ADVERTISEMENT

സമാധാനവും പാരസ്പര്യവും ഊട്ടിയുറപ്പിക്കേണ്ടത് നാടിന്റെ വികസനത്തിനും ശോഭനമായ ഭാവിക്കും അത്യന്താപേക്ഷിതമാണ്. അതുക‍െ‍ാണ്ടുതന്നെ, നമ്മുടെ മതസൗഹാർദ പാരമ്പര്യം കാത്തുസൂക്ഷിക്കുകയെന്ന സന്ദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജില്ലതോറും നടത്തിയ സുഹൃദ്സംഗമങ്ങൾ പ്രതീക്ഷയുടെ കിരണമാകുന്നു.  

മനസ്സുകളുടെ ഐക്യം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാദിഖലി ത‌‌ങ്ങൾ നടത്തുന്ന സംഗമങ്ങൾക്ക് ഇന്നു കോഴിക്കോട്ടു സമാപനമാകുകയാണ്. ബഹളങ്ങളില്ലാതെ, തുറന്ന സംവാദത്തിനു വേദിയൊരുക്കിയ സ്നേഹസംഗമങ്ങൾക്കു ജില്ലകളിൽ ലഭിച്ച മികച്ച സ്വീകാര്യത സമാധാനമാഗ്രഹിക്കുന്ന എല്ലാവർക്കും പ്രതീക്ഷ നൽകുന്നു. വിവിധ സഭകളുടെ നേതൃത്വത്തിലുള്ളവരും ഒട്ടേറെ സന്യാസിവര്യന്മാരും ഹൃദയപൂർവം സൗഹൃദസംഗമത്തിന്റെ ഭാഗമായി. 

വിഭാഗീയ ചിന്തകൾക്കെതിരെ മുസ്‌ലിം ലീഗ് എടുക്കുന്ന ഉറച്ച ചുവടുവയ്പുകൾ എക്കാലത്തും രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. പ്രതികരണങ്ങളിലെ സൗമ്യതയാണു ലീഗിന്റെ മുഖമുദ്രയെങ്കിലും സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കടുത്ത നിലപാടെടുക്കാൻ അവർ മടിച്ചുനിന്നിട്ടില്ല. ലീഗിന്റെ നേതാക്കളായ പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ രാഷ്ട്രീയത്തിനതീതമായ ആദരവും ബഹുമാനവും നേടിയതു നാടിന്റെ നന്മയ്ക്കു വേണ്ടിയെടുത്ത നിലപാടുകൾകൊണ്ടുകൂടിയാണ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽനിന്ന് ലീഗിന്റെ അമരത്തെത്തിയ സാദിഖലി തങ്ങളും മുൻഗാമികളുടെ അതേ പാതയിൽ തന്നെ നീങ്ങുന്നുവെന്നതു കേരളത്തിന്റെ മതസൗഹാർദചേരിക്കു നൽകുന്ന ഊർജം ചെറുതല്ല.

എല്ലാ ജില്ലകളിലും മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുള്ളവരെയാണു സൗഹൃദസംഗമത്തിന്റെ ഭാഗമായി സാദിഖലി തങ്ങൾ നേരിൽ കണ്ടത്. എല്ലാവരെയും കേൾക്കാനും അഭിപ്രായങ്ങൾ തുറന്നമനസ്സോടെ ഉൾക്കൊള്ളാനുമുള്ള സന്നദ്ധത വ്യക്തമാക്കിയാണു സംഗമങ്ങൾ തുടങ്ങിയതുതന്നെ. സമൂഹത്തിന്റെ സ്നേഹഗാത്രത്തിൽ വിള്ളലുണ്ടാക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒരുമിച്ചുനിൽക്കുകയെന്ന സന്ദേശമാണ് എല്ലായിടത്തും മുഴങ്ങിക്കേട്ടത്. മതമൂല്യങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നതുൾപ്പെടെയുള്ള ഗൗരവമുള്ള നിർദേശങ്ങളും ഉയർന്നു. 

പരസ്‌പരസ്‌നേഹത്തിന്റെ സംഗീതം പൊഴിക്കാനാണ് ഓരോ മതവും ആവശ്യപ്പെടുന്നത്. മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്ത രാഷ്‌ട്ര നേതാക്കളും രാഷ്‌ട്രീയ നേതാക്കളും സമ്പന്നമാക്കിയ രാജ്യമാണു നമ്മുടേത്. വ്യത്യസ്‌ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. 

എല്ലാ മതങ്ങളിലെയും ചെറു ന്യൂനപക്ഷം മാത്രമാണു വെറുപ്പിന്റെ പ്രചാരകരായി ചിലപ്പോഴൊക്കെ രംഗത്തുവരുന്നത്. അതുമാത്രം വലിയ മുഴക്കത്തോടെ കേൾക്കുമ്പോഴാണ് നാടിന് എന്തുപറ്റുന്നുവെന്ന തോന്നൽ ഉടലെടുക്കുന്നതും. വിശ്വാസികളിലെ ഭൂരിഭാഗവും ഇതരമതങ്ങളെ ബഹുമാനിക്കുന്നവരും വിഭാഗീയതയെയും വിദ്വേഷത്തെയും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്തവരും സഹവർത്തിത്വം ആഗ്രഹിക്കുന്നവരുമാണ്. ഈ മഹാഭൂരിപക്ഷം സൗഹാർദത്തിനുവേണ്ടി ശബ്ദിക്കുന്നതു പ്രതിലോമശക്തികളെ ദുർബലമാക്കുമെന്നു തീർച്ച. അത്തരം ശ്രമങ്ങളുടെ തുടക്കം കൂടിയാവട്ടെ സാദിഖലി തങ്ങളുടെ സ്നേഹയാത്രയെന്ന് മനുഷ്യനന്മയിൽ വിശ്വസിക്കുന്നവരെല്ലാം ആശിക്കുന്നു.

 

Content Highlights: Panakkad Sadiqali Shihab Thangal, Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com