കോർപറേഷൻ പൊളിച്ചു!

HIGHLIGHTS
  • അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകാൻ ‘സമാന്തര കോർപറേഷൻ’
password
SHARE

കോഴിക്കോട് കോർപറേഷൻ പരിധിയിലെ ചില  കെട്ടിടങ്ങൾക്ക് നമ്പർ കിട്ടിയ വഴി കേട്ടാൽ ആരും ഞെട്ടും. ചട്ടം ലംഘിച്ചായതിനാൽ പൊളിച്ചുകളയണം എന്നു കോർപറേഷൻ നോട്ടിസ് നൽകിയ കെട്ടിടങ്ങൾക്കുപോലും നമ്പർ കിട്ടി. റവന്യു വിഭാഗമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അറിയാതെ ആയിരക്കണക്കിനു കെട്ടിടങ്ങൾക്ക് ‘മാഫിയ’ സംഘം നമ്പർ നൽകുകയായിരുന്നു. ലക്ഷങ്ങളോ കോടികളോ മറിഞ്ഞ ഇടപാടാകാം ഇത്. വളഞ്ഞവഴിയിൽ സംഘടിപ്പിച്ച കെട്ടിടനമ്പർ  ഉപയോഗിച്ച് പലരും ഓൺലൈനായി നികുതിയും അടച്ചു. കോർപറേഷനിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അവ ഉപയോഗിച്ചു സോഫ്റ്റ്‌വെയറിൽ എഡിറ്റിങ് നടത്തിയാണ് തട്ടിപ്പെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പാസ്‌വേഡ് ചോർന്നത് എങ്ങനെയെന്നോ ആരാണു ചോർത്തിയതെന്നോ വിവരമില്ല.  കോർപറേഷനിലെ ചില ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും ചില ഇടനിലക്കാരും ഭരണപക്ഷരാഷ്ട്രീയക്കാരും ചേരുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണു പ്രാഥമിക വിവരം. മാസങ്ങൾക്കു മുൻപ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. വീണ്ടും പരാതി ഉയർന്നതോടെ തിരക്കിട്ട് 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. എന്നാൽ  നിരപരാധികളാണെന്നാണു ജീവനക്കാരുടെ വിശദീകരണം

ഞങ്ങൾ ഒരു വർഷം മുൻപാണു കെട്ടിട നമ്പറിന് അപേക്ഷ നൽകിയത്. ഒൻപതു മാസം മുൻപു ഞങ്ങൾക്കു കെട്ടിട നമ്പർ കിട്ടി. ഞങ്ങൾക്കു കിട്ടിയ നമ്പർ 61/ 3235 ൽ തുടങ്ങുന്നതാണ്. അതുപ്രകാരം ഞങ്ങളുടെ 6 കടമുറികൾ ഇപ്പോൾ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, ഈ വർഷം ജൂൺ ഒന്നിന് അനധികൃതമായി നമ്പർ നൽകിയെന്നു പറയുന്ന കെട്ടിടത്തിന്റെ നമ്പർ 596/B എന്നാണ്. വ്യാജ നമ്പറിലെ അപേക്ഷകന്റെ പേര് പക്ഷേ ഞങ്ങളുടെ ട്രസ്റ്റ് സെക്രട്ടറിയുടേതാണ്. ഞങ്ങൾ അത്തരത്തിലൊരു അപേക്ഷ നൽകുകയോ ഞങ്ങൾക്ക് അങ്ങനെ ഒരു നമ്പർ കിട്ടുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ പഴയ രേഖ ഉപയോഗിച്ച് ആരോ പുതിയ വ്യാജ നമ്പർ ഉണ്ടാക്കിയതായിരിക്കാം, അതെക്കുറിച്ചു ഞങ്ങൾക്ക് ഒന്നുമറിയില്ല’’.   

കോഴിക്കോട് വലിയങ്ങാടി കോർട്ട് റോഡിലെ ഷോപ്പിങ് കോംപ്ലക്സിനു മുൻപിൽ നിന്ന് എംഎം ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി.വി.ഹസ്സൻ കോയയുടെ വാക്കുകളാണിത്‌. എന്നാൽ  ട്രസ്റ്റിന്റെ പേരിൽ പുതിയ നമ്പർ വാങ്ങിയിരിക്കുന്നത് ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള മറ്റൊരു കെട്ടിടത്തിനാണ്. ആ കെട്ടിടത്തിന്റെ ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വ്യക്തി സ്ഥലത്തില്ലെന്ന വിവരമാണു കിട്ടിയത്. 

koya
കോഴിക്കോട് കോർട്ട് റോഡിലെ ഷോപ്പിങ് കോംപ്ലക്സിനു മുൻപിൽ എംഎം ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി.വി.ഹസ്സൻ കോയ.

എംഎം ട്രസ്റ്റ് ഒരു വർഷം മുൻപ് അപേക്ഷ നൽകിയ ഫയലിലെ അതേ രേഖകൾ ഉപയോഗിച്ചു മറ്റൊരു സ്ഥലത്ത് കെട്ടിട നമ്പർ നൽകിയെന്നാണു വ്യക്തമാകുന്നത്. 

ചോരുന്ന പാസ്‌വേഡ്, അനുമതി പുഷ്പം പോലെ

കോഴിക്കോട് കോർപറേഷനിലെ റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി ആയിരക്കണക്കിനു കെട്ടിടങ്ങൾക്കു പുറമേയുള്ള മറ്റാരോ അനുമതി നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണു കഴിഞ്ഞ ദിവസം മലയാള മനോരമ പുറത്തുകൊണ്ടുവന്നത്. ഇവയിൽ കെട്ടിട നിർമാണച്ചട്ടങ്ങൾ പൂർണമായും ലംഘിച്ചു നിർമിച്ചവയുണ്ട്, പൊളിക്കാൻ നോട്ടിസ് നൽകിയവയുമുണ്ട്. 

കോർപറേഷൻ പരിധിയിലെ കെട്ടിടങ്ങൾക്കു നമ്പർ നൽകുന്നതും നികുതി ചുമത്തുന്നതും സഞ്ചയ സോഫ്റ്റ്‌വെയറിലൂടെയാണ്. റവന്യു വിഭാഗത്തിലെ ഓരോരോ ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിലായി കംപ്യൂട്ടർ ഫയൽ പരിശോധിച്ചാണ് അംഗീകാരം നൽകുന്നത്. ഇതിനായി ഇവർക്കു നൽകിയ പാസ്‌വേഡ് ചോർത്തിയാണു പുറമേനിന്നുള്ള സംഘം അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയിരിക്കുന്നത്.  

മാസങ്ങളായി നടക്കുന്ന തട്ടിപ്പിനു പിന്നിൽ ചില കൗൺസിലർമാർ, കോർപറേഷൻ ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ എന്നിവരടങ്ങുന്ന വൻ മാഫിയ ആണെന്നാണു സൂചന. ഇതു തിരിച്ചറിഞ്ഞിട്ടും ഉദ്യോഗസ്ഥരെ ബലിയാടാക്കി കോർപറേഷൻ മുഖം രക്ഷിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

യഥാർഥത്തിൽ എത്രയെണ്ണത്തിന് ഇത്തരത്തിൽ അനധികൃതമായി നമ്പർ നൽകിയെന്ന കണക്കുപോലും കോർപറേഷനിൽ ഇപ്പോഴില്ല. ഇക്കാര്യത്തിൽ പുറമേ നിന്നുള്ള ഇടപെടലുണ്ടായെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ് സമ്മതിക്കുമ്പോഴും അത് ആരാണെന്ന ചോദ്യത്തിനു മറുപടിയുണ്ടാകില്ല. 

സസ്പെൻഡ് ചെയ്തവർ നിരപരാധികളാണെന്നും കോർപറേഷൻ മറ്റാരെയോ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി 3 ദിവസമായി കോർപറേഷനിലെ മുഴുവൻ ജീവനക്കാരും സമരത്തിലാണ്. 

corporation

അർധരാത്രി തിരക്കിട്ട് ലോഗിൻ

ജൂണിൽ നടത്തിയ തട്ടിപ്പു പുറത്തുവരാൻ കാരണമായത് 6 കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതാണ്. റവന്യു വിഭാഗത്തിലെ ജീവനക്കാരനുണ്ടായ സംശയത്തിൽ നിന്നായിരുന്നു തുടക്കം. വിശദ പരിശോധനയിൽ ഇവയ്ക്ക് അനുമതി നൽകിയിരിക്കുന്നതു വളരെ ദുരൂഹമായ രീതിയിലാണെന്നു കണ്ടെത്തി. 

2022 മേയ് 31ന് അർധരാത്രിയും ജൂൺ ഒന്നിനു പകലുമായാണ് 6 കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഒരു ഫയൽ മേയ് 31ന് അർധരാത്രി 11.19ന് കെ.കെ.സുരേഷ് എന്ന ഉദ്യോഗസ്ഥൻ പരിശോധിച്ചു. ഒരു മിനിറ്റിനു ശേഷം 11.20നു പി.വി.ശ്രീനിവാസൻ എന്ന ഉദ്യോഗസ്ഥൻ അംഗീകാരം നൽകിയെന്നാണു രേഖകൾ. ജൂൺ ഒന്നിനു വൈകിട്ട് 4.39നു പരിശോധിച്ച ഒരു ഫയൽ ഒരൊറ്റ മിനിറ്റുകൊണ്ട് അംഗീകരിച്ചു. 

മേയ് 31ന് അർധരാത്രി 11.30നും പിറ്റേന്ന് ഓഫിസ് സമയത്തിനു ശേഷവും ആരാണ് ഓഫിസ് കംപ്യൂട്ടറിൽനിന്നു ലോഗിൻ ചെയ്ത് അനുമതി നൽകിയത്.   കോർപറേഷൻ ഓഫിസിൽ നിന്നാണെങ്കിൽ അർധരാത്രി വരെ കോർപറേഷൻ ഓഫിസിൽ കഴിഞ്ഞതാര് എന്ന ചോദ്യമുണ്ട്. പുറത്തുനിന്നാണെങ്കിൽ അർധരാത്രിയും ഉണർന്നിരുന്നു കെട്ടിടങ്ങൾക്കു നമ്പർ നൽകാൻ ശുഷ്കാന്തി കാണിച്ചത് ആരാണെന്ന ചോദ്യവും ഉയരുന്നു. ഇതിനെല്ലാം ഉപയോഗിച്ചിട്ടുള്ളത് പഴയ ഫയലിലെ വിവരങ്ങളാണ്. 

ഇൻഫർമേഷൻ കേരള മിഷൻ നൽകിയ റിപ്പോർട്ട് പ്രകാരം ഇതെല്ലാം കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ലോഗിൻ ആണ്. എന്നാൽ, സസ്പെൻഷനിലായ സൂപ്രണ്ട് തനിക്കു ലോഗിൻ പോലും അനുവദിച്ചിട്ടില്ലെന്നു കാട്ടി കോർപറേഷൻ സെക്രട്ടറിക്കു പരാതി നൽകി. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമോ കോർപറേഷൻ ഉത്തരവുപ്രകാരമോ ഇദ്ദേഹത്തിനു ലോഗിൻ നൽകിയിട്ടില്ല. അപ്പോൾപിന്നെ ഇദ്ദേഹത്തിന്റെ പേരിൽ ആര് വ്യാജ ലോഗിൻ ഉണ്ടാക്കി?

ഒറ്റ പാസ്‌വേഡ്‘പ്ലാൻ 123’

യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. ജീവനക്കാരിൽ പലർക്കും സോഫ്റ്റ്‌വെയർ സംബന്ധിച്ച് ഇപ്പോഴും പരിമിതമായ ജ്ഞാനമേയുള്ളൂ. കോഴിക്കോട് കോർപറേഷനിലെ റവന്യു വിഭാഗത്തിലെ പാസ്‍വേഡ് ഏറെക്കാലം ‘പ്ലാൻ123 ..’ എന്നായിരുന്നു. ഇതു പുറത്തുള്ള സംഘത്തിനു കൈമാറുകയും ഇതുപയോഗിച്ച് തട്ടിപ്പു നടത്തുകയുമായിരുന്നെന്നാണു പ്രാഥമിക വിവരം. 

ലോഗിൻ ഉപയോഗിച്ചു സോഫ്റ്റ്‌വെയറിൽ കയറുന്നവർക്കു കോർപറേഷനിലെ ‌പ്രധാന ഓഫിസ്, മൂന്നു സോണൽ ഓഫിസുകൾ എന്നിവിടങ്ങളിലെ കെട്ടിട നമ്പർ സംബന്ധിച്ച മുഴുവൻ ഫയലുകളും കാണാം, തിരുത്തൽ (എഡിറ്റിങ്) വരുത്താം. ഇങ്ങനെ പഴയ ഫയലെടുത്ത് പുതിയ കെട്ടിട ഉടമയുടെ പേര് എഡിറ്റ് ചെയ്ത് ചേർത്തു. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥന്റെ ലോഗിൻ ഉപയോഗിച്ച് പിന്നീടു പരിശോധിച്ചു (വെരിഫൈ), തുടർന്ന് അനുമതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പാസ്‍വേഡ് ഉപയോഗിച്ച് അനുമതിയും നൽകി (അപ്രൂവ്) എന്നാണു പ്രാഥമിക വിവരം.

ഉദ്യോഗസ്ഥരുടെ പാസ്‍വേഡുകൾ ഓഫിസിലെ ജോലിയാവശ്യത്തിനായി പലർക്കായി പങ്കുവച്ചതുവഴി പുറത്തുപോയിരിക്കാമെന്നാണു സംശയിക്കുന്നത്. കൃത്യമായി എന്താണു സംഭവിച്ചതെന്നു വ്യക്തമാകണമെങ്കിൽ കൂടുതൽ സമഗ്രമായ അന്വേഷണം വേണ്ടിവരും. ആഭ്യന്തര അന്വേഷണം മതി എന്നാണു കോർപറേഷൻ അധികൃതരുടെ ലൈൻ.

building-clt
കോർപറേഷൻ പൊളിച്ചുനീക്കാൻ നിർദേശം നൽകിയതിനു ശേഷവും അംഗീകാരം വാങ്ങിയെടുത്ത കോഴിക്കോട് ബീച്ചിലെ കെട്ടിടം. ഈ സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള കോർട്ട് റോഡിലെ എംഎം ട്രസ്റ്റിന്റെ ഷോപ്പിങ് കോംപ്ലക്സിനായി നൽകിയ അപേക്ഷയിലാണ് ഈ കെട്ടിടത്തിന് അനധികൃത നമ്പർ കിട്ടിയത്. ചിത്രം: മനോരമ

പരാതി മാസങ്ങൾക്കു മുൻപേ; പക്ഷേ, കണ്ണടച്ചു 

സഞ്ചയ സോഫ്റ്റ്‌വെയറിലെ പിഴവുകൾ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബേപ്പൂർ സോണൽ ഓഫിസിലെ റവന്യു ഓഫിസർ പി.വി. ശ്രീനിവാസൻ കഴിഞ്ഞ ഫെബ്രുവരിയിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് 2021 ജൂലൈ മുതൽ ഡിസംബർ വരെ മറ്റു വാർഡുകളിലെ 236 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയെന്നു പറയുന്നു. ഇത് ഏത് ഓഫിസിൽ വച്ച്, ഏതു കംപ്യൂട്ടർ ഉപയോഗിച്ച്, ഏതു സമയത്തു ചെയ്തു എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അന്നത്തെ പരാതിയിൽ പറയുന്നു. എന്നാൽ, സംഭവം വിവാദമായതോടെ ഇദ്ദേഹത്തെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

ഇങ്ങനെയൊരു പരാതി കിട്ടിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കോർപറേഷൻ അധികൃതരും സെക്രട്ടറിയും വിശദീകരിച്ചിരുന്നത്. അന്നു കിട്ടിയ പരാതി വെറും സാങ്കേതിക പിഴവ് എന്ന മട്ടിലാണു കോർപറേഷൻ അധികൃതർ പരിഗണിച്ചത്. ഈ 236 എണ്ണത്തിൽ അനധികൃതമായവ ഉണ്ടോയെന്നു പരിശോധിക്കാൻ പോലും അന്നു തയാറായിരുന്നില്ല. പരിശോധന നടത്തിയിരുന്നെങ്കിൽ മാസങ്ങൾ നീണ്ട തട്ടിപ്പ് അന്നേ അവസാനിക്കുമായിരുന്നു. 

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ സഞ്ചയ സോഫ്റ്റ്‌വെയറിനെക്കുറിച്ചു ജീവനക്കാർക്കു വ്യാപക പരാതിയാണുള്ളത്. തട്ടിപ്പുകാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒട്ടേറെ പഴുതുകൾ സോഫ്റ്റ്‍വെയറിലുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതു കൃത്യമായി അറിയുന്നവരാണു തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചത്. 

അട്ടിമറിക്കപ്പെടരുത് അന്വേഷണം 

സംഭവത്തിൽ പൊലീസിൽ പരാതി നൽകാതിരുന്ന കോർപറേഷൻ, സംഭവം വിവാദമായതോടെയാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഏതു കംപ്യൂട്ടറിൽ നിന്നാണ് ഈ ലോഗിൻ നടത്തിയതെന്നു കണ്ടെത്താൻ ഇൻഫർമേഷൻ കേരള മിഷനു കഴിഞ്ഞിട്ടുമില്ല. പൊലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാം എന്ന ആശങ്ക നിലനിൽക്കുന്നു. 

അതിവേഗം അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിൽ തട്ടിപ്പുകാർ രക്ഷപ്പെടും. കംപ്യൂട്ടറുകൾ മുദ്രവച്ച് അന്വേഷണത്തിനായി സുരക്ഷിതസ്ഥാനത്തേക്കു മാറ്റുക എന്ന പ്രഥമികകാര്യം പോലും ചെയ്തിട്ടില്ല. ഡിജിറ്റൽ തെളിവുകൾ അതിനാൽത്തന്നെ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ടാകാം.

കെട്ടിട നിർമാണച്ചട്ടങ്ങളും തീരദേശ പരിപാലന നിയന്ത്രണ നിയമങ്ങളുമെല്ലാം ലംഘിച്ചു പതിനായിരക്കണക്കിന് കെട്ടിടങ്ങളാണു കേരളത്തിൽ അങ്ങോളമിങ്ങോളം നിർമിക്കപ്പെട്ടിട്ടുള്ളത്. കോടിക്കണക്കിനു രൂപ നിക്ഷേപിച്ച് കെട്ടിപ്പൊക്കിയ ഈ അനധികൃത കെട്ടിടങ്ങൾക്ക് അംഗീകാരം കിട്ടാൻ വീണ്ടും ലക്ഷങ്ങൾ ചെലവാക്കാൻ ഉടമകൾക്ക് മടിയില്ല. ഉദ്യോഗസ്ഥരും ഏജന്റുമാരും രാഷ്ട്രീയക്കാരും കൈകോർത്തു നിൽക്കുന്ന ഇരുണ്ട ഇടനാഴികളിൽ ലക്ഷങ്ങളും  കോടികളും കൈമാറിയാൽ ഏത് അനധികൃത കെട്ടിടവും നിയമാനുസൃതമാകും. അതിനുവേണ്ടി അർധരാത്രിയും ഉണർന്നിരിക്കുന്ന മാഫിയയുണ്ടെന്ന് കോഴിക്കോട്ടെ അനുഭവം ഓർമിപ്പിക്കുന്നു.

English Summary: Building number fraud in Kozhikode Corporation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA