ADVERTISEMENT

നാടിനെ അന്നമൂട്ടുന്ന നമ്മുടെ നെൽകർഷകർ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മറ്റുള്ളവർക്കു സങ്കൽപിക്കാൻ കഴിയണമെന്നില്ല. തുടർപ്രളയങ്ങളിലുണ്ടായ കനത്ത നാശത്തിനും കോവിഡ്കാല സ്തംഭനത്തിനും ശേഷം അത്യധികം ക്ലേശിച്ചു പുതുജീവിതത്തിലേക്കു തിരിച്ചുവരവിനൊരുങ്ങുന്ന കർഷകർക്ക് ഇപ്പോൾ ഏറ്റവുമാവശ്യം സർക്കാരിന്റെ ഉറപ്പുള്ള കൈത്താങ്ങാണ്. എന്നാൽ, അതെത്രത്തോളം ലഭ്യമാകുന്നുവെന്നതിലാണു സംശയം. സപ്ലൈകോയ്ക്കു നെല്ലു നൽകിയ കർഷകർക്കു നൽകാനുള്ള വിലയിൽ സംസ്ഥാന സർക്കാർ കയ്യിട്ടുവാരിയെന്നതാണ് ഏറ്റവും ഒടുവിലായി ഉയരുന്ന പരാതി.

കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്കു പുറമേ സംസ്ഥാനത്തിന്റെ വിഹിതം കൂടി ചേർത്താണു കേരളത്തിൽ നെല്ലു സംഭരിക്കുന്നത്. കേന്ദ്ര സർക്കാർ ഓരോ വർഷവും കാര്യമായ വർധന വരുത്തുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ പേരിനു മാത്രമാണു തുക കൂട്ടുന്നതെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ്, ഒരു കിലോഗ്രാം നെല്ലിന് ഇത്തവണ 72 പൈസ കുറയ്ക്കുകകൂടി ചെയ്തിരിക്കുന്നത്. കേന്ദ്ര – സംസ്ഥാന വിഹിതമായി കിലോഗ്രാമിന് ആകെ 28.72 രൂപയാണു ലഭിക്കേണ്ടതെങ്കിലും ലഭിച്ചത് 28 രൂപ മാത്രം. കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച 52 പൈസയുടെ വർധന ഇതിലില്ലെന്നുമാത്രമല്ല, നിലവിലുണ്ടായിരുന്നതിൽനിന്ന് 20 പൈസ കുറയ്ക്കുകയും ചെയ്തു.

കഴിഞ്ഞ തവണ കേന്ദ്ര താങ്ങുവില അംഗീകരിച്ചെങ്കിലും സംസ്ഥാന വിഹിതത്തിൽ വാഗ്ദാനം ചെയ്ത വർധന നടപ്പാക്കാതിരുന്നതിൽ കർഷകരുടെ ഭാഗത്തുനിന്നു പ്രതിഷേധമുയർന്നിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞ ബജറ്റിൽ 20 പൈസ കൂട്ടിയത്. ഇതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കാൻ അടുത്ത ഒന്നാം വിള സീസൺ വരെയെടുക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. 

നെല്ലിന്റെ താങ്ങുവില ഒരു രൂപ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ആശ്വാസമാകുമെങ്കിലും ഉൽപാദനച്ചെലവ് അനുസരിച്ചുള്ള വർധനയില്ലെന്നു കർഷകർ പറയുന്നു. കിലോയ്ക്ക് 35 രൂപയെങ്കിലും വേണമെന്നാണു കർഷകരുടെ നിലപാട്. ഇനി സംസ്ഥാന സർക്കാരിന്റെ വിഹിതവും കൂട്ടി താങ്ങുവില പ്രഖ്യാപിക്കുമ്പോൾ മാത്രമേ വരുന്ന സീസണിൽ കിലോയ്ക്ക് എത്ര രൂപ കിട്ടുമെന്നു കൃത്യമായി അറിയാൻ കഴിയൂ.

നെല്ലു സംഭരണം തുടങ്ങിയത് 2002-03ലാണ്. സപ്ലൈകോയ്ക്കുവേണ്ടി നെല്ലു സംഭരിക്കുന്നത് മില്ലുകളാണ്. മില്ലുകൾ നൽകുന്ന ചാക്കിൽ നെല്ലു നിറച്ച് ലോറിയിൽ കയറ്റിക്കെ‍ാടുക്കുന്നത് കർഷകരുടെ ചെലവിലാണ്. ഒരു ക്വിന്റൽ നെല്ല് ചാക്കിൽ നിറയ്ക്കുന്നതിന്  30– 40 രൂപയും ലോറിയിൽ കയറ്റുന്നതിന് 200– 250 രൂപമാണു കൊടുക്കേണ്ടിവരുന്നത്. ഈ ചെലവിലേക്കായി സർക്കാർ നൽകുന്നത് ക്വിന്റലിന് 12 രൂപ മാത്രമാണ്. 20 വർഷംമുൻപ്, സംഭരണം തുടങ്ങിയ കാലത്തു നിശ്ചയിച്ച ഈ തുകയിൽ ഒരു വർധനയും ഇതുവരെ വരുത്തിയിട്ടില്ല.

അല്ലെങ്കിൽത്തന്നെ പ്രശ്നഭരിതമാണു കർഷകജീവിതം. വേനൽമഴ സംസ്ഥാനത്തെ കർഷകർക്കു കനത്ത നാശമാണു വിതച്ചത്. ഈ വർഷം കഴിഞ്ഞ മാസംവരെ സംസ്ഥാനത്തു റിപ്പോ‍ർട്ട് ചെയ്തത് 800.29 കോടി രൂപയുടെ കൃഷിനാശമാണ്. അതിൽ ഭൂരിഭാഗവും വേനൽമഴ‍യിലായിരുന്നു. ജനുവരി ഒന്നു മുതൽ കഴിഞ്ഞ 28 വരെയുള്ള കണക്കുകൾ പ്രകാരം 1.96 ലക്ഷം കർഷകർക്കാണു വിളനാ‍ശമുണ്ടായത്. 75,471.48 ഹെക്ടർ കൃഷി നശിച്ചു. അർഹമായ നഷ്ടപരിഹാരം തേടുകയാണു കർഷകർ. കഴിഞ്ഞ വർഷം ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും നെ‍ൽകൃ‍ഷി നശിച്ചവർക്കുതന്നെ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം കൃഷി വകുപ്പ് പൂർണമായി നൽകിയിട്ടില്ല. ഇതിനിടെ, ഈ സാമ്പത്തിക വർഷം ഈ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം കർഷകർക്കു വിതരണം ചെയ്യുന്നതിനു 30 കോടി രൂപ അനുവദിച്ചത് ആശ്വാസമാകുന്നു.

ഏതു പ്രതികൂല സാഹചര്യത്തിലും കർഷകർ തോൽക്കാതിരിക്കാൻ സർക്കാർ അവരുടെ കൂടെയുണ്ടായേതീരൂ. വിളവില്ലാതെയും വിളയ്ക്കു ന്യായവില കിട്ടാതെയും ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങിയുമൊക്കെ നമ്മുടെ കർഷകരിൽ വലിയൊരു പങ്കും കൃഷിയും ജീവിതവും എങ്ങനെ തിരിച്ചുപിടിക്കണമെന്നറിയാതെ വഴിമുട്ടിനിൽക്കുകയാണെന്ന് ഒാർക്കേണ്ടതുണ്ട്.

English Summary: Malayala Manorama Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com