ADVERTISEMENT

നെൽക്കർഷകരുടെ കണ്ണീരു കാണാൻ ആരോ പറഞ്ഞയച്ചതുപോലെയാണ് മഴ നേരത്തെ എത്തിയത്.  ഈ സീസണിലും പ്രതീക്ഷകളുടെ കതിരൊടിഞ്ഞുവീണ പാടങ്ങളിൽ കുതിർന്നുനിൽക്കുകയാണവർ. വിതച്ചതെല്ലാം കൊയ്യാൻ കഴിഞ്ഞില്ല. കൊയ്തു കിട്ടിയതിന് വിലയില്ല. വിലപേശാൻ അവർക്കു ശേഷിയുമില്ല. മഴയുടെ മറവിൽ വിലയിടിക്കാനും ഒരുകൂട്ടർ. ദുരിതം പൂർണമാക്കി വളത്തിന്റെ വിലവർധനയും. ഈ കർഷകരുടെ കണ്ണീർ അധികൃതരെ ഉണർത്തുമോ?

പകുതി നെല്ല് വെള്ളത്തിൽ; കൊയ്തെടുത്തത് വരമ്പത്ത്

നെല്ല് സംഭരിക്കാതെ കർഷകരെ വട്ടം കറക്കി മില്ലുകാർ

ആലപ്പുഴ∙ പാരമ്പര്യമായി നെൽക്കൃഷി ചെയ്യുന്ന കുടുംബമാണ് എടത്വ തലവടി പുല്ലാടി മംഗലത്താടി പാടശേഖരത്തിലെ കർഷകനായ അറുപറയിൽ എ.ഐ.വർഗീസിന്റേത്. കൃഷിയോടുള്ള താൽപര്യംകൊണ്ടു മാത്രം തുടരുന്നതാണ്. പക്ഷേ, മക്കൾ മറ്റു സ്ഥലങ്ങളിൽ വിയർപ്പൊഴുക്കിയുണ്ടാക്കുന്ന പണം പാടത്തെ വെള്ളത്തിൽ കളഞ്ഞ അവസ്ഥയാണ് ഇപ്പോഴെന്നു വർഗീസ് പറയുന്നു.

മഴ നശിപ്പിച്ചതിന്റെ ബാക്കി വല്ലവിധേനയും കൊയ്തെടുത്താൽ മറ്റു ചൂഷണങ്ങളുടെ സീസണാകുന്നു. അഞ്ചരയേക്കറിൽ ഇത്തവണ കൃഷി ചെയ്തു. പകുതി വിളവെടുത്തപ്പോഴേക്കും മഴ വന്നു. പാടത്തു യന്ത്രം ഇറക്കാൻ കഴിയാതെ പകുതിനെല്ല് വെള്ളത്തിൽ കിടക്കുന്നു. കൊയ്ത നെല്ല് സംഭരിക്കാതെ മില്ലുകാർ വട്ടം കറക്കുന്നു. ഇതു കുട്ടനാട്ടിലെ മിക്ക കർഷകരുടെയും കഥയാണ്.

നെല്ലിന് ഈർപ്പമുള്ളതിനാൽ 100 കിലോയുടെ വിലയ്ക്ക് 115 കിലോ നൽകിയാണ് ഏറ്റെടുപ്പിക്കുന്നത്. വട്ടിപ്പലിശയ്ക്കു കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണു കൃഷിയിറക്കിയത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനു നോട്ടിസ് വന്നിട്ടുണ്ട്. കിട്ടിയ നെല്ലു മുഴുവൻ കൊടുത്താലും കടംവീട്ടാൻ കഴിയില്ല.

4 മാസത്തെ കാത്തിരിപ്പിനൊടുവിൽ വിളവു നശിക്കുന്നതു സഹിക്കാൻ കഴിയില്ലെന്നു വർഗീസ്. ഏക്കറിന് 40,000 രൂപയിലേറെ ചെലവു വന്നു. ഒരു ക്വിന്റൽ നെല്ലിന് ഉൽപാദനച്ചെലവ് 1,600 രൂപ. ഈർപ്പത്തിന്റെ പേരിൽ മില്ലുകാർ പിശകുന്നു. കൂലിയുടെ പേരിൽ ചുമട്ടുകാരുടെ തർക്കം. മഴ തുടങ്ങുന്ന സമയത്ത് ഈർപ്പത്തിന്റെ പേരിൽ കിഴിവ് ഒരു കിലോഗ്രാമിൽ തുടങ്ങും. പിന്നെ കിഴിവ് കൂടിക്കൂടി വരും. 

ഇന്നലെ പാഡി മാർക്കറ്റിങ് അധികൃതരുടെ നിർദേശപ്രകാരം 10 കിലോഗ്രാം നെല്ല് അധികം നൽകാൻ സമ്മതിച്ചപ്പോൾ മില്ലുടമകളുടെ ഏജന്റ് 25 കിലോഗ്രാം ആവശ്യപ്പെട്ടു. ഈ വലിയ നഷ്ടം സഹിച്ചു കൊടുക്കാൻ തയാറായില്ലെങ്കിൽ നെല്ല് അവിടെത്തന്നെ കിടക്കും.

പാഡി മാർക്കറ്റിങ് അധികൃതരെത്തി നെല്ലു പരിശോധിച്ചപ്പോൾ ഈർപ്പത്തിന്റെയും പതിരിന്റെയും അളവു കൂടുതലായതിനാൽ 8 കിലോഗ്രാം നെല്ല് കിഴിവു നൽകണമെന്നു കർഷകരോടു പറഞ്ഞിരുന്നു. ഇപ്പോൾ 15 കിലോഗ്രാം അധികമെടുത്ത് സംഭരിക്കുന്നു. 

varghese
ഉപേക്ഷിച്ച നെല്ലിനൊപ്പം ആലപ്പുഴ തലവടി അറുപറയിൽ വർഗീസ്

അധികൃതരുടെ വാക്കിന് ഏജന്റുമാർ പുല്ലുവില പോലും കൽപിക്കുന്നില്ലെന്നാണു കർഷകർ പറയുന്നത്. മില്ലുടമകളുടെ കാലുപിടിക്കേണ്ട അവസ്ഥയാണെന്നു പാഡി മാർക്കറ്റിങ് അധികൃതരും പറയുന്നു.

മടുപ്പില്ലാതെ മട വീഴ്ച; മനസ്സിടിഞ്ഞ് കർഷകർ

150 ഏക്കർ പാടത്തെ 82 കർഷകരിൽ ഭൂരിഭാഗത്തിനും 4 ലക്ഷം വീതം കടം

കോട്ടയം∙ ബണ്ട് തകർന്ന് തുടർച്ചയായി മൂന്നു തവണ കൃഷിനാശം സംഭവിച്ച കോട്ടയം കടുത്തുരുത്തി കല്ലറ പ്രാലേൽ ബാബു (55) ബാങ്കുകളിൽ നിന്നു മൂന്നു ലക്ഷം രൂപ വായ്പയെടുത്താണ് 6 ഏക്കർ പാടത്തു വീണ്ടും കൃഷിയിറക്കിയത്. നെല്ലു വിളവെടുപ്പിനായി കൊയ്ത്തുയന്ത്രം പാടത്ത് എത്തിച്ചപ്പോഴാണു മഴയിൽ പാടശേഖരം വെള്ളത്തിലായത്. 

   ബാബുവിനു മാത്രമല്ല 150 ഏക്കർ വരുന്ന കല്ലറ താമരച്ചാൽ –ചീമ്പനാംകരി പാടശേഖരത്തിലെ 82 കർഷകരുടെയും സ്ഥിതി ഇതുതന്നെ. കർഷകരിൽ ഭൂരിഭാഗവും കടക്കെണിയിലാണ്. പുഞ്ചക്കൃഷിക്കായി പാടം വറ്റിക്കൽ പൂർത്തിയായപ്പോൾ മട വീണു നാശമുണ്ടായി. വിത കഴിഞ്ഞപ്പോൾ വീണ്ടും രണ്ടുതവണ മട വീണു. തുടർന്നു വായ്പയെടുത്തും സ്വർണം പണയം വച്ചും കൃഷിയിറക്കുകയായിരുന്നു കർഷകർ. ഭൂരിഭാഗം കർഷകർക്കും 4 ലക്ഷത്തോളം രൂപ വീതം കടമുണ്ട്. പാടത്തു നെല്ലു നിരന്ന സമയത്ത് ഇലകരിച്ചിൽ രോഗവും നെല്ലിനെ ബാധിച്ചിരുന്നു. കീടനാശിനിക്ക് ഒരേക്കറിന് 1150 രൂപ മുടക്കിയാണു വാങ്ങി തളിച്ചത്. വളത്തിനും വില വർധിച്ചു. പൊട്ടാഷിനും ഫാക്ടംഫോസിനും ഇരട്ടി വിലയായി. ഇവയെല്ലാം തരണം ചെയ്തു വിളവെടുപ്പിനു പാകമായ നെല്ലാണു നിലത്തു വീണടിഞ്ഞു ചീഞ്ഞു നശിക്കുന്നത്. 

ഏക്കറിന് 30,000 രൂപയോളമാണു കർഷകർക്കു ചെലവ്. പല കർഷകരും പാട്ടത്തിനാണു കൃഷിയിറക്കിയത്. ഏക്കറിന് 10,000 രൂപ പാട്ടം നൽകണം. കൃഷിയിറക്കും മുൻപേ ഈ തുക ഉടമയ്ക്കു നൽകണം. 

pathumma
മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടി കണ്ണാടിത്തടം പാടശേഖരത്തിൽ വെള്ളം കയറി നശിച്ച നെല്ലുമായി പാത്തുമ്മ.

കല്ലറ താമരച്ചാൽ –ചീമ്പനാംകരി പാടശേഖരത്തിന് 2100 മീറ്ററിൽ സുരക്ഷിതമായ ബണ്ടില്ല. ബണ്ട് നിർമിക്കുന്നതിനു കർഷകർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. 45 ദിവസം പിന്നിട്ട നെൽക്കൃഷിക്കു നാശമുണ്ടായാൽ നഷ്ടപരിഹാരവും ഇൻഷുറൻസ് പരിരക്ഷയും അടക്കം ഏക്കറിന് 19,400 രൂപ ലഭിക്കും. ഇതിനു മാസങ്ങൾ കാത്തിരിക്കണം. നെല്ലു വിറ്റു കടം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. നെല്ല് നിലത്തടിഞ്ഞു കിളിർത്തു നശിക്കാൻ ആരംഭിച്ചതോടെ ആ പ്രതീക്ഷ പൊലിഞ്ഞു. 

ജീവിതം തിരിച്ചുപിടിക്കാൻ നോക്കി; ഉണ്ടായിരുന്നതും നഷ്ടമായി

മലപ്പുറം∙ ‘‘ 6 മാസത്തെ അധ്വാനമാണ് ഈ വെള്ളം കയറിക്കിടക്കുന്നത്. അട്ടയെയും കാൽമുട്ടിനേറ്റ പരുക്കും കാര്യമാക്കാതെയാണു കൃഷി നോക്കിയത്. ഇനിയിപ്പോ ഈ നെല്ല് എന്തിനു പറ്റും?’’

തിരൂരങ്ങാടി പന്താരങ്ങാടി കണ്ണാടിത്തടം പാടശേഖരത്തിൽ പൂർണമായും നശിച്ച തന്റെ അഞ്ചേക്കർ പാട്ടക്കൃഷി നോക്കി പാത്തുമ്മ (62) വിലപിക്കുന്നു. വീടിന്റെ ആധാരവും സ്വർണാഭരണവും പണയം വച്ചെടുത്ത 2 ലക്ഷത്തോളം രൂപയാണു കൃഷിക്കു ചെലവഴിച്ചത്. വിളഞ്ഞ നെല്ല് കേടായപ്പോൾ നഷ്ടപ്പെട്ടത് 4 ലക്ഷം രൂപ. വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന കൃഷി ഇത്തരത്തിൽ പൂർണമായും മഴയെടുക്കുന്നത് 37 വർഷത്തെ കൃഷി ജീവിതത്തിൽ ആദ്യമായാണെന്ന് അവർ പറയുന്നു.

ഭർത്താവ് മൊഴിചൊല്ലി, ഏക പ്രതീക്ഷയായിരുന്ന മകൻ പതിനാലാം വയസ്സിൽ അസുഖം ബാധിച്ചു മരിച്ചു. ഇതോടെ ഒറ്റപ്പെട്ടു പോയ പാത്തുമ്മ ജീവിതം തിരിച്ചുപിടിക്കാൻ ആശ്രയിച്ചതു നെൽക്കൃഷിയെ ആണ്. കുട്ടനാടിനു സമാനമായി വെള്ളം കയറിക്കിടക്കുന്ന തിരൂരങ്ങാടി ഭാഗത്തെ പാടശേഖരത്തിൽ വെള്ളം നിയന്ത്രിച്ചാണു മൺസൂൺ ഒഴിഞ്ഞ 6 മാസം കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിലും മഴ ഉണ്ടായിരുന്നതിനാൽ ജനുവരിയിൽ അൽപം വൈകിയാണു നടീൽ ആരംഭിച്ചത്. കൊയ്യാൻ യന്ത്രങ്ങൾ വരുത്തിയ ശേഷമാണ് ഇപ്പോൾ കനത്ത മഴ ചതിച്ചത്. കൂട്ടുകൃഷി ആയും അല്ലാതെയും വിളവിറക്കിയ 50 ഏക്കർ പാടത്തെ നെല്ലാണ് ഇവിടെ പൂർണമായും നശിച്ചത്. കഴിഞ്ഞ വർഷവും വേനൽ മഴ കനത്തു പെയ്തെങ്കിലും അതിനു മുൻപു നെല്ലു കൊയ്തിരുന്നു. 

paddy
കനത്ത മഴയെത്തുടർന്നു എറണാകുളം കരുമാലൂർ പാടശേഖരത്തിലെ കൃഷി നശിച്ചനിലയിൽ.

പാട്ടക്കർഷകരായതിനാൽ വേണ്ടത്ര രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞ് ബാങ്കുകൾ കൃഷി വായ്പ നിഷേധിക്കുന്നതു മൂലമാണ് തങ്ങൾക്കു പണയവായ്പ എടുക്കേണ്ടി വരുന്നതെന്ന് അവർ പറഞ്ഞു. അതുകൊണ്ടുതന്നെ മൂന്നിരട്ടി അധികം പലിശ നൽകേണ്ടി വരുന്നു. ഇനി വായ്പയും പലിശയും തിരിച്ചടയ്ക്കാൻ വേറെ വഴി കണ്ടെത്തണം. ഇത്തവണ നഷ്ടമായെങ്കിലും അടുത്ത വർഷം കൃഷി മുടക്കില്ലെന്നു പാത്തുമ്മ. കാരണം, കൃഷി അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ആവേശമാണല്ലോ. 

അധ്വാനം പാഴായി; ആശ്വാസം അകലെ

എറണാകുളം∙ ‘‘ഒരു ദിവസമെങ്കിലും വെയിൽ കണ്ടിരുന്നെങ്കിൽ കൊയ്തെടുക്കാമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇന്നലെയോടെ എന്റെ പ്രതീക്ഷകളെല്ലാം പോയി’’. കൃഷി ചെയ്ത നെല്ലെല്ലാം വെള്ളത്തിലടിഞ്ഞു നശിച്ചു തുടങ്ങിയെന്നു കർഷകനായ കരുമാലൂർ മാധവൻ പറമ്പിൽ മോഹനൻ പറയുന്നു. 

കാലം തെറ്റി പെയ്യുന്ന കനത്ത മഴയിൽ കുതിരുന്നതു മോഹനൻ ചേട്ടനെപ്പോലെയുള്ള കരുമാലൂരിലെ ഒട്ടേറെ നെൽക്കർഷകരുടെ പ്രതീക്ഷകളാണ്. നിർത്താതെ മഴ പെയ്യാൻ തുടങ്ങിയതോടെ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ലെന്നു പലരും പറയുന്നു. വെള്ളത്തിലടിഞ്ഞു കിടക്കുന്ന നെല്ലു മുഴുവൻ മുളവന്നു ചീഞ്ഞു പോകുമോ എന്ന ആധിയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. 

15 വർഷത്തോളമായി മോഹനൻ കരുമാലൂർ പാടശേഖരത്തു കൃഷിചെയ്യാൻ തുടങ്ങിയിട്ട്. മുൻ വർഷങ്ങളിൽ 40 ഏക്കറിൽ വരെ നെൽക്കൃഷി ചെയ്തിരുന്നു. എന്നാൽ, പ്രളയം വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇതോടെ ഘട്ടംഘട്ടമായി കൃഷി ചുരുക്കി. നിലവിൽ 6 ഏക്കറിലാണു നെൽക്കൃഷി ചെയ്യുന്നത്. 

ഇപ്പോൾ‌ തന്നെ 4 ലക്ഷത്തോളം രൂപ കടമുണ്ടെന്നു  മോഹനൻ പറയുന്നു. കൂടാതെ വളത്തിന്റെ വില കൂട്ടിയതും കൃഷിക്കു തിരിച്ചടിയായി. 200 ഏക്കറോളം വരുന്ന കരുമാലൂർ പാടശേഖരത്തിൽ ഒട്ടേറെ കർഷകർ നെൽക്കൃഷി ചെയ്യുന്നുണ്ട്. വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്നറിയാത്ത അവസ്ഥയിലാണു കർഷകർ. 

jose
നനഞ്ഞുകുതിര്‍ന്ന നെല്‍ക്കറ്റകളുമായി ജോസ് കൊച്ചുമലയില്‍.

നിലവിൽ പാടശേഖരത്തിന്റെ പല ഭാഗങ്ങളിലായാണു നെല്ലു വെള്ളത്തിലടിഞ്ഞു കിടക്കുന്നത്. ഇനിയും മഴ തുടർന്നാൽ പൂർണമായും നശിക്കും. 

കുതിർന്ന് നെല്ല്; നഷ്ടപരിഹാരവുമില്ല

farmer-palakkad
പാലക്കാട് വടവന്നൂർ ചിന്നയമ്പള്ളം സ്കോഡ മൻസിലിൽ എ.അബുതാഹിർ ഞാറ്റടി തയാറാക്കുന്നു.

വയനാട്∙ ഏറെക്കാലമായി തരിശിട്ടിരുന്ന സ്ഥലത്തു നെൽക്കൃഷി തുടങ്ങി കടക്കെണിയിലായിരിക്കുകയാണു മാനന്തവാടി കല്ലോടി കൊച്ചുമലയിൽ ജോസ്. നേരത്തെ താമസിച്ചിരുന്ന വീടും സ്ഥലവും വന്യമൃഗശല്യം മൂലം കിട്ടാവുന്ന വിലയ്ക്കു വിറ്റാണു 2 വർഷം മുൻപു ജോസ് കല്ലോടിയിലെത്തിയത്. കൃഷിയോടുള്ള താൽപര്യംകൊണ്ട്  ജോസ് തരിശുനിലത്തു പുഞ്ചക്കൃഷിയിറക്കി. വളം, കൂലി എന്നിവയ്ക്കെല്ലാമായി 60,000 രൂപയോളം മുടക്കി. മഴ ചതിച്ചതിനാൽ കറ്റകളെല്ലാം നനഞ്ഞുകുതിർന്നു. കൊയ്ത്തുയന്ത്രം വന്നെങ്കിലും നനഞ്ഞ കറ്റകൾ കൊയ്യാനാകില്ലെന്നു പറഞ്ഞ് അവർ മടങ്ങി. തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടി. ഒടുവിൽ വൻതുക കൂലി കൊടുത്തു കുറച്ചുപേരെക്കൊണ്ടു കറ്റ കൊയ്തെങ്കിലും നെല്ല് ഉണക്കിയെടുക്കാൻ നിർവാഹമില്ല.  നെല്ലിൽ അധികവും മുളച്ചു. വൈക്കോൽ ഉപയോഗശൂന്യമായി. കറ്റ കൊയ്തുപോയതിനാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നു കൃഷിഭവനിൽനിന്ന് അറിയിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണു ജോസ്.

വിതയ്ക്കാനായില്ല,  ഇനി നടാനെങ്കിലും പറ്റുമോ ?

പാലക്കാട്∙ പാലക്കാട് ജില്ലയിലെ നെൽക്കർഷകർ ഒന്നാം വിളയ്ക്കു തയാറെടുക്കുകയാണ്. ഒന്നാം വിളയിൽ പകുതി പൊടിവിതയും ബാക്കി നടീലുമാണു പതിവ്. തുടർച്ചയായ വേനൽമഴയിൽ നെൽപാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ പൊടിവിത ഉപേക്ഷിക്കേണ്ടിവന്നു.  

മഴ കുഴപ്പമുണ്ടാക്കുന്നില്ലെന്നു കരുതി വിതച്ച പാടങ്ങളിൽ മുള ചീഞ്ഞളിഞ്ഞു. ഞാറ്റടി തയാറാക്കി കാത്തിരിക്കുന്നുണ്ടെങ്കിലും മഴ തുടർന്നാൽ കഷ്ടത്തിലാകും. ജില്ലയി‍ൽ 35,000 ഹെക്ടറിലാണ് ഒന്നാം വിള നെൽക്കൃഷി ഇറക്കുന്നത്. ഇപ്പോൾ ഞാറ്റടി തയാറാക്കി ജൂ‍ൺ രണ്ടാം വാരം മുതൽ നടീൽ ആരംഭിക്കുകയാണു വേണ്ടത്. 

വടവന്നൂർ ചിന്നയമ്പള്ളം സ്കോഡ മൻസിലിൽ എ.അബുതാഹിർ പറയുന്നു:

farmer
തൃശൂർ എട്ടുമുന പാടത്തു കൃഷി നശിച്ച ഭാഗം ചൂണ്ടിക്കാട്ടുന്ന ഓമനയും കുട്ടമോനും.

നെൽക്കൃഷിക്കു പൊടിവിതയ്ക്കായി പത്തേക്കറോളം സ്ഥലം കിളച്ചൊരുക്കിയതാണ്. മഴ മൂലം അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ഒരു ദിവസം 5 പേരെ വച്ച് 5 ദിവസം കിളച്ചാണു പാടം ഒരുക്കിയത്. കനത്തമഴയിൽ വിതയ്ക്കൽ പറ്റില്ലെന്നതിനാൽ ഇനി ഞാറ്റടി തയാറാക്കി നടണം. ഞാറ്റടി തയാറാക്കുന്നതിനു പാടം ഒരുക്കാൻ ഇതേ പണച്ചെലവു വരും. കനത്ത മഴ പെയ്താൽ ഞാറ്റടിക്കും ദോഷമാണ്. 

അവാർഡ് ജേതാവാണ്; നഷ്ടം 20 ലക്ഷം

തൃശൂർ∙ സംസ്ഥാന കർഷക പുരസ്കാര ജേതാവായ കുട്ടമോൻ ഇത്തവണ 17 ഏക്കറിൽ കൃഷിയിറക്കി. നാലര ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോൾ 15 പവൻ പണയം വച്ചു; കിട്ടാവുന്നിടത്തു നിന്നൊക്കെ പലിശയ്ക്കും കടമെടുത്തു. കൊയ്ത്തു കഴിഞ്ഞാൽ കടംവീട്ടാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കൊയ്ത്തിനു കാലമായപ്പോൾ വന്നതു കാലക്കേടാണ്. മഴയിൽ 17 ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി. നഷ്ടം 20 ലക്ഷത്തോളം രൂപ. കുട്ടമോൻ പറയുന്നു:  കൃഷി നിർത്തിയാലോ എന്നാലോചിക്കുവാണ്...

മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം ഒരു തവണയും ജില്ലാ–ബ്ലോക്ക്തല പുരസ്കാരങ്ങൾ ഒന്നിലേറെത്തവണയും നേടിയ കർഷകനാണ് എട്ടുമുന പൊട്ടുച്ചിറ തുരുത്ത് പടിപ്പുരയ്ക്കൽ കുട്ടമോൻ (61). നാലു പതിറ്റാണ്ടായി കൃഷിയിൽ സജീവം. എട്ടുമുന, മാമ്പിള്ളി പാടശേഖരങ്ങളിലായിരുന്നു ഇത്തവണ വിളയിറക്കിയത്. ഭാര്യ ഓമനയും ചേർന്നാണു പണികളെല്ലാം ചെയ്തത്. കടം വാങ്ങി കൃഷിയിറക്കുമ്പോൾ മറ്റൊരു മോഹംകൂടി മനസ്സിലുണ്ടായിരുന്നു; നെല്ലു വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചു മകളുടെ വിവാഹം നടത്തണം. പെരുമഴയിൽ പാടം മുങ്ങി കൃഷി നശിച്ചതോടെ കുട്ടമോൻ കടത്തിൽ മുങ്ങിയ അവസ്ഥയിലായി. ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധിയിൽപ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഭൂമിയുടെ ഉടമസ്ഥർക്കു പാട്ടം നൽകാൻ എന്തുചെയ്യുമെന്ന വേവലാതിയിലാണിപ്പോൾ. 

English Summary: Rain; Kerala farmers lose crops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com