ചൈനയോട് അടുക്കാൻ ബൈഡൻ; കഴുകനും വ്യാളിയും കൂട്ടുകൂടുന്നു, ജാഗ്രതയിൽ കടുവ

xi-jinping-biden
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും (ഫയൽ ചിത്രം)
SHARE

കഴുകനും വ്യാളിയും കൂട്ടുകൂടുമ്പോൾ കടുവ അധികജാഗ്രത പുലർത്തേണ്ടതുണ്ട്. മൂന്നു വർഷം മുൻപ്, ഉരുക്കും അലുമിനിയവും അടക്കം ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതിക്കു ട്രംപ് ഭരണകൂടം ചുമത്തിയ കടുത്ത ഇറക്കുമതിച്ചുങ്കം എടുത്തുകളയാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ചൈന–യുഎസ് ബന്ധം സാധാരണ നിലയിലാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി താൻ താമസിയാതെ ചർച്ച നടത്തുമെന്നാണു ബൈഡൻ പറഞ്ഞത്. കഴിഞ്ഞ ഒരു വർഷം മുഴുവനും ചൈനയുടെ വ്യാപനമോഹങ്ങൾക്കെതിരെ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്ന ബൈഡന്റെ മലക്കംമറിച്ചിലിനു പിന്നിലുള്ളത് അമേരിക്ക നേരിടുന്ന ഉയർന്ന നാണ്യപ്പെരുപ്പമാണ്. ഇതിനു കാരണമായത് ഇറക്കുമതി ഉൽപന്നങ്ങളുടെ വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ്.

റഷ്യൻ ഇന്ധന ഇറക്കുമതിക്ക് ആഗോളതലത്തിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളും യുദ്ധംമൂലം യുക്രെയ്നിൽനിന്നും റഷ്യയിൽനിന്നുമുള്ള ഗോതമ്പുകയറ്റുമതി കുറഞ്ഞതും സ്ഥിതി വഷളാക്കി. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധങ്ങളിൽ ഏറ്റവും പ്രകോപനപരമായ നയം സ്വീകരിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി അമേരിക്കൻ ഉൽപന്ന വ്യവസായത്തെയും തൊഴിൽമേഖലയെയും പ്രതികൂലമായി ബാധിച്ചുവെന്നാരോപിച്ചാണു ട്രംപ് ഇറക്കുമതി നിയന്ത്രണം കർശനമാക്കിയത്.

ഏഷ്യയിലെ യുഎസിന്റെ സാമ്പത്തിക പങ്കാളികളായ ജപ്പാനോടും ദക്ഷിണ കൊറിയയോടും ദക്ഷിണ ചൈനാകടലിലെ ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി ചെറുക്കാനും ട്രംപ് സമ്മർദം ചെലുത്തി. ചൈനയിൽ നിക്ഷേപം നടത്തുന്ന യുഎസ് കമ്പനികൾക്ക് അധികനികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി പല അമേരിക്കൻ കുത്തകകളുടെയും ബദൽ കേന്ദ്രമായി ഇന്ത്യ മാറാൻ ഇടയാക്കി. ഇതോടെ, വിദേശ നിക്ഷേപകർക്കായി ഒട്ടേറെ ആനുകൂല്യങ്ങളാണു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. തെലങ്കാനയും ഗുജറാത്തും തങ്ങളുടെ വ്യവസായ മേഖലകളിൽ വിദേശ നിക്ഷേപങ്ങൾക്കായി നേരിട്ടു രംഗത്തിറങ്ങുകയും ചെയ്തു.

രണ്ടു വർഷം മുൻപു ചൈനീസ്– ഇന്ത്യൻ സൈനികർ തമ്മിൽ ഗാൽവനിലുണ്ടായ സംഘർഷവും ചൈനയ്ക്കെതിരായ വികാരത്തെ മാറ്റിമറിച്ചു. അഹമ്മദാബാദിലും മഹാബലിപുരത്തുമടക്കം നരേന്ദ്ര മോദിയും ഷി ചിൻപിങ്ങും തമ്മിൽ സൗഹൃദപരമായ 18 കൂടിക്കാഴ്ചകൾ ഉഭയകക്ഷി ബന്ധത്തിന് ഊർജം പകർന്നെന്നു വിചാരിച്ചിരിക്കെയാണ് ലഡാക്കിൽ ചൈനീസ് പട്ടാളത്തിന്റെ വൻ തോതിലുള്ള വിന്യാസമുണ്ടായത്. അതിർത്തിത്തർക്കങ്ങൾക്കിടയിലും, യുഎസിന്റേതു പോലെ ചൈനയുടെ നയങ്ങളെ ഇന്ത്യ കടന്നാക്രമിക്കാൻ പോയിട്ടില്ല. ഹോങ്കോങ്ങിലെ ജനാധിപത്യസമരങ്ങളെ അവർ അടിച്ചമർത്തിയതും തയ്‌വാനെതിരെ സൈനിക ഭീഷണികൾ ഉയർത്തിയതും ഇന്ത്യ പിന്തുണയ്ക്കുകയാണു ചെയ്തത്.

ഇരു ദ്വീപുകളും ചൈനീസ് റിപ്പബ്ലിക്കിന്റെ ഭാഗമായി ഇന്ത്യ അംഗീകരിക്കുന്നു. എന്നാൽ, തുടക്കത്തിലേ ഈ സങ്കോചം മറികടന്നാണ് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ക്വാഡ് സഖ്യം രൂപീകരിക്കാനും അതു വിപുലീകരിക്കാനുമായി ഇന്ത്യ രംഗത്തിറങ്ങിയത്. വാസ്തവത്തിൽ ബൈഡനാണു ക്വാഡ് ഉച്ചകോടി ആദ്യം വെർച്വലായും പിന്നീട് നേരിട്ട് വാഷിങ്ടനിലും ടോക്കിയോയിലും നടത്താനും മുൻകയ്യെടുത്തത്. നാലു ക്വാഡ് നേതാക്കളിൽ ഏറ്റവും കൂടുതൽകാലമായി അധികാരത്തിലുള്ള നേതാവു നരേന്ദ്ര മോദിയാണെന്ന സവിശേഷത കൂടിയുണ്ട്. ബൈഡൻ പ്രസിഡന്റായിട്ട് 17 മാസമേ ആയിട്ടുള്ളൂ. ജപ്പാനിലും ഓസ്ട്രേലിയയിലുമുള്ളത് ഈയിടെ അധികാരമേറ്റ പ്രധാനമന്ത്രിമാരാണ്.

ചൈനയ്ക്കുനേരെ ബൈഡൻ ആക്രോശം തുടരുന്നതിനിടെയാണ്, ബെയ്ജിങ്ങുമായി അവർ പിൻവാതിൽ നയതന്ത്രത്തിൽ ഏർപ്പെട്ടത്. ചൈനയിലെ പുതിയ അമേരിക്കൻ അംബാസഡർ നിക്കോളാസ് ബേൺസ് ഇന്ത്യയ്ക്കു സുപരിചിതനുമാണ്. ബറാക് ഒബാമയുടെ കാലത്ത് ഇന്ത്യ– യുഎസ് ബന്ധം മെച്ചപ്പെടുത്താൻ അദ്ദേഹം രംഗത്തുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം ബെയ്ജിങ്ങിലിരുന്ന് യുഎസ്– ചൈന ബന്ധം മെച്ചപ്പെടുത്താ‍ൻ തന്ത്രങ്ങൾ മെനയുന്നു.

യുക്രെയ്ൻ യുദ്ധത്തിന്റെ ദുരന്തപൂർണമായ പ്രത്യാഘാതങ്ങളും റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ ആഗോള വിതരണശൃംഖലയെ ദുർബലമാക്കിയതും തിരിച്ചറിഞ്ഞുകൊണ്ടാണ് യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെലൻ ചൈനീസ് ഇറക്കുമതി നിയന്ത്രണം എടുത്തുകളയാൻ സമ്മർദമാരംഭിച്ചത്. ഇതിലൂടെ അമേരിക്കയിലേക്കു വിലക്കുറവുള്ള ചൈനീസ് ഉൽപന്നങ്ങൾ സുലഭമായി എത്തുകയും രാജ്യത്തെ നാണ്യപ്പെരുപ്പത്തെ അതു തടയുകയും ചെയ്യുമെന്ന് യെലൻ കണക്കുകൂട്ടുന്നു. കടുത്ത നാണ്യപ്പെരുപ്പ ഭീഷണിയിലായ യൂറോപ്യൻ രാജ്യങ്ങളുടെ ശക്തമായ പിന്തുണയും അവർക്കുണ്ട്.

നിക്കോളാസ് ബേൺസ് നടത്തുന്ന ചർച്ചകളിൽ ചൈന– യുഎസ് ഉരസലിനു കാരണമായ മറ്റു വിഷയങ്ങളും പരിഗണിക്കുന്നുണ്ട്. ആഗോള വിപണിയിൽ പൂർണമായും ഇടപെടാനുള്ള അവസരം ചൈന തേടുന്നു. അതു ലഭിച്ചാൽ തയ്‌വാനെതിരായ നീക്കങ്ങളും ചൈന മയപ്പെടുത്തും. യുഎസും ചൈനയും തമ്മിലുള്ള ബന്ധം ഊഷ്മളമാകാനുള്ള സാധ്യത തെളിയുമ്പോൾ, ചൈനാനയത്തിൽ ഇന്ത്യ വീണ്ടുവിചാരം നടത്തേണ്ടിവരും. യുഎസിന്റെയും യുഎസിന്റെ ക്വാഡ് പങ്കാളികളുടെയും സാമ്പത്തിക സഹകരണം ചൈന ആഗ്രഹിക്കുന്നുവെന്നതു ശരിയാണെങ്കിൽ ഇന്ത്യയ്ക്കും അത് അവസരമാകും. ലഡാക്കിലെ ചൈനയുടെ സൈനികരുടെ എണ്ണം കുറയ്ക്കുന്നതും മേഖലയിലെ പുതിയ നിർമാണങ്ങൾ നീക്കം ചെയ്യുന്നതും അടക്കം ഇളവുകൾക്കായി സമ്മർദം ചെലുത്താനായേക്കും.

English Summary: US-China Diplomatic Relation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA