‘ഇംഗ്ലിഷ് അല്ലാതെ ഇണക്കുഭാഷ ഇന്ത്യയ്ക്ക് വേണമെന്ന് കേന്ദ്രം; അത് മലയാളം ആയിക്കൂടേ?’

tharoor
SHARE

ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള അമിത് ഷായുടെയും അതിനു കൊടിപിടിച്ചിറങ്ങിയ തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില ബോളിവുഡ് താരങ്ങളുടെയും വിലക്ഷണ നീക്കങ്ങളുടെ പേരിൽ തെന്നിന്ത്യയിൽ നടന്ന പ്രതിഷേധങ്ങളെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എല്ലാ ഇന്ത്യൻ ഭാഷകളും യോഗ്യവും ആദരണീയവുമാണെന്നു വിശദീകരിച്ച് എതിർപ്പുകൾ തണുപ്പിക്കാനിറങ്ങിയത് രസാവഹമാണ്. അതു വളരെ നന്നായി. പക്ഷേ, യഥാർഥ വിഷയം ഇതാണ്: ഹിന്ദിവാദികൾക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല – തെക്കേ ഇന്ത്യക്കാർ ഒരു ഇണക്കുഭാഷയായി ആഗ്രഹിക്കുന്നത് തങ്ങളുടെ പ്രിയ ഭാഷയായ ഹിന്ദിയല്ല, പകരം തങ്ങൾ വിദേശ ഇറക്കുമതിയെന്നു വിശേഷിപ്പിക്കുന്ന ഇംഗ്ലിഷ് ആണ്. അതെന്തുകൊണ്ട്?

ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും (ഹിന്ദിയിൽ ഉൾപ്പെടെ) ഞാൻ ഇക്കാര്യം അവരോട് വളരെ ലളിതമായി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാർക്കും ഔദ്യോഗിക വിനിമയത്തിന് ഒരു ഇണക്കുഭാഷ വേണം. നമുക്കെല്ലാം സർക്കാർ സേവനങ്ങൾ ആവശ്യമുണ്ട്. അതിനായി എന്താണ് സർക്കാർ നമ്മളോടു പറയുന്നത് എന്നതു എളുപ്പത്തിൽ മനസ്സിലാക്കേണ്ടതുമുണ്ട്. സർക്കാർ അതു നമ്മുടെ മാതൃഭാഷയിൽത്തന്നെ നിർവഹിക്കുകയാണെങ്കിൽ ഏറ്റവും എളുപ്പമായി. എന്നാൽ നമുക്കു പരിചിതമല്ലാത്ത, മറ്റാരുടെയോ മാതൃഭാഷയിലാണ് ഇക്കാര്യം നടക്കുന്നതെങ്കിൽ ആ നീരസവും കൂടിച്ചേർന്ന് നമ്മുടെ അവ്യക്തത പെരുകുകയാകും ഫലം.

ഞാൻ മുൻപും ചോദിച്ചിട്ടുള്ളത് ഇതാണ്: ഒരു ശുക്ലയ്ക്ക് അമ്മയുടെ മുലപ്പാലിനൊപ്പം ലഭിച്ച മാതൃഭാഷയിൽ ഇന്ത്യാ ഗവൺമെന്റിനോട് ആശയവിനിമയം നടത്താമെന്നിരിക്കെ, ഒരു സുബ്രഹ്മണ്യത്തിന് എന്തുകൊണ്ട് അത് ആയിക്കൂടാ? പ്രായോഗികമായി ഒരു പരിഹാരമാണ് ഈ ചോദ്യത്തിനുള്ളത്. ഹിന്ദി മനസ്സിലാകുന്ന സ്ഥലങ്ങളിൽ ആ ഭാഷ ഉപയോഗിക്കട്ടെ; മറ്റ് എല്ലാ ഇടങ്ങളിലും ഇംഗ്ലിഷും. കാരണം, ഇംഗ്ലിഷിന്റെ ‘അസൗകര്യങ്ങൾ’ രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നുള്ളവരെ സംബന്ധിച്ചും തുല്യനിലയിലാണ്. ഹിന്ദിവാദികൾ പറയുന്നത് അത് അവരുടെ ആത്മാവിൽനിന്ന് ഊറിവരുന്ന ഭാഷയാണ് എന്നാണ്. ഞാൻ സമ്മതിക്കുന്നു, ശുക്ലയുടെ ആത്മാവ് ഇംഗ്ലിഷിൽ പ്രകടിപ്പിക്കുന്ന വികാരങ്ങൾക്കപ്പുറമൊന്നും സുബ്രഹ്മണ്യത്തിന്റെ ആത്മാവും ചെയ്യുന്നില്ല. പക്ഷേ രണ്ടു പേർക്കും പ്രായോഗികമായി കാര്യങ്ങൾ തീർപ്പാക്കാൻ സാധിക്കും. അതിലുപരി, സുബ്രഹ്മണ്യത്തിന് ശുക്ല മനസ്സിലാക്കുന്ന അതേ നിലവാരത്തിൽ ആശയങ്ങൾ പിടികിട്ടുകയും ചെയ്യും. കുറച്ച് ഇന്ത്യക്കാർക്ക് ഭാഷാപരമായ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതും മറ്റുള്ളവർക്ക് അത് ഇല്ലാതിരിക്കുന്നതും നീതികേടാണ്. അതിനാൽ ഹിന്ദിക്കുമേൽ ഇംഗ്ലിഷ് തന്നെയാകട്ടെ തെന്നിന്ത്യയുടെ തിരഞ്ഞെടുപ്പ്.

എന്നാൽ, സമയാസമയങ്ങളിൽ എനിക്ക് ഉഗ്രൻ ആശയങ്ങൾ തരുന്ന ജോസഫ് സക്കറിയാസ് എന്ന സുഹൃത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഇപ്പോൾ ഒരു പടികൂടി മുന്നിലേക്കു കയറി വാദിക്കുകയാണ്. ഇംഗ്ലിഷ് അല്ലാതെ ഒരു ഇണക്കുഭാഷ വേണമെന്നും അത് ഇന്ത്യൻ ഭാഷ തന്നെയാകണമെന്നും സർക്കാർ ആഗ്രഹിക്കുകയാണെങ്കിൽ എന്തുകൊണ്ട് അതു ഭൂരിപക്ഷം ഇന്ത്യക്കാർക്കും മനസ്സിലാകാത്ത വ്യാകരണ – ലിംഗ നിയമങ്ങൾ പാലിക്കുന്ന ഹിന്ദി തന്നെയാകണം? രണ്ടു പടി കൂടി മുന്നിൽ കയറി ചോദിക്കാം: എന്തുകൊണ്ട് അതു മലയാളം ആയിക്കൂടാ?

എനിക്കറിയാം, വടക്കേ ഇന്ത്യക്കാർക്ക് മലയാളം പഠിച്ചെടുക്കാൻ ഇത്തിരി പ്രയാസമായിരിക്കും. അതേസമയം, സാധാരണ വസ്തുക്കൾക്കു പോലും ലിംഗം നിർണയിച്ചു ഭാഷാപ്രയോഗം നടത്തുന്ന ഹിന്ദി കേട്ട് കുഴഞ്ഞ് തല ചൊറിയുന്നവരാണ് മിക്ക തെന്നിന്ത്യക്കാരും. ഉദാഹരണത്തിന്, ഹിന്ദിയിൽ മേശ സ്ത്രീലിംഗവും കിടക്ക പുല്ലിംഗവുമായത് എന്തുകൊണ്ടാണ്? (അതോ തിരിച്ചോ?) മലയാളത്തിന് ഇത്തരം ലിംഗപരമായ കുരുക്കുകളില്ലെന്നു മാത്രമല്ല, അതു നമ്മുടെ രാജ്യത്തെ ഏറ്റവും സമ്പന്നവും പുരാതനവുമായ രണ്ടു ക്ലാസിക് ഭാഷകളായ സംസ്കൃതത്തിന്റെയും തമിഴിന്റെയും തികവുറ്റ മിശ്രണവുമാണ്. മലയാളത്തിന്റെ ഈ ഉൽപത്തി വിശേഷം തന്നെ തികഞ്ഞ ഭാഷാ യോഗ്യതയാണ്. സംസ്കൃതത്തിൽനിന്നും തമിഴിൽനിന്നുമാണ് മറ്റ് ഇന്ത്യൻ ഭാഷകൾ രൂപമെടുത്തതെന്നത് തർക്കമറ്റ വസ്തുതയാണല്ലോ. ചില ഭാഷാപണ്ഡിതൻമാർ സമർഥിക്കുന്നത് മലയാളം കൃത്യമായി സംസ്കൃതത്തിന്റെയും തമിഴിന്റെയും 50:50 കലർപ്പാണെന്നാണ്. ആ ഒറ്റക്കാര്യം കൊണ്ടുതന്നെ മലയാളത്തെ ഇന്ത്യൻ സാഹചര്യത്തിലെ ഇണക്കുഭാഷയായി പരിഗണിച്ചുകൂടേ?

സോണിയിലെ ‘സൂപ്പർ സ്റ്റാർ സിങ്ങർ’ പോലുള്ള ജനപ്രിയ ടെലിവിഷൻ ഷോകളിൽ പങ്കെടുത്ത് മലയാളിക്കുട്ടികൾ ഇന്ത്യയുടെ സങ്കൽപവും ഭാവനയും സമർഥമായി പിടിച്ചടക്കുന്നത് അതിശയകരമായ കാഴ്ചയാണ്. പല വടക്കേ ഇന്ത്യൻ സുഹൃത്തുക്കളും അന്തംവിട്ട് എന്നോടു ചോദിച്ചിട്ടുണ്ട്, ഹിന്ദി മാതൃഭാഷയല്ലാത്ത ഈ കുട്ടികൾ എങ്ങനെ ഇത്ര കൃത്യതയോടെ ഹിന്ദിയിൽ ഗാനപ്രപഞ്ചം സൃഷ്ടിക്കുന്നു എന്ന്. ഇതിന്റെ ഉത്തരം ഒരു പക്ഷേ മലയാളത്തിന്റെ പൂർണതയുള്ള തമിഴ് – സംസ്കൃത മിശ്രണമായിരിക്കാം. നമ്മുടെ കുട്ടികൾക്ക് ‘വിദ്യാരംഭം’ എന്നും ‘വാഴക്കുല’യെന്നും ഒരേ വഴക്കത്തോടെ പുല്ലുപുല്ലുപോലെ ഉച്ചരിക്കാൻ ഒരു പ്രയാസവുമില്ലല്ലോ.

മലയാളം ലിപി പഠിച്ചെടുക്കാൻ പ്രയാസമാണെന്ന് ചില വടക്കേ ഇന്ത്യക്കാർ പരാതിപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ ഇണക്കുഭാഷയെ മൂന്നു ലിപികളിലെ അവതാരമാക്കി നമുക്ക് അവതരിപ്പിച്ചുകൂടേ? യഥാർഥ ദ്രാവിഡ ലിപി, ദേവനാഗരി ലിപി, പിന്നെ റോമൻ ലിപി. ഹിന്ദുസ്ഥാനി ഇംഗ്ലിഷ് ലിപിയിൽ എഴുതുന്നത് പ്രോത്സാഹിപ്പിക്കണമെന്നത് സാക്ഷാൽ സുഭാഷ് ചന്ദ്ര ബോസിന്റെ നിർദേശമായിരുന്നു! ഹിന്ദിവാദികൾക്കും ദ്രാവിഡ പ്രതിഷേധക്കാർക്കും ഇടയിൽ വയ്ക്കാവുന്ന ഒന്നാന്തരം അനുരഞ്ജനം ഇതായിരിക്കുമെന്നാണ് നമ്മുടെ സുഹൃത്ത് ജോസഫ് സക്കറിയാസിന്റെ വാദം. ഒരു ദേശീയ ഇണക്കുഭാഷയ്ക്കായി ചിന്തിക്കുന്നവർക്ക് ആലോചിക്കാവുന്ന ആശയമല്ലേ ഇത്?

English Summary: Shashi tharoor on Hindi controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA