ഒരു സ്വപ്നയും മൂന്നു മുന്നണികളും

pinarayi
SHARE

1995ൽ ട്രെയിനിൽ നടന്ന ആക്രമണം ഇ.പി.ജയരാജൻ എന്ന പേരിനോട് എന്നും കേരളരാഷ്ട്രീയം ചേർത്തുവയ്ക്കുമായിരുന്നു. ഇപ്പോൾ, വിമാനത്തിൽ നടന്ന അസാധാരണ സംഘർഷത്തിലെ മുഖ്യകഥാപാത്രമായി ജയരാജൻ രാഷ്ട്രീയരൂപാന്തരം പ്രാപിച്ചു.

മണ്ണിൽനിന്നു വിണ്ണിലേക്കുള്ള ഈ മാറ്റം പോലെ വളരെ നാടകീയമായ പലതുമാണു കേരളരാഷ്ട്രീയത്തിൽ സംഭവിക്കുന്നത്. ഒരു മാസത്തോളം സംസ്ഥാന രാഷ്ട്രീയം കേന്ദ്രീകരിച്ച തൃക്കാക്കര ഉപതിരഞ്ഞെടുപ്പും ഫലവും പെട്ടെന്നു വിസ്മൃതിയിലായതുപോലെയായി. ലാവ്‌ലിൻ കത്തിക്കാളിയ കാലത്തും പിണറായി വിജയൻ ഇതുപോലെ പരസ്യ ആക്ഷേപങ്ങൾക്കു ശരവ്യനായിട്ടില്ല. നായകനെ ലക്ഷ്യമിട്ട പെട്ടെന്നുള്ള ആ പടനീക്കം സിപിഎമ്മിനെയും സർക്കാരിനെയും ഒരുവേള പ്രതിരോധത്തിലാക്കി.

സ്വപ്ന സുരേഷിന്റെ ആരോപണവേദിയായ പാലക്കാട്ടും തലസ്ഥാനത്തും രണ്ടു പൊതുയോഗങ്ങൾ വിളിച്ചു പിണറായി മറുപടി പറഞ്ഞാൽ ഒരുപക്ഷേ ശമിക്കുമായിരുന്നുവെന്ന് ചിലരെങ്കിലും വിചാരിച്ച സന്ദേഹങ്ങൾക്ക് അങ്ങനെ ഉത്തരം ലഭിച്ചില്ല. പകരം കേരളം ബന്തവസ്സിലായ പ്രതീതിയായി. രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ഏറ്റവും കടുത്ത സമരമുഖം വിചാരിക്കാത്ത നേരത്ത് യുഡിഎഫിനു തുറക്കേണ്ടിവന്നു. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികം കേരളത്തിലാകെ ആഘോഷിക്കുന്നതിനിടെ ബിജെപി പെട്ടെന്നു സമരക്കാരുടെ റോളണിഞ്ഞു. സൈബർ ഇടങ്ങൾ രാഷ്ട്രീയ ചന്തപ്പുരകളായി മാറി.

മൂന്നു മുന്നണികളെയും അപ്പോൾ നടുക്കുകയോ അമ്പരപ്പിക്കുകയോ അവരുടെ അജൻഡകളെ മാറ്റിമറിക്കുകയോ ചെയ്തു സ്വപ്ന സുരേഷ്.

എൽഡിഎഫിന് സംഭവിച്ചത്

തൃക്കാക്കര തോൽവിയെ ന്യായീകരിക്കുമ്പോഴും കാൽലക്ഷം വോട്ടിന്റെ പരാജയം സിപിഎമ്മും ഇടതുമുന്നണിയും വിചാരിച്ചതല്ല. അതിന്റെ ഗ്ലാനി എൽഡിഎഫിനെ മൂടിനിന്നപ്പോഴാണ് ബിരിയാണിച്ചെമ്പിന്റെ മൂടി സ്വപ്ന സുരേഷ് തുറന്നത്. തൃക്കാക്കരയിൽ  ജോ ജോസഫ് അട്ടിമറി ജയം നേടിയിരുന്നെങ്കിൽ സ്വപ്ന ഇതിനു തുനിയുമായിരുന്നോ എന്ന ചോദ്യം  സിപിഎമ്മിലുണ്ട്.  മുഖ്യമന്ത്രിയും പാർട്ടിയും  ഒന്നു പതറിയ ആ സന്ദർഭം തിരഞ്ഞെടുത്തതാണെന്നു സിപിഎം  വിചാരിക്കുന്നു. അതുകൊണ്ടാണ് എല്ലാം തുടങ്ങിവച്ചത് തൃക്കാക്കരയിലാണെന്ന നിഗമനത്തിൽ എൽഡിഎഫ് യോഗം എത്തിച്ചേർന്നത്. ആ വിജയാവേശത്തിൽ യുഡിഎഫും രാഷ്ട്രീയപ്രസക്തി വീണ്ടെടുക്കാൻ ബിജെപിയും സമരം തുടങ്ങിയതോടെ മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷാ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തി. അതു പിണറായി വിജയന്റെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ അറിവില്ലാതെയാണെന്നു കരുതുന്നവർ കുറവാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യങ്ങളിൽ ഉപദേശകരുടെയും പൊലീസിന്റെയും നിർദേശങ്ങൾ അനുസരിക്കുന്നതാണു പിണറായിയുടെ രീതി. അതിൽ ഒരു ജനകീയ, ഇടതുപക്ഷ മുഖ്യമന്ത്രി നടത്തേണ്ട തിരുത്തലിന് അദ്ദേഹം മുൻകൂട്ടി മുതിരാതിരുന്നത് സർക്കാരിനെതിരെ വലിയ ജനവികാരം സൃഷ്ടിച്ചു.

മറ്റൊരു ഭാഗത്ത് സ്വപ്നയുടെ വായടപ്പിക്കാൻ നടത്തിയ തിരക്കിട്ട നീക്കങ്ങൾ സർക്കാരിനെ ഗ്രസിച്ച ഉത്കണ്ഠയ്ക്കു തെളിവായി പലരും വിലയിരുത്തുന്ന സ്ഥിതിയുണ്ടായി. ആർഎസ്എസ് പിൻബലമുള്ള സന്നദ്ധസംഘടനയിൽ സ്വപ്നയ്ക്കും സരിത്തിനും ജോലി ലഭിച്ചതിലാണ് അവരുടെ രാഷ്ട്രീയ ഉന്നം ഇപ്പോൾ സിപിഎം ദർശിക്കുന്നത്. അതേ സ്വപ്ന ഇതേ പിണറായിയുടെ സർക്കാരിന്റെ ശമ്പളം പറ്റുന്നവരായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ആ ജോലി അവർക്കു തരപ്പെടുത്തി കൊടുത്തത്. സസ്പെൻഷനു ശേഷം തിരികെ സർവീസിൽ പ്രവേശിച്ച എം.ശിവശങ്കറിനെതിരെ അല്ല, സ്വപ്ന ഓരോ ദിവസവും പ്രസ്താവനകൾ ഇറക്കുന്നത്; ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്തനായ നേതാവായ ഒരു മുഖ്യമന്ത്രിക്കെതിരെയാണ്. സരിത എസ്.നായരുടെ ആരോപണങ്ങളെ തോളിലേറ്റി നടന്നതുകൊണ്ടുതന്നെ സ്വപ്നയുടെ ചോദ്യങ്ങളും അവരെ മുറിവേൽപിച്ചുകൊണ്ടിരിക്കും. സരിതയുടെ പരാതി സിബിഐ അന്വേഷണത്തിനു വിട്ടവരാണ് സ്വപ്നയുടെ മൊഴി വീണ്ടും ജീവൻ വയ്പിക്കാവുന്ന ഇഡി അന്വേഷണത്തെ ചെറുക്കാൻ ശ്രമിക്കുന്നത്. അനുശോചനവേളകളിലെ നിറം കറുപ്പായതിന്റെ ദേഷ്യം കൊണ്ടു കൂടിയാണ് ആ നിറം വിലക്കിയതെന്ന് ചിലരെല്ലാം പരിഹസിക്കുന്നത് ഇതുകൊണ്ടെല്ലാമാണ്.

പ്രതിപക്ഷവും ബിജെപിയും

സരിതയ്ക്കു പിന്നിൽ അന്നത്തെ പ്രതിപക്ഷമാണെന്നു കോൺഗ്രസ് ആരോപിച്ചെങ്കിൽ സ്വപ്നയ്ക്കു പിന്നിൽ ഇന്നത്തെ പ്രതിപക്ഷം ആണെന്ന ആക്ഷേപം സിപിഎം പോലും ഉന്നയിക്കുന്നില്ല എന്നതു കൗതുകകരം. പകരം സംഘപരിവാറിലേക്കാണു സിപിഎം വിരൽചൂണ്ടുന്നത്. സംഘപരിവാറും അവർ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരും ഒരുവശത്തും ഇടതുമുന്നണിയുടെ സംസ്ഥാന സർക്കാർ മറുഭാഗത്തും നിൽക്കുമ്പോൾ യഥാർഥത്തിൽ കാഴ്ചക്കാരുടെ റോളാണ് യുഡിഎഫിന്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇഡി അന്വേഷണത്തിനു വിധേയരാകുന്ന ഈ ഘട്ടത്തിൽ പേരിനു പോലും കേന്ദ്ര അന്വേഷണം അവർക്ക് ആവശ്യപ്പെടാനും കഴിയില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വപ്നയ്ക്കു കിട്ടിയ ജോലി, സംരക്ഷണം, ബെംഗളൂരുവിലേക്കു രക്ഷപ്പെടാൻ ലഭിച്ച ഒത്താശ തുടങ്ങി സർക്കാരിലേക്കു ബന്ധിപ്പിക്കുന്ന കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ ഉയർത്തുന്ന ഗുരുതര ആരോപണങ്ങളും കൂട്ടിക്കെട്ടി പ്രതിപക്ഷദൗത്യം നിറവേറ്റുകയാണ് അവർക്കു മുന്നിലെ മാർഗം.

സംഘപരിവാറിന്റെ മുഖ്യധാരയിൽ ഉള്ളവർക്കല്ല, പകരം വിമതശബ്ദങ്ങൾക്കാണ് സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വാധീനമെന്നു കരുതുന്നവരുണ്ട്. ദേശീയതലത്തിലെ ആ ചെറുവിഭാഗത്തിനു കേരളത്തിലും ആരാധകരുണ്ട്. പ്രതിപക്ഷം ആരോപിക്കുന്ന സിപിഎം – ബിജെപി കേസൊതുക്കൽ ധാരണ അക്കൂട്ടർ അപ്പോൾ സ്വപ്നയെ ഉപയോഗിച്ചു പൊളിച്ചതാണോ? സ്വപ്നയുടെ ആരോപണങ്ങളെ വീണ്ടും ഏറ്റെടുക്കാൻ കേരള ബിജെപി നേതൃത്വം നിർബന്ധിതമായതാണോ? രാഷ്ട്രീയ അന്തർനാടകങ്ങൾക്കു തിരശീല താഴാറേയില്ല.

English Summary: Swapna Suresh's new allegations and LDF

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA