ADVERTISEMENT

നിങ്ങൾ നിങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നത് അത് ലോകത്തിലെ ഏറ്റവും മഹത്തായ പ്രദേശമാണ് എന്നതുകൊണ്ടല്ല. എന്റേതെന്ന് ഞാൻ തിരിച്ചറിയുന്ന ഒന്നിനോടുള്ള നിരുപാധികമായ ഇഷ്ടമാണ് ദേശസ്നേഹം. അതു മറ്റാരെയും പേടിപ്പിക്കേണ്ട കാര്യമില്ല.

ദേശീയതയും ദേശസ്നേഹവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി വ്യക്തത വരുത്താൻ ഞാൻ എപ്പോഴും ഉന്നയിച്ചിരുന്ന വാദം, ദേശീയത എന്നതു ദേശത്തോടുള്ള വിധേയത്വവും ദേശസ്നേഹം എന്നതു രാജ്യത്തോടുള്ള വ്യക്തിപരമായ ഇഷ്ടവുമാണ് എന്നാണ്. ദേശത്തോടുള്ള സ്നേഹം എന്നതു സ്വന്തം അമ്മയോടുള്ള സ്നേഹം പോലെയുള്ള അടിസ്ഥാന വികാരമാണ്. നിങ്ങൾ നിങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നത് അതു ലോകത്തിലെ ഏറ്റവും മഹത്തായ പ്രദേശമാണ് എന്നതുകൊണ്ടല്ല; അതു നിങ്ങളുടേതായതുകൊണ്ടാണ് – നിങ്ങൾ രാജ്യത്തിന്റേതാണ്, രാജ്യം നിങ്ങളുടേതും. സ്വന്തം സംസ്കാരത്തോടുള്ള അഭിമാനമായി ഓരോ ജനതയിലും ഇത്തരം  ദേശസ്നേഹം തെളിഞ്ഞു നിൽക്കും– ഭക്ഷണത്തിലും കലയിലും സംഗീതത്തിലും സിനിമയിലും സാഹിത്യത്തിലും സ്വഭാവരീതികളിലുമൊക്കെ അവർ ഈ അഭിമാനം ഉയർത്തിപ്പിടിക്കുന്നു. 

കായികവിനോദങ്ങളിൽ പോലും അങ്ങനെയാണ്. ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള നീണ്ടകാല ജീവിതം കൊണ്ട് ഞാനൊരു രാജ്യാന്തര വ്യക്തിയായി മാറി എന്നു സ്വയം കരുതിയിരുന്നു. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീം എപ്പോഴൊക്കെ ടെസ്റ്റ്– ലോകകപ്പ് മത്സരങ്ങൾ കളിച്ചിരുന്നോ അപ്പോഴെല്ലാം എന്റെ ഉള്ളിലുള്ള ഇന്ത്യൻ ദേശീയവാദിയെ ഞാൻ തിരിച്ചുപിടിക്കുന്നു എന്നു തമാശയായി പറയുമായിരുന്നു. ജന്മദേശത്തോടുള്ള ഇഷ്ടമായും ആ ദേശത്തിന്റെ വിജയത്തിനായുള്ള ത്വരയായും എല്ലാ മനുഷ്യരിലും ദേശീയത ഉൾച്ചേർന്നിരിക്കുന്നു. ഒരു സാർവദേശീയവാദിയെ ഒന്നു ചുരണ്ടി നോക്കിയാലറിയാം, ഉള്ളിൽ ഒളിച്ചിരിക്കുന്ന ദേശസ്നേഹം പുറത്തുവരുന്നത്. 

ഇതെനിക്കു കൃത്യമായും മനസ്സിലായത്, 1996ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ന്യൂയോർക്കിൽവച്ച് ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥനായ സുഹൃത്തുമായി ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്. ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലായിരുന്നു മത്സരം. അതിനാൽ ഞാൻ സ്വാഭാവികമായും നിഷ്പക്ഷ നിരീക്ഷകനായിരുന്നു, എന്നാൽ, നമ്മുടെ ഉപഭൂഖണ്ഡത്തിലെ അയൽക്കാരോട് ഒരു ചായ്‌വുണ്ടുതാനും. 

എന്റെ കൂടെയുണ്ടായിരുന്ന പാലിത കൊഹോന എന്ന സുഹൃത്തിന്റേത് അസാധാരണമായ ചരിത്രമാണ്. സിംഹളനായി ശ്രീലങ്കയിൽ ജനിച്ച അദ്ദേഹം ഓസ്ട്രേലിയയിലേക്കു കുടിയേറുകയും അവിടെ നിയമം പഠിക്കുകയും ഓസ്ട്രേലിയയിൽ സർക്കാർ ഉദ്യോഗസ്ഥനാകുകയും പിന്നീട് ഐക്യരാഷ്ട്ര സംഘടനയിലേക്കു നിയമിക്കപ്പെടുകയും ചെയ്തയാളാണ്. കളിയുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ നിലപാട് ‘പൊളിറ്റിക്കലി കറക്ട് ’ ആയിരുന്നു. താൻ നിയമപരമായി വിധേയപ്പെട്ട രാജ്യമായ ഓസ്ട്രേലിയ തന്നെ ജയിക്കുമെന്ന് അദ്ദേഹം ആശംസിച്ചു.

എന്നാൽ, കളി മൂത്തതോടെ തന്റെ യഥാർഥവികാരങ്ങൾ ഒളിച്ചുവയ്ക്കാൻ അദ്ദേഹത്തിനു സാധ്യമല്ലാതായി. ശ്രീലങ്കയുടെ ഓരോ മുന്നേറ്റത്തിനും ആദ്യമൊക്കെ അടക്കിപ്പിടിച്ചും പിന്നീട് ഉച്ചത്തിലും അദ്ദേഹം കയ്യടിക്കാൻ തുടങ്ങി. ഒടുവിൽ, എല്ലാവരും തള്ളിക്കളഞ്ഞ ശ്രീലങ്കയുടെ വിഖ്യാതമായ ആ വിജയത്തിൽ അദ്ദേഹം തുള്ളിമറിയുകയായിരുന്നു! പാസ്പോർട്ടിൽ എന്തുതന്നെ പറഞ്ഞാലും പൗരത്വത്തെക്കാൾ ചോരയെന്ന വികാരമാണു വലുതെന്ന് എനിക്കു മനസ്സിലായെന്നും ഔദ്യോഗികമായി ഉണ്ടായിരിക്കേണ്ട ഓസ്ട്രേലിയൻ പൗരൻ എന്ന നിലയ്ക്കപ്പുറം ഹൃദയത്തിൽ അദ്ദേഹം ഒരു ശ്രീലങ്കനാണെന്നും കളി കഴിഞ്ഞശേഷം ഞാൻ സുഹൃത്തിനോടു പറഞ്ഞു. അതുകൊണ്ടുതന്നെ പിന്നീട് അദ്ദേഹം തന്റെ ജന്മദേശത്തേക്കു തിരിച്ചു കുടിയേറിയപ്പോഴും കൊളംബോ സർ‌ക്കാരിൽ വിദേശകാര്യ സെക്രട്ടറിയായി ഉയർന്നപ്പോഴും ഒടുവിൽ താൻ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച അതേ ഐക്യരാഷ്ട്ര സംഘടനയിൽ ലങ്കയുടെ സ്ഥിരം പ്രതിനിധിയായപ്പോഴുമൊന്നും ഞാൻ അതിശയിച്ചില്ല. 

ദേശസ്നേഹത്തെപ്പറ്റിയുള്ള ഇത്തരം ഉദാഹരണങ്ങളിൽ തീവ്രദേശീയ വാദത്തിലെ വംശീയബോധ ഘടകങ്ങൾ കണ്ടെത്താനായേക്കുമെങ്കിലും അടിത്തട്ടിൽ അത് ഒരേ ജന്മദേശവും പൊതുവായ സാംസ്കാരികചരിത്രവും പങ്കിടുന്ന ഒരു ജനതയുമായുള്ള ഐക്യദാർഢ്യമാണ്. സ്വന്തം ചോരയും പാസ്പോർട്ടും താമസസ്ഥലവും പൗര‌ത്വവും ദേശസ്നേഹവും ദേശീയതയും ഒക്കെ തമ്മിലുള്ള സൂക്ഷ്മമായ വരമ്പുകൾ ബുദ്ധിജീവികളും ചിന്തകരും വരച്ചുണ്ടാക്കിയേക്കാം. പക്ഷേ, എന്നെ സംബന്ധിച്ച്, ദേശസ്നേഹം എന്നത് എന്റേതെന്നു ഞാൻ തിരിച്ചറിയുന്ന ഒന്നിനോടുള്ള നിരുപാധികമായ ഇഷ്ടമാണ്. അതു മറ്റാരെയും പേടിപ്പിക്കേണ്ട കാര്യമില്ല.

നമ്മളെയെല്ലാം ബാഡ്മിന്റൻ ആരാധകരാക്കി മാറ്റിയ ഇന്ത്യയുടെ അപ്രതീക്ഷിത തോമസ് കപ്പ് വിജയത്തിന്റെ വാർത്ത വന്നപ്പോൾ ഇക്കാര്യങ്ങളാണു ഞാൻ ചിന്തിച്ചത്. ഇതേ സമയത്തു തന്നെ നടക്കുന്ന ഐപിഎൽ മത്സരത്തിനു തീർച്ചയായും കൂടുതൽ കാഴ്ചക്കാർ ഉണ്ടായിരുന്നു. എന്നാൽ, ടീമുകളുമായുള്ള വൈകാരികമായ അടുപ്പം അവിടെയില്ലല്ലോ. പേരുകൾ സൗകര്യപ്രദമായ ലേബലുകൾ മാത്രം. (ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള കളിയിൽ ഉയർത്തിക്കാണിക്കപ്പെട്ട രണ്ടു തമിഴ്നാട് താരങ്ങൾ ഗുജറാത്തിനുവേണ്ടി കളിക്കുന്നവരായിരുന്നു.) എന്നാൽ, പലരും ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത തോമസ് കപ്പ് ടൂർണമെന്റിലെ, കൊട്ടിഘോഷിക്കപ്പെടാത്ത ഒരു സംഘം ചെറുപ്പക്കാരുടെ വിജയത്തിൽ ഇന്ത്യക്കാർ ഹൃദയംകൊണ്ടു തുള്ളിച്ചാടുകയായിരുന്നു. അവർ ഇന്ത്യയെന്ന ടീമായി ഇന്ത്യയ്ക്കു വേണ്ടിയാണു വിജയം കൊയ്തത്. അതിനാൽ നാമോരോരുത്തരും ആ ജയത്തിന്റെ തിളക്കം പങ്കിടുന്നു. ആ നിമിഷത്തിൽ ഓരോ ഇന്ത്യക്കാരനും അവന്റെ ദേശീയതയെ ഓർത്തെടുക്കുന്നു.

English Summary: Shashi Tharoor on Patriotism and Nationalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com