ADVERTISEMENT

പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്കുള്ള പ്രയാണത്തിലാണ് കേരളം. സർക്കാരിന്റെ നേരിട്ടുള്ള കടമെടുപ്പ് ഒരു വശത്ത്. ബജറ്റിനു പുറത്ത് കിഫ്ബി പോലെ പല ഊടുവഴികൾ കണ്ടെത്തി കടമെടുത്തു ചെലവുകൾ നിർവഹിക്കുന്ന പുതിയരീതി മറുവശത്ത്. അമിതമായ കടമെടുപ്പ് കേരളത്തിന്റെയും മറ്റു ചില സംസ്ഥാനങ്ങളുടെയും വഴിമുട്ടിക്കുമെന്ന് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

കേരളം അതിസങ്കീർണമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുന്നെന്ന് കുറെക്കാലമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സിഎജി) റിപ്പോർട്ടുകളും സാമ്പത്തിക വിദഗ്ധരും ഒക്കെ മുന്നറിയിപ്പു നൽകിയിട്ടും ആവശ്യമായ പരിഹാര നടപടികൾ സംസ്ഥാനം കൈക്കൊണ്ടില്ല. സംസ്ഥാനങ്ങളുടെ പൊതു ധനകാര്യസ്ഥിതിയുടെ നടത്തിപ്പിനെപ്പറ്റിയുള്ള പഠനത്തിൽ കേരളം അടക്കം 10 സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. ഇവയിൽ ഏറ്റവും സമ്മർദം നേരിടുന്നത് കേരളം, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണെന്നും റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എടുത്തുപറയുന്നു.  

സാമ്പത്തികമായി പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്കുള്ള പ്രയാണത്തിലാണ് കേരളം. സർക്കാരിന്റെ നേരിട്ടുള്ള കടമെടുപ്പ് ഒരു വശത്ത്. ബജറ്റിനു പുറത്ത് കിഫ്ബി പോലെ പല ഊടുവഴികൾ കണ്ടെത്തി എങ്ങനെയും കടമെടുത്തു ചെലവുകൾ നിർവഹിക്കുകയെന്ന പുതിയരീതിക്കും സർക്കാർ തുടക്കമിട്ടിരിക്കുന്നു. വരുമാനം ഉറപ്പാക്കാൻ കടമെടുപ്പിനെ അമിതമായി ആശ്രയിക്കുന്ന ഇൗ പ്രവണത കേരളത്തെയും മറ്റു ചില സംസ്ഥാനങ്ങളെയും വഴിമുട്ടിക്കുമെന്നും റിസർവ് ബാങ്കിന്റെ പഠനം മുന്നറിയിപ്പു നൽകുന്നുണ്ട്. കേരള മോഡൽ എന്ന വികസനമാർഗം ലോകത്തിനു കാണിച്ചുകൊടുത്ത സംസ്ഥാനത്തെപ്പറ്റിയാണ് ഇപ്പോൾ ഇങ്ങനെ കേൾക്കേണ്ടിവരുന്നത്. 

മുന്നറിയിപ്പ് കിട്ടിയിട്ടും പാഠം പഠിച്ചില്ല

കേരളത്തിന്റെ പൊതുധനകാര്യ നടത്തിപ്പ് ആശങ്കാകുലമാണെന്ന്‌ 1990കളിൽ തന്നെ വിദഗ്ധരും സിഎജിമാരും വിവിധ സമിതികളും മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും ആവശ്യമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കാത്തതിന്റെ തിക്തഫലത്തിലേക്കാണു കേരളം നീങ്ങുന്നത്. റിസർവ് ബാങ്കിന്റെ പഠനമനുസരിച്ച് കഴിഞ്ഞ 2 വർഷങ്ങളിൽ കടബാധ്യത വരുമാനത്തിന്റെ 35% കവിഞ്ഞ 4 സംസ്ഥാനങ്ങൾ മാത്രമേയുള്ളൂ: കേരളം, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ. കേരളത്തിന്റെ പൊതുകടബാധ്യത ഇൗ വർഷം വരുമാനത്തിന്റെ 37.2 ശതമാനത്തിലേക്കുയർന്ന് രാജ്യത്ത് മൂന്നാം സ്ഥാനത്ത് എത്തുമെന്നും പഠനം പ്രവചിക്കുന്നുണ്ട്. 

പൊതുകടത്തിനു പുറമേയാണ് അപ്രതീക്ഷിത ബാധ്യത എന്നു വിളിക്കാവുന്ന കടം (contingent liability). ഈ കടമെടുപ്പ് പൊതുമേഖലാസ്ഥാപനങ്ങൾക്കു വേണ്ടിയാണ്. ഇതും വർധിക്കുകയാണ്. 2017-18ൽ സംസ്ഥാന വരുമാനത്തിന്റെ 2.9 ശതമാനമായിരുന്ന ഇൗ കടം ഇപ്പോൾ 3.9 ശതമാനത്തിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിതാപകരമായ നടത്തിപ്പിന്റെ ഒരുവശം മാത്രമാണ് ഈ കടബാധ്യത. പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ടനുസരിച്ച് 2019ൽ ഇൗ സ്ഥാപനങ്ങളുടെ സഞ്ചിതകടം 26,274 കോടി രൂപയാണ്. ഇതിൽ 42 ശതമാനവും കെഎസ്ആർടിസിയുടെ സംഭാവനതന്നെ. കഴിഞ്ഞ 2 വർഷത്തെ കണക്കുകൾ കൂടി വരുമ്പോൾ ഇൗ കടം വളരെയധികം കൂടും.  

പ്രതിസന്ധിക്കിടയിലും തുടരുന്ന ധൂർത്ത് 

കേരളത്തിന്റെ പലിശബാധ്യതയും അപായമേഖലയിലാണ്. റവന്യു വരുമാനത്തിന്റെ 18.8% തുകയാണു പലിശ നൽകാൻ സർക്കാർ ചെലവിടുന്നത്. ധനക്കമ്മിയാകട്ടെ, സംസ്ഥാന വരുമാനത്തിന്റെ 4.2 ശതമാനമെന്ന അപകടകരമായ അവസ്ഥയിലും. മൊത്തം വരുമാനത്തിന്റെ 90 ശതമാനത്തിലേറെ ഭരണപരമായ ആവശ്യങ്ങൾക്കായി (റവന്യു ചെലവ്) ചെലവിടുമ്പോൾ വികസന പദ്ധതികൾ പലതും വെട്ടിക്കുറയ്ക്കേണ്ടി വരും. 

വെള്ളപ്പൊക്കം, കോവിഡ് എന്നീ ദുരന്തങ്ങൾ പൊതുധനകാര്യസ്ഥിതിയെ കൂടുതൽ ദുർബലമാക്കിയിട്ടുണ്ടെന്നതു മറക്കുന്നില്ല. പൊതുസ്ഥിതി നോക്കുമ്പോൾ കടബാധ്യത അടുത്ത 5 വർഷത്തിനിടെ കുറയാനുള്ള സാധ്യത കാണുന്നില്ല. 

kpkannan
കെ.പി. കണ്ണൻ

കേരളം ഇൗ അവസ്ഥയിലേക്കു പോകാൻ കാരണങ്ങൾ പലതാണ്. നികുതി അടക്കമുള്ള വരുമാനങ്ങൾ കൃത്യമായി പിരിച്ചെടുക്കാത്തതാണു പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചത്. സർക്കാരിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും ചെലവിടുന്നതു ശമ്പളവും പെൻഷനും പലിശയും നൽകാൻ വേണ്ടിയാണ്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തു പഞ്ചാബാണ്: 41%. രണ്ടാമൻ കേരളവും: 39%. പാഴ്ച്ചെലവുകളാണു പ്രതിസന്ധിക്കു മറ്റൊരു കാരണം. 

മന്ത്രിമാർക്ക് 30 പഴ്സനൽ സ്റ്റാഫിനെ വരെയാണു നൽകിയിരിക്കുന്നത്. വിവിധ തലങ്ങളിലെ ഭരണകർത്താക്കൾക്കു തോന്നുംപോലെ വിലകൂടിയ വാഹനങ്ങൾ വാങ്ങിനൽകുന്നു. ലോക കേരളസഭ പോലുള്ള മാമാങ്കങ്ങൾക്കായുള്ള ധൂർത്ത് വേറെ. ഇതിനെക്കാളൊക്കെ എത്രയോ അധികമാണ് ജനങ്ങൾ അറിയാതെപോകുന്ന പലവിധ പാഴ്ച്ചെലവുകൾ. ഇത്തരം ചെലവുകളുടെ കാര്യത്തിൽ ഒരു പുനരാലോചനയ്ക്ക് ഇനിയെങ്കിലും സർക്കാർ തയാറാകണം. ഇതിനെക്കാൾ കഷ്ടമാണു പല പദ്ധതികളുടെയും നടത്തിപ്പിൽ വരുന്ന സമയനഷ്ടവും ധനനഷ്ടവും. നിർമാണത്തിലിരിക്കുമ്പോൾതന്നെ പൊളിഞ്ഞു വീഴുന്നതോ പാതിവഴിക്കു നിർത്തിവയ്ക്കേണ്ടി വരുന്നതോ ആയ പദ്ധതികളും എത്രയോ ഉണ്ട്. ഇപ്പറഞ്ഞ, ഇത്രയും കാലത്തെ തെറ്റുകൾ തിരുത്തുന്നതും കൂടിയാവണ്ടേ നമ്മൾ ആഗ്രഹിക്കുന്ന നവകേരളം?

മെച്ചപ്പെടാൻ വഴിയുണ്ട്; മനസ്സ് വയ്ക്കണം

വിവിധ മേഖലകളിൽനിന്നുള്ള വരുമാനങ്ങൾ കൃത്യമായി പിരിച്ചെടുത്താൽതന്നെ സാമ്പത്തികസ്ഥിതി കുറച്ചൊക്കെ മെച്ചപ്പെടുത്താൻ സാധിക്കും. 1975-86 കാലഘട്ടത്തിൽ സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 12.5 % നികുതിയായി പിരിച്ചെടുത്തിരുന്നു. കോവിഡ്കാലത്തിനു മുൻപ് ഇത് 8.5% ആയി കുറഞ്ഞു. കോവിഡ്കാലത്ത് വീണ്ടും കുറഞ്ഞു. വളർച്ച കുറയുമ്പോൾ മൊത്തം നികുതിപ്പിരിവ് കുറയാം. പക്ഷേ, അനുപാതം കുറയരുത്. അതുണ്ടായാൽ കാര്യക്ഷമത കുറഞ്ഞു എന്നാണർഥം. ഇവിടെ സംഭവിച്ചത് അതാണ്. കോവിഡിന്റെ മറവിൽ നികുതിവെട്ടിപ്പ് കൂടുതലായി. അടുത്തിടെ നികുതിവകുപ്പു നടത്തിയ അന്വേഷണത്തിൽ കണ്ടത് ജിഎസ്ടി നൽകേണ്ട 45% ബിസിനസ് സ്ഥാപനങ്ങളും ബിൽ നൽകാതെ നികുതി വെട്ടിക്കുന്നു എന്നാണ്. എന്നിട്ടും ഇക്കാര്യം പൊതുമണ്ഡലത്തിൽ വലിയ ചർച്ചയാക്കാനോ നികുതി വെട്ടിപ്പിനെതിരെ കർശന നടപടികൾ സ്വീകരിക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ല. 

കിട്ടേണ്ട നികുതിയും നികുതിയിതര വരുമാനവും കൃത്യമായി പിരിച്ചെടുത്താൽ കേരളത്തിന് എന്തിനും ഏതിനും കടം വാങ്ങേണ്ട അവസ്ഥ വരില്ല. വികസന പദ്ധതികൾക്കു കടം വാങ്ങുമ്പോൾ അതു തിരിച്ചടയ്ക്കാനുള്ള കെൽപ് കൂടും. പക്ഷേ, പങ്കുപറ്റൽ സംസ്കാരത്തിനു കൂടുതൽ വിധേയമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിൽ കാര്യക്ഷമവും സുതാര്യവുമായ നികുതിപ്പിരിവ് നടക്കാൻ പ്രയാസമാണല്ലോ! 

(വികസന സാമ്പത്തിക ശാസ്ത്രജ്ഞനും സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമാണ് ലേഖകൻ)

English Summary: Kerala heading for huge debt trap, warns RBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com