ADVERTISEMENT

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ ഇന്ന് രണ്ടാം വർഷത്തിലേക്ക്. നേട്ടങ്ങളും മുന്നിലുള്ള പദ്ധതികളും വിശദീകരിച്ച് മുഖ്യമന്ത്രി. സർക്കാരിന്റെ കോട്ടങ്ങളും സിൽവർലൈൻ പദ്ധതിയിലെ കെണികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും

കരുത്തോടെ, പുതിയമേഖലകളിലേക്ക്: പിണറായി വിജയൻ  

ജനകീയവും വികസനോന്മുഖവുമായ കർമപദ്ധതികൾ നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ഭരണത്തുടർച്ച. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയിൽ. ആദ്യ വർഷം തന്നെ 765 ഇനങ്ങളിൽ നടപടി വിവിധ ഘട്ടങ്ങളിൽ എത്തിച്ചു. ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ 2ന് അവതരിപ്പിക്കും.

കൃഷിക്കാരുടെ വരുമാനം 50% വർധിപ്പിക്കുക, പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുക, വ്യവസായ മേഖലയിൽ 10,000 കോടിയുടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുക, കേരളത്തെ ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി വളർത്തുക, മൂല്യവർധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ടൂറിസം വിപണി ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതികളാണു നടപ്പാക്കുന്നത്.

കൊച്ചി–പാലക്കാട്, കൊച്ചി– മംഗളൂരു വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപ്പിറ്റൽ സിറ്റി റീജൻ ഡവലപ്മെന്റ് പദ്ധതി, സിൽവർ ലൈൻ എന്നിവ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്ക പാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവയും യാഥാർഥ്യമാക്കും. 

കേരള വികസനത്തിലെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനും പുതിയ മേഖലകളിലേക്കു നയിക്കുന്നതിനുമാണു ശ്രമം. 40 ലക്ഷം തൊഴിലവസരങ്ങളാണു ലക്ഷ്യം.  2026 ആകുമ്പോൾ 2 കോടി ചതുരശ്രയടി ഐടി പാർക്കുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണു ശ്രമം. കോവിഡ് കാലയളവിൽ 3 ഐടി പാർക്കുകളിലുമായി 10,400 പുതിയ തൊഴിലവസരം ഉണ്ടാക്കി. 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറി. 

കെ ഫോൺ പദ്ധതിയുടെ 65% ജോലിയും പൂർത്തിയായി. ദേശീയപാതയുടെ വികസനം, കൊച്ചി– ഇടമൺ പവർ ഹൈവേ, ഗെയ്ൽ പൈപ്‌ലൈൻ എന്നിവ യാഥാർഥ്യമാക്കി. ദേശീയ ജലപാതയും യാഥാർഥ്യത്തോട് അടുക്കുന്നു. കൊച്ചി മെട്രോ വികസനം ഏറ്റെടുക്കാനും കൊച്ചി വാട്ടർ മെട്രോ ഒരുക്കാനും കഴിഞ്ഞു. 

അഞ്ചു വർഷത്തിനകം വിവിധ ജില്ലകളിലായി 615 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കും. വാഹന സാന്ദ്രതയും ജനസാന്ദ്രതയും കൂടിയ കേരളത്തിലെ റോഡുകളിൽ ശരാശരി വേഗം ദേശീയ ശരാശരിയെക്കാൾ താഴെയാണ്. ഈ സാഹചര്യത്തിലാണ് 530 കിലോമീറ്റർ നീളുന്ന സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത്. സാമൂഹികാഘാത പഠനത്തിനുള്ള നടപടി പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്കു മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പദ്ധതിയുടെ വിശദ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഭാവി കേരളത്തിനു വേണ്ടിയുള്ള ഈടുവയ്പ് ആണ് സിൽവർലൈൻ.

നിക്ഷേപക സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടതിന്റെ തെളിവാണ് ഒരു വർഷംകൊണ്ട് ലഭിച്ച 6,380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. 52,992 പേർക്കു പുതുതായി തൊഴിലും ലഭിച്ചു. 

രണ്ടു നൂറുദിന കർമപരിപാടികളാണ് ഒരു വർഷത്തിനിടെ പൂർത്തിയാക്കിയത്. എണ്ണൂറിലധികം സേവനങ്ങൾ ഓൺലൈനായി ഒറ്റ പോർട്ടലിൽ ലഭ്യമാക്കി. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാനാണു സർക്കാർ ശ്രമം.

പോകുന്നത് ഗുരുതരനിലയിലേക്ക്: വി.ഡി.സതീശൻ

മന്ത്രിസഭ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തികനില തകർന്നു തരിപ്പണമായിരിക്കുകയാണ്. നായനാർ സർക്കാരിന്റെ കാലത്ത് അഭിമുഖീകരിച്ചതിനെക്കാൾ ഗുരുതര സ്ഥിതിയിലേക്കാണു കാര്യങ്ങൾ പോകുന്നത്. കേരളത്തിന്റെ മൊത്തം കടം 4 ലക്ഷം കോടിയിലേക്ക് അടുക്കുന്നു. സാമ്പത്തിക അവസ്ഥ  ജനങ്ങളെ ബോധ്യപ്പെടുത്താൻ ധവളപത്രം പ്രസിദ്ധീകരിക്കണം. ഇതിനിടെയാണ് രണ്ടു ലക്ഷം കോടി രൂപ മുടക്കി സിൽവർലൈൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. സിൽവർലൈൻ വന്നാൽ കേരളം ശ്രീലങ്കയുടെ അവസ്ഥയിലെത്തും.

ജപ്പാനിലെ ജൈക്കയിൽ നിന്നു കോടികൾ വായ്പയെടുത്തു കമ്മിഷൻ തട്ടാനുള്ള ഗൂഢശ്രമമാണു സിൽവർലൈൻ. 25 വർഷമായാലും പദ്ധതി തീരില്ലെന്നാണു വിദഗ്ധർ പറയുന്നത്. എന്നിട്ടും സാമൂഹികാഘാത പഠനത്തിന്റെ പേരിൽ കൗശലപൂർവം ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഏറ്റെടുത്ത ഭൂമി കാണിച്ചാൽ മാത്രമേ വിദേശ വായ്പ ലഭിക്കൂ. 

 അടുക്കളയിൽ കല്ലിട്ടും പാവങ്ങളുടെ നെഞ്ചിലും നാഭിയിലും ബൂട്ടിട്ടു ചവിട്ടിയും പദ്ധതി നടപ്പാക്കുമെന്ന ഭരണാധികാരികളുടെ പ്രഖ്യാപനം ഭരണകൂട ഭീകരതയാണ്. ഇതു കേരളത്തെ പാരിസ്ഥിതിക ദുരന്തത്തിലേക്കും കടക്കെണിയിലേക്കും കെട്ടിത്താഴ്ത്തും. പ്രതിഷേധം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മനസ്സിലാക്കിയാണ് മഞ്ഞക്കല്ല് ഇടേണ്ടെന്ന് ഉത്തരവിറക്കിയത്. രണ്ടു ലക്ഷം കോടിയുടെ റെയിൽ കൊണ്ടു വരുന്നവർ 2000 കോടി കൊടുത്തു കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമിക്കുന്നില്ല. കെഎസ്ആർടിസിയെ തകർത്ത്, കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി പുതിയ കമ്പനി ഉണ്ടാക്കിയ ഈ സർക്കാരിനെയാണോ ഇടതുപക്ഷമെന്നു പറയുന്നത്? 

ക്രമസമാധാനനില ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. ലഹരി,ഗുണ്ടാ മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന സിപിഎം പ്രാദേശിക നേതാക്കൾ തന്നെയാണു പൊലീസിനെയും നിയന്ത്രിക്കുന്നത്.  ഒരു വർഷത്തിനിടെ 10 രാഷ്ട്രീയ കൊലപാതകങ്ങളാണു നടന്നത്. മുഖ്യമന്ത്രിയുടെ വർഗീയ പ്രീണന നയങ്ങളാണ് കേരളത്തെ വർഗീയശക്തികളുടെ കൊലക്കളമാക്കിയത്. മെഡിക്കൽ സർവീസസ് കോർപറേഷനെ മറയാക്കി സിപിഎം ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ തീവെട്ടിക്കൊള്ളയായിരുന്നു. മുഖ്യമന്ത്രി ഇതെക്കുറിച്ച് അറിഞ്ഞില്ലെന്നു വിശ്വസിക്കാനാവില്ല. കൊള്ളയിൽ ഉന്നതനേതാക്കളുടെ പങ്കു തെളിയിക്കുന്ന രേഖകൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ലോകായുക്ത ഉൾപ്പെടെ അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞു. 

ആറു വർഷമായിട്ടും കൊച്ചി മെട്രോയുടെ എക്‌സ്റ്റൻഷൻ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം-കൊച്ചി ലൈറ്റ് മെട്രോ പദ്ധതിയും എങ്ങുമെത്തിയില്ല. കെ ഫോൺ എന്തായി?  2021 അവസാനത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്നതായിരുന്നു ലൈഫ് പദ്ധതി ലക്ഷ്യം. വിചിത്രമായ മാനദണ്ഡങ്ങൾ ചേർത്ത് ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കി. പിഎസ്‍സിയെ തകർത്തു പിൻവാതിൽ നിയമനങ്ങളാണ്. ചോദ്യക്കടലാസ് പോലും തയാറാക്കാൻ സാധിക്കാതെ, നേതാക്കളുടെ ബന്ധുക്കൾക്കു നിയമനം നടത്താനുള്ള ലാവണങ്ങൾ മാത്രമായി സർവകലാശാലകൾ. ഒന്നാം പിണറായി സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജിൽ എത്ര കോടി ചെലവഴിച്ചെന്നു പറയാൻ സർക്കാരിനു സാധിക്കുന്നില്ല. ഓഖിക്കു ശേഷം പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജ്  നടപ്പാക്കിയിട്ടില്ല.

English Summary: Kerala Government second anniversary pinarayi vijayan vd satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com