ADVERTISEMENT

∙സേതു: മുൻപേ പോയ മഹാരഥന്മാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തിൽ പൊതുവേ ബംഗാളികളും തമിഴരും ഒക്കെ കാണിക്കാറുള്ള ഒരുമയും സൗമനസ്യവും ശ്രദ്ധേയമാണ്. അത്തരമൊരു സംസ്കാരം ഏറ്റവും കുറവ് നമ്മുടെ നാട്ടിൽത്തന്നെയാണ്. സാഹിത്യകാരന്മാർ, ചലച്ചിത്രകാരന്മാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ ഒത്തുചേരലുകൾ പലപ്പോഴും പരദൂഷണസഭകൾ ആയി മാറാറുണ്ട്.

∙ രാജൻ ഗുരുക്കൾ: ചോദ്യം ചോദിക്കുന്ന പഠിതാക്കളെ അടിച്ചമർത്തുന്ന അധ്യാപകരാണ് അധികവും. പുതിയ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള കഴിവ് വികസിപ്പിക്കലാണ് അധ്യാപകരുടെ കടമ. പക്ഷേ അതു മിക്കയിടത്തും ‘കൃത്യമായ’ ഉത്തരം പഠിപ്പിച്ച് ഉറപ്പിക്കുകയാണ്. ഇങ്ങനെ ഗവേഷണത്തിന് എത്തുമ്പോൾ അവർക്ക് ഒരു ചോദ്യവും ഇല്ലെന്ന ഗതി വരികയും ചെയ്യുന്നു.

∙ രാജസേനൻ: നിർദോഷവും എന്നാൽ കുറിക്കുകൊള്ളുന്നതുമായ വിമർശനങ്ങൾ ഇന്നു സിനിമയിൽ ഉൾപ്പെടുത്താനാവില്ല. ആവിഷ്കാര സ്വാതന്ത്ര്യം പഴയതുപോലെയില്ല എന്നതുതന്നെ കാരണം. നിർദോഷ ഫലിതമാണെങ്കിൽ പോലും പറയാനാവില്ലെന്നതാണു സ്ഥിതി. ഇനി ഒരു പ്രസ്ഥാനത്തെയോ സമുദായത്തെയോ അഭിനന്ദിക്കുന്ന ഡയലോഗ് ആവാമെന്നുവച്ചാലും നടക്കില്ല. എതിർപക്ഷം രംഗത്തുവരും.

∙ ഡോ.എം.വി.നാരായണൻ: കഥകളി പോലുള്ള കലാരൂപങ്ങൾ ഫ്യൂഡൽ കാലത്തിന്റെ പ്രതിരൂപങ്ങളല്ലേ എന്ന ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ, ആ കലാകാരന്മാരെല്ലാവരും നമുക്കു സമന്മാരായിത്തന്നെ ജീവിക്കുന്നവരാണ്. പലപ്പോഴും നിർധനരാണ്. അരങ്ങത്തു ഭീമനായും ശിവനായും ബ്രഹ്മാവായും ഒക്കെ വരുന്ന ആളുതന്നെയാണു നാട്ടിലെ റേഷൻകടയിൽ ക്യൂ നിന്ന് അരി വാങ്ങുന്നതും. ഈ ബന്ധം നമുക്ക് എങ്ങനെയാണു മറക്കാനാവുക?

∙ മേതിൽ രാധാകൃഷ്ണൻ: വല്ലപ്പോഴും ഒരു കവിത എഴുതിയേക്കാം. എന്റെ ഏറ്റവും ഒടുവിലത്തെ കവിത– ഇനേർഷ്യ– ഞാൻ എഴുതിയതു കണ്ണിൽ ഒരു ശസ്ത്രക്രിയയ്ക്കു ശേഷം എന്റെ കാഴ്ച പരിശോധിക്കാൻ വേണ്ടി മാത്രമായിരുന്നു. 

∙ പാർവതി  തിരുവോത്ത്: എന്നോടു പലരും ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് എപ്പോഴും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു സംസാരിക്കുന്നതെന്ന്. അതിനു കാരണം, നിങ്ങൾ സംസാരിക്കുന്നില്ല എന്നതാണ്. നിങ്ങളും ഇതിന്റെ കൂടെ നിൽക്കുകയാണെങ്കിൽ ഈ പ്രശ്നം പെട്ടെന്നു പരിഹരിക്കാൻ സാധിക്കും.

∙ കെ.ബി.ഗണേഷ്കുമാർ: ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പഠിക്കാൻവേണ്ടി നിയോഗിച്ചതാണ്. റിപ്പോർട്ടിൽ എന്താണ് എഴുതിയതെന്ന് വായിച്ചിട്ടില്ല. റിപ്പോർട്ട് വായിച്ചതു ഗവൺമെന്റ് സെക്രട്ടറി മാത്രമാണെന്നാണു ഞാൻ അറിഞ്ഞത്. ചിലർക്കു വിഷമവും ചിലർക്കു സന്തോഷവുമുള്ള കാര്യങ്ങളാണ്. എന്തിനാണ് അതൊക്കെ പുറത്തുവിടുന്നത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com