തീ പിടിച്ച വഴി

agnipath-army
SHARE

സൈന്യത്തിലേക്കുള്ള പ്രവേശനമാർഗത്തെ അങ്ങേയറ്റം ഞെരുക്കുന്ന അഗ്നിപഥ് അനാകർഷകമാണെന്നു മാത്രമല്ല, അനാവശ്യവുമാണ്

രാജ്യത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സ്ഥാപനമാണ് നമ്മുടെ പ്രതിരോധസേന. 140 രാജ്യങ്ങളിലെ സേനകളെ വിലയിരുത്തുന്ന ഫയർപവർ ഡിഫൻസ് റിവ്യൂവിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ നാലാമത്തെ കരുത്തറ്റ സൈന്യമാണ് ഇന്ത്യയുടേത്. അച്ചടക്കം, പരിശീലനം, ശാരീരികശേഷി, പ്രചോദനം എന്നിവയിലെല്ലാം ഏറ്റവും മികവുള്ള നമ്മുടെ സൈനികർ രാജ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടി ജീവത്യാഗം ചെയ്യാൻ സദാ സന്നദ്ധരായി നിൽക്കുന്നു. ജാതി, മതം, പ്രദേശം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ പേരിലുള്ള ഒരു വിവേചനവും നമ്മുടെ സേനകളിലില്ല. നമ്മുടെ അഭിമാനമാണ് നമ്മുടെ സൈന്യം.

നാലിൽ മൂന്നുപേർ പുറത്ത്

യുവാക്കളെ ഹ്രസ്വകാലത്തേക്ക് – 4 വർഷം – സൈനികസേവനത്തിലേക്കു കൊണ്ടുവന്ന് സൈന്യത്തിന്റെ ശേഷി പരമാവധിയിലെത്തിക്കുകയാണ് അഗ്നിപഥ് എന്ന പുതിയ റിക്രൂട്മെന്റ് സംവിധാനത്തിന്റെ ലക്ഷ്യമെന്നാണു സർക്കാർ പറയുന്നത്. കര, നാവിക, വ്യോമ സേനകളിൽ സൈനികരാകാനുള്ള ഒരേയൊരു പ്രവേശനമാർഗം ഇനി മുതൽ അഗ്നിപഥ് ആയിരിക്കും. 17.5 – 21 പ്രായപരിധിയിലുള്ള, പത്താം ക്ലാസ് പാസായ പുരുഷന്മാ‍ർക്കു ദേശീയ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഈ വർഷം കരസേനയിൽ നാൽപതിനായിരവും വ്യോമ, നാവിക സേനകളിൽ 3000 വീതവുമാണ് ഒഴിവുകളുള്ളത്. കഴിഞ്ഞ രണ്ടു വർഷം സൈന്യത്തിലേക്കു റിക്രൂട്മെന്റ് നടക്കാത്തതുകൊണ്ട് ഇത്തവണ മാത്രം പരമാവധി പ്രായപരിധി 23 ആക്കിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഈ ആനുകൂല്യം ഉണ്ടാവില്ല. വേതനം ആകർഷകമാണ്. പക്ഷേ, വലിയ പോരായ്മ, നിയമനം നേടുന്നവരിൽ നാലിലൊന്നു പേർക്കു മാത്രമേ സൈന്യത്തിൽ സ്ഥിരനിയമനം ലഭിക്കൂ എന്നതാണ്. 75% പേരും നാലുവർഷ കാലാവധി കഴിയുമ്പോൾ പുറത്താകുമെന്നർഥം.

chacko
ലഫ്.ജനറൽ ചാക്കോ തരകൻ (റിട്ട.)

തന്ത്രപരമായ വെല്ലുവിളികൾ

സൈന്യത്തിലേക്കുള്ള യുവാക്കളുടെ വരവ് അനാകർഷകവും ബുദ്ധിമുട്ടേറിയതുമാക്കുന്നതിനു പുറമേ പ്രായോഗികവും തന്ത്രപരവുമായ ഒട്ടേറെ പ്രതിസന്ധികൾ അഗ്നിപഥ് സംവിധാനം സൃഷ്ടിക്കുന്നുണ്ട്.

15,000 കിലോമീറ്റർ കര അതിർത്തിയും 7500 കിലോമീറ്റർ സമുദ്രതീരവുമുണ്ട് നമ്മുടെ രാജ്യത്തിന്. പാക്കിസ്ഥാൻ, ചൈന അതിർത്തികളിലും കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി ആഭ്യന്തര പ്രശ്നമേഖലകളിലും പൂർണ പരിശീലനം ലഭിച്ച, സദാ യുദ്ധസന്നദ്ധരായ സൈനികർക്കു പകരം ‘ഹ്രസ്വകാല അഗ്നിപഥ് ട്രെയിനികളെ’ വിന്യസിക്കുന്നതുണ്ടാക്കാവുന്ന സുരക്ഷാ വെല്ലുവിളി ലളിതമായിരിക്കില്ല.

ആറുമാസമാണ് അഗ്നിപഥ് സൈനികർക്കുള്ള പരിശീലന കാലാവധി. സാങ്കേതികവും തന്ത്രപരവുമായ തുടർപരിശീലനത്തിലൂടെ അവരെ പൂർണ സജ്ജരായ സൈനികരാക്കി മാറ്റുക എന്ന ചുമതല അവർ നിയമിക്കപ്പെടുന്ന യൂണിറ്റുകളുടെ ചുമലിലാണ്. ഒരുപാടു സമയവും വലിയ അധ്വാനവും ചെലവിട്ട് ഈ ചെറുപ്പക്കാരെ പരിശീലിപ്പിച്ചാലും അവരെ ഉപയോഗിക്കാൻ കഴിയുന്നത് ആകെ 4 വർഷം മാത്രം.

 ‘ജോലിക്കിടെ പരിശീലിപ്പിക്കപ്പെടുന്ന’ ഇവരെ അതിർത്തികൾ അടക്കമുള്ള സജീവ പ്രതിരോധ മേഖലകളിൽ നിയോഗിക്കുമ്പോഴുണ്ടാകാവുന്ന പ്രായോഗിക വീഴ്ചകൾ ഒഴിവാക്കാനും വലിയ ശ്രമം വേണ്ടിവരും. സ്ഥിരം സൈനികരുടെ എണ്ണം കുറച്ച് ഹ്രസ്വകാല അപ്രന്റിസുകളെ നിയോഗിക്കുന്നതു രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടെന്നു ചുരുക്കം.

നമ്മുടെ സൈന്യത്തിലെ ‘റജിമെന്റ്’ സംവിധാനം സൈനികർക്കു വലിയ ഉത്തേജനമാണ്. സ്വന്തം റജിമെന്റിന്റെ അഭിമാനം എന്നത് അവരുടെ പോരാട്ടവീര്യത്തെ എപ്പോഴും പ്രചോദിപ്പിച്ചിരുന്നു. റജിമെന്റുകൾക്കു പകരം ഇന്ത്യ മുഴുവൻ ഒറ്റ ക്ലാസ് എന്ന സംവിധാനം വരുന്നതോടെ തെളിയിക്കപ്പെട്ട ഈ പോരാട്ടവീര്യത്തിനാകും ഇടിവുണ്ടാവുക. മാത്രമല്ല, സംസ്ഥാനാടിസ്ഥാനത്തിലുള്ള റിക്രൂട്മെന്റിനു പകരം ദേശീയ മെറിറ്റ് വരുന്നതു സൈന്യത്തിൽ പ്രാദേശികമായ അസന്തുലിതാവസ്ഥയും സൃഷ്ടിക്കാം.

സൈന്യത്തിലെ ഹ്രസ്വകാല നിയമനം ഫലപ്രദമല്ലെന്നതിനു ഇപ്പോൾ തന്നെ ഉദാഹരണമുണ്ട്. സ്ഥിരം ഓഫിസർ കേഡറിന്റെ വലുപ്പം കുറച്ച് ഷോർട്ട് സർവീസ് കമ്മിഷനിലൂടെ സൈന്യത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്ന സംവിധാനം ഇപ്പോഴും വിജയിച്ചിട്ടില്ല; അത് ആകർഷകമാക്കാനുള്ള പല ശ്രമങ്ങൾ നടത്തിയിട്ടും. ഷോർട്ട് സർവീസ് കമ്മിഷനെക്കാൾ സേവനകാലാവധി കുറഞ്ഞതാണ് അഗ്നിപഥ്. ചുരുക്കത്തിൽ, സൈന്യത്തിലേക്കുള്ള പ്രവേശനമാർഗത്തെ അങ്ങേയറ്റം ഞെരുക്കുന്ന അഗ്നിപഥ് അനാകർഷകമാണെന്നു മാത്രമല്ല, അനാവശ്യവുമാണ്.

ഒഴിവാക്കപ്പെടുന്ന ജീവിതങ്ങൾ

രാജ്യത്ത് ഓരോ തവണയും സൈനിക റിക്രൂട്മെന്റ് റാലികൾക്കെത്തുന്ന ചെറുപ്പക്കാരുടെ എണ്ണം എത്ര വലുതാണെന്നു നമുക്കറിയാം. കഠിനമായ ശാരീരികക്ഷമതാ പരിശോധനയും എഴുത്തുപരീക്ഷയും കടന്നെത്തുന്ന ചെറുപ്പക്കാർക്ക് 15 വർഷത്തെ സ്ഥിരനിയമനമാണു ലഭിച്ചുപോന്നത്. പിരിയുമ്പോൾ പെൻഷൻ ഉൾപ്പെടെ വിമുക്ത ഭടന്മാർക്കുള്ള മറ്റ് ആനുകൂല്യങ്ങളും കിട്ടുമായിരുന്നു.

കഠിനമായ ആ റിക്രൂട്മെന്റ് മാനദണ്ഡങ്ങൾ അഗ്നിപഥിലും അതേപടി ബാധകമാണ്. പക്ഷേ, നിയമനം നേടുന്നവരിൽ 75 % നാലു വർഷം കഴിയുമ്പോൾ സൈന്യത്തിനു പുറത്താകും. അവിശ്വസനീയവും നീതീകരിക്കാനാകാത്തതുമാണിത്. പുറന്തള്ളപ്പെടുന്ന, 25 വയസ്സുമാത്രമുള്ള ആ ചെറുപ്പക്കാരുടെ പരാജയബോധം എത്ര വലുതായിരിക്കും? ‘വലിയ സ്വപ്നങ്ങൾ കാണുക’ എന്നായിരുന്നു ഡോ. എ.പി.ജെ അബ്ദുൽ കലാം ചെറുപ്പക്കാരോട് എപ്പോഴും പറഞ്ഞിരുന്നത്. എന്നാ‍ൽ, ഇവിടെ ചെറുപ്പക്കാരുടെ സ്വപ്നങ്ങളെ ചെറുതാക്കുന്ന, മുളയിലേ നുള്ളുന്ന, അവരുടെ ആത്മവിശ്വാസത്തെ താറുമാറാക്കുന്ന ഒരു പദ്ധതി സർക്കാർ തന്നെ കൊണ്ടുവന്നിരിക്കുന്നു! സാമ്പത്തികമായ നഷ്ടപരിഹാരങ്ങൾ ആത്മാഭിമാനത്തിന് പകരമാകില്ലല്ലോ.

ആദ്യം പരീക്ഷിക്കൂ

സർക്കാർ ഈ പദ്ധതി കൊണ്ടുവന്ന രീതിയിലും പ്രശ്നങ്ങളുണ്ട്. നിലവിലുള്ള സംവിധാനം പൊടുന്നനെ മാറ്റുന്നതിനു മുൻപ് പൊതു അഭിപ്രായം തേടുകയും വിശാലാടിസ്ഥാനത്തിൽ ചർച്ച ചെയ്യുകയും വേണ്ടിയിരുന്നു. ഇപ്പോഴും സമയം വൈകിയിട്ടില്ല. 

നിലവിലുള്ള റിക്രൂട്മെന്റ് രീതി നിലനിർത്തിക്കൊണ്ടുതന്നെ, പരീക്ഷണാടിസ്ഥാനത്തിൽ സമാന്തര മാർഗമായി അഗ്നിപഥ് അവതരിപ്പിക്കാം. നിലവിലുള്ള ഒഴിവുകളുടെ ഒരു ഭാഗം അഗ്നിപഥ് റിക്രൂട്മെന്റിനായി മാറ്റിവയ്ക്കാം. ഇതിലൂടെ അഗ്നിപഥിനെ വിലയിരുത്തുകയും അതിന്റെ സ്വീകാര്യത പരിശോധിക്കുകയും ചെയ്യാം. അതുവരെ നിലവിലുള്ള റിക്രൂട്മെന്റ് രീതി തുടരുന്നതു തന്നെയാണ് ഉചിതം.

(കരസേനാ ആസ്ഥാനം മുൻ ഡയറക്ടർ ജനറലാണു ലേഖകൻ)

English Summary: Criticism against Agnipath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA