ADVERTISEMENT

കേരളത്തിന്റെ തനതു പാനീയമായ കള്ളിൽനിന്നു മായവും കൈക്കൂലിയും നുരഞ്ഞുപൊന്തുന്നതിന്റെ വാർത്തകളാണു സമീപദിവസങ്ങളിൽ കേരളം കേട്ടത്. എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഈ ദുർഗന്ധത്തിന്റെ ഉറവിടം എന്നത് അത്യധികം ആശങ്കയുണ്ടാക്കുന്നു.

കള്ളുകച്ചവടത്തിലെ കള്ളത്തരങ്ങളെക്കുറിച്ചു തുടർവാർത്തകളും ‘കള്ളിൽ കള്ളെത്ര, കള്ളമെത്ര’ എന്ന അന്വേഷണപരമ്പരയും കഴിഞ്ഞ ദിവസങ്ങളിൽ മനോരമ പ്രസിദ്ധീകരിക്കുകയുണ്ടായി. കള്ളിൽ മായമുണ്ടെന്നതും ലഹരിക്കായി പല രാസപദാർഥങ്ങളും ചേർക്കുന്നുവെന്നതും പണ്ടേയുള്ള ആരോപണമാണ്. അതു യാഥാർഥ്യമാണെന്നും കുടിക്കുന്നവരുടെ ആരോഗ്യം തകർക്കുന്ന കച്ചവടത്തിനു കൂട്ടുനിൽക്കാൻ ഉദ്യോഗസ്ഥർ കോടികളുടെ പങ്കുപറ്റുന്നുണ്ടെന്നും അറിയുമ്പോൾ കേരളം ഞെട്ടാതിരിക്കുന്നതെങ്ങനെ? അതിന് അവർ നൽകിയ പേരാകട്ടെ ‘സന്തോഷപ്പണ’മെന്നാണ്. പാലക്കാട് എക്സൈസ് ഡിവിഷനൽ ഓഫിസിൽ വിതരണത്തിനായി കൊണ്ടുവന്നതെന്നു കരുതുന്ന 10.23 ലക്ഷം രൂപ വിജിലൻസ് പിടിച്ചതോടെയാണു സന്തോഷപ്പണത്തെക്കുറിച്ചു നാട്ടുകാർ കേട്ടത്. 

സംസ്ഥാനത്തു 4500 കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലേക്കു പാലക്കാട്ടുനിന്നു പ്രതിദിനം 3.27 ലക്ഷം ലീറ്റർ കള്ളുകൊണ്ടുപോകുന്നുവെന്നാണു കണക്ക്. മറ്റു ജില്ലകളിലേക്കു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ സർക്കാരിനു നൽകേണ്ടത് ലീറ്ററിന് 2 രൂപ മാത്രമാണ്. എന്നാൽ, എക്സൈസ് ഉദ്യോഗസ്ഥർക്കു കൊടുക്കേണ്ട സന്തോഷപ്പണമാകട്ടെ ലീറ്ററിന് 60 രൂപയും. അതിനുപുറമേ തേ‍ാപ്പുകളിൽ അനധികൃത ഇടപാടു നടക്കുന്നുണ്ടേ‍ാ എന്ന പരിശേ‍ാധന, ഷാപ്പ് ലൈസൻസ് പുതുക്കൽ, വ്യാജമദ്യ റെയ്ഡ്, കള്ളുഷാപ്പ് നടത്തിപ്പ്, സാംപിൾ പരിശോധന എന്നിവയിലൊക്കെ കൈക്കൂലിയുടെ സാധ്യത കണ്ടെത്തുന്നുണ്ട് ഉദ്യോഗസ്ഥർ. 

ഇത്രയധികം പണം കൈക്കൂലിയായി കൊടുത്ത്, ലീറ്ററിന് 100 മുതൽ 150 രൂപ വരെ വിലയ്ക്ക് കള്ളുകച്ചവടം ലാഭകരമാണോ എന്നാണു സാധാരണക്കാരുടെ ന്യായമായ ചോദ്യം. ചെത്തുന്നതു മാത്രമല്ല വിൽക്കുന്ന കള്ള് എന്നാണ് ഇതിന് ഉത്തരം. വെറും 500 രൂപയുണ്ടെങ്കിൽ 2000 ലീറ്റർ കള്ളുണ്ടാക്കാമെന്ന് ഫോട്ടോകൾ സഹിതം അന്വേഷണത്തിലൂടെ മനോരമ വെളിപ്പെടുത്തി. സ്പിരിറ്റ്, വെള്ളം, സാക്കറിൻ എന്നിവയ്ക്കെ‌ാപ്പം നുരയും പതയും കിട്ടാൻ ടൈറ്റാനിയം ഡയോക്സൈഡോ സോഡിയം ലോറൽ സൾഫേറ്റോ ചേർത്താണ് ഇങ്ങനെ കള്ളുണ്ടാക്കുന്നത്.  കാർ വാഷിലും ഡിറ്റർജന്റിലും ഷേവിങ് ഫോമിലും മറ്റും ഉപയോഗിക്കുന്നതാണു സോഡിയം ലോറൽ സൾഫേറ്റ്. സ്പിരിറ്റ് കൊണ്ടു വീര്യം മതിയാകുന്നില്ലെങ്കിൽ കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ ചേർക്കുന്നവരുമുണ്ട്. 

പാലക്കാട് എക്സൈസ് ഓഫിസിലേക്കു കൊണ്ടുവന്നതായി പറയുന്ന പണം പിടികൂടിയതിനെത്തുടർന്നു ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാലക്കാട്ടു  പണം പിടിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ആലുവയിലെ കള്ളുഷാപ്പിൽ സ്പിരിറ്റ് സൂക്ഷിച്ച അറ കണ്ടെത്തിയത്. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പ്രതികരിച്ചിട്ടുണ്ട്. 

കേരളത്തിന്റെ തെങ്ങുകളിൽനിന്നു ചെത്തിയിറക്കുന്ന കള്ള് എന്ന പാനീയത്തെ വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ വിളമ്പുന്ന, അമിത ലഹരിയുള്ള ദ്രാവകമാക്കി മാറ്റിയതിൽ സർക്കാരുകൾക്കുമുണ്ടു പങ്ക്. പതിനായിരക്കണക്കിനു തൊഴിലാളികൾ ആശ്രയിക്കുന്ന മേഖലയെ നല്ല വരുമാനം ലഭിക്കുന്ന രീതിയിലേക്കു മാറ്റാൻ പഠനങ്ങൾ ഏറെ നടന്നിട്ടുണ്ട്; ആ റിപ്പോർട്ടുകളുടെ കാര്യമായ പ്രയോജനമെ‍ാന്നും കള്ളിനു കിട്ടിയില്ലെങ്കിലും. നല്ല കള്ള് വൃത്തിയുള്ള ഷാപ്പുകൾ വഴി വിതരണം ചെയ്യാൻ ലക്ഷ്യമിട്ട ടോഡി ബോർഡും മുന്നോട്ടുപോകുന്നില്ല.

ശുദ്ധമായ കള്ള് കേരളത്തിന്റെ തനതു ബ്രാൻഡായി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചാൽ ടൂറിസം മേഖലയിൽ വലിയ സാധ്യതയുണ്ടെന്നതു കാണാതിരിക്കരുത്. ‘പൈതൃക സ്പിരിറ്റ്’ എന്ന രീതിയിൽ ഗോവക്കാർ ഫെനി വിപണനം ചെയ്യുന്ന ഉദാഹരണം നമുക്കു മുന്നിലുണ്ട്.  ശുദ്ധമായ കള്ളിനു കേരള ടൂറിസത്തിന്റെ മെനു കാർഡിൽ ഡിമാൻഡ് ഏറെയാണ്. രുചികരമായ ഭക്ഷണത്തിനൊപ്പം നല്ല കള്ള് വൃത്തിയുള്ള സാഹചര്യത്തിൽ നൽകിയാൽ ടൂറിസം മേഖലയിൽ വലിയ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ശുദ്ധമായ കള്ള് ഉറപ്പാക്കുക എന്നതാണു പ്രയാസം. 

അഴിമതിക്കുള്ള കറവപ്പശുവായി കള്ളു മേഖലയെ കൊണ്ടുപോകാനാണു ചില ഉദ്യോഗസ്ഥർക്കു താൽപര്യം. വേരാഴ്ത്തിയ അഴിമതിയെ തുരത്തിയാലേ ഈ മേഖലയും ഇവിടത്തെ തൊഴിലാളികളും രക്ഷപ്പെടൂ.

English Summary: Malayala Manorama Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com