മറക്കരുത് ജീവന്റെ വില

HIGHLIGHTS
  • വൃക്കമാറ്റം വൈകിയതിനു പിന്നാലെ രോഗി മരിച്ച സംഭവം നിർഭാഗ്യകരം
thiruvananthapuram-medical-college-hospital
SHARE

മറ്റൊരാൾക്കു ജീവനോ കാഴ്‌ചയോ പകർന്ന് നമ്മുടെ അവയവം നാം ഓരോരുത്തരുടെയും ആയുസ്സിനപ്പുറത്തേക്കു ജീവിക്കുന്ന അനശ്വരതയാണ് അവയവദാനം. രാജ്യത്തിനുതന്നെ മാതൃകയാകുംവിധത്തിൽ കേരളത്തിലെ അവയവദാനദൗത്യം മുന്നേറുകയുമാണ്. ക്ലേശഭരിതമായ കരുണാദൗത്യത്തിനെ‍ാടുവിൽ ദാതാവിൽനിന്നു മറ്റെ‍ാരാളിലെത്തുന്ന അവയവം മനുഷ്യത്വത്തിന്റെയും കരുണയുടെയും, ഒരേ മനസ്സോടെ കൈകോർത്ത കൂട്ടായ്‌മയുടെയും പ്രതീകം കൂടിയാകുന്നു. എന്നാൽ, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച വൃക്ക വച്ചുപിടിപ്പിക്കാൻ വൈകിയതിനു പിന്നാലെ രോഗി മരിച്ച സംഭവം അനാസ്ഥയുടെയും നിരുത്തരവാദിത്തത്തിന്റെയും പ്രതീകമായെങ്കിൽ അത് അത്യധികം നിർഭാഗ്യകരമാണ്.

എറണാകുളം ജില്ലയിലെ ആലുവയിൽനിന്ന് ഇരുനൂറിലേറെ കിലോമീറ്റർ മിന്നൽവേഗത്തിൽ രണ്ടു മണിക്കൂർ 53 മിനിറ്റുകൊണ്ട് വൃക്ക എത്തിച്ച കഠിനദൗത്യമാണു നിഷ്ഫലമായത്. വൃക്ക അടങ്ങിയ പെട്ടി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ പുറത്തുനിന്നുള്ളവർ അത് എടുത്തുകൊണ്ട് അകത്തേക്ക് ഓടി എന്നതുൾപ്പെടെ ഏകോപനത്തിലെ വൻ പാളിച്ചകളും അനാസ്ഥയും മൂലമാണ് ശസ്ത്രക്രിയ വൈകിയതെന്ന വിലയിരുത്തലിൽ മെഡിക്കൽ കോളജിലെ രണ്ടു വകുപ്പു മേധാവികളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. 

സംഭവത്തിലെ ഗുരുതര വീഴ്ചകൾ വ്യക്തമാക്കുന്നതാണ് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. രോഗിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതു മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോൾ പാലിച്ചില്ലെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്. രോഗിയെ തുടക്കം മുതൽ പിജി വിദ്യാർഥികൾ മാത്രം പരിചരിച്ചതു ഗുരുതര വീഴ്ചയാണെന്നും കണ്ടെത്തി. അതേസമയം, വിശദമായ അന്വേഷണം ഇല്ലാതെയാണ് നടപടിയെന്നു കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) കുറ്റപ്പെടുത്തുന്നു. 

വിവാദത്തിനപ്പുറത്ത്, സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകെ‍ാണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നുമാണു കേരളത്തിന്റെ ആവശ്യം. കാരണം, ജീവന്റെ വില മറന്ന അനാസ്ഥ തന്നെയാണ് അവിടെയുണ്ടായത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ വരന്തരപ്പിള്ളി സ്വദേശി ജിജിത്തിന്റെ (39) വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വൃക്കമാറ്റം വൈകിയതിനു പിന്നാലെ മരിച്ച രോഗിയാവട്ടെ,   കാരക്കോണം സ്വദേശി ജി.സുരേഷ്കുമാറും (62). ജിജിത്ത് മരിച്ചുകഴിഞ്ഞാലും ജീവിക്കണമെന്ന ആഗ്രഹത്തോടെ അവയവദാനം നടത്തിയ കുടുംബത്തിനും വൃക്കയ്ക്കായി അഞ്ചു വർഷം കാത്തിരുന്ന സുരേഷ്കുമാറിന്റെ കുടുംബത്തിനും ഇതുമൂലമുണ്ടായ നിരാശയ്ക്കും സങ്കടത്തിനും മറുപടിയുണ്ടായേതീരൂ.

മുൻകൂട്ടി നിശ്ചയിച്ച അടിയന്തര ശസ്ത്രക്രിയയായിട്ടും ആവശ്യമായ തയാറെടുപ്പുകൾ മെഡിക്കൽ കോളജിൽ നടത്തിയിരുന്നില്ലെന്നും ആരോപണമുണ്ട്. വൃക്ക എത്തിക്കുമ്പോൾ സർജൻമാർ ഉണ്ടായിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് എത്തി സർജൻമാരെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പറയുന്നു. ഇതുംകഴിഞ്ഞാണ് ഡയാലിസിസിനുശേഷം സുരേഷിനെ തിയറ്ററിലേക്കു കൊണ്ടുവന്നത്. എന്നാൽ, ഡോക്ടർമാർക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് കെജിഎംസിടിഎയുടെ വാദം.

അവയവം എത്തുന്നതിനു മണിക്കൂറുകൾമുൻപേ ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കുകയും രോഗിയെ തിയറ്ററിൽ എത്തിക്കുകയുമാണു സാധാരണ ചെയ്യുന്നത്. വൃക്ക എത്തിച്ചശേഷം മൂന്നര മണിക്കൂർ വൈകിയാണ് എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നത്. ദാതാവിന്റെ ശരീരത്തിൽനിന്നു വൃക്ക എടുത്തുകഴിഞ്ഞാൽ കഴിയുന്നതും വേഗം അതു സ്വീകരിക്കുന്ന ആളുടെ ശരീരത്തിൽ വച്ചുപിടിപ്പിക്കണമെന്ന് ഈ മേഖലയിലുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നിട്ടും ഇങ്ങനെ സംഭവിച്ചത് എന്തുകെ‍ാണ്ടാണ്? 

ഇപ്പോൾ കർശനനടപടികളിലേക്കു നീങ്ങുന്ന ആരോഗ്യ വകുപ്പിന് ഇങ്ങനെയെ‍ാരു സങ്കീർണ ദൗത്യത്തിന്റെ മേൽനോട്ടവും ഏകോപനവും നിർവഹിക്കേണ്ട ചുമതലകൂടി ഉണ്ടായിരുന്നില്ലേ? സംഭവമുണ്ടായതു സർക്കാർ മെഡിക്കൽ കോളജിലാണെന്നത് ആരോഗ്യ വകുപ്പിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുകയും ചെയ്യുന്നു. അമൂല്യമായ അവയവം ഇത്തരത്തിൽ അനാസ്ഥ കെ‍ാണ്ടും ആശയക്കുഴപ്പം കെ‍ാണ്ടും പാഴാക്കാതിരിക്കാൻ, അവയവം ആശുപത്രിലെത്തിച്ചാലുടൻ സ്വീകരിക്കേണ്ട തയാറെടുപ്പുകളുടെ ‘മോക്ക് ഡ്രിൽ’ പതിവായി നടത്തി സുസജ്ജമാകേണ്ടതും അടിയന്തരാവശ്യമാണ്.

English Summary: Thiruvananthapuram organ donation row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA