ADVERTISEMENT

നമ്മുടെ രാജ്യത്ത് സാധാരണക്കാർക്കു സർക്കാർ നടപടിക്കായി ഒട്ടേറെ ഓഫിസുകൾ കയറിയിറങ്ങേണ്ടിവരുന്നു, മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്നു, പലരെയും വണങ്ങേണ്ടി വരുന്നു. അതേ രാജ്യത്ത് ഒരു ഐഎഎസ് ഉദ്യോഗസ്ഥന് തന്റെ പട്ടിത്തുടലുകൊണ്ട് നൂറുകണക്കിന് അത്‌ലീറ്റുകളെ കെട്ടിയിടാനും ഒരു സ്റ്റേഡിയം തന്നെ അടച്ചുപൂട്ടാനും എങ്ങനെ സാധിക്കുന്നു? മറ്റൊരാൾക്കു സ്വന്തം പ്രശസ്തിക്കുവേണ്ടി മാത്രം നിരപരാധിയെ ആഴ്ചകളോളം ജയിലിലിടാൻ എങ്ങനെ സാധിക്കുന്നു?  

അധികാരത്തിന്റെ അഹങ്കാരം എന്നു വിശേഷിപ്പിക്കാവുന്ന രണ്ടു വാർത്തകൾ ഒരാഴ്ചയ്ക്കിടെ പുറത്തുവന്നു. ഒന്ന് ഒരു പ്രമുഖപത്രം ഡൽഹി എഡിഷന്റെ ഒന്നാം പേജിലൂടെ തുറന്നുകാട്ടിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ്: ദിവസവും നൂറുകണക്കിനു അത്‌ലീറ്റുകൾ കായികപഠനവും പരിശീലനവും നടത്തുന്ന ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയം ഐഎഎസ് ഉദ്യോഗസ്ഥന് അയാളുടെ വളർത്തുനായയെ ശല്യമില്ലാതെ നടത്തിക്കാൻ പാകത്തിനു ദിവസവും വൈകിട്ട് ഏഴുമണിക്ക് അടയ്ക്കുന്നു എന്ന വിവരം. മുംബൈ നർകോട്ടിക് ബ്യൂറോയിൽ നിയമിക്കപ്പെട്ട ഐആർഎസ് ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ച ‘തെളിവുകൾ’ നിരത്തി സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി ഒരു ‘സെലിബ്രിറ്റി ഇര’യെ സൃഷ്ടിച്ചതാണ് രണ്ടാമത്തെ വാർത്ത.

ഈ വെളിപ്പെടുത്തലുകളിന്മേൽ എന്തായാലും അധികൃതർ ഉടനടി നടപടിയെടുത്തു. കുഴപ്പം കാണിച്ച ഐഎഎസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തോടൊപ്പം നായയുമായി നടക്കാൻ കൂടുന്ന ഐഎഎസുകാരിയായ ഭാര്യയെയും ലഡാക്കിലേക്കും അരുണാചൽപ്രദേശിലേക്കും സ്ഥലം മാറ്റി. (നായ ആരുടെകൂടെ, എങ്ങോട്ടു പോകുമെന്നതു വ്യക്തമല്ല!) ത്യാഗരാജ് സ്റ്റേഡിയം അത്‌ലീറ്റുകൾക്കായി എന്നും രാത്രി 10 മണിവരെ തുറന്നിടുമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിക്കുകയും ചെയ്തു. തട്ടിപ്പു കാണിച്ച നർകോട്ടിക് ഉദ്യോഗസ്ഥനെ മാതൃവകുപ്പിലേക്കു മാറ്റി ചെന്നൈയിലേക്കു വനവാസത്തിനയച്ചു. മേലിൽ ലഹരിപ്പാർട്ടികൾ പരിശോധിക്കുന്നതിനു പകരം ഇനി നികുതിക്കടലാസുകൾ കൈകാര്യം ചെയ്താൽ മതി. മാധ്യമങ്ങളെ സംബന്ധിച്ച് ഇതോടെ വാർത്ത അവസാനിച്ചു.

shashi-tharoor

എന്നാൽ, എല്ലാം നന്നായി അവസാനിച്ചു എന്നു കരുതാൻ കഴിയുമോ? ഒരു സമൂഹം എന്ന നിലയിൽ, ഈ സംഭവങ്ങൾ ഉയർത്തുന്ന യഥാർഥ പ്രശ്നങ്ങളെപ്പറ്റി നാം ആഴത്തിൽ ചിന്തിക്കേണ്ടതില്ലേ?

ഒന്നാമത്തേത്, നമ്മുടെ രാജ്യത്തെ ബ്യൂറോക്രസിക്ക് ഇഷ്ടദാനം പോലെ കിട്ടിയിരിക്കുന്ന കടിഞ്ഞാണില്ലാത്ത അധികാരത്തെപ്പറ്റിയാണ്. നമ്മുടെ രാജ്യത്ത് ഒരു സാധാരണ പൗരന് ഔദ്യോഗിക നടപടി തിരുത്തിക്കിട്ടുന്നതിന് എണ്ണമറ്റ അപേക്ഷാഫോമുകൾ പൂരിപ്പിക്കുകയും സർക്കാർ ഓഫിസുകളിൽ മണിക്കൂറുകൾ ക്യൂ നിൽക്കുകയും താണുവണങ്ങുകയും ചെയ്യേണ്ടി വരുന്നു. എന്നാൽ, ഐഎഎസ് ഉദ്യോഗസ്ഥനു നൂറുകണക്കിന് അത്‌ലീറ്റുകളുടെ ജീവിതത്തെ ബാധിക്കുന്ന നീക്കത്തിന് ഒരു സങ്കോചവുമില്ലാതെ ഉടനടി ഉത്തരവിറക്കാമെന്നതു ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പൗരനെ സേവിക്കുക എന്ന ദൗത്യവുമായി നിയമിക്കപ്പെടുന്നവർക്ക് നികുതിദായകരായ ജനങ്ങളോട് ഗർവും അവജ്ഞയും നിറഞ്ഞ യജമാന മനോഭാവം ആകാമെന്ന ഉദ്യോഗസ്ഥസംസ്കാരം നമ്മൾ എന്തിനു സൃഷ്ടിച്ചു? 

മുറ പോലെയുള്ള സർക്കാർ നടപടികൾ അസഹനീയമാംവിധം നീണ്ടുപോകുന്ന, അതു നടപ്പാക്കിക്കിട്ടുന്നതിന് ആയിരം കടമ്പകൾ കടക്കേണ്ടിവരുന്ന ഒരു രാജ്യത്ത് ഐഎഎസ് ഉദ്യോഗസ്ഥന് തന്റെ പട്ടിത്തുടലുകൊണ്ട് നൂറുകണക്കിന് അത്‌ലീറ്റുകളെ കെട്ടിയിടാനും ഒരു സ്റ്റേഡിയം തന്നെ അടച്ചുപൂട്ടാനും എങ്ങനെ സാധിക്കുന്നു? മറ്റൊരാൾക്കു സ്വന്തം പ്രശസ്തിക്കുവേണ്ടി മാത്രം നിരപരാധിയെ ആഴ്ചകളോളം ജയിലിലിടാൻ എങ്ങനെ സാധിക്കുന്നു? ഇത്തരം കാര്യങ്ങളിൽ കരുതലോടെ കാവൽ നിൽക്കുകയും നിയമങ്ങൾ നീതിപൂർവമായി നടപ്പാക്കുകയും ചെയ്യേണ്ട ഇവർക്ക് തങ്ങൾ അതേ നിയമങ്ങൾക്ക് അതീതരാണെന്ന നിലപാട് എങ്ങനെ സ്വീകരിക്കാൻ കഴിയുന്നു?

രണ്ടാമത്തെ ചോദ്യം, എന്തുകൊണ്ടാണ് ഇത്തരം കടുത്ത പെരുമാറ്റദൂഷ്യങ്ങൾക്കു സർക്കാർ കൊടുക്കുന്ന ഒരേയൊരു ശിക്ഷ വെറും സ്ഥലംമാറ്റം മാത്രമാകുന്നത്? ഇത്തരം സംഭവങ്ങളിൽ സ്ഥലംമാറ്റം എന്നതു ശിക്ഷാന‌ടപടിയായി കണക്കാക്കപ്പെടുന്നെങ്കിലും അതിനു വിധേയരാകുന്നവർക്ക് അതു ചെറിയൊരു അസൗകര്യം എന്നതിലപ്പുറമൊന്നും വരുന്നില്ല. ഉദ്യോഗസ്ഥന് അയാളുടെ റാങ്കും ശമ്പളവും ഒക്കെ നിലനിർത്തിക്കൊണ്ട് മറ്റൊരു കസേര കിട്ടും. അന്തസ്സിനു കുറച്ചുനേരത്തേക്കു ചെറിയ പോറലേൽക്കുമെന്നല്ലാതെ അയാൾക്കു മറ്റൊന്നും നഷ്‌‌ടപ്പെടുന്നില്ല. മാധ്യമങ്ങൾ അടുത്ത വാർത്തകളിലേക്കു പോകും, പൊതുജനം അയാളുടെ പേരു മറക്കും, വീണ്ടും അയാൾ ബ്യൂറോക്രസിയുടെ വഴുക്കുന്ന തൂണിൽ വലിഞ്ഞുകയറ്റം തുടരും. സ്വഭാവദൂഷ്യത്തിനു സ്ഥിരമായ ശിക്ഷ ആർക്കും ലഭിക്കുന്നില്ല; തൽക്കാലത്തേക്കുള്ള ഒരു പാളംതെറ്റൽ മാത്രം. സമയം കളയാതെ തന്നെ അയാൾ തന്റെ സ്വാധീനവും പ്രഭാവവും വീണ്ടും പ്രയോഗിക്കാൻ തുടങ്ങും. മറ്റൊരു സ്ഥലത്തിരുന്നാണെന്നു മാത്രം. തെറ്റുകാരെ അച്ച‌ടക്കത്തിലേക്കു കൊണ്ടുവരാൻ ഇത്രമാത്രമേ നമ്മുടെ വ്യവസ്ഥയ്ക്കു ചെയ്യാനാകുന്നുള്ളൂ. അതു മതിയോ?

മൂന്നാമത്തേത്, ഈ ഉദ്യോഗസ്ഥരുടെ ധിക്കാരപൂർണമായ പെരുമാറ്റത്തിന്റെ ഇരകളായവരുടെ കാര്യമാണ്. തടവിൽ തനിക്കു നഷ്ടപ്പെട്ട ദിനങ്ങൾക്കും പൊലീസ് സെല്ലുകളിലും കോടതിമുറികളിലും കറങ്ങേണ്ടി വന്ന മണിക്കൂറുകൾക്കും ആവർത്തിച്ചുള്ള ചോദ്യംചെയ്യലുകൾക്കു വിധേയനായതിന്റെ മാനഹാനിക്കും മനസ്സംഘർഷത്തിനും ചെറുപ്പക്കാരനായ ആര്യൻ ഖാന് ആരു നഷ്ടപരിഹാരം കൊടുക്കും? തെളിവിന്റെ ഒരംശം പോലുമില്ലാതെയുള്ള ഈ പീഡനമെല്ലാം മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിനു കീഴിലായിരുന്നു എന്നും ഓർക്കണം. അത്‌ലീറ്റുകൾക്ക് അവരുടെ കഴിവുകൾ തേച്ചുമിനുക്കിയെടുക്കാനുള്ള പരിശീലനത്തിന്റെ നഷ്ടപ്പെട്ട മണിക്കൂറുകളും അവസരങ്ങളും ആരു പകരം നൽകും? ഒറ്റ ഉത്തരമേയുള്ളൂ: ആരുമില്ല. 

പദവികൾ ദുരുപയോഗം ചെയ്ത ഈ ഉദ്യോഗസ്ഥർക്കു പിഴയോ തരംതാഴ്ത്തലോ ഇല്ല. അവർക്കു സർക്കാർ പിഴ ചുമത്തുകയും ആ പണം ഇരകളാക്കപ്പെട്ടവർക്കു നൽകുകയും വേണം. ത്യാഗരാജ് സ്റ്റേഡിയത്തിന്റെ കാര്യത്തിലെന്ന പോലെ കൂടുതൽപേർ ബുദ്ധിമുട്ടിലായ കേസുകളിൽ ഈ പണം അവിടുത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാനാവും. ഈ ഉദ്യോഗസ്ഥർ ഒരു പരുക്കുമില്ലാതെ പൊടിയുംതട്ടി പോകാൻ സർക്കാർ അനുവദിക്കാൻ പാടില്ല. 

ഇത്തരം വാർത്തകൾ നമ്മൾ വായിച്ചു വിട്ടാൽ മാത്രം പോരാ, നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകളെപ്പറ്റി ചിന്തിക്കേണ്ടതുമുണ്ട്. അധികാര ദുർവിനിയോഗത്തിന്റെ ധിക്കാരം നിറഞ്ഞ ഈ ഉദാഹരണങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഉറച്ച നടപടികളെടുക്കുക തന്നെ വേണം.

സ‍ഞ്ജുവിനെ അംഗീകരിക്കാൻ കേരളം മടിക്കുന്നതെന്ത്?

ക്രിക്കറ്റിനോടുള്ള എന്റെ ഇഷ്ടം മിക്കവർക്കും അറിയാവുന്നതാണ്. കടുത്ത ടെസ്റ്റ് ക്രിക്കറ്റ് ആരാധകനാണെങ്കിലും കളിയുടെ ചെറുരൂപമായ ട്വന്റി20യുടെ തകർപ്പൻ മുഹൂർ‌ത്തങ്ങൾവരെ ഞാൻ ഗംഭീരമായി ആസ്വദിക്കാറുണ്ട്. പറ്റുമ്പോഴൊക്കെ ഐപിഎൽ കളികളുടെ ഹൈലൈറ്റ് കാണുകയും ഒരു മലയാളി ക്യാപ്റ്റനായുള്ള രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ചെയ്യാറുണ്ട്. എന്റെ നിയോജകമണ്ഡലമായ തിരുവനന്തപുരത്തെ വിഴിഞ്ഞം സ്വദേശിയായ സഞ്ജു സാംസണെ അയാളുടെ പതിനാലാം വയസ്സിലാണു ഞാൻ ആദ്യം കാണുന്നത്. അന്നേ പ്രതിഭാശാലിയായ ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ വളർച്ച ഞാൻ കൗതുകപൂർവം നോക്കിക്കണ്ടിരുന്നു.

സഞ്ജു സാംസൺ
സഞ്ജു സാംസൺ

27–ാം വയസ്സിൽ, സഞ്ജു തന്റെ കരിയറിന്റെ ഉന്നതിയിലാണ്. ചുരുക്കം പേർക്കുമാത്രം കഴിയുന്ന സ്ട്രോക്കുകളിലൂടെയും ടൈമിങ്ങിലൂടെയും പ്രതിഭ പ്രസരിപ്പിക്കുന്ന സഞ്ജു, ക്യാപ്റ്റൻ എന്ന നിലയിൽ 14 വർഷത്തിനു ശേഷം രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച് കളിക്കരുത്തിന്റെ മൂർച്ച കൂട്ടിയിരിക്കുന്നു. ഓരോ മലയാളിയോടും അഭിമാനപൂരിതരാകാൻ പറയുന്നതിനപ്പുറം എനിക്കു കേരള ക്രിക്കറ്റ് അധികാരികൾക്കു മുന്നിൽ ഒരു ചോദ്യം വയ്ക്കാനുണ്ട്. രാജസ്ഥാനു സഞ്ജു നേടിക്കൊടുത്ത മികവ് കേരളത്തിനു കൂടി നൽകാനായി അയാൾക്ക് അവസരങ്ങൾ കൊടുക്കാത്തതെന്ത്? 

കേരള ക്യാപ്റ്റൻ എന്ന നിലയിൽ ചെറിയ കാലയളവിനുശേഷം അദ്ദേഹം റാങ്കിൽ തരംതാഴ്ത്തപ്പെടുകയായിരുന്നു. ഇപ്പോൾ നമ്മുടെ രഞ്ജി ടീമിന്റെയോ ഏകദിന മത്സരങ്ങളുടെയോ ക്യാപ്റ്റനല്ല സഞ്ജു. ലോകവും നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനക്കാരും അസൂയയോടെ കയ്യടി കൊടുക്കുന്ന ഈ പ്രതിഭയെ അംഗീകരിക്കുന്നതിനു കേരളം എന്താണു മടികാണിക്കുന്നത്?

English Summary: Shashi Tharoor line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com