ചെത്തുന്നതെല്ലാം കള്ളല്ല

palakkad-toddy-smuggling-1
1. വ്യാജക്കള്ളു നിർമാണത്തിനുള്ള രാസവസ്തുക്കൾ തയാർ.2. നിറം നൽകുന്ന രാസവസ്തുവും സാക്കറിനും പതയുണ്ടാക്കാനുള്ള സോഡിയം ലോറൽ സൾഫേറ്റും കന്നാസിലെ വെള്ളത്തിലേക്കു ചേർക്കുന്നു. 3. പുളിപ്പിനു വേണ്ടി യീസ്റ്റ് ചേർക്കുന്നു. 4. മണത്തിനും രുചിക്കും വേണ്ടി, നേരത്തേ ചെത്തിവച്ച കള്ള് അൽപം ചേർക്കുന്നു. 5. നുരഞ്ഞുപൊന്തുന്ന വ്യാജക്കള്ള് കുടങ്ങളിൽ മാറ്റിവച്ചിരിക്കുന്നു. ചിത്രങ്ങൾ: ജിൻസ് മൈക്കിൾ ∙ മനോരമ
SHARE

ഷാപ്പുകളിൽ ലീറ്ററിനു 100 – 130 രൂപ വിലയുള്ള കള്ളിന് 60 രൂപ കൈക്കൂലി കൊടുത്താൽ മുതലാകുമോ? തെങ്ങിന്റെ മുകളിൽ മാത്രമല്ല മൂട്ടിലും ചെത്തു നടക്കുമ്പോൾ എത്ര കൈക്കൂലിയും നിസ്സാരം.

കേരളത്തിൽ ഓരോ ജില്ലയിലും കള്ള് എന്ന പേരിൽ ലഭിക്കുന്ന പാനീയത്തിനു പല രുചിയാണ്. വീര്യം കൂട്ടാൻ വിവിധ വസ്തുക്കൾ കള്ളിൽ ചേർത്ത ‘കോക്ടെയ്ൽ’ ആണ് പല ഷാപ്പുകളിലും കിട്ടുന്നത്.

പത്തോളം ഘടകങ്ങൾ ചേർത്ത കള്ള് എക്സൈസ് വകുപ്പ് ഈയിടെ പിടികൂടി. ചില ഘടകങ്ങൾ എന്തൊക്കെയെന്നു ലാബ് പരിശോധനയിൽ പോലും കണ്ടെത്താനായില്ല. തലേന്നത്തെ കള്ള് ഉൾപ്പെടെ ചേർത്ത് വീര്യം കൂട്ടുന്നത് ഏറെക്കാലമായി നടക്കുന്നു. സ്പിരിറ്റാണ് വീര്യം കൂട്ടാൻ ചേർക്കുന്ന പ്രധാന ഘടകം.

കഴിഞ്ഞയാഴ്ച ആലുവ സെമിനാരിപ്പടി ഷാപ്പിലെ രഹസ്യടാങ്കിൽ സൂക്ഷിച്ച 1200 ലീറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലെ ചില ഷാപ്പുകളിൽനിന്നു കഞ്ചാവു ചേർത്ത കള്ളു പിടിച്ചെടുത്ത് അവ പൂട്ടിച്ചിരുന്നു. കനാബിനോയ്ഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്. കഞ്ചാവ് തുണിയിൽ കിഴികെട്ടി കള്ളിൽ 24 മണിക്കൂർ മുക്കിയിട്ടാലാണ് കനാബിനോയ്ഡിന്റെ അംശം ലയിക്കുക. ചിലയിടങ്ങളിൽ ഹഷീഷ് കലർത്തിയതായും കണ്ടെത്തി.

വീര്യമേറെ; ലാഭവും

വെറും 500 രൂപയുണ്ടെങ്കിൽ 2000 ലീറ്റർ കള്ള് ഉണ്ടാക്കുന്ന ഒട്ടേറെ ‘വിദഗ്ധർ’ പാലക്കാട്ടെ ചിറ്റൂർ ഉൾപ്പെടെ മേഖലകളിലുണ്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ച് രാസവസ്തുക്കളെല്ലാമടങ്ങിയ കിറ്റ് കിട്ടും. 500 രൂപയുടെ കിറ്റ് വാങ്ങിയാൽ 2000 ലീറ്റർ ‘കള്ളു’ണ്ടാക്കാം. അതിൽ രണ്ടോ മൂന്നോ കുടം കള്ളും സ്പിരിറ്റും ചേർത്താൽ വീര്യമേറും. ഇത്തരം രാസപ്രവർത്തനങ്ങൾ നടത്താൻ വിദഗ്ധരായ തൊഴിലാളികൾ ഓരോ തോപ്പിലുമുണ്ട്.

കർശന പരിശേ‍ാധന നടത്തിയാൽ ഒരാഴ്ച പഴക്കമുള്ള പുളിച്ചുനാറിയ കള്ളു വരെ കണ്ടെത്താമെന്നാണു ചില ഉദ്യേ‍ാഗസ്ഥർ വെളിപ്പെടുത്തിയത്. അതിൽ വെള്ളവും സ്പിരിറ്റും സാക്കറിനും സിലേ‍ാൺ പേ‍സ്റ്റും (ടൈറ്റാനിയം ഡയേ‍ാക്സൈഡ്) ചേർത്താൽ പതഞ്ഞുപെ‍ാങ്ങുന്ന ഉശിരൻ കള്ളായി. ഒരു ലീറ്റർ പഴയ കള്ള്, 8 ലീറ്റർ സ്പിരിറ്റ്, പാകത്തിനു സിലേ‍ാൺ പേസ്റ്റ്, സാക്കറിൻ, വെള്ളം എന്നിവ ചേർത്താൽ 1500 ലീറ്റർ കള്ളുണ്ടാക്കാം. ‘തുരുതുരുപ്പൻ’ എന്നാണ് വ്യാജക്കള്ളു നിർമാണത്തിന് ഉപയേ‍ാഗിക്കുന്ന പുതിയ പെ‍ാടിയുടെ (സോഡിയം ലോറൽ സൾഫേറ്റ്) പേര്. ഇതു ദ്രവരൂപത്തിലും ലഭിക്കും.കാർവാഷ്, ഫ്ലോർ ക്ലീനർ, ഡിറ്റർജന്റ്, ഷേവിങ് ഫോം എന്നിവയിൽ കുറഞ്ഞ സാന്ദ്രതയിൽ ഉപയോഗിക്കുന്ന ഘടകമാണ് സോഡിയം ലോറൽ സൾഫേറ്റ്. പതയുണ്ടാക്കാനാണ് ഇതു കള്ളിൽ ഉപയോഗിക്കുന്നത്. പെർമിറ്റിന്റെ മറവിൽ തേ‍ാപ്പിൽനിന്നു കുറച്ചു കള്ളു വാങ്ങി ഷാപ്പുകൾക്ക് ആവശ്യമായ മുഴുവൻ കള്ളുണ്ടാക്കുന്നവരും കുറവല്ല.

പുലർച്ചെ 2 – 3 മണിയോടെയാണു മിക്ക വണ്ടികളും തോപ്പുകളിൽനിന്നു കള്ളു കയറ്റി പോകുന്നത്. ഇതിനു 2 മണിക്കൂർ മുൻപു മാത്രമാണ് വ്യാജക്കള്ളു നിർമിക്കുന്നത്. കള്ളിലെ ആൽക്കഹോളിന്റെ അളവ് 8.1 ശതമാനത്തിൽ കൂടാതെ നോക്കാൻ പരിചയസമ്പന്നരായ കലക്കുകാരുണ്ട്.

toddy-pkd

തെങ്ങില്ലെങ്കിലും കിട്ടും ‘വിലക്കള്ള് ’

സ്വന്തമായി 50 തെങ്ങും 5 ചെത്തുകാരും ഉണ്ടെങ്കിലേ കള്ളുഷാപ്പ് ലൈസൻസ് ലഭിക്കൂ. അവയില്ലെങ്കിലും കള്ളു വിൽക്കാം. ‘വിലക്കള്ള്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ചിറ്റൂരിലെ ഒരു തോപ്പ് പാട്ടത്തിനെടുത്താൽ കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് ജില്ലാ ഓഫിസിൽനിന്നു സംഘടിപ്പിക്കാം. ലൈസൻസി നേരിട്ടു ചെല്ലേണ്ടതില്ല. തെങ്ങിനു നമ്പർ വേണ്ട. എല്ലാറ്റിനും ഉദ്യേ‍ാഗസ്ഥരും തേ‍ാപ്പ് ഉടമയും ചേർന്ന് ഏജന്റിനെ നൽകും. അയാൾ വഴിയാണ് പിന്നീട് മുഴുവൻ ഇടപാടുകളും നടത്തുക.

ലൈസൻസി ആരെന്ന് ഉദ്യേ‍ാഗസ്ഥർക്ക് അറിയേണ്ടതില്ല. അവർക്കുള്ളതല്ലാം കൃത്യമായി എത്തിയിരിക്കും. എന്നാൽ, ‘വിലക്കള്ളി’നു ‘സന്തേ‍‍ാഷപ്പണ’ത്തിന്റെ ശതമാനം കൂടുമെന്നു മാത്രം.

എല്ലാറ്റിനും ‘പൊടി’ക്കൈ

പച്ചവെള്ളവും ചില പൊടികളും ഉപയോഗിച്ചു നിമിഷങ്ങൾക്കകം കള്ളുണ്ടാക്കാം. സ്പിരിറ്റോ കഞ്ചാവോ വിവിധ തരം പേസ്റ്റുകളോ ഉപയോഗിച്ചു കള്ളിന്റെ വീര്യവും കൂട്ടാം. കള്ള് ഉൽപാദനത്തിനുള്ള വിവിധതരം രാസവസ്തുക്കളെയാണ് പൊടികൾ എന്നു വിശേഷിപ്പിക്കുന്നത്. പായ്ക്കറ്റിൽ പേരുള്ളതിനാൽ ഒരു പൊടി യീസ്റ്റ് ആണെന്നും പൊതുവേ കണ്ടു പരിചയം ഉള്ളതിനാൽ മറ്റൊന്ന് സാക്കറിൻ ആണെന്നും കലക്കുന്ന തൊഴിലാളികൾക്ക് അറിയാം. ബാക്കി രണ്ടെണ്ണം ഏതാണെന്ന് അവർക്കും അറിയില്ല. വെള്ളപ്പൊടി, നുരപ്പൊടി എന്നൊക്കെയാണു മറ്റു പൊടികളെ വിളിക്കുന്നത്.

നിമിഷങ്ങൾക്കകം കള്ളുണ്ടാക്കിത്തരാമെന്നു പറഞ്ഞു മനോരമ സംഘത്തെ അവർ അതിർത്തിക്കടുത്തുള്ള ഒരു തോപ്പിൽ എത്തിച്ചു. തുടർന്ന് വെള്ളത്തെ കള്ളാക്കുന്ന ആ സൂത്രപ്പണി കാണിച്ചുതന്നു.വലിയ കന്നാസിൽ വെള്ളം നിറച്ച് വെള്ളപ്പൊടി വിതറുമ്പോഴേക്കും വെള്ളം കള്ളിന്റെ രൂപത്തിലാകും. അതിലേക്കു സാക്കറിനാണ് ആദ്യം ചേർക്കുന്നത്. അതിനു ശേഷം യീസ്റ്റ്. തുടർന്ന് ‘നുരപ്പൊടി’ ചേർക്കുന്നതോടെ നുരയും പതയും വന്ന് കള്ളിന്റെ രൂപമാകും.

അത് ഒരുവലിയ കന്നാസിലേക്കു മാറ്റി അരക്കുടം കള്ളും ചേർത്തു. കള്ളില്ലെങ്കിലും കലക്കിയ ദ്രാവകം കള്ളിന്റെ രൂപത്തിലാകുമെന്നു തൊഴിലാളി പറഞ്ഞു. പിന്നെയെന്തിനാണ് കള്ളു ചേർക്കുന്നതെന്നു ചോദിച്ചപ്പോൾ തമിഴ് കലർന്ന മലയാളത്തിൽ അയാൾ പറഞ്ഞു: ‘‘സാർ, ഏതിനും ഒരു സത്യം വേണമില്ലിയാ, അന്തമാതിരി ഏമാത്തക്കൂടാത്’’ (എന്തിനും ഒരു സത്യമൊക്കെ വേണ്ടേ, അങ്ങനെ ആരെയും പറ്റിക്കരുത്.)

പാലക്കാടൻ കള്ള്:12 ജില്ലകളിലേക്ക് 3.27 ലക്ഷം ലീറ്റർ

പാലക്കാട്ടെ ചിറ്റൂർ മേഖലയിലെ എതാണ്ട് 1200 തേ‍ാപ്പുകളിൽനിന്നു ചെത്തുന്ന 3.27 ലക്ഷം ലീറ്റർ കള്ളാണു കേരളത്തിലെ 12 ജില്ലകളിലേക്കു കൊണ്ടുപോകുന്നത്. ഇതിനായി വർഷത്തിൽ 2 തവണ പെർമിറ്റ് പുതുക്കണം. വർഷത്തിൽ 2 സീസണാണ് ഉള്ളത്; ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും ഒക്ടോബർ മുതൽ മാർച്ച് വരെയും.

കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലേക്കു പാലക്കാട്ടുനിന്നു കള്ളു കൊണ്ടുപോകുന്നില്ല. തിരുവനന്തപുരത്തു കുറച്ചു ഷാപ്പുകളേയുള്ളൂ. പ്രാദേശികമായി ചെത്തുന്ന കള്ളാണ് അവിടെ ഉപയേ‍ാഗിക്കുന്നത്. കണ്ണൂരിൽ കള്ളു ചെത്തിയിറക്കി വിതരണം നടത്തുന്നതു പ്രധാനമായി സഹകരണസംഘങ്ങളാണ്.

aluva-spirit-1
ആലുവയിലെ കള്ളുഷാപ്പിൽ എക്സൈസ് പരിശോധനയിൽ കണ്ടെത്തിയ സ്പിരിറ്റ് ടാങ്ക്.

ആലുവ ഷാപ്പിലെ ‘രഹസ്യം’

പാലക്കാട്ടെ ‘സന്തേ‍ാ‍ഷപ്പണം’ വെളിച്ചത്തുവന്ന് രണ്ടു ദിവസത്തിനിടെയാണ് ആലുവ സെമിനാരിപ്പടിയിലെ കള്ളുഷാപ്പിൽ എക്സൈസ് സംഘം മണ്ണിനടിയിൽ സ്പിരിറ്റ് ടാങ്ക് കണ്ടെത്തിയത്. എക്സൈസ് എൻഫേ‍ാഴ്സ്മെന്റ് സ്ക്വാഡ് തലവൻ ടി.അനികുമാർ, സ്ക്വാഡ് സിഐ കൃഷ്ണകുമാർ, ക്രൈംബ്രാഞ്ചിലെ സിഐ ടി.വി.സദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രി 8 മുതൽ പുലർച്ചെ രണ്ടര വരെ നടത്തിയ പരിശോധനയിൽ കള്ളു കലക്കുന്ന സംവിധാനവും കണ്ടെത്തി. 1200 ലീറ്റർ സ്പിരിറ്റും ഒന്നേമുക്കാൽ കിലേ‍ാ സിലേ‍ാൺ പേസ്റ്റും 270 കിലേ‍ാ സാക്കറിനുമാണു പിടിച്ചെടുത്തത്.

മണിച്ചൻ പ്രതിയായ കല്ലുവാതുക്കൽ മദ്യദുരന്തത്തിനു ശേഷം ഇതാദ്യമാണ് ഷാപ്പിനുള്ളിലെ രഹസ്യഅറയിൽനിന്നു സ്പിരിറ്റ് പിടിക്കുന്നത്. ഷാപ്പിന്റെ പുറത്തുനിന്നോ അകത്തുനിന്നോ നോക്കിയാൽ അറ കണ്ടെത്താനാകില്ല. പുറത്തുനിന്ന് ഇവിടേക്കു വാതിലുകളുമില്ല. പരിശേ‍ാധനയ്ക്കിടെ ഉദ്യോഗസ്ഥസംഘം കെട്ടിടത്തിനു മുകളിൽ നിന്നു നേ‍ാക്കിയപ്പേ‍ാൾ താഴെ കന്നാസുകളും ചപ്പുചവറുകളും കൂട്ടിയിട്ടതു ശ്രദ്ധയിൽപെട്ടു. അവിടെ നിലത്ത് ഇരുമ്പുകമ്പി കെ‍ാണ്ടു കുത്തിയപ്പേ‍ാൾ പ്രത്യേക ശബ്ദം കേട്ടു. കന്നാസുകൾ മാറ്റിയപ്പേ‍ാൾ സ്പിരിറ്റിന്റെ മണം ലഭിച്ചു. മണ്ണിനു മുകളിലെ കേ‍ാൺക്രീറ്റ് അടപ്പു മാറ്റിയപ്പേ‍ാഴാണ് സ്പിരിറ്റ് അറ കണ്ടെത്തിയത്. പ്ലൈവുഡ് നിരത്തി അതിനു മുകളിലാണു സിമന്റ് ടാങ്ക് നിർമിച്ചത്. ടാങ്കിൽനിന്ന് പുറത്തേക്ക് ഒരു പൈപ്പുണ്ടായിരുന്നു. ഇതു പോകുന്നതു കള്ളു കലക്കുന്ന സംവിധാനത്തിലേക്കാണ്.

നിയമപരമായി ആഴ്ചയിലെ‍ാരിക്കൽ ഈ ഷാപ്പ് സ്ക്വാഡ് പരിശേ‍ാ‍ധിച്ചു വരുന്നതായാണു രേഖ. കള്ളിൽ മായമുണ്ടേ‍ാ എന്നറിയാനുള്ള പതിവു പരിശോധനയുടെ ഭാഗമായി ഇവിടെനിന്നു മേയ് 16നു സാംപിൾ ശേഖരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിലാണു റെയ്ഡിൽ സ്പിരിറ്റ് ടാങ്കും കലക്കുകേന്ദ്രവും പുറത്തുവന്നത്. ഈ ഷാപ്പുമായി ബന്ധപ്പെട്ട ബെനാമികൾ പലയിടത്തും ഷാപ്പുകൾ നടത്തുന്നതായി വിവരമുണ്ട്. അവരുടെ വാഹനത്തിലാണ് പാലക്കാട്ടുനിന്ന് അത്യാവശ്യത്തിനുള്ള കള്ള് എത്തിക്കുന്നത്. 7 വർഷം മുൻപ് ഇതേ സ്ഥലത്തു നടത്തിയ റെയ്ഡിൽ സ്പിരിറ്റ് കണ്ടെത്തിയതിനെത്തുടർന്ന് 4 എക്സൈസ് ഉദ്യേ‍ാഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അന്ന് ഇവിടെനിന്നു പരിശേ‍ാധനയ്ക്ക് എടുത്ത സാംപിൾ ലാബിലെത്തിയപ്പേ‍ാൾ നല്ല കള്ളായി മാറിയെന്ന വിവാദവുമുണ്ടായിരുന്നു.

നാളെ: ടൂറിസം രംഗത്ത് കള്ളിനുള്ളത് വലിയ സാധ്യതകൾ

English Summary: Palakkad Toddy Smuggling

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA