ഇത് മതമൈത്രിയുടെ നാട്

HIGHLIGHTS
  • മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
Panakkad Sadiqali Shihab Thangal
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
SHARE

ഇന്ത്യൻ ‌യൂണിയൻ മുസ്‌ലിം ലീഗ് അടുത്തവർഷം രൂപീകരണത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുകയാണ്. പിറന്നുവീണതു മദ്രാസിലാണെങ്കിലും പാർട്ടി വളർന്നുപന്തലിച്ചതു കേരളത്തിലാണ്. ഭരണത്തെ സ്വാധീനിക്കാൻ ശേഷിയുള്ള തിരഞ്ഞെടുപ്പുസാന്നിധ്യമാണ് എന്നതിനൊപ്പം ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിൽ കൈക്കൊണ്ട സമീപനവും കേരളത്തിലെ ലീഗിനെ വേറിട്ടുനിർത്തുന്നു. ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട അത്തരമൊരു ഇടപെടലായാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ സംഗമങ്ങളെ പാർട്ടി കാണുന്നത്. മതസൗഹാർദ സംരക്ഷണ സന്ദേശവുമായി സംസ്ഥാനമൊട്ടാകെ നടത്തിയ സംഗമങ്ങൾ ഇന്നു കോഴിക്കോട്ടു സമാപിക്കാനിരിക്കെ സാദിഖലി തങ്ങൾ സംസാരിക്കുന്നു.

എന്തായിരുന്നു ഇത്തരമൊരു യാത്രയുടെ സാഹചര്യം?

അരുതാത്തതെന്തോ സംഭവിക്കുന്നുവെന്ന തോന്നൽ നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സിലുണ്ട്. ആശങ്കയുണ്ടാക്കുന്ന ചില സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. നമ്മുടെ നാട് അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന മതനിരപേക്ഷതയ്ക്കും മതസൗഹാർദത്തിനും നേരെയുണ്ടാകുന്ന വെല്ലുവിളികൾക്കു നേരെ എന്നും ക്രിയാത്മകമായി പ്രതികരിച്ച പാരമ്പര്യമാണു ലീഗിന്റേത്. ആ ദൗത്യം ആവർത്തിക്കുകയാണു ലീഗ് ചെയ്തത്.

ലീഗിന്റെ ഈ ദൗത്യത്തോടു സമൂഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?

പാർട്ടി പ്രതീക്ഷിച്ചതിനെക്കാൾ വലിയ സ്വീകാര്യതയാണു ലഭിച്ചത്. ഓരോ ജില്ലയിലും സമൂഹത്തിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങളുടെ വരവ് അവർ കാത്തിരിക്കുന്നതുപോലെയാണു തോന്നിയത്. അത്രയ്ക്കും ഹൃദ്യമായിരുന്നു സ്വീകരണം. എല്ലാവരെയും കൂട്ടിയിരുത്തുകയെന്നതാണു പ്രധാനം. ലീഗിനേ അതിനു കഴിയൂ എന്നു പറയുന്നവരുണ്ട്. അത്തരം അഭിപ്രായങ്ങൾ പാർട്ടി നന്ദിപൂർവം സ്വീകരിക്കുന്നു.

രണ്ടു പ്രധാന ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിലുണ്ടായ ചില തെറ്റിദ്ധാരണകൾ നീക്കുകയെന്ന ദൗത്യവും ഇതിനു പിന്നിലുണ്ടല്ലോ. ആ നിലയിൽ യാത്ര പൂർത്തിയാകുമ്പോൾ തൃപ്തിയുണ്ടോ?

തീർച്ചയായും. എല്ലാ ജില്ലകളിലെയും ക്രൈസ്തവ മതമേലധ്യക്ഷന്മാരും ബിഷപ്പുമാരും ഹൃദയപൂർവമാണ് ഈ ദൗത്യത്തെ വരവേറ്റത്. പലരും നേരിട്ടുവന്നു. അതിന് അസൗകര്യമുള്ളവർ പ്രതിനിധികളെ അയച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എല്ലാവരുമായും മനസ്സുതുറന്നു സംസാരിച്ചു. തെറ്റിദ്ധാരണങ്ങൾ എക്കാലത്തും തുടർന്നുകൊണ്ടുപോകുകയല്ലല്ലോ, പരിഹരിക്കുകയല്ലേ വേണ്ടത്. ആ സ്പിരിറ്റ് എല്ലാവരും ഉൾക്കൊണ്ടിട്ടുണ്ട്. അക്കാര്യത്തിൽ പൂർണ തൃപ്തിയുണ്ട്.

ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയെന്ന നിലയിൽ, അവർക്കിടയിൽ വിഭാഗീയത പടർത്താനുള്ള ശ്രമങ്ങൾക്കെതിരെ ക്യാംപെയ്ൻ നടത്തുമോ?

സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന എല്ലാ ശ്രമങ്ങൾക്കും ലീഗ് എതിരാണ്. എല്ലാവരെയും ഒരുമിച്ചു നിർത്തുകയാണു ലീഗിന്റെ നയം. വിഭാഗീയത സൃഷ്ടിക്കുന്ന ഏതു നീക്കത്തിനും, അത് ഏതു ഭാഗത്തുനിന്നായാലും ലീഗ് എതിരാണ്. വെറുപ്പിനെതിരെ സ്നേഹത്തിന്റെ പ്രതിരോധമാണു ലീഗ് മുന്നോട്ടുവയ്ക്കുന്നത്.

ലീഗിനെ വർഗീയ പാർട്ടിയായി വിശേഷിപ്പിക്കുന്നവർക്ക് എന്താണു മറുപടി?

ലീഗിനെ ആരും വർഗീയ പാർട്ടിയായി കാണുന്നുണ്ടെന്നു തോന്നുന്നില്ല. രാഷ്ട്രീയമായി പലതും പറയുന്നുണ്ടാകാം. എന്നാൽ, ലീഗ് എക്കാലവും ഉയർത്തിപ്പിടിച്ച മതസൗഹാർദ നിലപാടുകളോട് എല്ലാവർക്കും മതിപ്പുണ്ട്.

ലീഗിനെ ആരും വർഗീയ പാർട്ടിയായി കാണുന്നുണ്ടെന്നു തോന്നുന്നില്ല. ലീഗ് എക്കാലവും ഉയർത്തിപ്പിടിച്ച മതസൗഹാർദ നിലപാടുകളോട് എല്ലാവർക്കും മതിപ്പുണ്ട്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മതസൗഹാർദ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സംവിധാനം ആലോചിക്കുന്നുണ്ടോ? ലീഗ് അതിനു മുൻകയ്യെടുക്കുമോ?

സൗഹൃദ സംഗമത്തിനെത്തിയ പലരും ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിരുന്നു. താഴേത്തട്ടുകളായ മണ്ഡലം, പഞ്ചായത്ത് തലങ്ങളിലാണ് ഇത്തരമൊരു സംവിധാനം വേണ്ടതെന്നാണ് എന്റെ അഭിപ്രായം. അക്കാര്യത്തിൽ കൂടിയാലോചനകളുണ്ടാകും.

ചർച്ചകളിൽ ഉയർന്നുവന്ന പ്രധാന നിർദേശമായി തോന്നിയതെന്താണ്?

മത മൂല്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന നിർദേശം പലരും ഉന്നയിച്ചു. എല്ലാ മതങ്ങളുടെയും നന്മകൾ ചെറുപ്രായത്തിൽ മനസ്സിലാക്കാൻ ഇതു സഹായിക്കും. പൊതു ഇടമെന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഷത്തിലൊരിക്കലെങ്കിലും മതനിരപേക്ഷ സംഗമങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യവും നടപ്പാക്കേണ്ടതാണ്.

14 ജില്ലകളിൽ നടന്ന സംഗമങ്ങളിൽ മനസ്സിലെ ഏറെ സ്പർശിച്ച അനുഭവം ഏതായിരിക്കും?

നന്മ ആഗ്രഹിക്കുന്ന വലിയ മനുഷ്യരാണു സംഗമങ്ങൾക്കെത്തിയത്. അതിനാൽ ഓരോ നിമിഷവും ഹൃദയസ്പർശിയായിരുന്നു. ആദ്യം സംഗമം നടന്നതു കാസർകോട്ടാണ്. അവിടെ ചിന്മയ മിഷൻ പ്രതിനിധിയായി വന്ന സ്വാമി ദയാനന്ദയുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. കേരളത്തിൽ അസ്വാരസ്യമുണ്ടാകുമ്പോൾ മലപ്പുറത്തു നിന്നുള്ള ശബ്ദത്തിനാണു ഞങ്ങളെല്ലാം കാതോർക്കുന്നതെന്നും ആ ശബ്ദം എല്ലാ അസ്വാരസ്യങ്ങളും ഇല്ലാതാക്കുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്‌ലിം ലീഗിന്റെയും അതിനു നേതൃത്വം നൽകിയ പാണക്കാട് കുടുംബത്തിലെ മുൻഗാമികളുടെയും ശ്രമങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമായി ആ വാക്കുകളെ കാണുന്നു.

ജില്ലാ സംഗമങ്ങളുടെ ഭാഗമായി പ്രവർത്തക കൺവൻഷനും നടന്നിരുന്നു. ഈ പര്യടനം ലീഗിനും യുഡിഎഫിനും എത്രമാത്രം ഗുണം ചെയ്യും?

ഇതുമായി ബന്ധപ്പെട്ടു രാഷ്ട്രീയം പറയുന്നില്ല. എന്നാൽ, രണ്ടാം സംഗമം കണ്ണൂരിൽ നടക്കുന്ന ദിവസമാണു തൃക്കാക്കര തിരഞ്ഞെടുപ്പുഫലം വന്നത്. അതു വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരായ വിധിയെഴുത്തായിരുന്നു. അതിന്റെ സന്ദേശം യാത്രയ്ക്കും പൊതുവിൽ യുഡിഎഫിനും വലിയ ഊർജം പകർന്നു നൽകിയിട്ടുണ്ട്.

യാത്ര സമാപിക്കുമ്പോൾ ശുഭാപ്തി വിശ്വാസമുണ്ടോ?

കേരളത്തിലെ ഭൂരിഭാഗം മനുഷ്യരും മതസൗഹാർദത്തിന്റെ പക്ഷത്താണെന്നു നേരിട്ടു ബോധ്യപ്പെട്ടു. അതെന്നെ കൂടുതൽ ശുഭാപ്തിവിശ്വാസിയാക്കുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുകയെന്ന ദൗത്യം ലീഗ് തുടരും.

Content Highlight: Panakkad Sadiqali Shihab Thangal, Muslim League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA