ആകാശത്തു ചരിത്രം സൃഷ്ടിക്കുകയായിരുന്നു യൂത്ത് കോൺഗ്രസുകാർ! കാറും ബസും ട്രെയിനും ഒക്കെ പണ്ടേ സമരവേദികളാക്കിയതാണ്. എന്നിട്ടും ആകാശത്തു സൂചികുത്താൻപോലും സാധിച്ചിരുന്നില്ല. ഇങ്ങനെപോയാൽ ലോക സമരാക്രമണ ചരിത്രം നമ്മളെ കൊഞ്ഞനംകുത്തില്ലേ; അവർ ചിന്തിച്ചു. എന്നിട്ടു പ്രതിജ്ഞയെടുത്തു: സഖാവ് യൂറി ഗഗാറിനാണെ സത്യം, ആകാശത്ത് ഒരു മുഖ്യനെതിരെ ആദ്യത്തെ അതിക്രമം ഞങ്ങളുടെ അക്കൗണ്ടിലായിരിക്കും.
അപ്പോഴാണു വെറും പാവങ്ങളായി സഖാക്കളുടെ ചോദ്യം: വിമാനത്തിൽ ഇങ്ങനെയൊക്കെ ചെയ്യാമോ? അധാർമികമല്ലേ? മുൻപ് ആഘോഷിച്ചതെല്ലാം മറന്നാണു ചോദ്യം.
1950ൽ ബോംബുമായി ഇറങ്ങിയതാണു സഖാക്കൾ. അന്നു പറവൂർ ടി.കെ.നാരായണപിള്ള തിരു– കൊച്ചി മുഖ്യൻ. ആരെ കൊന്നാൽ വിപ്ലവം വരുമെന്ന് എത്തും പിടിയുമില്ലാതെ സഖാക്കൾ തെക്കുവടക്കു നടക്കുന്ന കാലം. വിപ്ലവത്തിന്റെ കനലുകൾ കണ്ടാൽ ടികെ അവിടെ വെള്ളമൊഴിച്ചിരിക്കും. ടികെയെയും മന്ത്രിമാരെയും തുടച്ചുനീക്കി വിപ്ലവം വരുത്തിയാലോ? അവർ നിയമസഭയിലേക്കു പോകുമ്പോൾ ബോംബ് എറിയാമെന്നായി ആലോചന. മുന്നിൽ നിന്ന വിപ്ലവസിംഹം ഉച്ചത്തിൽ ഗർജിച്ചു, സഖാക്കളേ ഈ കാറിൽ ടികെയില്ല. മറ്റുള്ളവർ കോറസായി വിളിച്ചു, ഈ കാറുകളിൽ മന്ത്രിമാരുമില്ല! തലേന്നുതന്നെ ആർഎസ്പിക്കാർ വിവരം ചോർത്തിയത്രേ. അസ്ഥാനത്തിരുന്ന ബോംബുകൾ അസമയത്തു പൊട്ടാഞ്ഞത് ആരുടെയോ ഭാഗ്യം!
നിറയെ യാത്രക്കാരുമായി 1970 ജനുവരി 21നു കൂട്ടുപുഴയിൽനിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. മട്ടന്നൂരിനടുത്തു ചാവശേരിയിൽ വച്ചു തീയിട്ടു. കത്തിയമർന്നതു 4 യാത്രക്കാർ. അന്നും ഇന്നും ഒരേ നയം. എന്തും ചെയ്യും. പക്ഷേ, ഉത്തരവാദിത്തം ഏൽക്കില്ല. എന്നിട്ടു സ്വയം വിശേഷിപ്പിക്കും, ധീര സഖാക്കൾ. സംഭവസ്ഥലത്തു കമ്യൂണിസ്റ്റുകൾക്കു സ്വാധീനം ഇല്ലെന്നു പറഞ്ഞു നമ്പൂതിരിപ്പാടിന്റെ തലയൂരൽ; അവിടെ ലീഗുകാരാണു കൂടുതലുള്ളതെന്നു വ്യാഖ്യാനിച്ച് എകെജിയുടെ തടിയൂരലും. സിപിഎം എംഎൽഎ കൃഷ്ണൻ നമ്പ്യാർ സ്വയം നുള്ളിനോക്കി, താൻ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കാൻ! കാരണം, അത്തവണയും മട്ടന്നൂർ ഉൾപ്പെട്ട ഇരിക്കൂറിൽ പതിനായിരത്തിലേറെ വോട്ടിനു ജയിച്ചതു നമ്പ്യാരായിരുന്നു.

2003ൽ കോഴിക്കോട്ട് റെയിൽവേ സ്റ്റേഷനിൽ മന്ത്രി തോമസ് മാഷിനെ കരിഓയിൽ ഒഴിച്ചു. ‘കത്തിക്കെടാ’ എന്ന് എസ്എഫ്ഐക്കാർ ആക്രോശിച്ചതായി മാഷിന്റെ മൊഴി. സഖാക്കൾ ചോദിക്കുന്നു: എന്നിട്ടു മാഷ് ഇപ്പോൾ എവിടെ? പ്രഫ.കെ.വി.തോമസ് ഇപ്പോൾ ഏതാണ്ട് സഖാവ് കെ.വി.ടി.! .2013ൽ ഉമ്മൻ ചാണ്ടിയുടെ നെഞ്ചത്തും കല്ലെറിഞ്ഞു. രാജ്യത്തു മുഖ്യനെ കല്ലെറിയുന്ന ആദ്യത്തെ സംഭവം.
അതൊന്നും വിമാനത്തിൽ അല്ലല്ലോയെന്നാണു സഖാക്കളുടെ ചോദ്യം.
വിമാനത്തിൽ പിണറായി മുഖ്യൻ സീറ്റിന്റെ വശങ്ങളിലെ രണ്ടു പിടിയിലും അമർത്തിപ്പിടിച്ചിരിക്കുമ്പോഴാണു പ്രതിഷേധവുമായി യൂത്തൻമാർ വന്നതെന്നു ജയരാജൻ സഖാവ്. നിഘണ്ടുവിൽ ഇല്ലാത്ത പിപ്പിടി എന്ന വാക്ക് അദ്ദേഹത്തിനു സ്വന്തമാകുന്നതുതന്നെ ഇത്തരം പിടിത്തം കൊണ്ടാണെന്നും സഖാവ് പറയുന്നു. സത്യം പറയാമല്ലോ. ഇപി സഖാവ് വായെടുത്താൽ സത്യമേ പറയാറുള്ളൂ. അതുപക്ഷേ, ആദ്യം പറയുന്നതാണോ പിന്നെ മാറ്റിപ്പറയുന്നതാണോയെന്നേ സംശയിക്കേണ്ടതുള്ളൂ. യൂത്തൻമാർ അടിച്ചു പൂസായിരുന്നെന്ന് ഇപി ആദ്യം പറഞ്ഞതൊക്കെ നമുക്കു വിടാം. പൂസല്ലായിരുന്നെന്നു പിന്നെ തെളിഞ്ഞപ്പോൾ ഇപി സമ്മതിച്ചു തന്നില്ലേ, അത്രയും നന്ന്. പക്ഷേ, കോടിയേരി സഖാവ് ഇങ്ങനെ മാറ്റിപ്പറയുമെന്ന് ആരെങ്കിലും ഓർത്തിരുന്നോ. സംഭവസമയം മുഖ്യൻ വിമാനത്തിൽനിന്ന് ഇറങ്ങിയിരുന്നെന്ന് ആദ്യം പറഞ്ഞ കോടിയേരി അതു തിരുത്തി പൊളിറ്റിക്കലി കറക്ട് ആക്കി. സംഗതി വധശ്രമം തന്നെ.
പക്ഷേ, ഇതിന്റെയൊന്നും കാര്യമില്ലായിരുന്നു. ജയരാജ സഖാവ് തടയാതെ പ്രതിഷേധക്കാർ തന്റെ അടുത്തേക്കു വന്നിരുന്നെങ്കിൽ മുഖ്യൻതന്നെ അതങ്ങു തടുത്തേനെ. ഓർമയില്ലേ, രണ്ടും കയ്യും കൂട്ടിപ്പിടിച്ച് പണ്ട് ബ്രണ്ണനിൽ പ്രയോഗിച്ച ആ ‘ഏക്ഷൻ’ ഒരിക്കൽക്കൂടി!
യു ടേൺ ഒരു കലാരൂപമല്ലേ സർ
യു ടേണിനെ ഒരു കലയായി അംഗീകരിക്കാമോ സർ. അല്ലെങ്കിൽ സർ, ഒരു കായിക ഇനമായെങ്കിലും മുദ്രകുത്താമോ? നിയമസഭാംഗങ്ങളിൽ ആരെങ്കിലും സ്പീക്കറോട് ഇങ്ങനെ ചോദിച്ചേക്കാം. കാരണം, ഇപ്പോഴത്തെ സർക്കാരിനെക്കാൾ യു ടേൺ അടിച്ചിട്ടുള്ള മറ്റേതെങ്കിലും സർക്കാരുണ്ടോ?
ഒടുവിൽ യു ടേൺ അടിച്ചതു സിൽവർലൈനിൽ. വല്ലാത്തൊരു തിരിച്ചറിവു സമ്മാനിച്ചവരല്ലേ തൃക്കാക്കരക്കാർ ?. ഉപതിരഞ്ഞെടുപ്പു കാലത്തെ ശബ്ദകോലാഹലം ആരെങ്കിലും മറക്കുമോ? സിൽവർലൈനുമായി സർക്കാർ മുന്നോട്ടുതന്നെ. കേരള ജനതയെ വികസനത്തിന്റെ സ്വാദ് അറിയിച്ചിരിക്കും. പ്രതിപക്ഷത്തിന്റെ എതിർപ്പോ? അവരോടു പോകാൻ പറ. ഭൂ ഉടമകളുടെ സമരമോ? അവരെ ആർക്കുവേണം? കല്ലു പിഴുന്നവരുടെ പല്ലു കാണില്ല. എന്തൊക്കെയായിരുന്നു വീരസ്യം വിളമ്പൽ. ഒടുവിൽ പവനായി ശവമായി. വോട്ടർമാർ അസ്ഥാനത്ത് അടിച്ചു. ഉടനെ തീരുമാനിച്ചു; വികസനത്തിന്റെ സ്വാദ് അറിയിക്കലൊക്കെ അൽപം വൈകിയാകാം.

ഗീർവാണങ്ങൾക്കു മേലങ്കി തുന്നലാണു സ്വരാജന്റെ ഇഷ്ട തൊഴിൽ. ഇഎംഎസിന്റെ ലോകം സെമിനാറിൽ സ്വരാജിന്റെ കിടിലൻ ഉപദേശം ഇങ്ങനെ: ‘സിൽവർലൈനിനെ എതിർക്കുന്നവർ, ഇത്രയും വേഗത്തിൽ എങ്ങോട്ടു പോകുന്നുവെന്നു ചോദിച്ചാൽ നിന്റെ അപ്പൂപ്പന്റെ അടിയന്തിരത്തിനു പോകുന്നുവെന്നു വേണം പറയാൻ’. അടുത്ത വാചകമാണു കിക്കിടിലൻ. ‘നമ്മൾ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ്. അതിനാൽ ഇങ്ങനെയുള്ള വാചകങ്ങൾ പറയാൻ പാടില്ല.’ അപ്പോൾ അപ്പൂപ്പന്റെ അടിയന്തിരത്തിനു പോകുന്നുവെന്നു പറഞ്ഞതോ?
അൽപം കഴിഞ്ഞപ്പോയിരുന്നു മുഖ്യന്റെ വക യു ടേൺ. കേന്ദ്രം അനുവദിച്ചാൽ മാത്രം സിൽവർലൈൻ. ബ്ലീച്ച് ആയെന്നു പണ്ടും പ്ലിങ് ആയെന്ന് ഇപ്പോഴും പറയുന്ന അവസ്ഥയിലായി സ്വരാജൻ.
മുൻപു സോളർ കേസിൽ സെക്രട്ടേറിയറ്റ് വളയാൻ വന്ന സഖാക്കൾ ശുചിമുറി സൗകര്യമില്ലാതെ പുളഞ്ഞു. സമരം അവസാനിപ്പിച്ചെന്നു പിണറായി സെക്രട്ടേറിയറ്റിന്റെ ഒരു ഗേറ്റിൽ; അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു തോമസ് ഐസക് മറ്റൊരു ഗേറ്റിൽ. ഒടുവിൽ പന്തലും പൊളിച്ചു വയറും പൊത്തിപ്പിടിച്ചു സഖാക്കൾ പോയപ്പോൾ ഐസക് ചിരിച്ച ചിരിയാണ് ബ്ലീച്ച്. ഇങ്ങനെ പ്ലിങ്ങും ബ്ലീച്ചുമൊക്കെ ആകുന്ന ഐസക്കും സ്വരാജനുമാണ് ഇപ്പോൾ പാർട്ടി വക ‘ചിന്ത’കർ.
മുഖ്യൻ ഗിയർ മാറ്റുന്നതും ക്ലെച്ചിൽ ചവിട്ടുന്നതുമൊക്കെ ഞൊടിയിടയിൽ നടക്കും. അന്ധാളിച്ചുപോകും ഓരോ യു ടേണും കണ്ടാൽ. ശബരിമല വിധി നടപ്പാക്കാതെ അടങ്ങില്ലെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം ഇടത്തേക്കു നോക്കിയിട്ടു വലത്തോട്ടൊരു വെട്ടിത്തിരിക്കൽ. എന്നിട്ടു ഗിയർമാറ്റിയതും വമ്പനൊരു യു ടേൺ. പൊലീസ് നിയമം ഭേദഗതി ചെയ്തതും പിൻവലിച്ചതുമാണ് ഇതുവരെയുള്ളതിൽ റെക്കോർഡ് വേഗത്തിലുള്ള യു ടേൺ. മൂന്നാം ദിവസം നേരം പുലർന്നു വരുന്നതേയുള്ളൂ. അപ്പോഴേക്കും യു ടേൺ അടിച്ച് ഭേദഗതി ഉപേക്ഷിച്ചു. സ്പ്രിൻക്ലർ കരാർ ഉൾപ്പെടെ എത്രയെത്ര യു ടേണുകൾ! അതിനുള്ള മുദ്രാവാക്യം ഇങ്ങനെ ആകാം: ഉറച്ച നിലപാടുകൾ; വിറയ്ക്കുന്ന കാലുകൾ.
വെട്ടിത്തെളിച്ച് മുന്നേറുന്ന കോൺഗ്രസുകാർ
കുറ്റിയിൽനിന്നു പുട്ടു തള്ളി വരുന്നതു കാണാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കോൺഗ്രസുകാരുടെ ജാഥയിലേക്കു നോക്കുക. പുട്ട് ഇറങ്ങി വരുന്നതിനെക്കാൾ ചേലുണ്ടു കൂട്ടിയിടിച്ചു മുന്നേറാൻ ശ്രമിക്കുന്ന നേതാക്കളെ കാണാൻ. അവരുടെ മുഖത്തു നോക്കൂ, ഇടവും വലവും മാത്രമല്ല പാദവും ഉച്ചിയുംവരെ ചുറ്റിവളയുന്ന ഏകാഗ്രതയായിരിക്കും അപ്പോൾ. മകനെ വെട്ടിമുന്നേറാൻ ശ്രമിക്കുന്ന അച്ഛൻ, ഭാര്യയെ തള്ളിയിട്ടു മുൻനിര സ്ഥാനം ഉറപ്പിക്കാൻ കഷ്ടപ്പെടുന്ന ഭർത്താവ്, വളർത്തിയ നേതാവിനെ വളഞ്ഞുപിടിച്ചു പിന്നിലാക്കുന്ന യൂത്തൻ...അങ്ങനെ പലതരം നേതാക്കൾ.
രാഹുൽ ഗാന്ധി ഇഡിക്കു മുന്നിൽ നിൽക്കുകയും നേതാക്കൾ ഇടി വാങ്ങുകയും ചെയ്യുന്നതു പതിവു പരിപാടിയാണല്ലോ ഡൽഹിയിൽ. രാഹുലിനെ രക്ഷിക്കാൻ രാജ് ഭവനിലേക്കു മാർച്ച് ചെയ്യാൻ കെപിസിസിയും തീരുമാനിച്ചു. ചില നേതാക്കൾ ‘കേപിശീശി’ എന്നേ പറയൂ. അത് അവിടെ നിൽക്കട്ടെ, നമുക്കു രാജ്ഭവനിലേക്കു മാർച്ച് ചെയ്യാം.
സുധാകരനാശാൻ, സതീശ ലീഡർ, ചെന്നിത്തല നേതാവ് ...ഇവരൊക്കെയാണു മുന്നിൽ. പിന്നെ മുന്നിൽ ആരെന്നു ചോദിച്ചാൽ മുന്നിൽ നിൽക്കുന്നവർക്കുപോലും അറിയില്ല. ഒരു വനിതാ നേതാവേയുള്ളൂ മുന്നിൽ നിൽക്കാൻ; ബിന്ദു കൃഷ്ണ. അവർ ഒരടിവച്ചു മുന്നിലെത്താൻ ശ്രമിക്കുമ്പോൾ നാലടി വച്ചു മറ്റു നേതാക്കൾ അവരെ വെട്ടും. വീണ്ടും മുൻനിരയിലെത്താൻ ബിന്ദു ശ്രമിക്കും. പുരുഷകേസരികൾ കുതിക്കുമ്പോൾ അവർ പിന്നെയും പിന്നിലേക്ക്. ബിന്ദുവിനോടുള്ള ശത്രുതകൊണ്ടല്ല, കോൺഗ്രസിന്റെ പതിവു പരിപാടിയായതുകൊണ്ടാണ് ഈ കാലുവെട്ടൽ. പാതകളുടെ വീതി ആറുവരിയാക്കിയാലും ഈ പ്രശ്നത്തിനു പരിഹാരമാകുമെന്നു തോന്നുന്നില്ല. ഇതെല്ലാംകണ്ടു കുമ്പക്കുടിയാശാൻ കണ്ണുരുട്ടി പലരെയും നോക്കി. ആരു കാണാൻ? അവരെല്ലാം മറ്റു കാലുകൾ വെട്ടി മുന്നേറാനുള്ള തത്രപ്പാടിലല്ലേ?
കോൺഗ്രസുകാരുടെ പരിപാടിയെന്നു കേട്ടാൽ പണ്ടേ പന്തലുകാർ മടിക്കും. മറ്റൊന്നും കൊണ്ടല്ല, സദസ്സിലെക്കാൾ ആളുകൾ വേദിയിലാവും. ഒടിഞ്ഞു വീണാൽ ആശുപത്രിയിൽ കിടക്കുന്ന നേതാക്കളോടു പന്തലിന്റെ വാടക ചോദിക്കാനും പറ്റില്ല. മുൻപ്, കേന്ദ്രമന്ത്രിയായ നേതാവിനു വിമാനത്താവളത്തിൽ സ്വീകരണം. പത്രക്കാർ പടമെടുക്കുമ്പോൾ അതിൽ കയറിപ്പറ്റാൻ നേതാക്കളുടെ കൂട്ടയിടി. പത്രക്കാർ നോക്കുമ്പോൾ കേന്ദ്രമന്ത്രിയും പടത്തിൽ വരാൻ ഇടിയാണ്. ഇതെന്തു പുകില്! അപ്പോഴാണു മന്ത്രിക്കും ബോധം വന്നത്. അല്ല, ഞാൻ എന്തിനാ ഇടിക്കുന്നത്. ഇവരു വന്നിട്ടുള്ളത് എന്റെ പടമെടുക്കാനല്ലേ? എന്താ പറയുക. പഴയ ഓർമ!
സ്റ്റോപ് പ്രസ്
ഇ.പി.ജയരാജൻ യുഡിഎഫിന്റെ ഐശ്വര്യം.
യുഡിഎഫ് ഓഫിസുകളിൽ ചിത്രം വയ്ക്കലാണ് അടുത്തഘട്ടം.
English Summary: Azhchakurippukal-EP Jayarajan-Congress