ADVERTISEMENT

കഴിഞ്ഞ രണ്ട് അധ്യയനവർഷങ്ങളുടെ സജീവതയാണു കോവിഡ് കെടുത്തിയത്. ആ കഠിനസാഹചര്യത്തിലും ഓൺലൈൻ പഠനത്തിലൂടെയും മറ്റും അതിജീവനത്തിന്റെ പുതുപാഠങ്ങൾ രചിക്കാൻ കേരളത്തിനായി. കോവിഡ് ആശങ്കകളെ‍ാഴിഞ്ഞ് ജൂൺ ഒന്നിനു സ്കൂൾ വാതിൽ തുറക്കാനെ‍ാരുങ്ങുമ്പോൾ, സാർഥകവും സുരക്ഷിതവുമായ അധ്യയനവർഷം ഉറപ്പാക്കുന്ന കാര്യത്തിൽ നാം എത്രത്തോളം സജ്ജമായെന്ന ചോദ്യം ഉയരുന്നു.

എല്ലാ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതും വിദ്യാർഥിസുരക്ഷ കാത്തുസൂക്ഷിക്കേണ്ടതും അധികൃതരുടെ മുഖ്യ ഉത്തരവാദിത്തംതന്നെ. മൂന്നു വർഷം മുൻപ് വയനാട് ബത്തേരി ഗവ.സർവജന വിഎച്ച്എസ്എസിൽ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റു വിദ്യാർഥിനി മരിച്ച വാർത്ത ഏറെ വേദനയോടെയും രോഷത്തോടെയുമാണു കേരളം കേട്ടത്. പല സ്കൂൾ കെട്ടിടങ്ങളും മഴയിലും കാറ്റിലും മറ്റും തകർന്നുവീഴുന്നതും നാം കേൾക്കുന്നു. കുട്ടികൾക്കാണ് ഏറ്റവുമധികം സുരക്ഷ നൽകേണ്ടതെന്ന പ്രാഥമികപാഠം മറന്നതുകൊണ്ടാണ് ഇങ്ങനെയുള്ള പല അപകടങ്ങളും ഇവിടെ ഉണ്ടാവുന്നതെന്നതാണു സത്യം. സ്കൂളുകളുടെ വാർഷിക ‘ആരോഗ്യപരിശോധന’ കർശനമാക്കിയേതീരൂവെന്നു സർക്കാരിനെ ഓർമിപ്പിക്കുകയാണ് ഈ സംഭവങ്ങൾ.

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കി തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകൾക്കു പ്രവർത്തനാനുമതി നൽകില്ലെന്നു സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. സർക്കാർ സ്കൂളുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതു തദ്ദേശ സ്ഥാപനങ്ങളാണ്. കൃത്യമായി നടപടിക്രമങ്ങൾ പാലിക്കുന്നവരുണ്ടെങ്കിലും ചില സ്കൂൾ അധികൃതരുടെ നിസ്സംഗതയ്ക്കും പരിശോധകരുടെ മെല്ലെപ്പോക്കിനുമൊപ്പം ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ വൈകൽകൂടിയാകുമ്പോൾ കുട്ടികളുടെ സുരക്ഷയ്ക്കാണ് ഉറപ്പില്ലാതെ പോകുന്നത്. 

സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെട്ട പല സംഭവങ്ങളും നാം കേട്ടുപോരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണു മിക്ക അപകടങ്ങളിൽനിന്നും നമ്മുടെ കുട്ടികൾ രക്ഷപ്പെടുന്നത്. ഓമനക്കുഞ്ഞുങ്ങളുടെ ജീവൻവരെയെടുത്ത സ്‌കൂൾവാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടും സുരക്ഷാപാഠങ്ങൾ നാം പഠിക്കാത്തതെന്തുകൊണ്ടാണ്? ഡ്രൈവർമാരുടെ യോഗ്യത, വാഹനങ്ങളുടെ പഴക്കം എന്നിവ തന്നെയാണ് സ്‌കൂൾവാഹന സുരക്ഷ നിർണയിക്കുന്നത്. ഈ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ വർഷംതോറും സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലം പൂർണമായും കിട്ടിത്തുടങ്ങിയെന്നു പറയാനാവില്ല. സ്‌കൂൾ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ സർക്കാർ വകുപ്പുകളും സ്‌കൂൾ അധികൃതരും രക്ഷാകർതൃ സമിതികളും ഏകോപിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.

എല്ലാ സ്കൂൾ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറയ്ക്കരുത്. സ്കൂൾ ബസുകൾക്കായി മോട്ടർവാഹന വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയുംവേണം. സ്കൂൾ ബസിൽ വേഗപ്പൂട്ടിനൊപ്പം (സ്പീഡ് ഗവർണർ) ജിപിഎസും ഉണ്ടാവണമെന്നും ഡ്രൈവർമാർക്കു കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയവും വലിയ വാഹനങ്ങൾ ഓടിക്കുന്നതിൽ 5 വർഷത്തെ പരിചയവും വേണമെന്നുമുള്ള  നിർദേശങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. മദ്യപിച്ചു സ്കൂൾ വാഹനങ്ങൾ ഓടിച്ച് ഒട്ടേറെപ്പേർ ഇതിനകം പിടിയിലായ സാഹചര്യത്തിൽ, ഡ്രൈവർമാർ മദ്യപിച്ചോ അപകടകരമായോ വാഹനമോടിച്ചതിനോ മറ്റു കുറ്റങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുതെന്നും മോട്ടർവാഹന വകുപ്പ് നിഷ്കർഷിക്കുന്നു.

സ്‌കൂൾ പരിസരങ്ങളിൽ ലഹരിമരുന്നുകളുടെ വിൽപന അധികൃതർ കർശനമായി തടയേണ്ടിയിരിക്കുന്നു. രാഷ്‌ട്രീയ പ്രശ്‌നങ്ങൾ സ്‌കൂളുകളിലെ അധ്യയനത്തെ ബാധിക്കാതിരിക്കാനുള്ള സൗമനസ്യം രാഷ്‌ട്രീയ കക്ഷികളിൽനിന്ന് ഉണ്ടാവേണ്ടതുമുണ്ട്. പാഠപുസ്തകവിതരണം കുറ്റമറ്റു പൂർത്തിയാക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണം.  കോവിഡ് സാധ്യത മുൻനിർത്തി, ജാഗ്രത മുറുകെപ്പിടിച്ചാവണം വിദ്യാലയ പ്രവർത്തനങ്ങൾ. സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂൾ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവർത്തനങ്ങൾ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാനിന്റെയും കരടു സർക്കാർ ഈയിടെ പുറത്തിറക്കുകയുണ്ടായി. പാഠ്യേതര പ്രവർത്തനങ്ങളും സ്കൂൾ ജീവിതത്തിലൂടെ വിദ്യാർഥികൾ ആർജിക്കുന്ന സാമൂഹികവൽക്കരണവും നഷ്ടമായ വർഷങ്ങളാണു കടന്നുപോയത്. പുതിയ അധ്യയനവർഷം ഇവകൂടി വീണ്ടെടുക്കാനുള്ളതാകട്ടെ.

English Summary: School opening, Preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com