ആശാപ്രവർത്തകരേ, അഭിവാദ്യം

HIGHLIGHTS
  • ലോകം അംഗീകരിക്കുമ്പോൾ ഇവിടെ ഇവർക്ക് അവഗണന
ASHA-Workers-Covid-Corona
SHARE

ഇതുവരെ അംഗീകാരങ്ങളുടെയും പുരസ്കാരങ്ങളുടെയും കാണാമറയത്തായിരുന്ന ആശാപ്രവർത്തകർക്കു ലോകാരോഗ്യ സംഘടനയുടെ വിശിഷ്ട പുരസ്കാരം ലഭിക്കുമ്പോൾ അത് അർഹവും ഉചിതവുമായ ആദരമായിത്തീരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമാണ് ഇന്ത്യയിലെ 10 ലക്ഷത്തോളം ആശാപ്രവർത്തകർക്ക് ഈ അംഗീകാരം. ഇവരിൽ കേരളത്തിലെ 26,448 വനിതകൾകൂടിയുണ്ടെന്നതിൽ നമുക്കും അഭിമാനിക്കാം. എന്നാൽ, ലോകം അംഗീകരിക്കുമ്പോൾ തുച്ഛവേതനംപോലും കൃത്യമായി നൽകാതെയും മറ്റും കേരളം ഇവരെ അവഗണിക്കുന്നുവെന്നതു നിർഭാഗ്യകരമാണ്.

ആരോഗ്യരംഗത്തു മികച്ച സംഭാവനകൾ നൽകുകയും സംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും പ്രാദേശിക ആരോഗ്യപ്രശ്നങ്ങളോടു പ്രതിബദ്ധത പുലർത്തുകയും ചെയ്തതിന് ഇതുൾപ്പെടെ 6 പുരസ്കാരങ്ങളാണു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. വാക്സീൻ മൂലം തടയാൻ കഴിയുന്ന രോഗങ്ങൾക്കെതിരെ കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പും മാതൃപരിചരണവും നൽകുന്നതിന് ആശാപ്രവർത്തകർ മുൻകയ്യെടുക്കുന്നതിനെ സംഘടന പ്രശംസിച്ചിട്ടുമുണ്ട്. 

കോവിഡിനെതിരെ നിശ്ശബ്ദ പോരാളികളായി പ്രവർത്തിച്ച ആശാപ്രവർത്തകരുടെ സേവനം കേരളം ആദരവോടെ അനുഭവിച്ചതാണ്. കടുത്ത കോവിഡ് വ്യാപനമടക്കമുള്ള അങ്ങേയറ്റത്തെ പ്രതികൂലസാഹചര്യത്തിൽ വിശ്രമമില്ലാതെയും തളരാതെയും ഇവർ ചെയ്ത പ്രവർത്തനം അമൂല്യമായിരുന്നു. കരുതലിന്റെയും നന്മയുടെയും പ്രകാശം നിറയുന്ന ആ സേവനമികവ് കേരളത്തിന് എന്നും പ്രത്യാശ പകരുന്ന അനുഭവമാണു നൽകിയത്. 

asha-workers

കോവിഡ് സംശയിച്ചു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി താഴെത്തട്ടിൽ നേരിട്ട് ഇടപെട്ടവർ ഇവരായിരുന്നു. കൃത്യമായ ഹോം ക്വാറന്റീൻ ഉറപ്പുവരുത്തി, സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനെതിരെയുള്ള യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചത് ആശാപ്രവർത്തകരാണ്. വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും എത്തുന്നവരുടെയും അതിഥിത്തൊഴിലാളികളുടെയും വിവരശേഖരണവും ഇവർ നടത്തിയിരുന്നു. ആവശ്യമുള്ളവർക്കു മരുന്നുകൾ ലഭ്യമാക്കിയത് ആശാപ്രവർത്തകരാണ്; മാനസിക സമ്മർദമുള്ളവർക്കു കൗൺസലിങ്ങും. 

അതേസമയം, ഒട്ടും ആശാവഹമല്ല ഇവരുടെ കാര്യങ്ങൾ. ഓണറേറിയം എന്ന പേരിലുള്ള 6000 രൂപ പ്രതിമാസ വേതനം മുടങ്ങിയിട്ടു രണ്ടു മാസമായി. ഒരു മാസവും വേതനം കൃത്യമായി കിട്ടാറില്ലെന്നാണ് ഇവരുടെ പരാതി. വേതനക്കുടിശിക ഒരുമിച്ചുകൊടുക്കാറുമില്ല.  പ്രത്യേക ജോലികൾക്കുള്ള തുച്ഛമായ ഇൻസെന്റീവ് ഒഴിച്ചാൽ മറ്റ് ആനൂകൂല്യങ്ങളുമില്ല. സംസ്ഥാന–കേന്ദ്ര സർക്കാരുകൾ സംയുക്തമായാണ് ഇവർക്ക് ഓണറേറിയവും ഇൻസെന്റീവും നൽകുന്നത്. കോവിഡ്കാലസേവനത്തിന് 1000 രൂപ അലവൻസ് മാത്രമായിരുന്നു അധിക പ്രതിഫലം. അതിപ്പോൾ അവസാനിപ്പിക്കുകയും ചെയ്തു. 

കോവിഡ് വേളയിൽ യാത്രക്കൂലിക്കും മാസ്ക്കും സാനിറ്റൈസറും വാങ്ങാനും കയ്യിൽനിന്നു പണം എടുക്കേണ്ട അവസ്ഥയായിരുന്നു പലർക്കും. കോവിഡ് പ്രതിരോധ കിറ്റുകൾ കിട്ടാത്തതടക്കം ഇവരെ ദുരിതത്തിലാക്കി. സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾക്കും പൊതുജനങ്ങൾക്കും ഇടയിലെ പാലമായ തങ്ങളെ അവഗണിക്കരുതെന്നാണ് ആശാപ്രവർത്തകരുടെ കൂട്ടായ്മ ആ വേളയിൽ അഭ്യർഥിച്ചത്. ഇപ്പോഴുണ്ടായ ലോകത്തിന്റെ അംഗീകാരം അവഗണനകൾക്കുള്ള മറുപടി കൂടിയാകുന്നു. 

ernakulam-perumbavoor-asha-workers

ഓരോ വാർഡിലും നിയമിക്കുന്ന സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശാപ്രവർത്തകർ. സന്നദ്ധ സേവകരായി പരിഗണിച്ചാണ് ശമ്പളവും ആനുകൂല്യങ്ങളും ഒഴിവാക്കി ഓണറേറിയം നൽകുന്നതെങ്കിലും കൃത്യമായ ജോലികൾ ഇവരെക്കൊണ്ട് ചെയ്യിക്കാറുണ്ട്. കുടുംബ സർവേ, വാർഡിലെ മാതൃ-ശിശു സംരക്ഷണം, ഗർഭിണികളുടെ കണക്കെടുപ്പും അവർക്കു സേവനങ്ങളെത്തിക്കലും, കുഞ്ഞുങ്ങളുടെ കൃത്യമായ കുത്തിവയ്പ്, കിടപ്പുരോഗികളുടെയും വയോധികരുടെയും പരിചരണം, പകർച്ചവ്യാധി നിയന്ത്രണം, ആരോഗ്യ റിപ്പോർട്ട് തയാറാക്കൽ, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡ്യൂട്ടി തുടങ്ങി ചുമതലകൾ പലതാണ്. സർക്കാർ സർവേകളുടെയും കണക്കുകളുടെയും വിവരശേഖരണവും ഇവർ ചെയ്യണം. 

ഇപ്പോഴത്തെ അംഗീകാരം ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ മാനിക്കാനുള്ള അവസരം കൂടിയായി സർക്കാർ കാണേണ്ടതുണ്ട്. ഓണറേറിയം വർധിപ്പിക്കണമെന്നും അതു പ്രതിമാസം കൃത്യമായി ലഭിക്കണമെന്നുമാണു മുഖ്യ ആവശ്യം. നമ്മുടെ ജീവിതത്തിനു പ്രത്യാശ പകർന്നുകെ‍ാണ്ടേയിരിക്കുന്ന ഇവരുടെ പങ്കു വിസ്മരിക്കപ്പെട്ടുകൂടാ.

English Summary:ASHA workers India’s pride, deserve better wage & working conditions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA