ADVERTISEMENT

ചരിത്രം ആവർത്തിക്കും, ദുരന്തമായും പിന്നെ അസംബന്ധ നാടകമായും: സാക്ഷാൽ കാൾ മാർക്സിന് ഇഷ്ടപ്പെട്ട വാക്കുകളെ സഖാക്കൾക്ക് അങ്ങനെയങ്ങു തള്ളിക്കളയാനാവുമോ? കേരളത്തിൽ ഇപ്പോൾ യഥാർഥത്തിൽ ചരിത്രം ആവർത്തിക്കുകയാണ്. കഥാപാത്രങ്ങൾക്കു മാത്രമേ മാറ്റമുള്ളൂ. അന്നും ഇന്നും നായിക ഉതിർത്ത ആരോപണശരമേറ്റ് അങ്കലാപ്പിലായതു മുഖ്യമന്ത്രിയും കുടുംബവും. നാടാകെ പ്രതിഷേധവും അടിപിടിയും. അന്നും ഇന്നും ക്ലിഫ് ഹൗസ് സംശയനിഴലിൽ. അന്ന് ഉമ്മൻ ചാണ്ടി. ഇന്ന് പിണറായി. അന്ന് സ വച്ചു പേരെഴുതിയ നായിക. ഇപ്പോൾ സ്വ വച്ച് ഉച്ചരിക്കുന്ന മറ്റൊരാൾ. മലയാളവും ഇംഗ്ലിഷും കൂട്ടിക്കലർത്തി അവർ പറയുന്ന വാക്കുകൾക്കായി കേരളം കാതോർത്തത് എത്രയോ മണിക്കൂറുകൾ. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ!

ഇനി പറയൂ. ചരിത്രം ആവർത്തിക്കുകയല്ലേ? എതാണ്ട് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നൊക്കെ പറയാമെന്നതുപോലെ. ചരിത്രത്തിന്റെ ആവർത്തനം പക്ഷേ, ദുരന്തമായാണോ അസംബന്ധ നാടകമായാണോ എന്നൊന്നും പറയാറായിട്ടില്ല. അതു പറയേണ്ടത് അതിലെ കഥാപാത്രങ്ങളും കളിയെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നാട്ടുകാരായ കാണികളുമാണ്. കാത്തിരിക്കാം. നാടകം തുടരൻ ആയിരിക്കെ അതു നാട്ടിൽ ഉണ്ടാക്കുന്ന പുകിലൊക്കെയാണു കാണേണ്ടത്. രാശി തെളിഞ്ഞതു ബിരിയാണിച്ചെമ്പിനാണ്. സ്വപ്ന ചെറുതായൊന്ന് അടപ്പു തുറന്നതേയുള്ളൂ. നാട്ടിലാകെ ബിരിയാണി മണം. 

മുൻപ് അരിക്കൊപ്പം കിടന്നു കോഴിയും ആടും പോത്തുമൊക്കെ ആവി പിടിച്ചിരുന്ന ബിരിയാണിച്ചെമ്പ് ഇപ്പോൾ ആരാ? തലയിലേറ്റി നടക്കുകയല്ലേ ഖദറിട്ടവരും മറ്റും. പാത്രങ്ങൾ വാടകയ്ക്കു കൊടുക്കുന്നവർ പക്ഷേ, നെട്ടോട്ടത്തിലാണ്. ബിരിയാണിയെന്ന് ഉച്ചരിച്ചാൽ മതി സഖാക്കൾ അടിച്ച് അണപ്പല്ലു തെറിപ്പിച്ചാലോ? ചെമ്പു തുറന്നപ്പോൾ എത്ര പേർക്കാണു ശ്വാസം മുട്ടിയത്.

കണ്ണിൽ കണ്ടതും കാണാതെ പോയതുമായ ബിരിയാണിച്ചെമ്പുകളെല്ലാം പിടിച്ചെടുക്കാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഏതു നിമിഷവും ബിരിയാണിച്ചെമ്പ് ഉപയോഗിച്ച് ആക്രമണം ഉണ്ടായേക്കാമെന്ന ഭയത്തിലാണു സേനാധിപന്മാർ. ഉണ്ട നിറച്ച തോക്കുമായി സേനയാകെ ജാഗ്രതയിൽ. ക്ലിഫ് ഹൗസിലും മുഖ്യൻ പോകുന്ന വഴികളിലുമാകെ പൊലീസുകാർ. എണ്ണിയാൽ തീരാത്തത്ര അകമ്പടി വാഹനങ്ങൾ. ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും ആകാശത്തേക്കു തോക്കു ചൂണ്ടി ഇമവെട്ടാതെ നിൽക്കുകയാണു കുറെ പൊലീസുകാർ. വിമാനത്തിൽ നിന്ന് ആരെങ്കിലും ബിരിയാണിച്ചെമ്പ് താഴേക്കു വലിച്ചെറിഞ്ഞാലോ? അന്തരീക്ഷത്തിൽ വച്ചുതന്നെ വെടിവച്ചു ഛിന്നഭിന്നമാക്കണമെന്നാണ് ഉത്തരവ്. 

കോവിഡിനെ ചെറുക്കാൻ മാസ്ക് വച്ചില്ലെങ്കിൽ പിഴ ഈടാക്കും. പക്ഷേ, കറുത്ത മാസ്ക് വച്ചാൽ പിടിച്ച് അകത്തിടും. ശനിയാഴ്ച മുഖ്യൻ കോട്ടയത്തു സന്ദർശനം നടത്തിയപ്പോൾ എന്തായിരുന്നു പുകിൽ. 

കാക്ക പറക്കുന്നതു പോലും പൊലീസ് വിലക്കി. കാരണം, കറുപ്പ്.  ആനയുടെ നിറം വെളുപ്പാക്കുന്നതിനെപ്പറ്റി ചിലർ തല പുകച്ചു. വക്കീലിന്റെ ഗൗണിന്റെ നിറത്തിൽ ചിലർ അപകടം മണത്തു. പത്രക്കാരെ രണ്ടു മണിക്കൂർ മുൻപേ യോഗത്തിനിരുത്തി. പാവം പത്രക്കാർ. പണ്ടു രാജീവ് ഗാന്ധിയുടെ കാലത്ത് ഒരു വട്ടം അവരെ കയറുകെട്ടി വലിച്ചപ്പോൾ എന്തായിരുന്നു രോഷം?.  ഇന്നിപ്പോൾ വടംകെട്ടി വലിച്ചാലും കുഴപ്പമില്ല. ഇപ്പോൾ കോട്ടയത്തെ സലൂണുകളിൽ താടി ഡൈ ചെയ്യുന്നില്ല. വെളുപ്പിനെ കറുപ്പാക്കുന്നതിനെക്കാൾ വലിയ കുറ്റമില്ലെന്നാണു പൊലീസിന്റെ മുന്നറിയിപ്പ്. 

കുറച്ചുകാലത്തേക്കു കാലനും കേരളത്തിലേക്കു വരുന്നില്ലത്രേ. വാഹനം കറുത്തതാകയാൽ കസ്റ്റഡിയിൽ എടുത്തേക്കാം. കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി..., കറുപ്പിനഴക്..., കറുത്തപെണ്ണേ... തുടങ്ങിയ കറുപ്പു ചാലിച്ച ചലച്ചിത്രഗാനങ്ങൾ പൊതുപരിപാടികളിൽ കേൾപ്പിക്കാൻ പാടില്ല. ഈ പാട്ടുകൾ ആരെങ്കിലും മൂളിപ്പാടിയാ‍ൽ പിഴ ഈടാക്കും. പൊലീസുകാർക്കു സമയം ഉണ്ടെങ്കിൽ തടവും ലഭിക്കും. 

തൃക്കാക്കര തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മഞ്ഞക്കുറ്റി നാട്ടൽ നടക്കുന്നില്ല. സ്വർണക്കട്ടിയിൽനിന്ന് ഊരുന്നതു പക്ഷേ ഇത്തിരി കട്ടിതന്നെ. മൊഴിയും പഴിയുമൊക്കെ ഇഴചേർന്നു കിടക്കുകയല്ലേ? ഓരോന്നായി അഴിച്ചെടുക്കാൻ ഇത്തിരി സാവകാശം വേണം. പതിവുപോലെ കേന്ദ്രം കനിയുമോ? കാലം കണക്കു ചോദിക്കുന്നോ? കേരള രാഷ്ട്രീയത്തിൽ സൗരോർജം കത്തിജ്വലിച്ചുനിന്ന നാളുകൾ. പരാതിക്കാരിയും പ്രതിഷേധക്കാരും തോളോടുതോൾ ചേർന്നുനിന്ന കാലം. അന്നു നടന്നതെല്ലാം പകർത്തിവച്ചതുപോലെ ആവർത്തിക്കുകയാണിപ്പോൾ. കഥാപാത്രങ്ങൾക്കു മാത്രമേ മാറ്റമുള്ളൂ. ചരിത്രം ആവർത്തിക്കുന്നു; ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും. 

തോറ്റാൽ മാത്രമുള്ള തിരിച്ചറിവുകൾ

അക്കരെ ചെല്ലണം; തോണിയും മറിയണം. അതാണു സിപിഐ കൊച്ചേട്ടന്റെ മനസ്സിലിരിപ്പ്. അധികാരത്തിലെത്താൻ സിപിഎം വല്യേട്ടനില്ലാതെ പറ്റില്ല. അതുകൊണ്ട് എന്തുചെയ്താലും കരയിലിരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കും: അടിച്ചു തകർക്കൂ ചേട്ടാ; ഒപ്പം ഞാനുണ്ടു ചേട്ടാ. വല്യേട്ടൻ കെണിയിലായാൽ ഉടൻ പക്ഷേ കാലുമാറും. കമ്മിറ്റി കൂടി കൊച്ചേട്ടൻ സംഘം കുറ്റപ്പെടുത്തും, ചെയ്തതെല്ലാം തോന്ന്യാസമല്ലേ? വെളിവുള്ള ആരെങ്കിലും കാണിക്കുമോ ഇമ്മാതിരി അബദ്ധങ്ങൾ! തൃക്കാക്കരയിലും തെറ്റിച്ചില്ല ആ പതിവ്. 

1964ൽ നെടുകെ പിളർന്നു രണ്ടുവഴിയിൽ ചെങ്കൊടിയുമായി സഞ്ചരിച്ചവർ. പിന്നീടു മുന്നണിക്കൂട്ടിൽ ഒട്ടിച്ചേർന്നെങ്കിലും ചിലേടത്തു പശ അങ്ങോട്ട് ഏശിയിട്ടില്ല. ഇടയ്ക്കിടെ കൊച്ചേട്ടന്റെ ശത്രുബോധം സടകുടഞ്ഞ് എഴുന്നേൽക്കും. വല്യേട്ടന്റെ വായിൽനിന്നു വേണ്ടുവോളം കിട്ടുന്നതുവരെ മാത്രമേയുള്ളൂ കുടയൽ. പിന്നെ, ജഡമായി അഭിനയിച്ചോളും. 

അടവുകൾ അറുപത്തിനാലും എടുത്തെങ്കിലും തൃക്കാക്കര കയറിയില്ല. വോട്ട് കൂടിയെന്നു കാണിക്കാൻ സകല ഗണിത സിദ്ധാന്തങ്ങളും ഉപയോഗിച്ചു. എത്ര കൂട്ടിയിട്ടും കാൽക്കുലേറ്ററിൽ ലോകതോൽവിയെന്നു മാത്രമേ കാണിക്കുന്നുള്ളൂ. തോൽക്കുമെന്നു കൊച്ചേട്ടന് ഉറപ്പായിരുന്നത്രേ. എന്നാൽ, തിരുത്തലുകൾ വരുത്തി ജയിച്ചുവരാൻ ശ്രമിച്ചില്ല. പകരം കുറ്റങ്ങളും കുറവുകളും കുറിച്ചുവച്ചു. എല്ലാം കഴിഞ്ഞശേഷം ഒരു ചോദ്യം: തോൽവിപ്പട്ടം വാങ്ങാൻ ആരെങ്കിലും ആനപ്പുറത്തു കയറിപ്പോകുമോ? 

സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണു വല്യേട്ടനെ വാരിവലിച്ചു നിലത്തടിച്ചത്. സ്ഥാനാർഥി ജോക്കുട്ടൻ മുതൽ അഭയാർഥി തോമസ് മാഷ് വരെ എല്ലാറ്റിനെയും പഴിച്ചു. ക്യാപ്റ്റനെയും വെറുതേ വിട്ടില്ല. മണ്ഡലത്തിൽ വയ്പും കുടിയുമായി കഴിഞ്ഞിട്ടും തോറ്റു തുന്നംപാടിയില്ലേ? 

ജോക്കുട്ടൻ ആദ്യം സ്വന്തം നെഞ്ചിൽ അടിച്ചു. വേദനിച്ചപ്പോൾ അടുത്തുനിന്നവരുടെ നെഞ്ചിൽ അടിച്ചു, താൻ കമ്യൂണിസ്റ്റാണെന്ന് ആണയിടാൻ. കൊച്ചേട്ടൻ ഒന്നും മിണ്ടിയില്ല. ഫലം വന്നശേഷം ഗണിച്ചും ഗുണിച്ചും നോക്കിയിട്ടു തീർത്തുപറഞ്ഞു; കമ്യൂണിസ്റ്റല്ല ജോക്കുട്ടൻ. മാഷിനെ കണ്ണൂരിൽ കൊണ്ടുപോയ വല്യേട്ടൻ വർഗസിദ്ധാന്തത്തിൽ ജ്ഞാനസ്നാനം ചെയ്യിച്ചു. ഇടത്തായിരുന്നു പ്രതിഷ്ഠ. അതിനു ക്യാപ്റ്റൻ കാർമികത്വം വഹിച്ചപ്പോൾ വിളക്കുവെട്ടം വീശിയതു കാനം. ഒടുവിൽ കാനവും കാലുമാറി. തിരഞ്ഞെടുപ്പു കൺവൻഷനിൽ ഇഎംഎസിനെപ്പോലെ മാഷിനെ ആനയിച്ചില്ലേ? രസതന്ത്രം മാഷിനെ ഒപ്പം കൂട്ടിയതു കോൺഗ്രസ് പ്രവർത്തകരുടെ ഊർജം വർധിപ്പിക്കുന്ന തന്ത്രമായി ഭവിച്ചെന്നും കുറ്റപ്പെടുത്തൽ. വല്യേട്ടന്റെ അഭ്യാസങ്ങൾക്കെല്ലാം ഒപ്പം നിന്നിട്ട് ഇപ്പോൾ ഇങ്ങനെ മലക്കംമറിഞ്ഞാൽ! ഒപ്പം കൊണ്ടുനടക്കാൻ പറ്റിയ മുതലല്ല, ഇര കാത്തു പതുങ്ങിക്കിടക്കുന്ന മുതലയാണു കൊച്ചേട്ടനെന്നു വീണ്ടും തിരിച്ചറിഞ്ഞിരിക്കുകയാണു വല്യേട്ടൻ.

ശ്വാസം തിരിച്ചുകിട്ടി; മുറുമുറുപ്പ് മുറുകി

തൃക്കാക്കര വിജയത്തോടെ കോൺഗ്രസ് ഒന്നു ശ്വാസം വിട്ടപ്പോൾത്തന്നെ നേതാക്കൾ പതിവുപണി ആരംഭിച്ചു; പാലം വലിക്കൽ. ആരാധകരും ശത്രുക്കളും നേതാക്കളെ ചിത്രവധം നടത്തിയ ചരിത്രമുണ്ടു കോൺഗ്രസിന്. തലക്കെട്ടില്ലാതെ നിലനിൽപില്ലെന്നൊരു തോന്നലുണ്ടു നേതാക്കൾക്ക്. ലീഡറിൽ തുടങ്ങിയതാണു ചരിത്രം. കരുണാകരനു ശേഷം പലരും ലീഡർ പട്ടത്തിനു മത്സരിച്ചു. ചെന്നിത്തല നായകൻ ഒരിക്കൽ എടുത്തണിഞ്ഞു. ചേരുന്നില്ല, ഒപ്പമുള്ളവർ ചോരുന്നേയുള്ളൂ. അതോടെ അഴിച്ചെടുത്ത് അലമാരയിൽ വച്ചു. കുമ്പക്കുടിയാശാനും ലീഡർ പദം മോഹിച്ചു. എന്തുകൊണ്ടോ അങ്ങോട്ട് ഒട്ടിനിൽക്കുന്നില്ല. ഇപ്പോൾ ആശാന്റെ വിളിപ്പേര് ബോസ്. സ്വന്തമായി ബ്രിഗേഡ് ഉള്ളയാളല്ലേ. ബോസ് അല്ലാതെ മറ്റെന്താകാൻ? 

തൃക്കാക്കരയിൽ ജയിപ്പിച്ചതു സതീശേട്ടൻ!. ഭക്തജനസംഘം ഈ വരികളുമായി ഭജന ആരംഭിച്ചു. ഏട്ടന് അപ്പോഴേ മനസ്സിലായി, ഇതു മെനക്കേടാകും. ചിലർ സമൂഹമാധ്യമങ്ങളുടെ ചുമരിൽ കുറിച്ചിട്ടു, ക്യാപ്റ്റൻ (ഒറിജിനൽ)! കണ്ഠം മുറിക്കാനുള്ള പണിയാണല്ലോ. ആ വാക്യം ഏട്ടൻ ഓർത്തു: നിന്റെ ഉയർച്ചയിൽ നീ ആരാണെന്നു സുഹൃത്തുക്കൾ അറിയും. നിന്റെ തകർച്ചയിൽ നിന്റെ സുഹൃത്തുക്കൾ ആരൊക്കെയെന്നു നീയും അറിയും. ക്യാപ്റ്റനോ ലീഡറോ? ഏതു വേണമെന്ന് ഏട്ടനു തീരുമാനിക്കാം. 

തിരുവനന്തപുരത്തേക്ക് ഏട്ടൻ വരുന്നെന്ന് അറിഞ്ഞപ്പോൾത്തന്നെ അവിടത്തെ ഫാൻസ് ഒത്തുചേർന്നു. ഏട്ടനെ നമുക്ക് ആഘോഷമായി എഴുന്നള്ളിക്കേണ്ടേ? നഗരത്തിലെ നാനാവഴികളിലും ക്യാപ്റ്റനും ലീഡറും തലക്കെട്ടാക്കി കൂറ്റൻ ബോർഡുകൾ. മുതിർന്നവർ മാത്രമല്ല എന്തിനും മുതിർന്നവരായ നേതാക്കളുമുണ്ടല്ലോ കോൺഗ്രസിൽ. അവർക്കു സഹിക്കുമോ? അതെങ്ങനെ ശരിയാകും. ഞങ്ങളെല്ലാം തൃക്കാക്കരയിൽ രാപകലില്ലാതെ ഉണ്ടുറങ്ങിയില്ലേ? സതീശൻ മാത്രം ഫ്ലെക്സ് രാജാ ആയാൽ മതിയോ? 

മുറുമുറുപ്പു മുറുകിയ പ്രഭാതത്തിലായിരുന്നു ഏട്ടന്റെ തിരുവനന്തപുരം വരവ്. മനസ്സിൽ കുറിച്ചു: ദൈവമേ, മുൾച്ചെടികൾ നടന്നു കയറണമല്ലോ. വിമാനത്താവളത്തി‍ൽ ലീഡറെ സ്വീകരിക്കാൻ കുറെപ്പേർ. അല്ല, ക്യാപ്റ്റനെ സ്വീകരിക്കാൻ മറ്റു കുറെപ്പേർ. ഏട്ടൻ കുലുങ്ങിയില്ല. ആദ്യത്തെ ചോദ്യംതന്നെ പാർട്ടിക്കുള്ളിൽ ഏട്ടനെതിരായ കുശുകുശുപ്പായിരുന്നു. പിന്നെ, ക്യാപ്റ്റൻ, ഏട്ടൻ വിളികളിൽ ഏതാണിഷ്ടം? പണിയാകുന്ന ചോദ്യങ്ങൾ. ഏട്ടൻ തറപ്പിച്ചു പറഞ്ഞു; ലീഡർ ഒരാളേയുള്ളൂ, കരുണാകരൻ. താൻ ക്യാപ്റ്റനുമല്ല. ബോർഡുകളെല്ലാം ഇന്നുതന്നെ മാറ്റും. ചിറകൊടിഞ്ഞ വിമാനത്തി‍ൽനിന്നു ചാടി രക്ഷപ്പെടുകയായിരുന്നു ഏട്ടൻ. അല്ലെങ്കിൽ തൃക്കാക്കരയിൽ കിട്ടിയതു തിരുവനന്തപുരത്തു തീർന്നേനെ. തൃക്കാക്കരയിൽ തോറ്റെങ്കിൽ എല്ലാം ഏട്ടൻ ചുമക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നുകരുതി ജയിച്ചാൽ ക്രെഡിറ്റ് ഒറ്റയ്ക്കു കൊണ്ടുപോകാമോ?

സ്റ്റോപ് പ്രസ്

ഇഎംഎസ് സെമിനാറിൽ പിണറായി ഹിറ്റ്‌ലറെ പരാമർശിച്ചു.

ഹിറ്റ്ലറിന്റെ കാലത്ത് മാസ്ക് ഉണ്ടായിരുന്നില്ല.

Content Highlight: Aazhchakurippukal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com