മരുന്നുക്ഷാമം പരിഹരിക്കണം

HIGHLIGHTS
  • സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന‌ സാധാരണക്കാർ നട്ടംതിരിയുന്നു
medicine-pills
SHARE

അവശ്യമരുന്നുകൾക്കായി സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാർ മരുന്നുകിട്ടാതെ നട്ടം തിരിയുന്നു. കേരളത്തിൽ ലക്ഷക്കണക്കിനാളുകളുടെ ആലംബവും പ്രതീക്ഷയുമാണ് മെഡിക്കൽ കോളജുകളും ജില്ലാ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും. ഒരു ഒപി ടിക്കറ്റിന്റെ ചെലവിൽ ചികിത്സ എന്ന ഭാരം പൂർണമായും ഇറക്കിവയ്ക്കാൻ അവർക്കു കഴിഞ്ഞിരുന്നു. എന്നാൽ, ഡോക്ടർമാർ പരിശോധന കഴിഞ്ഞു നൽകുന്ന മരുന്നിന്റെ കുറിപ്പടിയുമായി നെട്ടോട്ടമോടുകയാണ് രോഗികളിപ്പോൾ.

ആശുപത്രികളോടു ചേർന്നുള്ള ഫാർമസികളിൽ പലയിടത്തും മരുന്നില്ല. ആന്റിബയോട്ടിക്കുകൾക്കും പ്രമേഹ–ഹൃദ്രോഗ–രക്തസമ്മർദ മരുന്നുകൾക്കും പേവിഷ വാക്സീനും കടുത്ത ക്ഷാമമുണ്ട്. കുട്ടികൾക്കുള്ള മരുന്നുകളും ദൗർലഭ്യം നേരിടുന്നു. മരുന്നു വിതരണം ചെയ്യേണ്ട കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ സുലഭമായുള്ളത്, ആർക്കും ഇപ്പോൾ വേണ്ടാത്ത പിപിഇ കിറ്റും പഞ്ഞിയും പിന്നെ കുറെ ഗ്ലൗസും മാത്രം. ചില ആശുപത്രികളിൽ വേണ്ടത്ര അവശ്യമരുന്ന് സ്റ്റോക്ക് ഉള്ളപ്പോൾ, അതേ മരുന്നുകൾക്കു ക്ഷാമം നേരിടുന്ന ആശുപത്രികളുമുണ്ട്. സ്റ്റോക്ക് കൂടുതലുള്ള സ്ഥലങ്ങളിൽനിന്നെത്തിച്ച്, ജില്ലയ്ക്കുള്ളിൽതന്നെ മരുന്നുക്ഷാമം പരിഹരിക്കണമെന്നാണു നിർദേശം.

എവിടെയാണു പിഴച്ചത്? ‘ഒരിടത്തും മരുന്നുക്ഷാമമില്ല’ എന്ന് ആരോഗ്യവകുപ്പ് അധികൃതർ ആവർത്തിക്കുമ്പോഴും ഒരു കാര്യം അവർ സമ്മതിക്കുന്നുണ്ട് – കഴിഞ്ഞ മാർച്ചിൽ തീർക്കേണ്ട, 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ടെൻഡർ നടപടികൾ ഇതേവരെ പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണു ടെൻഡർ നിരക്ക് അന്തിമമാക്കിയത്. കമ്പനികൾക്ക് ഇന്നലെ ലെറ്റർ ഓഫ് ഇൻഡന്റ് (എൽഒഐ) നൽകി. ഇനി കരാർ ഒപ്പിട്ട്, നിരതദ്രവ്യം കെട്ടിവയ്ക്കണം. പിന്നെ വേണം, പർച്ചേസ് ഓർഡർ നൽകാൻ. ഈ സാഹചര്യത്തിൽ ചുരുങ്ങിയതു ജൂൺ അവസാനമെങ്കിലുമാകും മരുന്ന് എത്താനെന്നു കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. 

ഓർഡർ നൽകിക്കഴിഞ്ഞാൽ 10% മരുന്ന് അടിയന്തരമായി എത്തിക്കണമെന്ന ഉത്തരവ് കമ്പനികൾക്കു മെഡിക്കൽ കോർപറേഷൻ നൽകുന്നുണ്ട്. ഇല്ലാത്ത മരുന്ന് ‘കാരുണ്യ’യിൽ നിന്നു വാങ്ങാനും നടപടിയെടുക്കുന്നു. മരുന്നുവിതരണ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാനായി മൂന്നംഗ കൺട്രോൾ കമ്മിറ്റി രൂപീകരിച്ചുകഴിഞ്ഞു.  ക്ഷാമം നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ നടപടികൾ നല്ലതുതന്നെ. അപ്പോഴും എവിടെയാണു പിഴവെന്ന ചോദ്യത്തിന് ഉത്തരമാവുന്നില്ല. മരുന്നുകൾ തീരുന്ന മുറയ്ക്കു റിപ്പോർട്ട് ചെയ്യാനുള്ള സോഫ്റ്റ്‌വെയറിൽ ഓരോ സ്ഥാപനത്തിൽ നിന്നും സ്റ്റോക്ക് വിവരങ്ങൾ ചേർക്കാത്തതാണു പ്രശ്നമെന്നു കോർപറേഷൻ അധികൃതർ സൂചിപ്പിക്കുന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ രൂപീകരിച്ച് 14 വർഷം കഴിഞ്ഞിട്ടും ഈ അടിസ്ഥാന സംവിധാനംതന്നെ ക്യത്യമായി ഉപയോഗിക്കുന്നില്ല എന്നതു നാണക്കേടല്ലേ?

മരുന്നിന്റെ നികുതിയും ഇറക്കുമതിത്തീരുവയും വർധിപ്പിച്ചതിനെത്തുടർന്ന് മുൻവർഷത്തെ അപേക്ഷിച്ച് 30 കോടി രൂപയെങ്കിലും ഇത്തവണ മരുന്നു സംഭരണത്തിനായി അധികം ചെലവഴിക്കേണ്ടിവരുമെന്നും ആശങ്കയുണ്ട്. വില കൂടുതലായതിനാൽ 35 ഇനം മരുന്നുകൾ സംഭരണപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കേണ്ടിവന്നു. ഇവിടെയും പിഴവു സംഭവിച്ചില്ലേ എന്നു സംശയിക്കുന്നവരുണ്ട്. കോർപറേഷൻ വർഷങ്ങളായി നിശ്ചയിച്ചുവച്ച കൂടിയ മാനദണ്ഡമായിരുന്നില്ലേ പ്രശ്നം ? ടെൻഡറിൽ പങ്കെടുക്കാൻ 50 കോടി രൂപയുടെ വിറ്റുവരവു വേണമെന്ന മാനദണ്ഡത്തിൽ തട്ടിയാണ് എത്രയോ കമ്പനികൾ പുറത്തായത്. പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം കുറഞ്ഞതോടെ അവർ പറയുന്ന വില അംഗീകരിക്കേണ്ടതായും വന്നു. യോഗ്യതാ മാനദണ്ഡം 30 കോടിയാക്കി താഴ്ത്തിയിരുന്നെങ്കിൽ കൂടുതൽ കമ്പനികൾ ടെൻഡറിൽ പങ്കെടുത്തേനെ. മത്സരം കൂടുമ്പോൾ വിലയും കുറയും. 

സാങ്കേതിക കാരണങ്ങൾ എന്തൊക്കെ നിരത്തിയാലും എത്രയുംവേഗം സാധാരണക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിനാണു സർക്കാർ മുൻതൂക്കം നൽകേണ്ടത്. ഇതോടെ‍ാപ്പം, ഉണ്ടായ പിഴവുകൾ കണ്ടെത്തി, അടുത്ത വർഷമെങ്കിലും അവ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും കേരള മെഡിക്കൽ സർവീസസ് കോർപറേഷനും ആരോഗ്യ വകുപ്പിനുമുണ്ട്.

English Summary: Kerala faces medicine shortage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA