ADVERTISEMENT

എന്ത് അഴിമതി നടത്തിയാലും, സംഘടനാപരമായ സ്റ്റാലിനിസ്റ്റ് ചിട്ടവട്ടങ്ങൾ കൃത്യമായി പാലിച്ചാൽ ഒരു പോറലും ഏൽക്കില്ലെന്ന തോന്നൽ കേരള സിപിഎമ്മിനകത്ത് അടിമുടിയുണ്ട്. എന്നാൽ, അഴിമതിമൂലം അണികളുടെ വികാരം വ്രണപ്പെട്ടാൽ ചില പൊട്ടിത്തെറികൾ ഉണ്ടാകാം. അതാണു പയ്യന്നൂരിൽ സംഭവിച്ചത്

സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയ്ക്കുശേഷം രാഷ്ട്രീയ ചിന്തയിൽ ഇടം പിടിച്ച പ്രയോഗമാണ് അപകമ്യൂണിസ്റ്റുവൽക്കരണം. (decommunization). സമൂഹത്തെ ഘടനാപരമായി കമ്യൂണിസ്റ്റ് മുക്തമാക്കാനുള്ള നടപടികൾ എന്നതാണതിന്റെ പൊതുവായ അർഥം. അപകമ്യൂണിസ്റ്റുവൽക്കരണത്തിനിപ്പോൾ മൂന്നു പതിറ്റാണ്ടു പ്രായമുണ്ട്. ഇതിനിടയിൽ, ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളും അപകമ്യൂണിസ്റ്റുവൽക്കരണത്തിനു വിധേയമായി. അവയിൽ ചിലതു പേരും ചുവന്ന കൊടിയുമുപേക്ഷിച്ചാണ് ഈ വഴി നീങ്ങിയതെങ്കിൽ, ചില പാർട്ടികൾ അതു രണ്ടും നിലനിർത്തിക്കൊണ്ടു തന്നെ, ഉള്ളടക്കത്തിൽ അപകമ്യൂണിസ്റ്റുവൽക്കരണം നടപ്പാക്കി. 

ഈ രണ്ടാം വഴിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം കേരളത്തിലെ സിപിഎം ആണെന്ന്, കഴിഞ്ഞ കാൽനൂറ്റാണ്ടായി അതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി വിശകലനം ചെയ്താൽ കാണാൻ കഴിയും. വാചകവിപ്ലവം എന്നതിനപ്പുറം ഒരു വിപ്ലവകാഴ്ചപ്പാടുമില്ലെന്നു മാത്രമല്ല, മാർക്സിയൻ പദാവലികളുടെ ഉപയോഗം പോലും അവസാനിപ്പിച്ച ഒന്നായി അതു മാറുകയും ചെയ്തു. പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള വികസന രേഖ മാത്രം മതി ഇതിന്റെ ആഴം മനസ്സിലാക്കാൻ. 

എന്നാൽ, ഇങ്ങനെ അപകമ്യൂണിസ്റ്റുവൽക്കരിക്കപ്പെടുന്നതിനിടയിലും സംഘടനാപരമായി കേരളത്തിലെ സിപിഎം അധികമധികം സ്റ്റാലിനിസ്റ്റുവൽക്കരിക്കപ്പെടുകയാണു ചെയ്തത്. 2005ലെ മലപ്പുറം സമ്മേളനത്തിലെ വിഎസ് പക്ഷത്തിന്റെ പരാജയത്തോടെ ഔപചാരികമായിത്തന്നെ പാർട്ടി ഒരു പരമോന്നത നേതാവിനു ചുറ്റും കേന്ദ്രീകരിക്കപ്പെടുന്നതിലേക്കു വേഗത്തിൽ മാറാൻ തുടങ്ങി. 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ, പാർട്ടി സമം പിണറായി എന്ന സ്റ്റാലിനിസ്റ്റ് സമവാക്യം ഇവിടെ പൂർണമായി നിലവിൽ വന്നു. വി.എസ്.അച്യുതാനന്ദൻ പൊതുജീവിതത്തിൽനിന്നു പിൻവാങ്ങിയതിനു ശേഷം സംഘടനയ്ക്കകത്തെ തർക്കങ്ങളും ഏതാണ്ട് കെട്ടടങ്ങി. അതുകൊണ്ട് സ്വയം എന്ത് അഴിമതി നടത്തിയാലും ശരി, സംഘടനാപരമായ സ്റ്റാലിനിസ്റ്റ് ചിട്ടവട്ടങ്ങൾ കൃത്യമായി പാലിച്ചാൽ പാർട്ടിക്കകത്ത് ഒരു പോറലും ഏൽക്കാതെ സുഖമായി നിലനിൽക്കാമെന്ന തോന്നൽ കേരള സിപിഎമ്മിനകത്ത് അടിമുടിയുണ്ട്. 

kc umesh babu
കെ.സി.ഉമേഷ് ബാബു. ചിത്രം∙ മനോരമ

കഴിഞ്ഞ 6 വർഷത്തെ അഴിമതിയുടെ കഥ എടുത്താൽ തന്നെ ‘അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ’ എന്ന ചർച്ച പാർട്ടിക്കകത്തു വ്യാപകമാണ്. എന്നാൽ, സാമ്പത്തിക അഴിമതി പരസ്യമായും ധിക്കാരപരമായും നടത്തുകയും അതിൽ അണികളുടെ വികാരം വ്രണപ്പെടുന്ന സംഗതികൾ വരെ ഉൾപ്പെടുകയും ചെയ്യുമ്പോൾ ചില പൊട്ടിത്തെറികൾ ഉണ്ടാകാനിടയുണ്ട്. സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ അതാണു സംഭവിച്ചത്. അതായത് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ പരസ്യമായി മോഷ്ടിച്ചു എന്നതാണ് പ്രശ്നത്തിന്റെ കാതൽ. 

ഇതു സംഘടനയ്ക്കകത്ത് ഒതുക്കിത്തീർക്കാനുള്ള സുപരീക്ഷിതമായ സ്റ്റാലിനിസ്റ്റ് പരിഹാരക്രിയകളുടെ പാപഭാരം ഏറ്റെടുക്കാൻ ഏരിയാ സെക്രട്ടറിക്കു മനസ്സുവന്നില്ല എന്നതിനാൽ മാത്രം പ്രശ്നം പുകഞ്ഞു നീറുകയും ആളിക്കത്തുകയും ചെയ്തു. അതോടെ അടുത്ത സ്റ്റാലിനിസ്റ്റ് പരിഹാരം നിർദേശിക്കപ്പെട്ടു. നിലവിലെ സെക്രട്ടറിക്കു പകരമായി മേൽകമ്മിറ്റിക്കാരൻ വരിക. എന്നാൽ, ഈ നീക്കത്തിൽ മനംനൊന്ത വി.കുഞ്ഞിക്കൃഷ്ണൻ പാർട്ടി പ്രവർത്തനം തന്നെ ഉപേക്ഷിച്ചതോടെ മലയാളി പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി നാണംകെട്ടു. പക്ഷേ, പയ്യന്നൂരിലെ ഭൂരിപക്ഷം പാർട്ടി നേതാക്കളും പ്രവർത്തകരും കുഞ്ഞിക്ക‍ൃഷ്ണൻ എന്ന മുൻ ഏരിയാ സെക്രട്ടറിയുടെ ധാർമികതയെ പിന്തുണച്ചു നടത്തിയ വലിയ രാഷ്ട്രീയകലാപം കേരള സിപിഎം വകവച്ചു കൊടുക്കുമെന്നു കരുതാനാകില്ല.

പ്രാദേശിക നേതാക്കളെയും അണികളെയും സാമ,ദാന,ഭേദ,ദണ്ഡങ്ങളുടെ വഴിയിൽ അനുനയിപ്പിച്ചും കുഞ്ഞിക്കൃഷ്ണനെ ഒറ്റപ്പെടുത്തിയും ഈ പ്രശ്നം സ്റ്റാലിനിസ്റ്റ് മാർഗത്തിൽ അവസാനിപ്പിക്കാനുള്ള നീക്കം നേതൃത്വം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച പയ്യന്നൂരിൽ കെട്ടിട ഉദ്ഘാടനത്തിനു വന്ന പൊളിറ്റ് ബ്യൂറോ അംഗം,  കുഞ്ഞിക്കൃഷ്ണനോടു മിണ്ടിയില്ല എന്നതിൽ അതിന്റെ കൃത്യമായ സന്ദേശമുണ്ട്. സ്റ്റാലിനിസ്റ്റ് പാർട്ടിയന്ത്രം പാർട്ടി വികാരത്തിന്റെ മറവിൽ, സാധാരണ മനുഷ്യരുടെ വികാരങ്ങളെയും ധാർമികബോധത്തെയും സത്യസന്ധതയെയും മറ്റും ഞെരിച്ചമർത്തിയാണു മുന്നേറുക. പയ്യന്നൂരിലും ഇതുണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ ചരിത്രത്തെ നോക്കിയാൽ, ജോസഫ് സ്റ്റാലിനു ശേഷം ഒരു നികിത ക്രൂഷ്ചേവാണു വരിക. അങ്ങനെ സംഭവിക്കുമ്പോൾ ഇപ്പോൾ ഭരിക്കുന്നവർ തിരശീലയ്ക്കു പിറകിലേക്കും ശ്മശാനത്തിലേക്കു വലിച്ചെറിയപ്പെട്ടവർ നേതൃത്വത്തിലേക്കും മാറ്റിപ്പാർപ്പിക്കപ്പെടുന്ന പതിവും ഉണ്ട്. സിപിഎം നേതാക്കൾ അതോർക്കുന്നത് അവർക്കും കേരളത്തിനും നന്നായിരിക്കും.  

( കവിയും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)

English Summary: KC Umesh Babu on Stalinism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com