സ്വാധീനശക്തി ചോരാതെ മൂന്നാം വനിത

sonia
സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അംബിക സോണി, അമരിന്ദർ സിങ്, സുനിൽ ഝാക്കർ.
SHARE

സോണിയയും പ്രിയങ്കയും കഴിഞ്ഞാൽ കോൺഗ്രസിലെ ശക്തയാണ് അംബിക സോണി. അധ്യക്ഷയായ കാലം മുതൽ സോണിയയുടെ ഏറ്റവും വിശ്വസ്ത വൃത്തത്തിലെ അംഗം. അമരിന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള പ്രധാന ചരടുവലികൾ അംബികയുടേതായിരുന്നു. തന്ത്രം ദയനീയമായി പരാജയപ്പെട്ടെങ്കിലും പാർട്ടിയിൽ അവരുടെ സ്ഥാനത്തിന് ഇടിവുതട്ടിയിട്ടില്ല

യുവാക്കൾക്കു മുൻഗണന, പാർട്ടി പദവികളിൽ 5 വർഷ കാലാവധി തുടങ്ങിയ ഉദയ്പുർ പ്രമേയങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കോൺഗ്രസ് നേതാക്കൾ പാർട്ടിനേതൃത്വത്തിൽ ഒരു ഉടച്ചുവാർക്കൽ പ്രതീക്ഷിക്കുന്നു. എന്നാൽ, ‘ഒരു കുടുംബം, ഒരു പദവി’ നയം സ്വീകരിച്ചപ്പോൾ അതിൽ നിന്നു നെഹ്റുകുടുംബത്തെ ഒഴിവാക്കി. സംഘടനാതിരഞ്ഞെടുപ്പു കഴിയുന്നതോടെ സോണിയ ഗാന്ധിക്കു പകരം രാഹുൽ ഗാന്ധി വരുമെന്ന പ്രതീക്ഷ വ്യാപകമാണ്. ബിജെപി സർക്കാരിനെതിരെ പാർലമെന്ററി പോരാട്ടം രാഹുൽ നയിക്കുകയും ലോക്സഭാ തിര‍ഞ്ഞെടുപ്പു വരെ സോണിയ പാർട്ടി നേതൃത്വത്തിൽ തുടരുകയും ചെയ്തേക്കുമെന്ന മറ്റൊരു കണക്കുകൂട്ടലും സജീവമാണ്. ഇതിനായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അടക്കം ഏതാനും പുതിയ തസ്തികകൾ വന്നേക്കുമെന്നും പറയുന്നു. 

രാജീവ് ഗാന്ധിയുടെ കാലത്തു വർക്കിങ് പ്രസിഡന്റ് (കമലാപതി ത്രിപാഠി), വൈസ് പ്രസിഡന്റ് (അർജുൻ സിങ്) തസ്തികകൾ സൃഷ്ടിക്കപ്പെട്ടെങ്കിലും അധികകാലം നീണ്ടില്ല. ജനറൽ സെക്രട്ടറിയെന്ന പദവിയിൽ മാറ്റമില്ലെങ്കിലും പാർട്ടിയിലെ രണ്ടാമത്തെ കരുത്തുറ്റ വനിതയായി പ്രിയങ്ക ഗാന്ധി തുടരും.

സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായി തുടരുന്ന സാഹചര്യത്തിൽ വർക്കിങ് കമ്മിറ്റി അംഗമായ അംബിക സോണിയാണു പാർട്ടിയിലെ മൂന്നാമത്തെ ശക്തയായ വനിത; അവർക്കു നിലവിൽ മറ്റു പദവികൾ ഒന്നുമില്ലെങ്കിലും. 1998ൽ പാർട്ടി അധ്യക്ഷയായ കാലം മുതൽ സോണിയ ഗാന്ധിയുടെ ഏറ്റവും വിശ്വസ്ത വൃത്തത്തിലെ അംഗമാണ് അംബിക. മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ പിന്നീട് എഐസിസി ജനറൽ സെക്രട്ടറിയായി; മൻമോഹൻ സിങ് സർക്കാരിൽ മന്ത്രിയുമായി. പിന്നീടു സോണിയയ്ക്കൊപ്പം മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിനായി മന്ത്രിസ്ഥാനമൊഴിഞ്ഞു. രാഹുൽ ഗാന്ധി പ്രസിഡന്റായിരുന്ന മൂന്നുവർഷം അംബിക സോണിക്കു കാര്യമായ റോളുണ്ടായില്ല. എന്നാൽ, ഇടക്കാല അധ്യക്ഷയായി സോണിയ മടങ്ങിയെത്തിയതും അഹമ്മദ് പട്ടേലിന്റെ അകാലമരണവും പാർട്ടികാര്യങ്ങളിൽ വീണ്ടും അംബിക സോണിക്കു പ്രാധാന്യം ലഭിക്കാൻ ഇടയാക്കി. അവർ സോണിയയുടെ രാഷ്ട്രീയ സെക്രട്ടറിയായി നിയമിതയാകുമെന്ന സംസാരവും ഇടയ്ക്ക് ഉയർന്നിരുന്നു. മുൻപ് അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന പദവിയാണത്. അംബികയ്ക്ക് ഇറ്റാലിയൻ ഭാഷ നന്നായി അറിയാമെങ്കിലും സോണിയയുമായി ഇംഗ്ലിഷിലോ ഹിന്ദിയിലോ ആണു ആശയവിനിമയം.

1969ൽ കോൺഗ്രസിലെത്തിയ അംബിക സോണിക്ക് (79) നെഹ്റു കുടുംബവുമായി എല്ലാക്കാലത്തും നല്ല ബന്ധമാണ്. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അവരുടെ പിതാവ് നെഹ്റു കുടുംബത്തിനു സുപരിചിതനായിരുന്നു. ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയുമായി അംബികയ്ക്കു നല്ല അടുപ്പമുണ്ടായിരുന്നു. 1975ൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷയായി; വളരെ ചെറുപ്പത്തിലേ രാജ്യസഭാംഗവുമായി.

എന്നാൽ, എൺപതുകളിൽ രാജീവ് ഗാന്ധിയുടെയും പി.വി.നരസിംഹറാവുവിന്റെയും കാലത്തു സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിന്നു. അക്കാലത്തും സോണിയയുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. സോണിയ ഗാന്ധി കോൺഗ്രസ് തലപ്പത്തേക്കു വന്ന വർഷങ്ങളിൽ അവർ തന്റെ വിശ്വസ്ത വലയത്തിലേക്കു തിരഞ്ഞെടുത്തവരിൽ അംബിക സോണിയും ഷീലാ ദീക്ഷിതും ഉണ്ടായിരുന്നു. ഷീലാ ദീക്ഷിത് പിന്നീടു ഡൽഹി മുഖ്യമന്ത്രിയായി. നയതന്ത്ര ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം 15 വർഷത്തോളം അംബിക  വിദേശത്തായിരുന്നുവെങ്കിലും അവർ പല തലമുറയിലെ കോൺഗ്രസ് നേതാക്കളുമായി നിലനിർത്തിയ സൗഹൃദങ്ങൾ മടങ്ങിവരവിനു ബലമേകി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ നീക്കം ചെയ്യാൻ ഹൈക്കമാൻഡ് തീരുമാനിച്ച വേളയിൽ അംബികയുടെ പ്രാധാന്യം വ്യക്തമായിരുന്നു. സംസ്ഥാനത്തെ പാർട്ടി നിരീക്ഷകരുടെ തലവനായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ നിയമിച്ചതിനു പിന്നിൽ അംബികയുടെ ഇടപെടലുണ്ടായിരുന്നു. 2014ൽ കോൺഗ്രസ് പ്രതിപക്ഷത്തായപ്പോൾ സോണിയയും രാഹുലും വിട്ടുനിന്നാൽ ലോക്സഭയിൽ കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാൻ അമരിന്ദർ സിങ് സന്നദ്ധനായിരുന്നു. എന്നാൽ, സിങ്ങിന്റെ അവകാശവാദം അവഗണിച്ച ഹൈക്കമാൻഡ്, പകരം ഖർഗെയെ തിരഞ്ഞെടുക്കുകയും അമരിന്ദറിനെ ഉപനേതാവാക്കുകയും ചെയ്തു. ഇത് അമരിന്ദറിനെ ശുണ്ഠിപിടിപ്പിച്ചു. ഖർഗെയെ അവഗണിച്ച അമരിന്ദർ പാർട്ടിയുടെ പ്രഭാത യോഗങ്ങളിൽ പോകാറില്ലായിരുന്നു.

പഞ്ചാബിൽ നേതൃമാറ്റത്തിനു ഹൈക്കമാൻഡ് നീക്കം തുടങ്ങിയപ്പോൾ അമരിന്ദറിനോടുള്ള ഹൈക്കമാൻഡിന്റെ മനോഭാവം അറിയാവുന്ന അംബിക എംഎൽഎമാർക്കു സന്ദേശം നൽകി– അമരിന്ദറിനെ തള്ളുക. സംസ്ഥാന നിരീക്ഷകനായി എത്തിയ ഖർഗെ അമരിന്ദറിന് എംഎൽഎമാരുടെ പിന്തുണ നഷ്ടമായെന്നു ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകുകയും ചെയ്തു. മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയിലാണു മുൻ പിസിസി അധ്യക്ഷൻ കൂടിയായ മുതിർന്ന നേതാവ് സുനിൽ ഝാക്കറും അമരിന്ദറിനെ കൈവിട്ടത്.

പക്ഷേ, പുതിയ മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെയോ തന്നെയോ നിർദേശിക്കാതെ എംഎൽഎമാർ സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമായ അംബികയുടെ പേരു നിർദേശിച്ചപ്പോൾ ഝാക്കർ ഞെട്ടി. മുഖ്യമന്ത്രി സ്ഥാനം നിരസിച്ച അംബികയാകട്ടെ പദവിയിലേക്ക് ഒരു സിഖുകാരൻ മതിയെന്നും വ്യക്തമാക്കി. ഇതോടെ ഝാക്കറുടെ അവസാന പ്രതീക്ഷയും നശിച്ചു. ദലിത് സിഖ് നേതാവായ ചരൺജിത് സിങ് ഛന്നിയെ ഇടക്കാല മുഖ്യമന്ത്രിയായി കൊണ്ടുവരാൻ വഴിതെളിച്ചത് അംബികയുടെ നീക്കങ്ങളായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞതോടെ ഗതികെട്ടു ബിജെപിയിലേക്കു കൂറുമാറിയ ഝാക്കർ, ‘ഡൽഹിയിലെ ഉപജാപകരെ’യാണ് ഏറ്റവും വിമർശിച്ചത്.

പഞ്ചാബിലെ തന്ത്രം ദയനീയമായി പരാജയപ്പെട്ടെങ്കിലും സോണിയയുടെ അടുത്ത് അംബിക സോണിക്കുള്ള സ്വാധീനത്തിന് ഇടിവു സംഭവിച്ചിട്ടില്ല. കോൺഗ്രസ് പുനരുദ്ധാരണത്തിനു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സമർപ്പിച്ച പദ്ധതിരേഖ ചർച്ച ചെയ്യാൻ രൂപീകരിച്ച ഉന്നതസമിതിയിലും ഉദയ്പുരിലെ സുപ്രധാന ചർച്ചകൾ നയിച്ച സംഘത്തിലും അവരുണ്ടായിരുന്നു. ഡൽഹിയിൽനിന്ന് ഉദയ്പുരിലേക്കു പറന്ന പ്രത്യേക വിമാനത്തിൽ സോണിയയ്ക്കൊപ്പം അംബിക സോണിയും യാത്ര ചെയ്തുവെന്നത് അടയാളങ്ങൾക്കായി ജാഗ്രത പാലിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ കണ്ണിൽപെടാതെ പോയില്ല.

English Summary: Ambika Soni and Congress 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA