ഏറ്റുമുട്ടേണ്ട, എല്ലാവരോടും

aim
SHARE

രണ്ടു പക്ഷികൾ കടലിനരികിൽ കൂടുകൾ പണിതു. തിരമാല വന്ന് അവ തകർത്തു. അവശേഷിച്ച മണൽ ഒരു പക്ഷി തന്റെ ചിറകിൽ കോരിയെടുത്തു കടലിലെറിഞ്ഞു. അൽപം ജലം കടലിൽനിന്നു ചുണ്ടിലെടുത്ത്, കൂടുണ്ടാക്കിയിരുന്ന സ്ഥലത്തൊഴിച്ചു. പലതവണ ഇങ്ങനെ ചെയ്യുന്നതു കണ്ട രണ്ടാമത്തെ പക്ഷി ചോദിച്ചു: നീ എന്താണീ ചെയ്യുന്നത്. ആദ്യത്തെ പക്ഷി പറഞ്ഞു: എന്റെ കൂട് ഈ കടൽ നശിപ്പിച്ചു. ഇതു വറ്റിക്കുകയും കരയെ കടലാക്കുകയും ചെയ്യുന്നതുവരെ എനിക്കിനി വിശ്രമമില്ല. രണ്ടാമത്തെ പക്ഷി പറഞ്ഞു: കൂടു നഷ്ടപ്പെട്ടാൽ മറ്റൊരെണ്ണം ഉണ്ടാക്കാം. ജീവൻ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാനാവില്ല. 

സമാനസവിശേഷതകളുള്ളവരോടുള്ള എതിർപ്പ് വളർച്ചോന്മുഖവും വിഭിന്നവിഭാഗത്തിൽപ്പെടുന്നവരോടുള്ള എതിർപ്പ് നാശോന്മുഖവുമായിരിക്കും. മത്സരങ്ങളിൽ ചിലതെങ്കിലും സംഹാരശേഷിയുള്ളവയായിരിക്കും. എതിരാളികളെ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആ എതിരാളി നശീകരണശേഷിയുള്ള ആളാണോ പുനരുജ്ജീവന ശേഷിയുള്ള ആളാണോ, ഈ മത്സരത്തിൽ ജയിച്ചാൽ എനിക്കെന്തു ലഭിക്കും, ജയിക്കുമ്പോഴുള്ള ലാഭത്തെക്കാൾ വലുതായിരിക്കുമോ ജയിക്കാൻവേണ്ടി വരുത്തുന്ന നഷ്ടങ്ങൾ, ഏറ്റുമുട്ടാതെ അദ്ദേഹത്തെ അവഗണിച്ചാൽ എന്തു സംഭവിക്കും. 

എല്ലാവരോടും മത്സരിക്കേണ്ടതില്ല. വാശിയും വൈരാഗ്യവും ഉടലെടുക്കുമ്പോൾ നിബന്ധനകൾക്കു വിധേയം എന്നൊരു അടിക്കുറിപ്പ് അത്തരം നിഷേധവികാരങ്ങളുടെ ചുവട്ടിൽ എഴുതുന്നതു നല്ലതാണ്.  എതിരെ വരുന്നവരെല്ലാം എതിരാളികളാകണമെന്നില്ല. അവരിൽ പലരും തങ്ങളുടെ സ്ഥിരവഴികളിലൂടെ യാത്ര ചെയ്യുന്നതാകും. ആ സഞ്ചാരപഥത്തിൽ അറിയാതെ എത്തിപ്പോയതുകൊണ്ടു നമ്മൾക്കു പരുക്കേറ്റതാകും. കടലിനു കരയോടെന്തു വിരോധം. ചില കാര്യങ്ങളോടു മത്സരിക്കരുത്. മദമിളകിയ ആനയോട്, അലറി വീശുന്ന കാറ്റിനോട്, കുത്തിയൊഴുകുന്ന പുഴയോട്. പ്രതിക്രിയയെക്കാൾ പ്രാധാന്യം പ്രായോഗിക ബുദ്ധിക്കാണ്. കലിതുള്ളുന്നവരുടെ അതിവൈകാരികതയ്ക്കു വിവേകമാണു മറുപടി.

Content Highlights: Subhadinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS