ADVERTISEMENT

അറുനൂറു കിലോമീറ്ററോളം തീരദേശവും കടലിനെ ആശ്രയിച്ചുകഴിയുന്ന വലിയെ‌ാരു ജനസമൂഹവുമുള്ള കേരളം ആശങ്കകളുടെ തിരയടി കേൾക്കുകയാണിപ്പോൾ. തുടർച്ചയായ കടൽക്ഷോഭവും മഴക്കെടുതിയും മത്സ്യദൗർലഭ്യവും ഇന്ധനവിലയുടെ ആഘാതവുമെ‍ാക്കെ നിസ്സഹായതയോടെ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു സർക്കാർ കൈത്താങ്ങുകൂടി ഇല്ലാതായതോടെ ജീവിതം വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്.

ബഹുമുഖ പ്രതിസന്ധി ഉപ‍ജീവനമാർഗം മുടക്കിയതോടെ മത്സ്യത്തൊഴിലാളികളിൽ പലരും മറ്റു മേഖലകളിലേക്കു തിരിഞ്ഞുകഴിഞ്ഞു. മണ്ണെണ്ണയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന വള്ളങ്ങളുടെ ഇന്ധനം. പെർമിറ്റുള്ള വള്ളങ്ങൾക്ക് സബ്സിഡി നിരക്കിൽ ഒരു മാസത്തേക്കു ലഭിക്കുന്ന മണ്ണെണ്ണ ഒരാഴ്ച കടലിൽ പോകാൻപോലും തികയില്ലെന്നാണു പരാതി. അതുകെ‍ാണ്ടുതന്നെ, കരിഞ്ചന്തയിൽ വൻവില കെ‍ാടുത്തു മണ്ണെണ്ണ വാങ്ങേണ്ടിവരുന്നു. സബ്സിഡി നിരക്കിൽ 25 രൂപയ്ക്കു മണ്ണെണ്ണ നൽകുമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 11 സംഘടനകൾ ഉൾപ്പെട്ട കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് അവരുടെ കടുത്ത ആശങ്കകൾ ജനശ്രദ്ധയിലെത്തിക്കുകയുണ്ടായി.

തീരശോഷണം മൂലം വീടു നഷ്ടപ്പെട്ടു ക്യാംപുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നത് ഏറെ ഗൗരവമുള്ള ആവശ്യമാണ്. മത്സ്യബന്ധനയാനങ്ങളിൽ ഉപയോഗിക്കുന്ന ഡീസലിന് ഏർപ്പെടുത്തിയിരിക്കുന്ന റോഡ് സെസ് പിൻവലിക്കുക, ഇന്ധനം സബ്സിഡി നിരക്കിൽ നൽകുക, മത്സ്യത്തൊഴിലാളികൾക്കു ദ്രോഹകരമായ നിയമങ്ങളിൽ മാറ്റം വരുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, മത്സ്യഫെഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്യുക, പുനർഗേഹം പദ്ധതി അനുസരിച്ചുള്ള നിർബന്ധിത കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുകയും നഷ്ടപരിഹാരം വർധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പണിമുടക്ക്.

മത്സ്യത്തൊഴിലാളികളുടെ ജീവിതം അത്രമേൽ ദുരിതത്തിലാണിപ്പോൾ. കടലിൽ പോയിട്ടുതന്നെ മാസങ്ങളായെന്നാണ് അവരിൽ പലരും പറയുന്നത്. മത്സ്യലഭ്യത കുറഞ്ഞതാണു കാരണം. ഇന്ധനം ചെലവിട്ട് ബോട്ട് കടലിൽ ഇറക്കി വെറുംകയ്യോടെ തിരിച്ചുവരേണ്ടിവരുന്ന മത്സ്യത്തൊഴിലാളിയുടെ സങ്കടം സർക്കാരിനു മനസ്സിലാകുമോ? 20 വർഷത്തിനിടെ മത്തി ലഭ്യത ഇരുപതിലൊന്നായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണു കാരണമെന്നു ശാസ്ത്രജ്ഞർ പറയുന്നു. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് മറ്റൊരു കാരണമാണ്.

ഡീസലിനും മണ്ണെണ്ണയ്ക്കും വില കുത്തനെ ഉയർന്നതും മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. ഡീസൽ വിലവർധന മൂലമുണ്ടാകുന്ന അധികച്ചെലവ് താങ്ങാനാകാത്തതാണെന്നു ബോട്ട് ഉടമകൾ പറയുന്നു. മോശമല്ലാത്ത തോതിൽ മീൻ കിട്ടിയാലും ചെലവുകൾ കഴിഞ്ഞ് ഒന്നും ബാക്കിയുണ്ടാകില്ല. കേരളത്തിലെ ബോട്ടുകൾ ഡീസൽ നിറയ്ക്കുന്ന വകയിൽ സംസ്ഥാന സർക്കാരിനു പ്രതിദിനം ഭീമമായ നികുതിവരുമാനമുണ്ടായിട്ടും മത്സ്യബന്ധന മേഖലയ്ക്ക് ഒരു ഇളവും നൽകാൻ തയാറല്ലാത്തതിൽ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്. അയൽസംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്ന തുകയാണ് കേരളത്തിൽ ബോട്ടുകൾക്കുള്ള ലൈസൻസ് ഫീ എന്നതും മത്സ്യമേഖലയെ വലയ്ക്കുന്നു. അയൽസംസ്ഥാനങ്ങൾ ഡീസൽ സബ്സിഡിയും നൽകുന്നുണ്ട്.

പിടിച്ചുനിൽക്കാൻ കഴിയാതെ സംസ്ഥാനത്തു പലയിടത്തും മത്സ്യബന്ധന ബോട്ടുകൾ പൊളിച്ചുവിൽക്കുകയാണ്. കെ‍ാല്ലം ജില്ലയിൽമാത്രം 6 മാസത്തിനിടെ ഇരുനൂറിലേറെ ബോട്ടുകൾ പൊളിച്ചുവിറ്റതായി കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നു. രണ്ടായിരത്തിലേറെ മത്സ്യബന്ധനത്തൊഴിലാളികൾക്കു ജില്ലയിൽ ജോലി നഷ്ടമായി. അനുബന്ധ മേഖലകളിലും തൊഴിൽനഷ്ടം രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണുള്ളത്.

ബോട്ടുടമകളും മത്സ്യത്തെ‍ാഴിലാളികളും നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായിക്കഴിഞ്ഞു. നമ്മുടെ മത്സ്യബന്ധന മേഖല പ്രതിസന്ധിയുടെ ആഴക്കടലിൽ മുങ്ങാതിരിക്കാൻ വേണ്ട കരുതലും പിന്തുണയുമാണ് സർക്കാരിൽനിന്ന് ഉണ്ടാകേണ്ടത്. അതിനെ‍ാട്ടും വൈകിക്കൂടാ.

English Summary: Malayala Manorama Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com