ADVERTISEMENT

ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന്റെ വാർഷികദിനമായിരുന്നു ഇന്നലെ. 6 വർഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അശ്വമേധം തുടരുമോ അതോ രണ്ടാം പിണറായി സർക്കാരിന് ആദ്യ രാഷ്ട്രീയ ഷോക്ക് കിട്ടുമോ എന്നാണ് ഇന്നേക്ക് ആറാം ദിനം തൃക്കാക്കര തീരുമാനിക്കുക.

രണ്ടു സാധ്യതകളാണ് തൃക്കാക്കരയിലെ വോട്ടർമാരുടെ മുന്നിലുള്ളത്. 1) സിൽവർലൈൻ അടക്കമുള്ള പുതിയ വികസന അജൻഡയുമായി മുന്നോട്ടുപോകുന്ന സർക്കാരിന്റെ പിന്നിൽ അണിനിരക്കുക. 2) അക്കാര്യത്തിൽ ആശങ്കയും വിയോജിപ്പും ഉണ്ടെങ്കിൽ സർക്കാരിന്റെ ചെവിക്കു പിടിക്കാനുള്ള അവസരമായി വിനിയോഗിക്കുക. ഇതിലേതാണ് തൃക്കാക്കര 31നു ചെയ്യുന്നതെന്ന് ജൂൺ മൂന്നിന് വോട്ടെണ്ണുമ്പോൾ വ്യക്തമാകും.

വേങ്ങരയും തൃക്കാക്കരയും 

ഒന്നാം പിണറായി സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പ് മലപ്പുറം ജില്ലയിലെ വേങ്ങരയിലേതായിരുന്നു. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതു തരംഗം ആഞ്ഞുവീശിയപ്പോഴും യുഡിഎഫിനൊപ്പം നിന്ന ജില്ലകളാണ് എറണാകുളവും മലപ്പുറവും. എന്നാൽ വേങ്ങരയിലും വ്യത്യസ്തമായ സാഹചര്യങ്ങളാണ് എറണാകുളത്തെ തൃക്കാക്കരയിൽ. കേരളത്തിലെ എൽഡിഎഫ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതിക്ക് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടോയെന്ന ചോദ്യമാണ് കൊച്ചി സംസ്ഥാന സമ്മേളനത്തിലും കണ്ണൂർ പാർട്ടി കോൺഗ്രസിലും ഉയർന്നുനിന്നത്. തൊട്ടുപിന്നാലെ കേരളത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഈ പദ്ധതിക്ക് ജനങ്ങളുടെ അംഗീകാരമുണ്ടോയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. മുഖ്യമന്ത്രി തന്നെ നേരിട്ട് തൃക്കാക്കരയിലെ പട നയിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. വികസനം, വിലക്കയറ്റം, വെള്ളക്കെട്ട് എന്നിവയ്ക്ക് തൃക്കാക്കരയിലെ വിധിനിർണയത്തിൽ ഒരു പങ്കു വഹിക്കാനുണ്ടാകും. 

പ്രതീക്ഷയ്ക്കു പിന്നിൽ

തൃക്കാക്കരയിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. മുൻപൊരിക്കലും ഇല്ലാത്ത സംഘടനാ പ്രവർത്തനവും പ്രചാരണവും ഇത്തവണ എൽഡിഎഫ് നടത്തുന്നത് ആ പ്രതീക്ഷയോടെയാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയോ അല്ലയോ എന്നതെല്ലാം കടുത്ത ഇടതു പക്ഷക്കാരുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ടാകാമെങ്കിലും യുഡിഎഫിന് കിട്ടിവന്നിരുന്ന ആ വിഭാഗത്തിന്റെ വോട്ട് വിഹിതത്തിൽ വിള്ളൽ വീഴ്ത്താൻ ആ വിവാദം ഉപകരിച്ചേക്കുമെന്ന് എൽഡിഎഫ് വിചാരിക്കുന്നു. ‘പിണറായി വിജയൻ ഫാക്ടർ’ തൃക്കാക്കരയിലെ മുസ്‌ലിം വോട്ടുകളും ചിതറിക്കുമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്.

ഇനിയുള്ള 4 വർഷം തൃക്കാക്കരയ്ക്ക് ഒരു സർക്കാർ പ്രതിനിധിയാകും പ്രയോജനകരമെന്ന വാദം വോട്ടർമാരെ ആകർഷിക്കുമെന്നും പ്രതീക്ഷ..  അപ്പോഴും ഒരു വലിയ പരിമിതി എൽഡിഎഫ് നേരിടുന്നു. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും കൃത്യമായ രാഷ്ട്രീയ വോട്ട് സിപിഎമ്മിനും എൽഡിഎഫിനും ഉണ്ടെങ്കിൽ പൂർണമായും നഗരവൽക്കരിക്കപ്പെട്ട തൃക്കാക്കരയിൽ അങ്ങനെ കരുതാൻ കഴിയില്ല. ഒരിക്കൽ ആദിവാസികോളനി നിലനിന്നിരുന്ന, ഗണ്യമായ ദലിത് വോട്ടുകൾ ഉണ്ടായിരുന്ന തൃക്കാക്കരയല്ല ഇപ്പോഴത്തെ കൊച്ചി നഗരകേന്ദ്രം കുടികൊള്ളുന്ന തൃക്കാക്കര. സ്ഥായിയായ ആ രാഷ്ട്രീയ വോട്ടുകളുടെ അഭാവം അന്തിമ വിശകലനത്തിൽ സിപിഎമ്മിനെ അലോസരപ്പെടുത്തിയേക്കാം.

ആത്മവിശ്വാസത്തിനു പിന്നിൽ 

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ മണ്ഡലത്തിലാകെ നിറഞ്ഞ് എൽഡിഎഫിന്റെ പ്രചാരണം കൊണ്ടുകയറിയപ്പോൾ കോൺഗ്രസും യുഡിഎഫും പകച്ചുവെന്നതു നേര്. വേഗം സമനില വീണ്ടെടുത്തു മുന്നേറാൻ അവരെ സഹായിച്ചത് താഴെത്തട്ടിലെ സംഘടനയാണ്. ഇതരജില്ലകളിലെ കോൺഗ്രസും എറണാകുളത്തെ കോൺഗ്രസും തമ്മിലുള്ള വ്യത്യാസവും അതുതന്നെ. എറണാകുളത്ത് കോൺഗ്രസിന് ബൂത്ത് കമ്മിറ്റികളുണ്ട്. എല്ലാം ശക്തമാണെന്നല്ല, പക്ഷേ ബൂത്തും അതിൽ പ്രവർത്തകരുമുണ്ട്. ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ വട്ടിയൂർക്കാവിന് പുറത്തു താമസിക്കുന്ന മണ്ഡലത്തിലെ വോട്ടർമാരുടെ വിലാസവും നമ്പരും ശേഖരിക്കാൻ നോക്കിയിട്ട് ഒരു പട്ടിക തട്ടിക്കൂട്ടാൻ പോലും തിരുവനന്തപുരത്തെ യുഡിഎഫിന് കഴിഞ്ഞില്ലെങ്കിൽ തൃക്കാക്കരയിൽ ഒരാഴ്ച കൊണ്ട് അതു സാധിച്ചെടുത്തു.

പുതിയ നേതൃത്വം, പഴയ നേതൃത്വം തുടങ്ങിയ തർക്കങ്ങളെല്ലാം മാറ്റിവച്ച് ഉമ്മൻ ചാണ്ടി അവിടെ നൂറുകണക്കിന് വീടുകളും ഫ്ലാറ്റുകളും കയറിക്കൊണ്ടിരിക്കുന്നു. രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തമ്മിലെ പിണക്കങ്ങൾക്കും തൽ‍ക്കാലം അവധിയാണ്. ജോ ജോസഫിന്റെ ഊർജസ്വലതയും ഉമ തോമസിന്റെ പ്രസാദാത്മകതയും തമ്മിലെ താരതമ്യത്തിലും തങ്ങളുടെ സ്ഥാനാർഥിക്കാണ് മുൻതൂക്കമെന്ന് യുഡിഎഫ് വിചാരിക്കുന്നു. ഒരുപക്ഷേ ബിജെപിക്കു പോകുമായിരുന്ന ഹിന്ദു വോട്ടുകൾ ഉമ തടഞ്ഞുനിർത്തുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്.

ഒരിക്കൽ കേരള രാഷ്ട്രീയത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു മുന്നണികൾ. തുടർച്ചയായി യുഡിഎഫിനു നേരിട്ട പരാജയങ്ങൾ ആ ചിത്രത്തിൽ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ഓരോ ഘടകങ്ങളെയും വേർതിരിച്ചു വിലയിരുത്തുമ്പോൾ തൃക്കാക്കരയിലെ മേൽക്കൈ ആർക്കുതന്നെയാണെങ്കിലും 2 നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾ എൽഡിഎഫിനു നൽകിയ ആധിപത്യത്തെ അവഗണിക്കുക എളുപ്പമാകില്ല. അപ്പോഴും അതേ തിരഞ്ഞെടുപ്പുകളിൽ അവരെ എറണാകുളത്ത് തടുത്തു നിർത്താൻ കഴിഞ്ഞുവെന്നതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ടാകും. വേങ്ങരയിൽ യുഡിഎഫ് അനായാസം സീറ്റ് നിലനിർത്തി; പക്ഷേ  ഭൂരിപക്ഷം കുറഞ്ഞു. തൃക്കാക്കരയിൽ ആരു ജയിച്ചാലും അതിന്റെ മാർജിനും തുടർ ചർച്ചകൾക്ക് കാരണമാകാം.

Content Highlights: Keraleeyam, Thrikkakara Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com