അഗ്നിയിൽ സേനാപതി

HIGHLIGHTS
  • അടിയൊഴുക്ക് തിരിച്ചറിയാതെ ഉദ്ധവ് താക്കറെ
Uddhav Thackeray
ഉദ്ധവ് താക്കറെ. Photo by Indranil MUKHERJEE / AFP
SHARE

സ്വന്തം പാർട്ടിയിൽ അസ്വസ്ഥത പുകയുന്നതു കാര്യമാക്കാതെ മുന്നോട്ടുനീങ്ങിയതാണു മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്കു പറ്റിയ അബദ്ധം. പ്രശ്നങ്ങൾ പറയാനും പരിഹരിക്കാനും പദ്ധതികളെക്കുറിച്ചു ചർച്ച ചെയ്യാനുമെല്ലാം എത്തുന്ന എംഎൽഎമാർക്കും മന്ത്രിമാർക്കും പാർട്ടി ഭാരവാഹികൾക്കും പലപ്പോഴും അദ്ദേഹത്തെ കാണാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ശിവസേന– എൻസിപി– കോൺഗ്രസ് സർക്കാരിന്റെ (മഹാ വികാസ് അഘാഡി) ശിൽപിയായ എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ പോലും ഒരിക്കൽ കാണാൻ സമയം ചോദിച്ചിട്ടു മറുപടി നൽകിയില്ലത്രേ.

മുഖ്യമന്ത്രിയുടെ വാതിൽക്കൽവന്ന് നിരാശരായി മടങ്ങുന്ന പാർട്ടി നേതാക്കൾക്ക് അടുത്ത ആശ്രയം ഇപ്പോൾ കലാപക്കൊടി ഉയർത്തിയ ഏക്നാഥ് ഷിൻഡെയായിരുന്നു. പാർട്ടി ഭേദമെന്യേ എല്ലാവരുടെയും പ്രശ്നങ്ങളിൽ ഇടപെടുകയും കഴിയാവുന്ന സഹായം നൽകുകയും ചെയ്യുന്ന നേതാവെന്നതാണു ഷിൻഡെയുടെ പ്രതിഛായ. ഇപ്പോൾ ഉദ്ധവിനെക്കാൾ പിന്തുണ ഷിൻഡെയ്ക്കു ലഭിക്കാനുള്ള കാരണവും മറ്റൊന്നല്ല. അത്യാവശ്യകാര്യത്തിനു വിളിച്ചാൽ ഫോൺ എടുക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നു മന്ത്രിമാർ‌ക്കുപോലും പരാതിയുണ്ടായിരുന്നു.

സ്വന്തം പാർട്ടിയിൽ ഏതാനും മന്ത്രിമാരും ഒരു വിഭാഗം എംഎൽഎമാരും അട്ടിമറിനീക്കം നടത്തുന്നത് അറിയാതെപോയി എന്നതിൽനിന്നു തന്നെ പാർട്ടിയിൽ ഉദ്ധവ് എത്രമാത്രം ഇടപെടുന്നുണ്ടെന്നതു മനസ്സിലാക്കാം. രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നു വിവരങ്ങൾ ലഭിക്കാതെ പോയതും സർക്കാരിനു തിരിച്ചടിയായി. ബാൽ താക്കറെയോളം വിലമതിക്കുന്ന നേതാവായി മറ്റുള്ളവർ തന്നെ കാണണമെന്ന് ഉദ്ധവ് ആഗ്രഹിച്ചതാകാം പാർട്ടിയിൽപോലും ഇത്തരമൊരു അകലംവയ്ക്കലിനു കാരണം.

ബാൽ താക്കറെ യുഗം മുതൽ ശിവസേനയുടെ മുന്നണിപ്പോരാളികളായ ഏക്നാഥ് ഷിൻഡെയടക്കം പല നേതാക്കളെയും അവഗണിച്ച് അനിൽ പരബിനെപ്പോലുള്ള നേതാക്കളെ േചർത്തുനിർത്തി. മകനും മന്ത്രിയുമായ ആദിത്യ താക്കറെയുടെ വാക്കുകൾക്കു കൂടുതൽ വിലകൽപിച്ചു. പാർട്ടിയിൽ കൂടിയാലോചിക്കാതെ സഞ്ജയ് റാവുത്ത് നടത്തുന്ന പ്രസ്താവനകൾ ശിവസേനാ നിലപാടുപോലെ വ്യാഖ്യാനിക്കപ്പെട്ടു. ഇതെല്ലാം പല നേതാക്കളെയും അസ്വസ്ഥരാക്കി.

പരാതികളൊന്നും േകട്ടില്ല; ബിജെപിയെ പ്രതിരോധിച്ചില്ല

അനാരോഗ്യവും ഉദ്ധവിനു പലപ്പോഴും വെല്ലുവിളിയായി. കോവിഡും ലോക്ഡൗണും ആയതോടെ വീട്ടിലിരുന്ന് ഓൺലൈനിലായിരുന്നു ഭരണം. ഹൃദ്രോഗിയായ അദ്ദേഹം കോവിഡ് വ്യാപനം കുറഞ്ഞതിനു പിന്നാലെ നട്ടെല്ലു ശസ്ത്രക്രിയയ്ക്കും വിധേയനായി. കോവിഡ്കാലത്തും തുടർന്നു ശസ്ത്രക്രിയയ്ക്കു ശേഷവും വീട്ടിലകപ്പെട്ട മുഖ്യമന്ത്രിക്കു പാർട്ടി നേതാക്കളും അണികളും മന്ത്രിമാരും എംഎൽഎമാരുമായി സമ്പർക്കം കുറഞ്ഞു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഓഫിസിൽ പോലും എത്തിയത്.

Eknath Shinde
ഏക്നാഥ് ഷിൻഡെ PTI Photo by Mitesh Bhuvad

എൻസിപി നേതാവായ ധനമന്ത്രി അജിത് പവാർ വേണ്ടത്ര ഫണ്ട് അനുവദിക്കുന്നില്ലെന്നും പണവും പദ്ധതികളും എൻസിപി ജനപ്രതിനിധികളിലേക്ക് ഒഴുക്കുകയാണെന്നും ശിവസേനാ നേതാക്കളും അണികളും പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടായില്ല. ഇതിനിടെ, ശിവസേനയുടെ ഹിന്ദുത്വ അജൻഡ കോൺഗ്രസിനും എൻസിപിക്കും മുന്നിൽ അടിയറ വയ്ക്കുകയാണെന്ന മുറുമുറുപ്പും പലകോണുകളിലും ഉയർന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ രണ്ടാമത്തെ സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാനും നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയുടെ ഒരു സ്ഥാനാർഥി പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും കഴിയാതെപോയതു വലിയ വീഴ്ചയായി. സ്വതന്ത്രരെയും ചെറുപാർട്ടികളിലെ എംഎൽഎമാരെയും ഒപ്പം നിർത്താൻ ഒരു തന്ത്രവും മെനഞ്ഞില്ല. അവസരം കാത്തിരിക്കുന്ന ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനും കാര്യമായൊന്നും ചെയ്തില്ല.

പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ, ശരദ് പവാറിന്റെ നിർദേശങ്ങൾക്കു വിലകൽപിക്കുന്നതായും പരാതിയുണ്ടായി. ശിവസേനയിലെ ഇൗ അസ്വസ്ഥതകളെല്ലാം വിലയിരുത്തി പരിഹരിച്ചുപോകുന്നതിലെ പാളിച്ചയാണു പാർട്ടിയെയും ഉദ്ധവിനെയും ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചിരിക്കുന്നത്.

mla
ഏക്നാഥ് ഷിൻഡെയും ഒപ്പമുള്ള എംഎൽഎമാരിൽ ചിലരും ഗുവാഹത്തിയിലെ ഹോട്ടലിൽ. PTI Photo

ഷിൻഡെ പോയത് മനംമടുത്ത്

ഏറെനാളായി പാർട്ടിയിലും മന്ത്രിസഭയിലും നേരിടുന്ന അവഗണനയാണ് ഏക്നാഥ് ഷിൻഡെയെ ചൊടിപ്പിച്ചത്.

വിമതനീക്കത്തിന്റെ കാരണങ്ങൾ
∙ 2019ൽ ബിജെപിയുമായി പിണങ്ങിയ ശിവസേന കോൺഗ്രസും എൻസിപിയുമായി അടുത്തപ്പോൾതന്നെ ഷിൻഡെ എതിർത്തെങ്കിലും പാർട്ടി അത് അവഗണിച്ചു.
∙ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിപദത്തിലേക്കുപോലും പരിഗണിക്കപ്പെട്ട ഷിൻഡെ മഹാ വികാസ് അഘാഡിയിൽ ഉപമുഖ്യമന്ത്രിപദം സ്വപ്നം കണ്ടു.
∙ പലപ്പോഴും ഉദ്ധവ് താക്കറെയെ കാണാൻപോലും കഴിയാത്ത സ്ഥിതി വന്നതോടെ അതൃപ്തി കൂടി. മന്ത്രിയെന്ന നിലയിൽ ഷിൻഡെ എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി തിരുത്തിയത് അകൽച്ച വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്നും നിർദേശമുണ്ടായി. ഷിൻഡെയുടെ വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടിരുന്നതും പ്രശ്നമായി.
∙ രാജ്യസഭാ, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിലും ഷിൻഡെയുടെ അഭിപ്രായങ്ങൾ പാർട്ടി അവഗണിച്ചു. അവയുടെ ഏകോപനച്ചുമതലയിൽ നിന്ന് ഒഴിവാക്കി.
∙ ശിവസേനാ എംഎൽഎമാർക്കു േവണ്ടത്ര ഫണ്ട് ലഭിക്കുന്നില്ലെന്ന ഷിൻഡെയുടെ പരാതിപോലും മുഖ്യമന്ത്രി അവഗണിച്ചതോടെ നിരാശയായി.
∙ ഹിന്ദുത്വ അജൻ‍ഡ ശിവസേന മയപ്പെടുത്തുന്നതു പാർട്ടിക്കു തിരിച്ചടിയുണ്ടാക്കുമെന്നും ഷിൻഡെ ഭയന്നു.

Content Highlight: Maharashtra Political Crisis, Uddhav Thackeray, Shiv Sena, Eknath Shinde

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA