ADVERTISEMENT

ശുദ്ധമായ കള്ളിന് കേരള ടൂറിസത്തിന്റെ മെനു കാർഡിൽ ഡിമാൻഡ് ഏറെയാണ്. പക്ഷേ, ശുദ്ധമായ കള്ള് ഉറപ്പാക്കുക എന്നതാണു പ്രയാസം. രുചികരമായ ഭക്ഷണത്തിനൊപ്പം നല്ല കള്ള് ഏറ്റവും വൃത്തിയുള്ള സാഹചര്യത്തിൽ നൽകിയാൽ ടൂറിസം മേഖലയിൽ വലിയ മുതൽക്കൂട്ടാകും. നല്ല കള്ളും ഭക്ഷണവും കിട്ടുന്ന വൃത്തിയുള്ള ഷാപ്പുകൾ ചുരുക്കം ചില ടൂറിസം കേന്ദ്രങ്ങളിലുണ്ട്.

‘പൈതൃക സ്പിരിറ്റ്’ എന്ന രീതിയിൽ ഗോവയിൽ വിപണനം ചെയ്യുന്ന ഫെനി പോലെ കള്ളിന്റെ കാര്യത്തിലും വലിയ സാധ്യതയാണുള്ളത്. കള്ളിന്റെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും വിൽപന മാത്രമല്ല തെങ്ങുകയറ്റം, കള്ളുചെത്ത് തുടങ്ങിയവ ടൂറിസ്റ്റുകൾക്കു മുന്നിൽ അവതരിപ്പിച്ച് ഉത്തരവാദിത്ത ടൂറിസം മേഖലയിലും വലിയ സാധ്യതകൾ കണ്ടെത്താം.

എന്നാൽ, ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ കള്ളു വിൽക്കുന്നത്. പല ഷാപ്പുകളും വൃത്തിഹീനമാണ്. കള്ള് വിശ്വസിച്ചു കുടിക്കാൻ പലർക്കും ഭയമാണ്.

‘ടോഡി പാർലർ’ എന്ന ആശയം പല സർക്കാരുകളുടെ കാലത്തു ചർച്ച ചെയ്തെങ്കിലും യാഥാർഥ്യമായിട്ടില്ല. കേരളത്തിന്റെ പാനീയം എന്ന രീതിയിൽ കള്ളിനെ അവതരിപ്പിക്കുക, കള്ളിന്റെ മൂല്യവർധിത വസ്തുക്കൾ ബ്രാൻഡ് ചെയ്ത് പുറത്തിറക്കുക തുടങ്ങി ഒട്ടേറെ പദ്ധതികൾ വിവിധ സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു.

കള്ളിനെയും കള്ളുഷാപ്പുകളെയും പ്രോത്സാഹിപ്പിക്കണമെന്നും ഷാപ്പുകൾ നവീകരിക്കണമെന്നും ആദ്യമായി ശുപാർശ ചെയ്തത് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു നിയോഗിച്ച എ.പി.ഉദയഭാനു കമ്മിഷനാണ്. പിന്നീടു വന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ അംഗീകരിച്ചെങ്കിലും ശുപാർശകൾ പലതും മൂന്നു പതിറ്റാണ്ടായിട്ടും നടപ്പായിട്ടില്ല.

ടോഡി ബോർഡ് രൂപീകരിക്കുന്നതോടെ ആധുനികരീതിയിലുള്ള ഷാപ്പുകൾ അവതരിപ്പിക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ചിരുന്നെങ്കിലും ബോർഡ് രൂപീകരണം പോലും അനിശ്ചിതത്വത്തിലാണ്. കെടിഡിസിയുടെ നേതൃത്വത്തിൽ ശുദ്ധമായ കള്ള് പ്രോത്സാഹിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.

മെലിഞ്ഞുമെലിഞ്ഞ് എക്സൈസ്

അഴിമതിയെക്കുറിച്ചു പറയുമ്പോഴും ആവശ്യത്തിന് എക്സൈസ് ഉദ്യേ‍ാഗസ്ഥരില്ല എന്നതാണു പല ജില്ലകളും നേരിടുന്ന പ്രശ്നം. ലഹരിമരുന്നു വേട്ട, സ്പിരിറ്റ് കടത്ത് തടയൽ, ‘വിമുക്തി’ പദ്ധതി തുടങ്ങിയവയ്ക്ക് ആവശ്യത്തിന് ഉദ്യേ‍ാഗസ്ഥരെ നിയമിക്കുന്നില്ല. കൂടുതൽ ഷാപ്പുകളും ഡിസ്റ്റിലറികളും ചെക്പേ‍‍ാസ്റ്റുകളുമുള്ള ജില്ലയായിട്ടും പാലക്കാട്ടെ ഒഴിവുകൾ നികത്താൻ മുൻഗണന നൽകുന്നുമില്ല. സംസ്ഥാനത്ത് നിലവിൽ 150 എക്സൈസ് ഇൻസ്പെക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

അഴിമതി  വച്ചുപൊറുപ്പിക്കില്ല

mv govindan
എം.വി.ഗേ‍ാവിന്ദൻ

ശുദ്ധമായ കള്ളിന്റെ ഉൽപാദനവും വിതരണവുമാണു സർക്കാരിന്റെ ലക്ഷ്യം. കള്ള് ചെത്തിയാണ് ഉണ്ടാക്കേണ്ടത്. എന്നാൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ചു പാലക്കാട്ട്, കള്ള് കൃത്രിമമായി നിർമിച്ചു നാടിനെ പരിഹസിക്കുന്ന സ്ഥിതിയുണ്ട്. അത്തരക്കാരുമായുള്ള ഉദ്യേ‍ാഗസ്ഥരുടെ കൂട്ടുകെട്ട് പരമ്പരാഗത വ്യവസായമേഖലയെ തകർക്കുന്ന വിധത്തിലാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. പാലക്കാട്ട് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 പേരെ സസ്പെൻഡ് ചെയ്തത് അതിന്റെ ഭാഗമാണ്. അണക്കപ്പാറ വ്യാജക്കള്ളു കേസിൽ ഡപ്യൂട്ടി കമ്മിഷണർ അടക്കം 13 പേർ സസ്പെൻഷനിലായത് കുറച്ചു മാസങ്ങൾക്കു മുൻപാണ്. പിന്നീട് അത്തരമെ‍ാരു സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

കള്ളു കെ‍ാണ്ടുപേ‍ാകാനുള്ള പെർമിറ്റ് പുതുക്കൽ ഈ സാമ്പത്തികവർഷം മുതൽ ഒ‍ാൺലൈനിലാണ്. എന്നിട്ടും അതിന്റെ പേരിൽ പണം വാങ്ങുന്നവരെ വച്ചുപെ‍ാറുപ്പിക്കുന്ന പ്രശ്നമില്ല. ടേ‍ാഡി ബേ‍ാർഡ് വരുന്നതേ‍ാടെ മേഖലയിൽ കാര്യമായ മാറ്റം വരും.- എം.വി.ഗേ‍ാവിന്ദൻ (എക്സൈസ് മന്ത്രി)

കള്ള് ശുദ്ധമെന്ന് ഉറപ്പാക്കാം

santhosh george
സന്തോഷ് ജോർജ് കുളങ്ങര

കള്ളിനെ കേരളത്തിന്റെ ഔദ്യോഗിക മദ്യമാക്കുമെന്നു പ്രഖ്യാപിക്കാം; പക്ഷേ, അതുകേട്ടു വരുന്ന സഞ്ചാരിക്കു നൽകുന്നതു ശുദ്ധമായ കള്ളാണെന്ന് ആര് ഉറപ്പു നൽകും? ഒന്നുകിൽ, കൊടുക്കുന്നതു നല്ല കള്ളാണെന്നു സർക്കാർ പറയണം. കുറഞ്ഞ പക്ഷം ടൂർ ഓപ്പറേറ്റർക്കെങ്കിലും ഉറപ്പുണ്ടാകണം; തനിക്ക് അറിയുന്ന തോട്ടത്തിലെ തെങ്ങിൽനിന്നു ശുദ്ധമായി ചെത്തിയിറക്കുന്ന കള്ളാണു നൽകുന്നതെന്ന്. നിലവിൽ കള്ളു കൈകാര്യം ചെയ്യുന്ന രീതി വച്ച് അതു നടക്കില്ല.

ശുദ്ധമായ കള്ളാണെന്ന് ഉറപ്പാക്കണമെങ്കിൽ തേങ്ങയിടലും കരിക്കിടലും പോലെ എല്ലാവർക്കും കള്ള് ഉൽപാദിപ്പിക്കാൻ കഴിയണം. കാരണം, ഒരു ടൂറിസം സംരംഭകനും അതിഥിക്കു മോശം ഭക്ഷണം നൽകില്ല. മോശം കള്ളു കുടിച്ചതിന്റെ ദുരനുഭവം ഏതെങ്കിലും വിദേശസഞ്ചാരി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താൽ രാജ്യത്തിനുതന്നെ തിരിച്ചടിയാകുമെന്ന് ഓർക്കണം.

അടിച്ചു പൂസാകാനല്ല സഞ്ചാരികൾ എത്തുന്നതെങ്കിലും പ്രാദേശിക മദ്യം രുചിച്ചുനോക്കാറുണ്ട്. ഇത്യോപ്യയിൽ ‘തേജ്’ എന്ന വിശേഷ മദ്യമുണ്ട്. ഇത്യോപ്യൻ മാതൃകയിലുള്ള കെട്ടിടത്തിൽ സംഗീത, നൃത്ത പശ്ചാത്തലത്തിലാണു ‘തേജ്’ വിളമ്പുന്നത്. എന്നാൽ, ഏറ്റവും മോശം സാഹചര്യത്തിലാണു കേരളത്തിലെ മദ്യവിതരണം; പ്രത്യേകിച്ച് ഇപ്പോഴത്തെ കള്ളുഷാപ്പുകളിൽ. മനുഷ്യാവകാശം ഒട്ടും അനുഭവിക്കാത്തവരാണു കേരളത്തിലെ മദ്യപർ.- സന്തോഷ് ജോർജ് കുളങ്ങര-(സംസ്ഥാന ആസൂത്രണ ബോർഡ് അംഗം)

m r narayanan
എം.ആർ.നാരായണൻ

ശ്രീലങ്ക, ഗോവ ഉദാഹരണം

കലർപ്പില്ലാത്ത, ശുദ്ധമായ കള്ളു കൊടുത്താൽ സഞ്ചാരികൾക്ക് ഇഷ്ടമാകുമെന്നതിൽ സംശയമില്ല. അഴിമതിക്കു വഴിവയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കിയും സ്വകാര്യ മേഖലയെ വിശ്വാസത്തിലെടുത്തും കള്ളുചെത്തു രംഗത്തെ വികസിപ്പിച്ചാൽ ശുദ്ധമായ കള്ള് ഉറപ്പാക്കാനാകും. അതിന് അബ്കാരി നയങ്ങളിൽ മാറ്റം വരുത്തണം. നിലവിലെ സാഹചര്യത്തിൽ ലഭിക്കുന്ന കള്ള് വിശ്വസിച്ചു നൽകാൻ കഴിയില്ല. ശ്രീലങ്കയിൽ വീര്യം കുറഞ്ഞ കള്ള് ടിന്നിലടച്ചു നൽകുന്നു. ഗോവയിലെ ഫെനി നമുക്ക് ഉദാഹരണമായി മുന്നിലുണ്ട്. ശുദ്ധമായ ഉൽപന്നം ഉറപ്പുവരുത്തുകയാണു പ്രധാനം.

-എം.ആർ.നാരായണൻ (സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി, കേരള)

ടോഡി ബോർഡ് ഇഴയുന്നു

കള്ളുവ്യവസായ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ചെത്തുകാരും ഷാപ്പ് ജീവനക്കാരും ലൈസൻസികളുമുൾപ്പെടെ ആയിരങ്ങളുണ്ട്. ജാഗ്രതയോടെ കൈകാര്യം ചെയ്താൽ ടൂറിസത്തിൽ ഉൾപ്പെടെ വലിയ സാധ്യതകളുള്ള മേഖലയിൽ അഴിമതിയുടെ ലഹരി നുകരാനാണ് ഒരു വിഭാഗത്തിനു താൽപര്യം.

നല്ല കള്ള് വൃത്തിയുള്ള ഷാപ്പുകളിലൂടെ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണു സംസ്ഥാന സർക്കാർ കള്ളുവ്യവസായ വികസന ബോർഡ് (ടോഡി ബോർഡ്) രൂപീകരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ടോഡി ബോർഡ് ബിൽ കൊണ്ടുവന്നെങ്കിലും ചട്ടം രൂപീകരിക്കുകയോ മറ്റു നടപടിക്രമങ്ങൾ തുടങ്ങുകയോ ചെയ്യാത്തതിൽ ആദ്യം വിമർശനവുമായെത്തിയതു സിപിഐയുടെ തൊഴിലാളിസംഘടനയായ എഐടിയുസിയാണ്. 

toddy 1

സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കുകയും എതിർപ്പ് സിപിഎമ്മിനെ അറിയിക്കുകയും ചെയ്തു. പുതിയ മദ്യനയത്തിൽ, ടോഡി ബോർഡ് ഈ വർഷം ഇല്ലെന്നു പ്രഖ്യാപിച്ച എക്സൈസ് മന്ത്രി ഇതോടെ നിലപാടു മാറ്റുകയും ബോർഡ് ഈ വർഷം തന്നെ ഉണ്ടാകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഒന്നും നടപ്പായില്ല.

ടോഡി ബോർഡിന്റെ ലക്ഷ്യങ്ങൾ

∙ സീസണിൽ അധികം വരുന്ന കള്ള് കേടുകൂടാതെ സൂക്ഷിക്കുക.

∙ അത്യുൽപാദന ശേഷിയുള്ള തെങ്ങും പനയും വച്ചുപിടിപ്പിക്കുക.

∙ ഷാപ്പുകൾ നടത്തുന്നതിനു സ്ഥിരം കെട്ടിടങ്ങൾ നിർമിക്കുക.

∙ ആവശ്യാനുസരണം ഷാപ്പുകൾ ഏറ്റെടുത്തു നടത്തുക.

∙ വിനോദസഞ്ചാര മേഖലയിൽ ആധുനിക ഷാപ്പുകൾ ആരംഭിക്കുക.

∙ കള്ളുവ്യവസായ മേഖലയിൽ വരുന്നവർക്കു പരിശീലനം നൽകുക.

∙ വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുക.

English Summary: Toddy smuggling in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com