ക് ഇതിനെപ്പറ്റിയെ‍ാന്നും ചിന്തിക്കാൻ സാവകാശം നൽകുന്നതുമില്ല. 

ഏതു സ്ഥാപനവും മുന്നോട്ടുപോകുന്നതുപോലെ നടത്തിപ്പുലാഭം കണ്ടെത്താൻ കെഎസ്ആർടിസിക്കു കഴിയണമെന്നാണു വിദഗ്ധാഭിപ്രായം. കാലത്തിന് അനുയോജ്യമാംവിധം പ്രഫഷനൽ മാനേജ്മെന്റ് സംവിധാനം ഉണ്ടാകുകയും വേണം. കൃത്യമായ ആസൂത്രണവും അച്ചടക്കവും നിയന്ത്രണങ്ങളുമുണ്ടെങ്കിൽ കെഎസ്ആർടിസിയെ ബാധ്യതയിൽനിന്നു കരകയറ്റാൻ കഴിയും. ആയിരക്കണക്കിനു പേരുടെ ജീവിതമാർഗമായ ഈ സ്ഥാപനം അന്തസ്സോടെയും ലാഭത്തിലും പ്രവർത്തിക്കേണ്ടതു സംസ്ഥാനത്തിന്റെയാകെ ആവശ്യമാണെന്ന തിരിച്ചറിവോടെ, വേണ്ടത്ര ജീവവായു നൽകാൻ വൈകരുത്. ദീർഘകാല കർമപദ്ധതിക്കായുള്ള ഫലപ്രദമായ ആലോചനകൾ കട്ടപ്പുറത്തായിക്കൂടാ. 

ഒരു കാര്യം സുവ്യക്തമാണ്: സർക്കാരും ഗതാഗത മന്ത്രിയും കെഎസ്ആർ‍ടിസി ജീവനക്കാരും മാനേജിങ് ഡയറക്ടറും യൂണിയനുകളുമെ‍ാക്കെ കൈകോർത്തുണ്ടാവുന്ന പാരസ്പര്യത്തിൽനിന്നു മാത്രമേ ഈ സ്ഥാപനത്തെ മികവോടെ കെ‍ാണ്ടുപോകാനാവൂ. പരസ്പര കുറ്റപ്പെടുത്തലും പ്രശ്നങ്ങളിൽനിന്നുള്ള ഓടിയെ‍ാളിക്കലും നിരുത്തരവാദിത്തവുമെ‍ാക്കെ ഈ വലിയ സ്ഥാപനത്തെ കൂടുതൽ ആഴത്തിലേക്കു പതിപ്പിക്കുകയേയുള്ളൂ. 

English Summary: KSRTC financial crisis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com