ADVERTISEMENT

സങ്കടങ്ങളുടെയും നിരാശയുടെയും അവഗണനയുടെയും സമാഹാരമാണു നമ്മുടെ കർഷകരുടെ ജീവിതകഥകൾ; കേൾക്കാനാരുമില്ലാത്തവരുടെ, പ്രതീക്ഷയിൽ മടവീണവരുടെ നിരാലംബകഥകൾ.  

പരിഹാരമില്ലാത്ത അടിസ്‌ഥാനപ്രശ്‌നങ്ങൾ ജീവിതം ദുസ്സഹമാക്കിയിട്ടും മണ്ണിനെ വിശ്വസിച്ചു കർഷകർ മുന്നോട്ടുപോകുമ്പോഴാണ് തുടർച്ചയായ കെ‍‍ാടുംമഴയും വ്യാപക കൃഷിനാശവും ഉണ്ടായത്. ഒപ്പമുണ്ടെന്നു കരുതുന്ന സർക്കാർസംവിധാനങ്ങൾപോലും വേണ്ടവിധം സങ്കടങ്ങൾ കാണാതെപോകുമ്പോൾ ഇവരുടെ ജീവിതത്തിൽനിന്നു പ്രതീക്ഷ മാഞ്ഞുപോവുകയാണ്. അസംഘടിതരായതുകെ‍‍ാണ്ട് ഇവർക്കുവേണ്ടി ശബ്ദമുയർത്താൻപോലും ആരുമില്ല.

തുടർപ്രളയങ്ങളിലുണ്ടായ കനത്ത നാശത്തിനും കോവിഡ്കാല സ്തംഭനത്തിനും ശേഷം അത്യധികം ക്ലേശിച്ചു പുതുജീവിതത്തിലേക്കു തിരിച്ചുവരവിനൊരുങ്ങിയ കർഷകരിൽ ഒട്ടേറെപ്പേരെ മഴക്കലി തകർത്തുകളഞ്ഞിരിക്കുന്നു. പാടത്തു പ്രതീക്ഷ വിതച്ചു കെ‍ായ്യാൻ കാത്തിരുന്നവരാണവർ. പതിവിലും വലിയ അളവിൽ മഴ പെയ്തപ്പോൾ പാടശേഖരങ്ങൾ വെള്ളത്തിലായി. കെ‍ായ്യാൻ പാകമായി നിന്ന നെൽച്ചെടികൾ കെ‍ാടുംമഴയിലും കാറ്റിലും മടവീഴ്ചയിലുമെ‍ാക്കെയായി നശിക്കുന്നതു കർഷകരുടെ നെഞ്ചു തകർത്താണ്. 

മഴ നശിപ്പിച്ചതിന്റെ ബാക്കി എങ്ങനെയെങ്കിലും കൊയ്തെടുത്താൽ അതിനു വിലയില്ല. വിലപേശാൻ ശേഷിയുമില്ല. മഴയുടെ മറവിൽ വിലയിടിക്കാൻ ഒരുകൂട്ടർ ഒരുങ്ങിനിൽക്കുമ്പോൾ ബഹുമുഖപീഡകളിൽ വലയുകയാണു കർഷകർ. നെല്ലു സംഭരിക്കാതെ പലയിടത്തും മില്ലുകാർ വട്ടം കറക്കുന്നു. സർക്കാരിൽനിന്നുള്ള അർഹമായ നഷ്ടപരിഹാരം കിട്ടാതെ വലയുന്നവരുമേറെ. വളത്തിന്റെ വിലവർധനയടക്കം ദുരിതം പൂർണമാക്കുകയും ചെയ്യുന്നു.

ആസന്നമായ കാലവർഷംകൂടി കലിതുള്ളുകയാണെങ്കിൽ കർഷകരുടെ കണ്ണീർപ്പെയ്ത്തും വലുതാകാതെവയ്യ. കുത്തിയൊലിച്ച വെള്ളം ജീവിതസാഹചര്യങ്ങളാകെ തകർത്തുകളഞ്ഞ കർഷകരുടെ തിരിച്ചുവരവ് മറ്റുള്ളവരെക്കാൾ ദുഷ്കരമാണെന്നതാണു സത്യം. ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങി നമ്മുടെ കർഷകരിൽ വലിയൊരു പങ്കും ജീവിതവും കൃഷിയും എങ്ങനെ തിരിച്ചുപിടിക്കണമെന്നറിയാതെ അന്തിച്ചുനിൽക്കുമ്പോഴാണ് ക്രൂരമായ മഴക്കെടുതി. പല ക‍ൃഷിക്കാരും പാട്ടത്തിനാണു കൃഷിയിറക്കിയിരിക്കുന്നത്.

ഇവർ കണ്ണീർപാടത്തു കടം കെ‍ായ്യുന്നവരാണ്; മണ്ണിനെയും നെൽക്കൃഷിയെയും വിശ്വസിച്ചിറങ്ങി ഒടുവിൽ സങ്കടവും നിരാശയും ബാക്കിയായവരാണ്. ഇവരിൽ പ്രാതിനിധ്യസ്വഭാവമുള്ള ചിലരുടെ നഷ്ടാനുഭവങ്ങൾ ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. 

തൃശൂർ ജില്ലയിലെ എട്ടുമന സ്വദേശി കുട്ടമോൻ അനുഭവിക്കേണ്ടിവന്ന കഷ്ടങ്ങളുടെ കഥയും അക്കൂട്ടത്തിലുണ്ട്. ഇത്തവണ 17 ഏക്കറിലാണു കൃഷിയിറക്കിയത്. നാലര ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോൾ 15 പവൻ പണയം വച്ചു; കിട്ടാവുന്നിടത്തു നിന്നൊക്കെ പലിശയ്ക്കും കടമെടുത്തു. കൊയ്ത്തു കഴിഞ്ഞാൽ കടംവീട്ടാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കൊയ്ത്തിനു കാലമായപ്പോഴുണ്ടായ മഴയിൽ 17 ഏക്കറും വെള്ളത്തിൽ മുങ്ങി. നഷ്ടം 20 ലക്ഷത്തോളം രൂപ. മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ സംസ്ഥാന പുരസ്കാരം ഒരു തവണയും ജില്ലാ–ബ്ലോക്ക്തല പുരസ്കാരങ്ങൾ ഒന്നിലേറെത്തവണയും നേടിയ ഈ കർഷകൻ ഇപ്പോൾ മനസ്സിടിഞ്ഞു പറയുന്നു: ‘‘കൃഷി നിർത്തിയാലോയെന്ന് ആലോചിക്കുന്നു...’’

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പന്താരങ്ങാടിയിൽ പൂർണമായും നശിച്ച അഞ്ചേക്കർ പാട്ടക്കൃഷി നോക്കി പാത്തുമ്മ വിലപിക്കുന്നതും നാം കേട്ടു. ‘‘ ആറു മാസത്തെ അധ്വാനമാണ് ഈ വെള്ളം കയറിക്കിടക്കുന്നത്.’’ വീടിന്റെ ആധാരവും സ്വർണാഭരണവും പണയം വച്ചെടുത്ത രൂപയാണു കൃഷിക്കു ചെലവഴിച്ചത്. വിളഞ്ഞ നെല്ലു കേടായപ്പോൾ നഷ്ടപ്പെട്ടതു നാലു ലക്ഷം രൂപ. 

മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും മൂലമുള്ള ഉൽപാദനനഷ്ടം കൂടി പരിഗണിക്കുമ്പോൾ ഇതുവരെ കണക്കാക്കിയതിലും എത്രയോ കനത്ത ആഘാതമാണു കൃഷിമേഖല നേരിടുന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും കർഷകർ തോൽക്കാതിരിക്കാൻ സർക്കാരിന്റെ ശക്തമായ കൈത്താങ്ങ് ഉണ്ടായേതീരൂ. കർഷകർക്കു ന്യായമായ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള ആശ്വാസനടപടികളിൽ ഒരു കാരണവശാലും അമാന്തമുണ്ടാകരുത്.

English Summary: Paddy farmers problems Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com