ADVERTISEMENT

കൊച്ചി നഗരത്തിന്റെ ജീവനാഡിയായി മെട്രോ ട്രെയിൻ ഓടാൻ തുടങ്ങിയിട്ട് അഞ്ചു വർഷം പൂർത്തിയായിരിക്കുന്നു. ഹർത്താലിലും പണിമുടക്കിലും മുടങ്ങാതെ ഓടുന്ന, ജനങ്ങൾക്കു വിശ്വാസത്തോടെ ആശ്രയിക്കാവുന്ന പൊതുഗതാഗത മാർഗമായി മെട്രോ മാറി. എന്നാൽ, മെട്രോ വരുമ്പോൾ കേരളത്തിനുണ്ടായിരുന്ന പ്രതീക്ഷകളിൽ പകുതിയെങ്കിലും നിറവേറ്റാനായോ എന്നു പരിശോധിക്കേണ്ട സമയം കൂടിയാണിത്.

യാത്രക്കാർ തിങ്ങിനിറഞ്ഞു മെട്രോ പൊടുന്നനെ ലാഭത്തിലാകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. ലോകത്തുതന്നെ വിരലിലെണ്ണാവുന്ന മെട്രോകൾ മാത്രമാണു ലാഭത്തിൽ പ്രവർത്തിക്കുന്നത്. എങ്കിലും, പ്രതീക്ഷിച്ചത്ര യാത്രക്കാർ കൊച്ചി മെട്രോ ഉപയോഗിക്കുന്നില്ലെന്നതു പരിശോധിക്കേണ്ടതുണ്ട്. കോവിഡിനുമുൻപു ദിവസം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നത് ഇപ്പോൾ 72,000 എത്തിനിൽക്കുന്നു. ലോക്‌ഡൗണിനുശേഷം സർവീസ് തുടങ്ങിയപ്പോൾ വെറും 2000 പേരുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഇത്രയും യാത്രക്കാരായത്. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ എന്നതാണു മെട്രോയുടെ ലക്ഷ്യം.

ആലുവ മുതൽ തൃപ്പൂണിത്തുറയ്ക്കടുത്തു പേട്ട വരെ 25 കിലോമീറ്ററാണ് ഇപ്പോൾ മെട്രോ സർവീസ്. അടുത്തമാസം സർവീസ് തൃപ്പൂണിത്തുറ വരെയെത്തുന്നതോടെ ദൈർഘ്യം 27 കിലോമീറ്ററാകും. എന്നാൽ ഇതു പദ്ധതിയുടെ ആദ്യഘട്ടമേ ആകുന്നുള്ളൂ. രാജ്യത്തെ പ്രധാന മെട്രോകളെല്ലാം 5 വർഷത്തിനുള്ളിൽ രണ്ടും മൂന്നും ഘട്ട വികസനം പൂർത്തിയാക്കിയെങ്കിൽ, കൊച്ചിയുടെ കാര്യത്തിൽ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിന് ഇനിയും അനുമതിപോലും ലഭിച്ചിട്ടില്ല. കേന്ദ്ര ബജറ്റിൽ ഇടംപിടിക്കുകയും കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുകയും ചെയ്ത പദ്ധതിക്ക് ഇനി കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രം മതി. ഇതിനു മന്ത്രിസഭാ കുറിപ്പുവരെ തയാറായതുമാണ്. എന്നിട്ടും എന്തുകൊണ്ടു തീരുമാനമാകുന്നില്ലെന്നു ചോദിക്കാൻ സംസ്ഥാന സർക്കാരോ കേരളത്തിൽനിന്നുള്ള എംപിമാരോ ശ്രമിക്കാത്തതു നമ്മെ അമ്പരപ്പിക്കുന്നു. ഇൻഫോപാർക്കിലേക്കുള്ള ഈ ലൈൻ പൂർത്തിയായാൽ മെട്രോയ്ക്ക് ആയിരക്കണക്കിനു യാത്രക്കാരെയാകും പുതുതായി ലഭിക്കുക.

ആലുവയിൽനിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അങ്കമാലിയിലേക്കു മെട്രോ നീട്ടാനും പദ്ധതിയുണ്ട്. നിലവിലുള്ള ലൈനിൽ എംജി റോഡിൽനിന്ന് ഹൈക്കോടതി, മറൈൻ ഡ്രൈവ് വഴി എംജി റോഡിലെതന്നെ സൗത്ത് സ്റ്റേഷനിലേക്ക് ഒരു ലൂപ് ലൈനും പരിഗണനയിലുണ്ട്. ഇതെല്ലാം പൂർത്തിയായാൽ പ്രതിദിനം 5 ലക്ഷം യാത്രക്കാരെ ലഭിക്കുമെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബെഹ്റ പറയുന്നു.

സ്വകാര്യ വാഹന ഉപയോഗം പരമാവധി ഒഴിവാക്കി നഗരത്തിരക്കു കുറയ്ക്കാനുള്ള പദ്ധതിയാണു മെട്രോ. കേവലം 27 കിലോമീറ്ററിൽ ഒതുക്കിയാൽ ആ ലക്ഷ്യത്തിലെത്താനാകില്ല. ഇക്കാര്യം മനസ്സിലാക്കി, മെട്രോയുടെ തുടർവികസനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ട സമയമാണിത്. കൊച്ചി മെട്രോയുടെ വിജയമനുസരിച്ചാകും കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ഭാവി.

മെട്രോയ്ക്ക് അനുബന്ധമായി കൊച്ചിയിൽ ഒട്ടേറെ വികസനമുണ്ടായിട്ടുണ്ട്. പുതിയ മേൽപാലങ്ങൾ വന്നു. നല്ല ഫുട്പാത്തുകളും സൈക്കിൾ ട്രാക്കും മെച്ചപ്പെട്ട ജംക്‌ഷനുകളുമുണ്ടായി. വൻ മുതൽമുടക്ക് ആകർഷിക്കാൻ കഴിയുന്ന നഗരമായി കൊച്ചിയെ മാറ്റിയതിൽ മെട്രോയ്ക്കു പങ്കുണ്ട്. മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിതന്നെ മെട്രോയുടെ ഉപോൽപന്നമാണ്. വിവിധ ഗതാഗത മാർഗങ്ങളുടെ ഏകോപനവും എല്ലാ യാത്രയും ഒറ്റ ടിക്കറ്റിൽ എന്ന സങ്കൽപവും യാത്രകൾക്കുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഇനിയും തയാറാവേണ്ടിയിരിക്കുന്നു.

സ്ഥിരം യാത്രക്കാരെ ആകർഷിക്കുംവിധം ടിക്കറ്റ് നിരക്കു കുറച്ചാൽ മെട്രോയിൽ തിരക്കേറും. രണ്ടു കിലോമീറ്റർ ദൂരത്തേക്കുകൂടി സർവീസ് നീട്ടുമ്പോൾ യാത്രക്കൂലി കൂട്ടുന്നില്ലെന്നതു സ്വാഗതാർഹമാണ്. കൊച്ചി മെട്രോയുടെ വിജയം കെഎംആർഎലിന്റെ മാത്രമല്ല, എല്ലാ നഗരവാസികളുടെയും കൂടിയാണ്. എല്ലാവരും ഒന്നിച്ചുനിന്നതുകൊണ്ടാണു നിശ്ചിത സമയത്തുതന്നെ ലോക നിലവാരത്തിലുള്ള മെട്രോ കൊച്ചിയിൽ ഓടിക്കാൻ കഴിഞ്ഞത്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും പങ്കാളിത്തത്തോടെ, ആ മികവു നിലനിർത്താനും പോരായ്മകൾ പരിഹരിക്കാനും കൂടുതൽ വലിയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനും വരുംവർഷങ്ങളിൽ കഴിയട്ടെ.

English Summary: Kochi Metro Second Phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com