ADVERTISEMENT

കൊട്ടാരപരിസരത്തെ വീടുകളിൽ ശല്യം വർധിച്ചുവരികയാണ്. മോഷ്ടാവിനെ പിടികൂടാൻ രാജാവ് പല മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒരു കള്ളനെപ്പോലും പിടികൂടാൻ കഴിയാത്ത രാജാവിന്റെയും സൈന്യത്തിന്റെയും കഴിവുകേടിനെതിരെ ജനങ്ങൾ പ്രതിഷേധവുമായെത്തി. രാജാവ് ചോദിച്ചു: കള്ളൻ എങ്ങനെയാണ് അകത്തു പ്രവേശിക്കുന്നത്. ജനങ്ങൾ പറഞ്ഞു: മതിലിൽ ഏണിചാരിയാണ്. രാജാവ് ഉടൻ ഉത്തരവിട്ടു: വീടുകൾക്കു ചുറ്റും നിർമിച്ചിരിക്കുന്ന മതിലുകൾ എത്രയുംവേഗം പൊളിച്ചുകളയുക. ഇനി അവൻ എവിടെ ഏണിചാരുമെന്നു കാണാമല്ലോ.

അടിസ്ഥാനപ്രശ്നങ്ങളെ അവഗണിക്കുന്നതാണു പ്രശ്നപരിഹാരം അകലെയാകുന്നതിന്റെ കാരണം. രോഗനിർണയം നടത്തുക എന്നതാണ് ചികിത്സാവിധി തീരുമാനിക്കുന്നതിലെ പ്രഥമവും പ്രധാനവുമായ ഘട്ടം. ലക്ഷണത്തിനുള്ള ചികിത്സയും കാരണത്തിനുള്ള ചികിത്സയും തമ്മിൽ ഉദ്ദേശ്യത്തിലും ഫലത്തിലും വ്യത്യാസങ്ങളുണ്ട്. ലക്ഷണത്തിനുള്ള ചികിത്സ താൽക്കാലിക ശമനത്തിനുവേണ്ടി മാത്രമാണ്; കണ്ണിൽ പൊടിയിടുന്നതിനും അതിവേഗ സൗഖ്യദായകൻ എന്ന പേരെടുക്കുന്നതിനും. കാരണത്തിനുള്ള ചികിത്സയ്ക്ക് നിരന്തര ഗവേഷണവും ക്ഷമാപൂർവമായ സമീപനവും വേണം. നിരീക്ഷണ പരീക്ഷണങ്ങളിലൂടെയുള്ള അനുഭവജ്ഞാനം നിർബന്ധമാണ്. 

അജ്ഞതയുടെ തീരത്തുകൂടി സഞ്ചരിക്കുന്നവർ അധികാരത്തിലെത്തിയാൽ അവകാശങ്ങൾ ധ്വംസിക്കപ്പെടുമെന്ന് മാത്രമല്ല ആളുകൾ അവഹേളിക്കപ്പെടുകയും ചെയ്യും. തലപ്പത്ത് ഇരിക്കുന്നവരുടെ അബദ്ധസിദ്ധാന്തങ്ങളുടെ ഭാരം പേറേണ്ടിവരുന്നതാണ് ഒരു ജനത നേരിടേണ്ടിവരുന്ന പരിഹാരമില്ലാത്ത സാമൂഹികദുരന്തം. തകർച്ച നേരിടുന്ന എല്ലാ സംവിധാനങ്ങളുടെയും തലപ്പത്ത് തലയില്ലാത്ത ഒരു നേതാവുണ്ടാകും. 

തീരുമാനങ്ങൾ തെറ്റിപ്പോകുന്നതിൽ തെറ്റില്ല. തെറ്റാണെന്നുറപ്പുള്ള തീരുമാനങ്ങളെടുക്കുന്നതാണ് ഗുരുതരമായ തെറ്റ്.

Content Highlights: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com