വേണോ നമുക്ക് രാജ്യസഭ?

tharoor
SHARE

ലോക്സഭപോലെ രാജ്യസഭയും രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. മുതിർന്ന രാഷ്ട്രതന്ത്രജ്ഞരുടെ വേദി എന്ന ലേബൽ രാജ്യസഭയ്ക്ക് പണ്ടേ നഷ്ടപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റവരുടെയും മത്സരിക്കാൻ പേടിക്കുന്നവരുടെയും അഭയസ്ഥാനമായി ഇന്ന് രാജ്യസഭ. സംസ്ഥാനങ്ങളുടെ സ്വരം പ്രതിഫലിക്കേണ്ടിടത്ത് ഉയരുന്നത് പാർട്ടികളുടെ സ്വരം

വിവിധ സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ്, ഭരണഘടനയിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ ദേശീയ പാർലമെന്റിന്റെ ഉപരിസഭ എന്ന ഘടകത്തെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവന്നിരിക്കുകയാണ്. മാധ്യമങ്ങൾ ഊഹാപോഹങ്ങൾക്കു പഴുതില്ലാത്ത രാഷ്ട്രീയ നിരീക്ഷണ ലേഖനങ്ങൾ എഴുതി. ( അതതു സംസ്ഥാനങ്ങളിലെ എംഎൽഎമാരാണു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കുന്നത് എന്നതിനാലും ഓരോ പാർട്ടിയുടെയും അംഗസംഖ്യ എല്ലാവർക്കും അറിയാവുന്നതിനാലും വിപ്പ് പുറപ്പെടുവിക്കുന്നതുകൊണ്ടും ആരൊക്കെ ജയിക്കുമെന്നു മുൻകൂട്ടി പറയാനാകുമെന്നതാണു കാരണം). എന്നാൽ, സ്ഥിരം വിഷയങ്ങളായ ബിജെപി മേധാവിത്വം, റിസോർട്ട് രാഷ്ട്രീയം, കുറച്ച് എംഎൽഎമാർ വഴിവിട്ട് സ്വന്തം ബാലറ്റ് കുളമാക്കുകയോ പാർട്ടി താൽപര്യങ്ങൾക്കു വിരുദ്ധമായി വോട്ടു ചെയ്യുകയോ ചെയ്തതിനാലുണ്ടായ ചില അതിശയവിജയങ്ങൾ തുടങ്ങിയവയ്ക്കപ്പുറം രാജ്യസഭ എന്ന സ്ഥാപനത്തിന്റെ സ്വഭാവം തന്നെയാണു യഥാർഥത്തിൽ താൽപര്യമുണർത്തുന്ന കാര്യം.

ബ്രിട്ടന്റെ ഹൗസ് ഓഫ് ലോഡ്സ് എന്ന ഉപരിസഭയെ മാതൃകയാക്കിയാണു നമ്മുടെ രാജ്യസഭ രൂപീകരിച്ചിട്ടുള്ളതെന്നു പറയാറുണ്ട്. ഹൗസ് ഓഫ് ലോഡ്സിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതു ജനങ്ങളുടെ വോട്ടു പ്രകാരമല്ല. പദവിയും യോഗ്യതയും നോക്കി മുതിർന്ന രാഷ്ട്രതന്ത്രജ്ഞരെ നിയമിക്കുകയാണ്. എന്നാൽ, അതു മാത്രമല്ല മാതൃക. ഒരു ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന താൽപര്യങ്ങൾ പ്രതിഫലിപ്പിക്കാനുദ്ദേശിച്ചു സൃഷ്ടിച്ചിരിക്കുന്ന യുഎസിലെ സെനറ്റിന്റെ സവിശേഷതകളും ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്. എന്നാൽ, നമ്മുടെ രാജ്യസഭയും ഈ രണ്ടു വിദേശ മുൻഗാമികളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുമുണ്ട്. ബ്രിട്ടിഷ് ഉപരിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും അവരവരുടെ പാരമ്പര്യ പദവികൾപ്രകാരം നിയമിക്കപ്പെടുന്നവരാണ്. 

ആ വഴിക്കു നമുക്കും ബ്രിട്ടിഷ് കാലത്തുണ്ടായിരുന്ന ചേംബർ ഓഫ് പ്രിൻസസിനെ എളുപ്പത്തിൽ രാജ്യസഭയാക്കി രൂപമാറ്റം വരുത്താമായിരുന്നു. അധികാരം നഷ്ടപ്പെട്ട രാജാക്കന്മാർക്കും നവാബുമാർക്കും പുതുതലമുറ രാജകുമാരന്മാർക്കുമായി സീറ്റുകൾ മാറ്റിവയ്ക്കാമായിരുന്നു. എന്നാൽ, ജനാധിപത്യ മനസ്സുണ്ടായിരുന്ന നമ്മുടെ രാഷ്ട്രശിൽപികൾ ഈ പാരമ്പര്യവാദത്തെ തള്ളിക്കളയുകയും സംസ്ഥാന അസംബ്ലികൾ വഴി രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കണമെന്ന നിലപാടെടുക്കുകയും ചെയ്തു. യുഎസ് സെനറ്റിലാകട്ടെ, ജനസംഖ്യയും വലുപ്പവും നോക്കാതെ എല്ലാ സ്റ്റേറ്റുകൾക്കും തുല്യ എണ്ണം അംഗങ്ങളാണുള്ളത്. അവിടെ വിശാലമായ കലിഫോർണിയയ്ക്കും കുഞ്ഞു സ്റ്റേറ്റുകളായ ഡെലവെയറിനും റോഡ് ഐലൻഡിനുമൊക്കെ രണ്ടുവീതം പ്രതിനിധികളാണ്. നമ്മുടെ ഭരണഘടന ആ ആശയവും തള്ളി. ജനസംഖ്യാനുപാതികമായി, വലിയ സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രതിനിധികളെ അയയ്ക്കാം. അതായത്, രാജ്യസഭ ഈ രണ്ടു മാതൃകകളും കൃത്യമായി അനുകരിച്ചിരിക്കുകയാണെന്നു പറയാനാകില്ല. 

എന്നാൽ, മറ്റു രാജ്യങ്ങളുടെ ഉപരിസഭകളുടെ ഒരു പ്രധാന സവിശേഷത നമ്മളും തത്വത്തിൽ നിലനിർത്തിയിട്ടുണ്ട്. മുതിർന്ന അംഗങ്ങളുടെ ഒരു ഫോറം എന്ന നിലയിൽ നിയമനിർമാണ സംരംഭങ്ങളിൽ പക്വതയുള്ള നിലപാടുകൾ വയ്ക്കുക, ലോക്സഭയിൽ ഉണ്ടായേക്കാവുന്ന തരത്തിലുള്ള ദൈനംദിന രാഷ്ട്രീയപ്പോരുകളിൽനിന്ന് പരമാവധി ഒഴിഞ്ഞുനിന്നുകൊണ്ട്, എക്സിക്യൂട്ടീവിനുമേൽ ലെജിസ്ലേറ്റീവിന്റെ ഭാഗത്തുനിന്നു സ്പീഡ് ബ്രേക്കർ പോലെയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരിക തുടങ്ങിയവ. വിവിധ രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ വരുന്ന നമ്മുടെ രാജ്യത്ത്, സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭരണഘടനാ സ്ഥാപനം എന്ന സവിശേഷതയും നമ്മൾ വിഭാവന ചെയ്തു. 

എന്നാൽ, ഭരണഘടന സൃഷ്ടിക്കപ്പെട്ട് 72 വർഷം കഴിഞ്ഞ ഈ സമയത്ത് തിരിഞ്ഞുനോക്കുമ്പോൾ ഈ തത്വങ്ങളോ ലക്ഷ്യങ്ങളോ നടപ്പായതായി കാണാനാവില്ല. ലോക്സഭപോലെതന്നെ പൂർണമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുകയാണു രാജ്യസഭയും. തിരഞ്ഞെടുപ്പു പ്രക്രിയ മുതൽ അടുത്ത കാലങ്ങളിലെ രാജ്യസഭാ യോഗങ്ങളുടെ ബഹളമയമായ സ്വഭാവം വരെ പരിശോധിച്ചാൽ അതു വ്യക്തമാകും. കൂടുതൽ രാഷ്ട്രീയ സ്വഭാവമുള്ള അധോസഭയിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല നമ്മുടെ ഉപരിസഭയും. മുതിർന്ന രാഷ്ട്രതന്ത്രജ്ഞരുടെ വേദി എന്ന ലേബൽ പണ്ടേ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നവരുടെയും ജയം ഉറപ്പില്ലാത്തതിനാൽ മത്സരിക്കാൻ മടിക്കുന്നവരുടെയും അഭയസ്ഥാനമായി രാജ്യസഭ മാറി. 

സംസ്ഥാനങ്ങളുടെ സ്വരം പ്രതിഫലിപ്പിക്കുക എന്നതിൽ നിന്നു മാറി പാർട്ടിയുടെ ശബ്ദം കേൾപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ, ഒരു സംസ്ഥാനത്ത് മറ്റു സംസ്ഥാനക്കാരെ നിർദേശിക്കുന്ന രീതി പാർട്ടികൾ തുടങ്ങിയതോടെ ‘കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്’ എന്ന സങ്കൽപത്തിനും അർഥമില്ലാതെയായി. സംസ്ഥാനത്തിന്റെ സ്വത്വവും വികാരവും പ്രതിനിധീകരിക്കുക എന്നതിന് അടിസ്ഥാനമായി ഭരണഘടന നിർദേശിച്ചിരുന്ന നിബന്ധന– മത്സരാർഥിക്ക് ആ സംസ്ഥാനത്തു തിരഞ്ഞെടുപ്പു വിലാസം വേണമെന്നത്– 2003ൽ എടുത്തുകളയുകയും ചെയ്തു. അതോടെ,  ഒരു ബന്ധവുമില്ലാത്ത സംസ്ഥാനത്തുനിന്നു സ്ഥാനാർഥികൾക്കു മത്സരിക്കാം. അങ്ങനെ, സംസ്ഥാനത്തിന്റെ പ്രത്യേക താൽപര്യങ്ങൾ ഉയർത്തുക എന്ന ലക്ഷ്യം വിട്ട്, കേന്ദ്ര സർക്കാരിനോടുള്ള തന്റെ പാർട്ടിയുടെ നിലപാട് അവതരിപ്പിക്കുക എന്നതായി രാജ്യസഭാംഗത്തിന്റെ കർത്തവ്യം. 

ഈ സാഹചര്യത്തിൽ, ഒരു രാജ്യസഭ തന്നെ നമുക്ക് എന്തിനു വേണം? ഈ ചോദ്യം ഭരണഘടനാ നിർമാണസഭയായ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും ഉന്നയിക്കപ്പെട്ടിരുന്നു. ലോകനാഥ് മിശ്ര എന്ന അംഗം ഉപരിസഭ വേണ്ട എന്ന ആശയം ഉയർത്തിയത് അതു പൊതുധനവും സമയവും പാഴാക്കുന്ന പരിപാടിയാണെന്നു ചൂണ്ടിക്കാട്ടിയാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ലാത്തവർ രാജ്യസഭവഴി മന്ത്രിമാരാകുന്നതു തത്വത്തിൽ ജനാധിപത്യവിരുദ്ധമാണ് എന്ന വാദം ഉന്നയിച്ചുകൊണ്ടാണ് മറ്റു ചില അംഗങ്ങൾ എതിർപ്പുയർത്തിയത്. ഒറ്റത്തട്ടു ഭരണസംവിധാനമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിലെ രണ്ടാംതട്ടു സംവിധാനത്തിലേക്ക് എന്തിനു പ്രതിനിധികളെ അയയ്ക്കണം എന്നും വേറെ ചിലർ ചൂണ്ടിക്കാട്ടി. (ഇപ്പോൾ കേരളം ഉൾപ്പെടെ 24 സംസ്ഥാനങ്ങളിൽ ഉപരിസഭയോ കൗൺസിലോ ഇല്ല. ആറു സംസ്ഥാനങ്ങൾക്കു മാത്രമാണു ലെജിസ്ലേറ്റീവ് കൗൺസിലുള്ളത്.) പലരുടെയും കാഴ്ചപ്പാട് രാജ്യസഭ എന്ന സ്ഥാപനം നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ കരുത്ത് എന്നതിനെക്കാൾ ബാധ്യതയാണെന്നായിരുന്നു. എന്നാൽ ആ വാദങ്ങളെല്ലാം തള്ളിക്കളയപ്പെട്ടു. 

സ്വാതന്ത്ര്യത്തിന്റെ ഈ 75–ാം വർഷം നമ്മുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പാർലമെന്ററി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് ഒരു പുനരന്വേഷണം നടത്തേണ്ട സന്ദർഭമല്ലേ? രാജ്യസഭ എന്ന സ്ഥാപനം നമുക്ക് ആവശ്യമുള്ള തരത്തിലുള്ളതാണോ എന്ന കാര്യത്തിൽ ഒരു പുതുചർച്ച തുടങ്ങിവയ്ക്കേണ്ടതില്ലേ? ലോക്സഭയിലെ എന്റെ സഹഅംഗം മനീഷ് തിവാരി ചൂണ്ടിക്കാണിക്കുന്നത്, ഈ ഇരുതട്ടു സമ്പ്രദായം ഭരണഘടനയുടെ ‘അടിസ്ഥാന ഘടന’യോട് ഉൾച്ചേർന്നിരിക്കുന്നതാണെന്നു നമ്മുടെ ജുഡീഷ്യറി ഒരിക്കലും നിരീക്ഷിച്ചിട്ടില്ല എന്നാണ്. ഇന്ത്യയ്ക്കു രാജ്യസഭ ആവശ്യമുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വാദം തന്നെയാണിത്.

English Summary: Do we need Rajyasabha? Shashi Tharoor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA