ADVERTISEMENT

കേരളത്തെ ഞെട്ടിച്ച വിസ്മയ കേസിലുണ്ടായ കോടതിവിധിയിൽ സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത ചെയ്യുന്നവർക്കെല്ലാമുള്ള പാഠങ്ങളും കർശന മുന്നറിയിപ്പും വായിച്ചെടുക്കേണ്ടതുണ്ട്. സ്ത്രീധനം എന്ന സാമൂഹിക ദുരാചാരം ഇപ്പോഴും കേരളത്തിൽ പലയിടത്തും തെളിഞ്ഞും മറഞ്ഞും നിലനിൽക്കുന്നതും അതിന്റെ പേരിൽ കൊടുംക്രൂരതകൾ ഉണ്ടാവുന്നതും നാം ഇതിനകം ആർജിച്ച പരിഷ്കൃത ആശയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു. 

ബിഎഎംഎസ് വിദ്യാർഥി വിസ്മയ സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്. കിരൺകുമാറിന് 10 വർഷം കഠിന തടവാണു കെ‍ാല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 25 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചെങ്കിലും തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. സ്ത്രീധന നിരോധന നിയമ പ്രകാരം ഇത്രയും വലിയ പിഴ വിധിക്കുന്നത് സംസ്ഥാനത്താദ്യമാണ്. വിസ്മയയെ കഴിഞ്ഞ വർഷം ജൂൺ 21 നാണു ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 മേയ് 30 നായിരുന്നു വിവാഹം. കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസിന്റെ ഗൗരവം ഉൾക്കെ‍ാണ്ട്,  പെ‍ാലീസ് – കോടതി നടപടികളിലുണ്ടായ മാതൃകാപരമായ വേഗം എടുത്തുപറയണം. 

നിസ്സഹായതയോടെ നമ്മുടെ പെൺകുട്ടികളുടെ ജീവനൊടുങ്ങുന്ന പല സംഭവങ്ങളിലും ജീവിതപങ്കാളികൾ തന്നെയാണു കാരണക്കാരെന്നു വരുമ്പോൾ സ്നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും മൂല്യച്യുതിയാണു തെളിയുന്നത്. അങ്ങനെയുള്ള പല സങ്കടകഥകളും കേരളം കേട്ടുകഴിഞ്ഞു. ഇങ്ങനെയെത്രയോ പെൺകുട്ടികൾ സമീപകാലത്തുമാത്രം ദുഃഖസ്മൃതിയായിത്തീർന്നുവെന്നതു നാടിന്റെ ഉറക്കം കളയേണ്ടതുതന്നെ. വിവാഹത്തിനു തൊട്ടുപിന്നാലെയുള്ള മരണങ്ങളാണ് ഇവയിൽ പലതും.

സ്‌ത്രീധനം നൽകാത്തതും കുറഞ്ഞുപോയെന്ന പരാതിയുമൊക്കെ പീഡനത്തിനുള്ള കാരണമായി മാറാറുണ്ട്. ക്രൂരമരണങ്ങൾക്കു ഭർതൃഗൃഹത്തിൽ പല സ്‌ത്രീകളും ഇരയാകുകയും ചെയ്യുന്നു. രണ്ടു വർഷംമുൻപു കൊല്ലം അ‍ഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന സംഭവം നമ്മുടെ ഓർമയിൽ ഇപ്പോഴുമുണ്ട്. മൂർഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ നിന്ദ്യവും ഭീകരവുമായ വിധം കൊലപ്പെടുത്തിയതിനു ഭർത്താവിന് 17 വർഷം കഠിനതടവും അതിനുശേഷം ഇരട്ട ജീവപര്യന്തവുമാണു കഴിഞ്ഞ ഒക്ടോബറിൽ കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു വിധി. 

കർശനനിയമം മാത്രം പോരാ, സമൂഹംകൂടി അതിനെ‍ാപ്പം മാറിയില്ലെങ്കിൽ വേണ്ടത്ര പ്രയോജനമുണ്ടാവില്ലെന്നതിന് ഉദാഹരണമാണ് 1961ൽ രൂപംനൽകിയ സ്‌ത്രീധന നിരോധന നിയമം. സ്‌ത്രീകൾക്കു കൂടുതൽ സംരക്ഷണം നൽകാൻ 1985ൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ 498(എ) എന്ന വകുപ്പുകൂടി നിലവിൽവന്നു. സ്വന്തം വീട്ടിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പീഡനങ്ങൾ തടയാനുള്ള ഗാർഹിക പീഡന നിരോധനനിയമവും ശക്തമാണ്. പക്ഷേ, ഇത്ര കർശനമായ നിയമങ്ങളുണ്ടായിട്ടും നമ്മുടെ രാജ്യത്തു സ്‌ത്രീധനപീഡനങ്ങൾ ദിവസേന പെരുകിക്കൊണ്ടേയിരിക്കുന്നു. കേന്ദ്രനിയമം പാസായി 43 വർഷം പിന്നിട്ടതിനുശേഷം, 2004ൽ സംസ്ഥാനം സ്ത്രീധന നിരോധന ചട്ടം ബാധകമാക്കിയെങ്കിലും കാലാനുസൃതമായി എത്രത്തോളം മുന്നോട്ടുപോകാനായിട്ടുണ്ട്? സ്ത്രീധന നിരോധന നിയമവും ചട്ടവ്യവസ്ഥകളും കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നു സംസ്ഥാന സർക്കാരിനോടു കഴിഞ്ഞ വർഷം ജൂലൈയിൽ ഹൈക്കോടതി ചോദിച്ചത് ഇതിനോടു ചേർത്തുവയ്ക്കുകയും വേണം.

സ്ത്രീധന– ഗാർഹിക പീഡനങ്ങളുടെയും മരണങ്ങളുടെയും കൊലപാതകങ്ങളുടെയും തുടർവാർത്തകൾ മലയാളിസമൂഹം എത്രയോ മാറേണ്ടതുണ്ട് എന്നതിന്റെ സൂചനകളാണു തരുന്നത്.  മകളുടെ വിവാഹജീവിതം അസഹനീയമാകുമ്പോൾ, തങ്ങൾ ഒപ്പമുണ്ടെന്നു ബോധ്യപ്പെടുത്തി, രക്ഷിതാക്കൾ അവളുടെ മുന്നോട്ടുള്ള ചുവടുകൾക്ക് ആത്മവിശ്വാസം പകർന്നേതീരൂ. 

ചില കോടതിവിധികൾ കുറ്റക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. പാമ്പിനെക്കൊണ്ടു കടിപ്പിച്ചും പൊള്ളലേൽപ്പിച്ചും കെട്ടിത്തൂക്കിയും ആത്മഹത്യയിലേക്കു നയിച്ചുമെ‍ാക്കെ കൊല്ലപ്പെ‍ടുന്ന പെൺകുട്ടികളുടെ അവസാനകരച്ചിൽ ഉറക്കംകെടുത്തുന്ന സാക്ഷരകേരളം ഇക്കാര്യത്തിലെടുക്കേണ്ട ശക്തമായ നിലപാട് ഓർമിപ്പിക്കുകകൂടിയാണ് ഇന്നലെയുണ്ടായ വിധി.

English Summary: Vismaya case verdict is a message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com