ADVERTISEMENT

കുട്ടികൾ കളിക്കുകയാണ്. കമുകിന്റെ ഏറ്റവും മുകളിൽ കയറാൻ കഴിയുന്നതാർക്ക് എന്നതാണു മത്സരം. പലരും പാതിവഴിയെത്തിയപ്പോൾ താഴേക്കുപോയി. ഒരു കുട്ടിമാത്രം തലപ്പത്തെത്തി വിജയിയായി. എല്ലാം കണ്ടുകൊണ്ടുനിന്ന വഴിപോക്കൻ അവനോടു ചോദിച്ചു: നിനക്കു മാത്രം എങ്ങനെയാണു മുകളിലെത്താൻ കഴിഞ്ഞത്? കുട്ടി പറഞ്ഞു: മറ്റുള്ളവരെല്ലാം കയറുന്നതിനിടയ്ക്ക് തങ്ങൾ എത്ര ഉയരത്തിലായി എന്നറിയാൻ താഴേക്കു നോക്കി. അവർ പേടിച്ചു താഴേക്കു പോന്നു. ഞാൻ മുകളിലേക്കു മാത്രമേ നോക്കിയുള്ളൂ. അതുകൊണ്ട് ഞാൻ താഴെ വീണില്ല. 

ഉയരങ്ങളിലേക്കു സഞ്ചരിക്കുന്നവരുടെ മുന്നിൽ രണ്ടു സാധ്യതകളുണ്ട്. ഒന്നുകിൽ താഴേക്കു നോക്കി പരിഭ്രാന്തരാകുക, അല്ലെങ്കിൽ മുകളിലേക്കു നോക്കി ആവേശഭരിതരാകുക. ദീർഘദൂര യാത്രയ്ക്കിറങ്ങുന്ന പലരും യാത്ര പാതിവഴിയിലവസാനിപ്പിക്കുന്നത് ഇത്രദൂരം സഞ്ചരിച്ചിട്ടും എങ്ങുമെത്തിയില്ലല്ലോ എന്ന ആകുലതകൊണ്ടാണ്. 

പിന്നിട്ട വഴികളെക്കാൾ പ്രധാനമാണു പിന്നിടാനുള്ള വഴികൾ. കൃത്യമായ ലക്ഷ്യം മുന്നിൽ കണ്ടോ വിദഗ്ധമായ പദ്ധതികൾ ആവിഷ്കരിച്ചോ എല്ലാ യാത്രകളും തുടങ്ങാനാകില്ല. പിന്നിട്ട വഴികളെക്കുറിച്ചുള്ള പഠനം നല്ലതാണ്. പക്ഷേ, സഞ്ചരിച്ച വഴികളെ സംശയത്തോടെ കാണുന്നതും പരിതപിക്കുന്നതും മുന്നോട്ടുള്ള യാത്രയെ ബാധിക്കും. കൊടുമുടിയുടെ മുകളിൽ നിൽക്കുമ്പോൾ ആഴങ്ങളെക്കാൾ ആസ്വദിക്കേണ്ടത് ഉയരങ്ങളെയാണ്. കീഴോട്ടു നോക്കുമ്പോഴാണു കൈകാലുകൾ വിറയ്ക്കുന്നത്. മുകളിലേക്കു നോക്കിയാൽ നക്ഷത്രങ്ങളിലേക്കടുക്കുന്നതായി തോന്നും.

ഏതു കർമവും തുടങ്ങിയോ എന്നതല്ല; പൂർത്തിയാക്കിയോ എന്നതാണു പ്രധാനം. തുടങ്ങാൻ താൽക്കാലിക പ്രലോഭനം മതി. പൂർത്തീകരിക്കാൻ ആത്മവിശ്വാസവും നിരന്തര പ്രയത്നവും വേണം. ഇടയ്ക്കുവച്ച് അവസാനിപ്പിക്കുന്നവർ അതുവരെയുള്ള ദുരിതങ്ങളുടെ കണക്കെടുക്കും; സംഭവിച്ച നഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന നഷ്ടങ്ങളെ പർവതീകരിക്കും, ഇത്രയും നേടിയതു തന്നെ വലിയ കാര്യം എന്നു സ്വയം പറഞ്ഞു വിശ്വസിപ്പിക്കും. അവസാനം അധികം പരുക്കേൽക്കാതെ പിൻവാങ്ങും. തുടങ്ങിയതിന്റെ ഇരട്ടി വാശിയുണ്ടെങ്കിലേ തുടരാനാകൂ. തുടങ്ങിയ സ്ഥലത്തിന്റെ സുരക്ഷിതത്വത്തെക്കാൾ പ്രാധാന്യം എത്തിച്ചേരേണ്ട സ്ഥലത്തിന്റെ മഹനീയതയ്ക്കു നൽകുന്നവർ മാത്രമേ യാത്രകൾ പൂർത്തിയാക്കൂ.

English Summary: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com