ADVERTISEMENT

പാറപ്രത്തു പിറന്ന പാർട്ടി ഭരിക്കുമ്പോൾ പള്ളിക്കൂടത്തിലെ പഠനം കട്ടപ്പുറത്ത്!. ഇടതുവിരുദ്ധർ ഇതേ പറയുകയുള്ളൂ. പക്ഷേ, ഒന്നാലോചിച്ചു നോക്കൂ, ബസിലെ ക്ലാസുപോലൊരു സൂപ്പർ ആശയം അടുത്തകാലത്തെങ്ങാനും കേട്ടിട്ടുണ്ടോ? 

പഠിപ്പിക്കാൻ ഇടമില്ലാതെ വീർപ്പുമുട്ടുകയാണു പലേടത്തും സ്കൂളുകൾ. പല സ്കൂളുകളിലെയും മുറിനിർമാണം മുറിഞ്ഞു നിൽക്കുന്നു. ഖജനാവിൽ കാശു വേണ്ടേ വീശാൻ?. മണക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ നിന്നുള്ള മന്ത്രിയായ ആന്റണിയണ്ണനു ബദൽ ആശയം സുഖിച്ചു. ഉടൻ പ്രഖ്യാപിച്ചു. കട്ടപ്പുറത്തിരിക്കുന്ന ലോ ഫ്ലോർ ബസുകളെ ക്ലാസ് റൂമാക്കുന്നു.

ആക്രി വിലയ്ക്കു വിൽക്കാൻ ഇട്ടിരിക്കുകയല്ലേ നൂറോളം എസി ബസുകൾ. ഒന്നിനു വില ഒരു കോടി രൂപ വരെ. വെറും എലിത്താവളമാണിപ്പോൾ. ക്ലാസ് റൂമിനു വേണ്ടെങ്കിൽ തൂക്കിവിൽക്കും. വണ്ടികളുടെ കുറ്റമല്ല. ആനവണ്ടി കോർപറേഷനിലെ മെക്കാനിക്കുകൾക്ക് ഇവറ്റകളുടെ അറ്റകുറ്റപ്പണി അറിയില്ലത്രേ! ഇതേ കമ്പനിയുടെ എത്രയോ ബസുകൾ രാജ്യത്ത് ഓടുന്നുണ്ട്. അവയുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതാര്? മെക്കാനിക്കുകളെ പഠിപ്പിക്കണമെന്നു പറഞ്ഞാൽ കമ്പനി തയാറാകില്ലേ? കുരുത്തംകെട്ട ചോദ്യങ്ങൾ ഉപേക്ഷിച്ചു ബസിനുള്ളിലെ ക്ലാസിലേക്കു വരൂ. 

ബസുകളെ ക്ലാസ് മുറികളാക്കിയാൽ പലതാണു നേട്ടം. പാഠപുസ്തകത്തിൽ ഉള്ളതിനു പുറമേ ബസിന്റെ ഉള്ളുകള്ളികളെല്ലാം കുട്ടികൾക്കു പഠിക്കാം. ഭാവിയിൽ കോളജിലൊക്കെ പോകുമ്പോൾ ബസിനു കല്ലെറിയുന്നതെങ്ങനെ, അള്ളുവയ്ക്കേണ്ട വിധങ്ങൾ, ഏതുഭാഗത്തു തീവച്ചാൽ ആളിപ്പടരും... അങ്ങനെ നൂറുനൂറു കാര്യങ്ങൾ ... 

ബസുകളെ പലവിധത്തിൽ ഉപയോഗിക്കാമെന്ന നിരീക്ഷണങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. എസി ബസുകളിൽ മൊബൈൽ ബാർ ഒരുക്കാം. അല്ലാത്തവയിൽ പച്ചക്കറി വിൽക്കാം. ഗണേശന്റെ കാലത്തു വാങ്ങിയ തുണ്ടുവണ്ടികൾ പമ്പയിൽനിന്നു ശബരിമലയിലേക്കു ഭക്തരെ കൊണ്ടുപോകാനുള്ള ഡോളിയാക്കി മാറ്റാമെന്നു വരെയാണ് ആശയങ്ങൾ. 

എവിടെ ഉദ്ഘാടനം ഉണ്ടെങ്കിലും അവിടെ മുഖ്യന്റെ ഒരു വാചകം ഉണ്ടാകും, ഭാവി തലമുറയ്ക്കുവേണ്ടിയാണു വികസനങ്ങൾ. നാളത്തെ തലമുറയ്ക്കായി ചെയ്യുന്നത് ഇന്നത്തെ ജനത്തിനു മനസ്സിലാകില്ല. അല്ലെങ്കിൽ ബസിലെ ക്ലാസ് മുതൽ സിൽവർലൈൻവരെ എന്തിലും ദോഷം കാണുമോ വിമർശകർ?

തൃക്കാക്കര തിരഞ്ഞെടുപ്പു വന്നു നെഞ്ചത്തു കയറിയതിനാൽ മഞ്ഞക്കുറ്റിവിപ്ലവം ആദ്യം നിർത്തി. പിന്നെ ഏതാണ്ട് പാടേ ഉപേക്ഷിച്ചു. സർക്കാരിനെ വെറുതേ കുറ്റം പറയുന്നവർ സിൽവർലൈൻകൊണ്ടു ഭാവിയിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്നു ചിന്തിച്ചിട്ടുണ്ടോ? 582 കിലോമീറ്റർ ദൂരത്തിൽ പലേടത്തും 15 മീറ്റർ ഉയരത്തിലാണു ഭിത്തി നിർമാണം. മഴ ശക്തമായാൽ ഒരുവശത്ത് പശ്ചിമഘട്ടം ഇടിയും. മറുവശത്ത് അറബിക്കടൽ കരയേറി വരും.  അപ്പോഴേ മനസ്സിലാകൂ ലൈനിനുവേണ്ടി നിർമ‍ിക്കുന്ന കെ–മതിലിന്റെ ഗുണങ്ങൾ. പ്രളയത്തിൽ മുങ്ങാതെ മതിലിൽ ചാടിക്കയറി രക്ഷപ്പെടാം. രാത്രി ട്രെയിനുകളിൽ കയറി മഴ നനയാതെ അന്തിയുറങ്ങാം. ദീർഘവീക്ഷണം!. 

കീശയിലും മീശയിലും എന്തിന് ആമാശയത്തിൽവരെ വെടിക്കെട്ട് ആശയങ്ങളുമായി നടക്കുകയാണു സഖാക്കൾ. എവിടെ ഇടം കിട്ടിയാലും അവിടെ ആശയം തിരുകിക്കളയും. ചിലതു നനഞ്ഞ പടക്കംപോലെയാകും. മറ്റു ചിലതു മടിയിലിരുന്നു പൊട്ടും. 

1957ലെ ആശയം നോക്കൂ. നാട്ടിലാകെ അരിക്ഷാമം. കേരളത്തിന് അന്ന് 14 ലക്ഷം ടൺ അരി വേണം. ഉൽപാദനം 8 ലക്ഷം ടൺ. കൃഷി വ്യാപിപ്പിക്കാനാണെങ്കിൽ വളമില്ല. സഖാക്കളിൽ ആശയം മുളച്ചു. ഓരോ ഏക്കർ വയലിനും 100 ശീമക്കൊന്ന; ഒരു തെങ്ങിന് ഒരു ശീമക്കൊന്ന. ശീമക്കൊന്നയ്ക്കു താത്വിക വിശേഷണവും കൊടുത്തു, ‘ആദർശപരമായ പച്ചിലവളം!’ സംസ്ഥാനമാകെ വിതരണം ചെയ്യേണ്ടത് 26.6 കോടി ശീമക്കൊന്നകൾ. ശീമക്കൊന്ന വാരാചരണവും സംഘടിപ്പിച്ചു. കൊന്ന കൊടുക്കാനും തുടങ്ങി. അതു കൊടുത്തുകൊണ്ടേയിരുന്നു. നാളേറെ കഴിഞ്ഞിട്ടും കൊന്ന വിതരണം എങ്ങുമെത്തിയില്ല. 

ഒടുവിൽ ആന്ധ്രയിൽനിന്ന് അരി ഇറക്കുമതി ചെയ്തു. അരിക്കരാറുകാരൻ ആന്ധ്രയിലെ പഴയൊരു സഖാവായിരുന്നത്രേ. പിന്നെ പുകിലായി. കേരളത്തിലെ ആദ്യത്തെ അഴിമതി ആരോപണം. ജുഡീഷ്യൽ അന്വേഷണം. ഇടപാടിൽ വീഴ്ച സംഭവിച്ചെന്നു കമ്മിഷന്റെ കണ്ടെത്തൽ. അതു തള്ളിക്കളഞ്ഞു വിവാദത്തിലായ സർക്കാർ. നമ്പൂതിരിപ്പാട് സഖാവ് ചുമന്നതു ചാക്കുകണക്കിന് അപവാദങ്ങൾ. 

വല്ലാത്ത ആവേശത്തിൽ ചങ്ങല പൊട്ടിയപ്പോൾ...

തൃക്കാക്കരയിലെ പ്രചാരണാവേശം കണ്ടപ്പോൾ കുമ്പക്കുടിയാശാന് ഇരിപ്പുറച്ചില്ല. ഉള്ളിൽ കണ്ണൂരോർമകൾ തിളച്ചുമറിഞ്ഞു. മാധ്യമപ്രവർത്തകർക്കു മുന്നിൽ പട്ടി പ്രയോഗത്തെ ചങ്ങലയൂരി വിട്ടു. അതെ, ആശാന്റെ കാഴ്ചയിൽ ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ തൃക്കാക്കരയിൽ ഓടി നടക്കുകയാണു മുഖ്യൻ. 

ബ്രണ്ണനിൽ ആരായിരുന്നു കേമൻ ? മുഖ്യനോ ആശാനോ? ഇടയ്ക്കിടെ അവിടെ കാണിച്ച ശൗര്യം ഇരുവർക്കും ഓർമവരും. അപ്പോൾ തുടങ്ങും കടിപിടി കോലാഹലം. ഇത്തവണ ബ്രണ്ണനോർമ ആദ്യം ഉദിച്ചത് ആശാനിലായിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നു പറഞ്ഞപ്പോൾ ആശാന്റെയുള്ളിൽ ആശ്വാസത്തിന്റെ ‘ആഹാ’ .. പ്രവർത്തകരുടെ മുഖത്തു പോരാട്ടം തുടങ്ങിയതിന്റെ ‘ഹായ്...ഹായ്...’ . ഭരണം ഇല്ലെങ്കിലും സംഘടന നാനാവിധമാണെങ്കിലും ഗാന്ധിയന്മാർക്കു കുറവില്ലല്ലോ കോൺഗ്രസിൽ. മേലനങ്ങി ഒന്നും ചെയ്യില്ലെങ്കിലും സാത്വികഭാവത്തിൽ നടക്കുന്ന ഇവർ എല്ലാറ്റിലും ഇടപെട്ടുകളയും. ആ വിഭാഗത്തിലുള്ള ഒരു ഇടപെടാനന്ദൻ ആശാനെ തിരുത്തി. തിരഞ്ഞെടുപ്പാണ്; തിരിച്ചടിയാകും. ആശാൻ തിരുത്താൻ വൈകിയില്ല, ‘ഞാൻ നടത്തിയതു മലബാറിലെ സാധാരണ പ്രയോഗം. മുഖ്യനു വേദനിച്ചിട്ടുണ്ടങ്കിൽ പിൻവലിച്ചിരിക്കുന്നു.’ 

പട്ടി പ്രയോഗം കേട്ടതും ശുംഭപ്രയോഗ വീരൻ ജയരാജനു വല്ലാത്തൊരു ഊർജം. ഇത്തരം വിഷയങ്ങളിൽ ഭാഷാഗവേഷകനായ അദ്ദേഹത്തെ വെല്ലാൻ പാർട്ടിയിൽ മറ്റാരുമില്ല. പട്ടിയുടെ വാലു പന്തീരാണ്ടു കൊല്ലം കുഴലിൽ ഇട്ടാലും നിവർത്താൻ സാധിക്കില്ലെന്നു ജയരാജൻ സഖാവ്. അതും മലബാറിലെ പ്രയോഗമാണ്. ആശാനും ആ ഗണത്തിലാണെന്നാണു പ്രയോഗവീരന്റെ നിരീക്ഷണം. കോൺഗ്രസുകാരുണ്ടോ വിടാൻ. അവർ നികൃഷ്ടജീവി മുതൽ പരനാറിവരെ എടുത്തിട്ടു. പഴയ പ്രയോഗങ്ങളൊക്കെ അങ്ങനെ തൃക്കാക്കരയിലെ വോട്ടർമാരിലേക്ക്. വലിയ സഖാവ് അതോടെ മാതൃകാപുരുഷോത്തമനും വിനയകുനിയനുമായി. ..‘മലബാറിലല്ല, തിരുവിതാംകൂറിലും പട്ടി പട്ടിതന്നെ. ഓരോരുത്തരുടെ സംസ്കാരം ജനം വിലയിരുത്തട്ടെ. അതിന്റെ പിന്നാലെ പോകാനൊന്നും ഞങ്ങളില്ല. 

പാലാരിവട്ടത്തുനിന്ന് പാലം കൂളിമാടിലേക്ക് എത്തുമ്പോൾ

മരാമത്തിനെ മടിയിലും വിനോദസഞ്ചാരത്തെ മുതുകിലും വച്ചു റിയാസിക്ക കൂളായി നടക്കുമ്പോൾ ദാ കെടക്ക്ണൂ, കൂളിമാട് പാലം വെള്ളത്തിൽ! കോഴിക്കോടും മലപ്പുറവും തമ്മിൽ ബന്ധിപ്പിക്കണം. അതിനു ചാലിയാറിനു കുറുകെ പാലം വേണം. അതാണു കൂളിമാടു പാലത്തിന്റെ ആണിക്കല്ല്. പൂർവ മന്ത്രി കവിധാകരന്റെ കാലത്തു നിർമാണം തുടങ്ങിവച്ചു. പാലാരിവട്ടം പാലം പൊളിഞ്ഞപ്പോൾ ‘പഞ്ചവടിപ്പാല’മെന്നായിരുന്നു കളിയാക്കൽ. പാലാരിവട്ടം പാലമുൾപ്പെടുന്ന തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പു നടക്കുമ്പോൾ തന്നെ കൂളിമാട് പാലം പൊളിഞ്ഞതു കളിയാക്കിയവർക്കൊരു ഷോക്ക് ആയി. ഹാങ് ഓവറിൽനിന്നു പുറത്തുകടക്കാനുള്ള ഷോക്ക് ട്രീറ്റ്മെന്റായി കണ്ടാൽ മതി. 

പാലാരിവട്ടം പാലം വെള്ളത്തിലാക്കിയതു 42 കോടിയാണെങ്കിൽ കൂളിമാട് പാലം വിഴുങ്ങിയത് 25 കോടി രൂപ. പാലാരിവട്ടം പാലത്തിൽ വിള്ളൽ വീണില്ലായിരുന്നെങ്കിൽ രാജീവേട്ടൻ നിയമസഭ കാണുമായിരുന്നോ? പാർട്ടിയുടെ സംശയം തീർന്നിട്ടില്ല. പഞ്ചവടിപ്പാലം സിനിമ റിലീസായി 36 വർഷം പൂർത്തിയാകുന്ന ദിവസം പാലാരിവട്ടം പാലം പൊളിച്ചു. 

കൂളിമാട് പാലം പൊളിക്കുമോ? പൊളിക്കാതെ പരിഹരിക്കാൻ അറിയാവുന്നവർ ജോലി ആരംഭിച്ചുകഴിഞ്ഞു. പാലം വീണു മണിക്കൂറുകൾക്കുള്ളിൽ റിയാസിക്ക പ്രഖ്യാപിച്ചുകളഞ്ഞു: നിർമാണത്തിൽ ഒരു കുഴപ്പവുമില്ല. കരാർ എടുത്ത സൊസൈറ്റിയുടെ കണ്ടുപിടിത്തമായിരുന്നു കേമം. ഹൈഡ്രോളിക് ജാക്കിയാണത്രേ കുറ്റക്കാരൻ. ജാക്കി ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ നീങ്ങിയാൽ തീർന്നില്ലേ? വെടിവച്ചവനല്ല, വെടിയുണ്ട കണ്ടുപിടിച്ചവനാണു കുറ്റക്കാരൻ! പാലം പരിശോധിച്ച മരാമത്ത് വിജിലൻസ് സംഘം ഇനിയും ജാക്കിയെ കുറ്റം പറയാൻ തയാറായിട്ടില്ല. 

അധികമായി നടത്തുന്ന അന്വേഷണത്തിൽ പാലത്തിനു കേടില്ലെന്നു കണ്ടെത്തിയിരിക്കും. പാലം ഉറയ്ക്കുന്നതിനു വെള്ളം നദിയിൽനിന്നു മുകളിലേക്കു സ്പ്രേ ചെയ്യണം. അതിനെക്കാൾ എളുപ്പമാണല്ലോ അതു പുഴയിൽ ഇറക്കിവച്ചു നനയ്ക്കുന്നത്. നന്നായി നനച്ചശേഷം എടുത്തു തൂണിൽ വയ്ക്കാൻ ശശി മേസ്തിരിയെ ഏർപ്പാടാക്കിയിട്ടുണ്ട്. അങ്ങനെയൊക്കെ നീളുന്നു ന്യായീകരണ പ്രചാരണങ്ങൾ.  അതൊന്നും ഏശിയില്ലെങ്കിൽ മാപ്പർഹിക്കാത്ത തെറ്റു ചെയ്ത ഹൈഡ്രോളിക് ജാക്കിക്കു വധശിക്ഷ വിധിച്ചേക്കാം. അല്ലെങ്കിലും യുഡിഎഫിന്റെ കാലത്തു പാലം പണിയുന്നതു മന്ത്രിയും എൽഡിഎഫിന്റെ കാലത്തു കരാറുകാരനുമാണല്ലോ. 

1988ൽ ജൂലൈ 8ന് ഉച്ചയ്ക്ക് ഐലൻഡ് എക്സ്പ്രസ് കൊല്ലം അഷ്ടമുടിക്കായലിൽ വീണു. മരിച്ചത് 105 പേർ. റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണോ കാരണമെന്നായിരുന്നു റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സംശയം. റെയിൽവേയിലെ പലരുടെയും തല ഉരുളുമെന്നു കണ്ടപ്പോൾ നട്ടുച്ചയ്ക്കു പെരുമൺ പാലത്തിൽ ടൊർണാഡോ ചുഴലിക്കാറ്റു വീശിയതാണു കാരണമെന്ന കഥ വന്നു. എവിടുന്നു വന്നു ടൊർണാഡോ? എങ്ങോട്ടുപോയി ടൊർണാഡോ? അതിനു മുൻപോ പിൻപോ കേരളത്തിൽ ടൊർണാഡോ ചുഴലിക്കാറ്റ് ഉണ്ടായിട്ടില്ല. 

ടൊർണാഡോയാണു വീശിയതെന്നു സ്ഥിരീകരിച്ച മഹാനെ ഓർമയില്ലേ? സി.എസ്.നായിക്, വായുസേനയിലെ മുൻ ഉദ്യോഗസ്ഥൻ. അതുപോലെ ഏതെങ്കിലും അതിവിദഗ്ധൻ വരും കൂളിമാട് പാലം പരിശോധിക്കാൻ. റിപ്പോർട്ട് ഇങ്ങനെ അവസാനിക്കും: കമ്പിയും സിമന്റും കൂടിപ്പോയതിനാൽ പാലത്തിനു ഗ്യാസ് ഇളകി. ഏമ്പക്കം വിടുന്നതിനിടെ പാലം ചെറുതായൊന്നു നിരങ്ങി. വായൂകോപം നിലയ്ക്കാത്തതിനാൽ പാലം നിരങ്ങിക്കൊണ്ടേയിരുന്നു. ഏതോ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ അതു വെള്ളത്തിലേക്കു വീണു.

സ്റ്റോപ് പ്രസ്

70 കഴിഞ്ഞാൽ തലച്ചോറിന്റെ കഴിവും ശരീരത്തിന്റെ ശക്തിയും ചോർന്നുപോകുമെന്ന് ടി.എൻ.പ്രതാപൻ എംപി.കൃത്യമായി ടോണിക് കഴിക്കേണ്ടിവരും. 

English Summary: Azhchakuripukal, Vimathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com