ADVERTISEMENT

അച്ഛനും മകനും സർക്കസ് കൂടാരത്തിലാണ്. കയറിലൂടെ നടക്കുന്ന അഭ്യാസിയെക്കണ്ടു മകൻ ചോദിച്ചു: എങ്ങനെയാണ് അയാൾക്കു ബാലൻസ് തെറ്റാതെ നടക്കാൻ കഴിയുന്നത്. അച്ഛൻ പറഞ്ഞു:  അതിനു നിരന്തര പരിശ്രമവും പരിശീലനവും വേണം. കയ്യടിക്കും പണത്തിനും വേണ്ടിയല്ലേ അയാളിങ്ങനെ ചെയ്യുന്നത്? മകന്റെ ചോദ്യത്തിനുത്തരമായി അച്ഛൻ പറഞ്ഞു: നീ പറഞ്ഞതു ശരിയാണ്. പക്ഷേ കയറിൽക്കൂടി നടക്കുന്നതിനിടെ ഒരു നിമിഷമെങ്കിലും തനിക്കു ലഭിക്കുന്ന പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ചിന്തിച്ചാൽ അയാൾ കയറിൽനിന്നു വീണു മരിക്കും. 

രണ്ടു വിധത്തിൽ പ്രവർത്തിക്കുന്നവരുണ്ട്; ചിലർ പ്രതിഫലത്തിനുവേണ്ടി, ചിലർ സംതൃപ്തിക്കുവേണ്ടി. ഏതെങ്കിലും രീതിയിലുള്ള പ്രതിഫലങ്ങളില്ലാതെ ഒരു പ്രവൃത്തിയും മുന്നോട്ടുനീങ്ങില്ല. അഭിനന്ദനമായോ ശമ്പളമായോ അംഗീകാരമായോ അതു ലഭിക്കണം. അങ്ങനെ ലഭിക്കുന്ന ഊർജത്തിൽ നിന്നാണ് തുടർക്കർമങ്ങൾക്കുള്ള അഭിനിവേശം ഉടലെടുക്കുന്നത്. പക്ഷേ, പ്രതിഫലം ലക്ഷ്യമാകരുത്; മാർഗം മാത്രമേ ആകാവൂ. 

വേതനം ആത്യന്തിക ലക്ഷ്യമായാൽ വേതനത്തിനനുസരിച്ചു മാത്രമേ പെരുമാറൂ. മെച്ചപ്പെട്ട കൂലിക്കു മികച്ച പ്രകടനവും കുറഞ്ഞകൂലിക്കു മോശം പ്രകടനവും എന്നതായിരിക്കും വേതനം ലക്ഷ്യമാക്കുന്നവരുടെ നയം. അത്തരക്കാരിൽനിന്നു സൃഷ്ടിപരവും വിശ്വാസയോഗ്യവുമായ പ്രവൃത്തികൾ ഉണ്ടാകില്ല. പ്രതിഫലമല്ല പ്രവൃത്തിയുടെ ഗുണനിലവാരം തീരുമാനിക്കേണ്ടത്, പ്രവൃത്തിയുടെ ഗുണനിലവാരമാണു പ്രതിഫലം തീരുമാനിക്കേണ്ടത്. 

കണക്കുപറഞ്ഞു കാര്യങ്ങൾ ചെയ്യുന്നവരുടെ കർമങ്ങളിൽ പണത്തിന്റെ ഏറ്റക്കുറച്ചിലുകൾ നിഴലിക്കും. കർമങ്ങൾ വിലയിരുത്തിയതിനുശേഷം മാത്രം വില നിശ്ചയിക്കുന്നവർക്ക് അവരർഹിക്കുന്ന വില ലഭിക്കുകയും ചെയ്യും. അമൂല്യകർമങ്ങൾക്ക് ആസ്വാദകർതന്നെ വിശിഷ്ടവില നൽകും. സംതൃപ്തിക്കു മുൻഗണന നൽകുന്നവർ തിരുത്തലുകൾക്കും പുനർനിർമാണത്തിനും സ്വയം തയാറാകും. ഏറ്റവും ശ്രേഷ്ഠമായതിലെത്തിച്ചേരുന്നതുവരെ അവർ മിനുക്കുപണികൾ നടത്തും. 

ആത്മസംതൃപ്തിക്കുവേണ്ടി കർമങ്ങൾ ചെയ്യുന്നവരിൽനിന്ന് എന്തു വിലകൊടുത്തു വാങ്ങിയാലും പ്രശ്നമില്ല. കാരണം അവർ തങ്ങളുടെ ആത്മസാക്ഷാത്കാരത്തിനിട്ട വിലയാണത്. കച്ചവടത്തിനുവേണ്ടി കർമനിരതരാകുന്നവർ ലാഭത്തിനപ്പുറത്തേക്കു സഞ്ചരിക്കില്ല.

English Summary: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com