ADVERTISEMENT

ഈ വർഷം എസ്എസ്എൽസി ജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം കിട്ടണമെങ്കിൽ സംസ്ഥാനത്ത് 60,650 സീറ്റുകൾ അധികമായി വേണമെന്നത് ഒട്ടേറെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയായിരിക്കുന്നു. മലബാറിലെ അഞ്ചു ജില്ലകളിൽ‍മാത്രം 60,215 സീറ്റുകളുടെ കുറവാണുള്ളത്.

ഇത്തവണ എസ്എസ്എൽസി പാസായത് 4,21,957 പേരാണ്. പക്ഷേ, നിലവിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 3,61,307 പ്ലസ് വൺ സീറ്റ് മാത്രം. മലപ്പുറം ജില്ലയിൽ മാത്രം 24,466 സീറ്റുകളുടെ കുറവാണുള്ളത്. പാലക്കാട്ട് 10,705 സീറ്റും കോഴിക്കോട്ട് 9024 സീറ്റും കുറവാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലായി 9686 സീറ്റുകളുടെ കുറവുള്ളപ്പോൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ആകെ 9251 സീറ്റുകൾ കൂടുതലാണ്. 

കഴിഞ്ഞ വർഷത്തെക്കാൾ 3652 പേർ അധികമായി എസ്എസ്എൽസി പരീക്ഷ ജയിച്ചതോടെ ഇത്തവണയും പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. സിബിഎസ്ഇ ഉൾപ്പെടെയുള്ള മറ്റു സിലബസുകളിൽ 10–ാം ക്ലാസ് ജയിച്ചുവരുന്നവരെക്കൂടി പരിഗണിക്കുമ്പോൾ സീറ്റ് ക്ഷാമം ഇനിയും കൂടും. 

ഇക്കാര്യത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്നും കേന്ദ്ര സിലബസ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ അടക്കം അർഹരായവർക്കെല്ലാം ഉപരിപഠനത്തിനു സൗകര്യം ഒരുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും ആശങ്ക ബാക്കിനിൽക്കുന്നു. പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം കഴിഞ്ഞ വർഷം വലിയ പ്രതിസന്ധിയിലെത്തിക്കുകയുണ്ടായി. 30% മാർജിനൽ സീറ്റുകളും 79 അഡിഷനൽ ബാച്ചുകളും അനുവദിച്ചാണ് കഴിഞ്ഞ തവണ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കിയത്. ഫുൾ എ പ്ലസുകാരിൽ പലർക്കും ഇഷ്ടപ്പെട്ട സ്കൂളുകളിൽ ഇഷ്ടപ്പെട്ട ബാച്ചുകൾ ലഭിച്ചില്ലെന്നും വ്യാപക പരാതികളുണ്ടായി.

ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം കൂടിയതും അവർ വളരെക്കുറച്ച് ഓപ്ഷനുകൾ മാത്രം അപേക്ഷയിൽ ഉൾപ്പെടുത്തിയതുമാണു കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്കു കാരണമെന്നാണു വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞത്. കഴിഞ്ഞവർഷം 1.2 ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് എ പ്ലസ് കിട്ടിയതും പ്ലസ് വൺ പ്രവേശനത്തെ ഇതു പ്രതികൂലമായി ബാധിച്ചതും വിമർശിക്കപ്പെട്ടിരുന്നു. എസ്എസ്എൽസി പരീക്ഷയിലെ വിജയശതമാനം കഴി‍‍ഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും 99നു മുകളിലായെങ്കിലും എ പ്ലസ് വിജയം നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അതുകെ‍ാണ്ടുതന്നെ, താൽപര്യമുള്ള സ്കൂളിൽ ഇഷ്ടവിഷയങ്ങളുടെ കോംബിനേഷനായി കഴിഞ്ഞ തവണ ഉണ്ടായതുപോലുള്ള മത്സരവും പ്രതിസന്ധിയും ഇത്തവണ ഉണ്ടാകില്ലെന്നാണു വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. 

താൽക്കാലിക പരിഹാരമെന്ന നിലയിൽ പ്ലസ് വൺ സീറ്റ് വർധിപ്പിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടുന്ന അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരുമുണ്ട്. സീറ്റ് കൂട്ടുകയല്ല, ബാച്ചുകളുടെ എണ്ണം കൂട്ടുകയാണു പരിഹാരമെന്നും ഇവർ പറയുന്നു. സീറ്റ് വർധിപ്പിക്കുമ്പോൾ ക്ലാസിൽ കുട്ടികളുടെ എണ്ണം  ഉയരും. ഇതിനനുസരിച്ചു ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്നതു വലിയ കടമ്പയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ഹയർ സെക്കൻഡറി സ്കൂളുകളും പ്രവർത്തിക്കുന്നതു നിലവിലുള്ള ഹൈസ്കൂളുകളുടെ അടിസ്ഥാന സൗകര്യം ഉപയോഗിച്ചാണ്. ഇടുങ്ങിയ ക്ലാസ് മുറികളിൽ 50– 65 കുട്ടികൾ വരെ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുന്നു. 

ആദ്യ റൗണ്ടുകളിലെ അലോട്മെന്റുകൾക്കുശേഷം, താൽക്കാലികമായി സീറ്റ് കൂട്ടുകയെന്ന പതിവുരീതിക്കപ്പുറം സർക്കാർ ചിന്തിക്കേണ്ട സമയമാണിത്. സീറ്റ് കൂടുതലുള്ള ജില്ലകളിൽനിന്നു കുറവുള്ള ജില്ലകളിലേക്കുള്ള സീറ്റ് / ബാച്ച് പുനഃക്രമീകരണം ആദ്യ റൗണ്ട് അലോട്മെന്റിനു മുൻപുതന്നെ നടപ്പാക്കിയും മലപ്പുറം പോലെയുള്ള ജില്ലകളിൽ അധിക ബാച്ചുകൾ സ്ഥിരമായി അനുവദിച്ചുമുള്ള പരിഹാരമാണ് ആവശ്യം.

Content Highlights: Plus one Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com