ADVERTISEMENT

വ്യക്തികൾക്കു സർക്കാരുകൾ നൽകുന്ന സുരക്ഷ രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകരുത്. സുരക്ഷാവിദഗ്ധർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചുള്ള നടപടികളാണ് ഇക്കാര്യത്തിൽ വേണ്ടത്. പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഗായകൻ സിദ്ദു മൂസവാല കൊല്ലപ്പെട്ടത് കണ്ണുതുറപ്പിക്കണം

സുരക്ഷ പിൻവലിച്ചതിനു തൊട്ടുപിന്നാലെ, പഞ്ചാബി ഗായകൻ സിദ്ദു മൂസവാല വെടിയേറ്റു കൊല്ലപ്പെട്ട സംഭവം വ്യക്തി സുരക്ഷാനടപടികൾ സംബന്ധിച്ച അടിയന്തര ചർച്ചകൾക്കു കാരണമായി. ഭീഷണി നേരിടുന്ന വ്യക്തികൾക്കു നൽകുന്ന സുരക്ഷയുടെ മാനദണ്ഡങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, ബിസിനസ് പ്രമുഖർ തുടങ്ങി 434 വ്യക്തികൾക്കു പത്തു വർഷമായി നൽകിയിരുന്ന സുരക്ഷ പഞ്ചാബ് സർക്കാർ പൊടുന്നനെ പിൻവലിച്ചതിനു പിന്നാലെ സിദ്ദു മൂസവാല കൊല്ലപ്പെട്ടത്, സംസ്ഥാനത്ത് അക്രമസംഭവങ്ങൾ വർധിക്കുമോ എന്ന ഭീതിയും ഉയർത്തി. അഞ്ചുവട്ടം എംഎൽഎയായിരുന്ന ഒരു കോൺഗ്രസ് നേതാവ് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയെ സമീപിച്ച് 433 പേരുടെയും സുരക്ഷ പഞ്ചാബ് സർക്കാർ പുനഃസ്ഥാപിക്കണമെന്ന ഉത്തരവു സമ്പാദിക്കുകയും ചെയ്തു.

പഞ്ചാബിൽ മുൻപും വീഴ്ചകളുണ്ടായിട്ടുള്ളതിനാൽ, ഇന്റലിജൻസ് ബ്യൂറോ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ–പാക്ക് അതിർത്തിയിലെ മേൽപാലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കുടുങ്ങാനിടയായ സംഭവം ഗുരുതരമായ ഇന്റലിജൻസ് പരാജയമായിരുന്നു. 

പഞ്ചാബിൽ സുരക്ഷ പിൻവലിക്കപ്പെട്ടവരിൽ ഏറ്റവും ഭീഷണി നേരിടുന്ന ഒരാൾ സിഖ് മത പരമോന്നത പീഠമായ അകാൽ തഖ്ത് ആത്മീയാചാര്യൻ ഗ്യാനി ഹർപ്രീത് സിങ് ആണ്. സമുദായത്തിലെ മതശാസനകൾ നൽകുന്നത് ഇദ്ദേഹമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിനു പ്രധാനമന്ത്രിക്കു നൽകുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്യുകയുണ്ടായി. താൻ ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ യാത്ര ചെയ്യുകയും സാധാരണക്കാരുമായി അടുത്തിടപഴകുകയും ചെയ്യുന്നതിനാൽ കേന്ദ്ര സുരക്ഷ ഭാരമാവുമെന്നാണു ഹർപ്രീത് സിങ് പ്രഖ്യാപിച്ചത്. ഹർപ്രീത് സിങ്ങിനു കാവലായിരുന്ന പഞ്ചാബ് സായുധ പൊലീസിലെ ആറു സുരക്ഷ ഗാർഡുകളെയാണു സംസ്ഥാന സർക്കാർ പിൻവലിച്ചത്. കേന്ദ്രം വാഗ്ദാനം ചെയ്ത സെഡ് പ്ലസ് സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ആറു കമാൻഡോകളും ഉൾപ്പെടുന്നു. ഇതിനു പുറമേ അദ്ദേഹം പോകുന്നിടത്തും താമസിക്കുന്നിടത്തും സ്ഫോടനവസ്തു പരിശോധനയും നടത്തും. 

ജനപ്രിയ നടപടി ക്ഷീണമായി

എഎപി സർക്കാർ വന്നതോടെ സംസ്ഥാനത്തു ക്രമസമാധാന നില മെച്ചപ്പെട്ടെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനു സിദ്ദുവിന്റെ കൊലപാതകം വലിയ ക്ഷീണമായി. നാനൂറിലേറെ വ്യക്തികളുടെ സുരക്ഷ പിൻവലിക്കുന്നതുവഴി സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിനു കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്ന ന്യായമാണു മാൻ ഉന്നയിച്ചത്. എന്നാൽ, സംസ്ഥാനത്തു ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചതിനു പുറമേ  3 കോൺഗ്രസ് നേതാക്കൾ  വധിക്കപ്പെടുകയും ചെയ്തു. ഈ മാസം ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾ പഞ്ചാബിൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു കണക്കിലെടുത്തു പൊതു സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിനു പ്രമുഖരുടെ സുരക്ഷ പെട്ടെന്നു പിൻവലിക്കാനുള്ള തീരുമാനം സുരക്ഷാവിദഗ്ധർക്കിടയിലും അമ്പരപ്പുണ്ടാക്കി. മാത്രവുമല്ല, സുരക്ഷ നഷ്ടമായ മുഴുവൻ പേരുടെയും പട്ടികയും ഉത്തരവിനൊപ്പം പുറത്തായി. മൂസവാലയ്ക്കു സായുധ പൊലീസ് സുരക്ഷയില്ലെന്ന വിവരം അദ്ദേഹത്തിന്റെ ശത്രുക്കൾക്കു ലഭിക്കാനും ഇതിടയാക്കി. കൊലപാതകികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനു പുറമേ, ഭഗവന്ത് മാൻ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ജനപ്രിയ തീരുമാനമെടുക്കാൻ ഭഗവന്ത് മാൻ കാണിച്ച വ്യഗ്രത, സുരക്ഷാ തീരുമാനങ്ങൾ രാഷ്ട്രീയവിമുക്തമാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. 1989ൽ വി.പി.സിങ്ങിന്റെ നാഷനൽ ഫ്രണ്ട് സർക്കാരാണു രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്. മുൻപ്രധാനമന്ത്രിമാർക്കു സുരക്ഷ നൽകണമെന്നു നിയമമില്ലെന്നു വാദിച്ചായിരുന്നു നടപടി. 

ഖലിസ്ഥാൻവാദികൾ, എൽടിടിഇ, വടക്കുകിഴക്കൻ തീവ്രവാദി സംഘടനകൾ എന്നിവയുടെ വധഭീഷണി നേരിട്ടിരുന്ന രാജീവ് ഗാന്ധിയുടെ സുരക്ഷയ്ക്കു ഡൽഹി പൊലീസ് കോൺസ്റ്റബിൾമാരുടെ കാവൽ  മതിയാവില്ലെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ കത്തുകളാണു കോൺഗ്രസ് പാർട്ടി കേന്ദ്രസർക്കാരിനു നൽകിയത്. 18 മാസത്തിനു ശേഷം ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. കേന്ദ്രസുരക്ഷ പിൻവലിച്ചതും മതിയായ ബദൽ സുരക്ഷ ഏർപ്പെടുത്താതിരുന്നതും ശത്രുക്കൾക്കു പിഴവില്ലാതെ കൃത്യം നിർവഹിക്കാൻ വഴിയൊരുക്കിയെന്നാണു രാജീവ് വധം സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ സുപ്രീം കോടതി വിലയിരുത്തിയത്. പിന്നീടു വന്ന നരസിംഹറാവു സർക്കാർ, മുൻപ്രധാനമന്ത്രിമാർക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കുന്ന വിധം എസ്പിജി നിയമം ഭേദഗതി ചെയ്തു. തുടർന്നുള്ള സർക്കാരുകളാകട്ടെ മുൻപ്രധാനമന്ത്രിമാരായ വി.പി.സിങ്, ചന്ദ്രശേഖർ, നരസിംഹറാവു, എച്ച്.ഡി.ദേവെഗൗഡ,   ഐ.കെ.ഗുജ്റാൾ എന്നിവർക്കുള്ള സുരക്ഷ പിൻവലിച്ചെങ്കിലും സോണിയ ഗാന്ധിക്കും മക്കൾക്കുമുള്ള സുരക്ഷ തുടർന്നു. മൻമോഹൻസിങ് സർക്കാരും മോദി സർക്കാരും വാജ്പേയിക്കുള്ള എസ്പിജി സുരക്ഷ മരണം വരെ നിലനിർത്തിയെങ്കിൽ, മൻമോഹൻ സിങ്, സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്കുള്ള എസ്പിജി സുരക്ഷ പിൻവലിക്കുകയാണു മോദി സർക്കാർ ചെയ്തത്. പകരം ഇവർക്കു സിആർപിഎഫ് ഭടന്മാരുടെ സെഡ് പ്ലസ് സുരക്ഷ നൽകി.

നാഷനൽ സെക്യൂരിറ്റി ഗാർഡിലെ ബ്ലാക് ക്യാറ്റ് സുരക്ഷ ഇവർക്കാർക്കും നൽകാതിരുന്നതു വിമർശനങ്ങൾക്കു കാരണമായപ്പോൾ, ഈ കമാൻഡോകളുടെ സേവനം ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തന നടപടികൾക്കും ആവശ്യമാണെന്ന ന്യായമാണു കേന്ദ്ര സർക്കാർ നൽകിയത്. മാത്രമല്ല, വിവിഐപി സുരക്ഷയ്ക്കു കരിമ്പൂച്ചകളെ നൽകുന്ന രീതി താമസിയാതെ ഇല്ലാതാക്കുകയാണു നയമെന്നും വ്യക്തമാക്കി. നിലവിൽ വിവിഐപികളിൽ കരിമ്പൂച്ചകളുടെ സുരക്ഷയുള്ളതു കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, സർബാനന്ദ സോനോവാൾ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി, മുൻ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, പ്രകാശ് സിങ് ബാദൽ, എൻ. ചന്ദ്രബാബു നായിഡു, ഗുലാം നബി ആസാദ്, രമൺ സിങ് എന്നിവർക്കാണ്. അതേസമയം, തങ്ങളുടെ സുരക്ഷ പടിപടിയായി വെട്ടിക്കുറയ്ക്കുന്നുവെന്നു ജമ്മു കശ്മീരിലെ മുൻമുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മെഹബൂബ മുഫ്തിയും പരാതിപ്പെട്ടിട്ടുണ്ട്. 

ഭീഷണിയുടെ തോത് വിലയിരുത്തി സുരക്ഷ

കേന്ദ്രസർക്കാരിൽ, ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സുരക്ഷാഭീഷണി വിലയിരുത്തൽ സമിതിയാണു വ്യക്തികൾ നേരിടുന്ന ഭീഷണി വിലയിരുത്തി എന്തുതരം സുരക്ഷയാണ് ആവശ്യം എന്നു തീരുമാനമെടുക്കുന്നത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ആഭ്യന്തരസുരക്ഷയുടെ ചുമതലയുള്ള  സ്പെഷൽ സെക്രട്ടറി, ഇന്റലിജൻസ്, പാരാമിലിറ്ററി വിഭാഗങ്ങളുടെ തലവൻമാർ എന്നിവരും ഈ സമിതിയിൽ അംഗങ്ങളാണ്. സമിതി കൃത്യമായി യോഗം ചേർന്നു സുരക്ഷ വർധിപ്പിക്കണോ ഒഴിവാക്കണോ എന്നെല്ലാം തീരുമാനിക്കും. സെഡ് പ്ലസ്, സെഡ്, വൈ എന്നിങ്ങനെ മൂന്നു വിഭാഗം സുരക്ഷയാണു കേന്ദ്രം നൽകുക. ഇതേ പോലെ സംസ്ഥാന സർക്കാരുകൾക്കും സുരക്ഷാഭീഷണിയുടെ തോതു വിലയിരുത്തൽ സമിതികളുണ്ട്. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടുകളെയാണ് ഇതിന് ആശ്രയിക്കുന്നത്. 

  സംസ്ഥാന സർക്കാർ ഏതെങ്കിലും പ്രധാന വ്യക്തിക്കു നൽകുന്ന സുരക്ഷ മതിയാവില്ലെന്നു ഐബി റിപ്പോർട്ട് ചെയ്യുമ്പോഴാണു കേന്ദ്ര സർക്കാർ ഇടപെട്ടു സുരക്ഷ വർധിപ്പിക്കുന്നത്. പഞ്ചാബിലെ ഗ്യാനി ഹർപ്രീത് സിങ്ങിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. കഴിഞ്ഞ വർഷം ബംഗാളിലെ നൂറിലേറെ ബിജെപി നേതാക്കൾക്കു കേന്ദ്രസുരക്ഷ നൽകാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിടുകയുണ്ടായി. മമത ബാനർജി സർക്കാർ നൽകുന്ന സുരക്ഷ പോരെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണു  പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ള നേതാക്കൾക്കു കേന്ദ്ര സുരക്ഷ ഏർപ്പെടുത്തിയത്. വാജ്പേയി, മൻമോഹൻ സിങ് സർക്കാരുകളിൽ റെയിൽവേ മന്ത്രിയായിരിക്കേ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഏർപ്പെടുത്തിയ സുരക്ഷയാണു മമത ബാനർജി സ്വീകരിച്ചത്. ഇടതുകക്ഷികൾക്കു പങ്കാളിത്തമുള്ള കേന്ദ്രം ഏർപ്പെടുത്തുന്ന സുരക്ഷയിൽ അവർക്കു വിശ്വാസമില്ലായിരുന്നു. 

രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേർക്കാണു സർക്കാർ സുരക്ഷയുള്ളത്. ഡസൻകണക്കിനു കമാൻഡോകളുടെ സംഘം മുതൽ ഒരു പൊലീസുകാരൻ നൽകുന്ന കാവൽ വരെ ഇതിൽ ഉൾപ്പെടുന്നു. സിദ്ദു മൂസവാലയുടെ കൊലപാതകം ഒരു കാര്യം അടിവരയിടുന്നു– പൂർണമായും പ്രഫഷനലായ സമീപനമാണു വ്യക്തിസുരക്ഷാ നടപടികളിൽ ഉണ്ടാവേണ്ടത്. ഭീഷണിയുടെ തോതു വിലയിരുത്താൻ സ്വതന്ത്രരായ വിദഗ്ധരുടെ സേവനമാണു തേടേണ്ടത്. തോക്കുസംസ്കാരം പടർന്നുപിടിക്കുമ്പോൾ രാജ്യത്തു സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇതാവശ്യമാണ്.

English Summary: VIP Security in Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com