ചൈനയ്ക്കൊപ്പം ജീവിക്കാൻ മാറ്റണോ തന്ത്രങ്ങൾ?

galwan attack
2021 ജനുവരി 20 ന് ഇന്ത്യ–ചൈന സൈനികർ തമ്മിൽ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷം (ഫയൽ ചിത്രം)
SHARE

അതിർത്തിത്തർക്കങ്ങൾ കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രത ദശകങ്ങളായി ഇന്ത്യയും ചൈനയും പുലർത്തിയിരുന്നു. എന്നാൽ,ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷം അതിന് മാറ്റം വരുത്തിയിരിക്കുന്നു. ഭൂമി കയ്യേറിയശേഷം അൽപം പിന്മാറുന്ന തന്ത്രമാണ് ഇപ്പോൾ ചൈനയുടേത്. ശത്രുവായിക്കണ്ട് അകലം പാലിക്കണോ, അയൽക്കാരനായിക്കണ്ട് യോജിച്ച് പോകണോ? ഉത്തരം കണ്ടെത്തേണ്ട സമയമായിരിക്കുന്നു.

രണ്ടു വർഷം മുൻപ് ഇതേ മാസം ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെയും ഒട്ടേറെ ചൈനീസ് പട്ടാളക്കാരുടെയും ജീവനെടുത്ത സംഘർഷം അതിലും വലുതും പ്രസക്തവുമായ ഒരു ചോദ്യം ഉയർത്തുകയുണ്ടായി– ഏഷ്യയിലെ രാഷ്ട്രബന്ധങ്ങളിൽ മറ്റു ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിക്കും വിധമുള്ള തന്ത്രപരമായ ഒരു മാറ്റം രൂപപ്പെടുകയാണോ?

ഒരുപക്ഷേ, ഈ സൂചന അൽപം അതിരുകടന്നതാണെന്നു തോന്നിയേക്കാം. കാരണം, ഇത്രയുംനാൾ രണ്ടു രാജ്യങ്ങളും പരസ്പരം അംഗീകരിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന മാന്യമായ നിലപാടാണു സ്വീകരിച്ചിരുന്നത്. ഇന്ത്യയുടെ 23,200 ചതുരശ്ര കിലോമീറ്റർ പ്രദേശം നഷ്ടപ്പെട്ട, ചൈനയുമായുണ്ടായ യുദ്ധത്തിനു ശേഷം സ്വീകരിക്കപ്പെട്ട ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) എന്ന 3,500 കിലോമീറ്റർ അതിർത്തിയുടെ കാര്യത്തിലുള്ള തർക്കത്തിൽ ഇന്ത്യയ്ക്കു നിർണായക വിജയം നേടാനായിട്ടില്ല എന്നതു വസ്തുതയാണ്. (അതേസമയം, അരുണാചൽ പ്രദേശിലെ 92,000 ചതുരശ്ര കിലോമീറ്റർ പ്രദേശം തങ്ങളുടേതാണെന്നു ചൈന ഇടയ്ക്കിടെ അവകാശവാദമുയർത്തുകയും ചെയ്യുന്നുണ്ട്). എന്നിരുന്നാലും, കാര്യങ്ങൾ പിടിവിട്ടുപോകാതിരിക്കാൻ ദശകങ്ങളായി ഇരുപക്ഷവും ശ്രമിക്കുന്നുണ്ടായിരുന്നു. എൽഎസിക്കു സമീപത്തായി ഇരുപക്ഷത്തെയും സൈനികർ ഹൈവേകൾ നിർമിക്കുമ്പോഴും റോഡ് അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് ഒരുമ്പെടുമ്പോഴും സംഘർഷ സാധ്യത സ്വാഭാവികമാണ്. അവയെല്ലാം അപ്പപ്പോൾ ഒതുക്കിത്തീർക്കുകയായിരുന്നു. ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലാത്ത എൽഒസിയെപ്പറ്റിയുള്ള ഓരോരുത്തരുടെയും നിർവചനമനുസരിച്ചു നടത്തുന്ന സൈനിക നീക്കങ്ങളെ ഇരു സർക്കാരുകളും ഗൗരവം കുറച്ചാണ് കണ്ടിരുന്നത്.

നൂറുകണക്കിനു കൊച്ചുകൊച്ചു സംഘർഷങ്ങൾക്കപ്പുറത്തുണ്ടായ ചില പ്രധാന ചൈനീസ് കടന്നുകയറ്റങ്ങൾ– 2013ൽ ഡെപ്സാങ്ങിലും 2014ൽ ചുമാറിലും പിന്നീട് 2017ൽ ദോക് ലായിൽ ഭൂട്ടാന്റെ പ്രദേശത്ത് 73 ദിവസം നീണ്ട സൈനിക നീക്കവും – പരിഹരിക്കാൻ ഉന്നത നയതന്ത്ര– സൈനിക ഇടപെടലുകൾ വേണ്ടിവന്നു. ഇത്തവണ ഏപ്രിലിലും മേയിലുമായി ചൈന എൽഎസിക്കിപ്പുറം കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലും ഹോട്ട് സ്പ്രിങ്സിലും പാൻഗോങിലും വടക്കൻ സിക്കിമിലെ നാകു ലായിലും നടത്തിയ കടന്നുകയറ്റങ്ങൾ ഇങ്ങനെ തീരുമെന്നാണു സാധാരണനിലയ്ക്കു കരുതേണ്ടത്. 45 വർഷത്തിനിടെ അതിർത്തിക്കിരുവശത്തേക്കും പകയോടെ നിറയൊഴിക്കപ്പെട്ടിരുന്നില്ല. 2020ലെ ജീവഹാനി ഏതാണ്ട് അരനൂറ്റാണ്ടു നീണ്ട സമാധാനകാലത്തെ തകർക്കുകയായിരുന്നു.

തീർച്ചയായും രാഷ്ട്രീയ സംഘർഷങ്ങളും ഇക്കാലത്തുണ്ടായിട്ടുണ്ട്. നിയന്ത്രണത്തിലുള്ള അതിർത്തിഭൂമി സംബന്ധിച്ച അവകാശത്തർക്കങ്ങൾ കൂടാതെ, ദീർഘകാല വിഷയങ്ങളായ ചൈനയുടെ പാക്ക് ബന്ധവും ടിബറ്റിൽനിന്നു പലായനം ചെയ്ത ദലൈലാമയ്ക്ക് 1959 മുതൽ ഇന്ത്യ നൽകുന്ന അഭയവുമൊക്കെ തർക്കവസ്തുതകളായി നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ വിഷയങ്ങൾ വലിയ സംഘർഷത്തിലേക്കു കടക്കാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രദ്ധിച്ചിരുന്നു. അതിർത്തിത്തർക്കം ‘വരും തലമുറകൾ’ പരിഹരിക്കട്ടെ എന്നു ചൈന പ്രഖ്യാപിച്ചു. ഇന്ത്യയാകട്ടെ, ദലൈലാമയ്ക്ക് ആധ്യാത്മിക നേതാവ് എന്ന പദവിയിലുള്ള ഔദ്യോഗിക ആദരം നൽകുന്നതിനപ്പുറം ടിബറ്റൻ സ്വാതന്ത്ര്യവാദത്തിനു പിന്തുണ കൊടുക്കാതിരിക്കാനും ‘ഒറ്റ ചൈന’ എന്ന നയത്തെ അംഗീകരിക്കാനും ശ്രദ്ധ പുലർത്തി.

ചൈനയുമായുള്ള ബന്ധം തകർക്കാൻ ഇന്ത്യ ഒരിക്കലും മുതിർന്നിട്ടില്ല. ഇന്ത്യയുടെ പ്രസ്താവനകളും പ്രവൃത്തികളും വടക്കൻ അയൽരാജ്യത്തെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതിർത്തിപ്രശ്നം മാറ്റിവച്ച് ചൈനയുമായുള്ള വാണിജ്യബന്ധം (ഇപ്പോൾ 12500 കോടി ഡോളർ മൂല്യം) പുഷ്ടിപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചത്. ചൈനയ്ക്കു പൂട്ടിടാനുദ്ദേശിച്ചുള്ള ഒരു യുഎസ് നീക്കത്തിനും പിന്തുണ നൽകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു നൂറ്റാണ്ടുനീണ്ട കൊളോണിയൽ അടിമത്തത്തിനുശേഷം രൂപപ്പെടുത്തിയെടുത്ത ‘തന്ത്രപരമായ സ്വയംനിർണയ’ നയം പടിഞ്ഞാറൻ ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ ഇന്ത്യയ്ക്കു ബലമായിരുന്നു.

എന്നാൽ, ഈ നയത്തിന്റെ നിയന്ത്രണം ഇപ്പോൾ ചൈനയുടെ കരങ്ങളിലാണ് എന്നാണു തെളിഞ്ഞുവന്നുകൊണ്ടിരിക്കുന്നത്. നിസ്സാരമെന്നു തോന്നിക്കുന്ന ചെറിയ സൈനിക കടന്നുകയറ്റങ്ങൾ നടത്തുകയും ഇന്ത്യൻ സേനയ്ക്കു ചെറുകിട നഷ്ടങ്ങൾ വരുത്തുകയും നിയന്ത്രണ രേഖയ്ക്കടുത്തു കുറെ ഭൂപ്രദേശങ്ങൾ സ്വന്തമാക്കുകയും പിന്നീട് സമാധാനം പ്രഖ്യാപിക്കുകയും ചെയ്യുന്ന തന്ത്രമാണ് ചൈന എടുത്തിരിക്കുന്നത്. പിൻവാങ്ങലുകൾ ഇരുകൂട്ടരും പരസ്യമായി അറിയിക്കുകയും സംഘർഷം അവസാനിച്ചു എന്നു പ്രഖ്യാപിക്കുകയും ചെയ്യും. എന്നാൽ, ചൈന അതേസമയം ഓരോ കടന്നുകയറ്റത്തിലും ഉദ്ദേശിച്ച കാര്യം നേടുകയും സേനാസാന്നിധ്യം വർധിപ്പിക്കുകയും ചെയ്യും. (മറ്റൊരു പാതയിലൂടെ ദോക് ലായിൽ അവർ ആഗ്രഹിച്ച കാര്യം സാധ്യമാക്കിയെന്നതും ഓർക്കുക.) ഈ ചെറുകിട പ്രതിസന്ധികളെല്ലാം അവസാനിക്കുന്നതു ചൈനയുടെ നില കൂടുതൽ ഭദ്രമാക്കിക്കൊണ്ടാണ്. ഓരോ സംഭവവും നിയന്ത്രണ രേഖയിൽ പുതിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു.

ഗൽവാൻ സംഭവങ്ങൾക്കുശേഷം ബന്ധങ്ങൾ വഷളായ നിലയിൽ തുടരുകയാണ്. ഒരുപക്ഷേ, 1962ലെ സംഘർഷകാലത്തിനുശേഷം ഏറ്റവും മോശമായ അവസ്ഥയിൽ. സംഘർഷഭരിതമായ ഹിമാലയൻ അതിർത്തിമേഖലയിൽ ഇരുരാജ്യങ്ങളും പരസ്പര നിയന്ത്രണം പാലിക്കുകയാണെങ്കിലും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കാണാനുള്ള സമയമാണിത്. ചൈനയെ ശത്രുവായിക്കണ്ട് അകലം പാലിക്കുകയും പ്രതിരോധം തീർക്കുകയുമാണോ വേണ്ടത്? അതോ, യുദ്ധംകൊണ്ട് പ്രത്യേകിച്ചു ഗുണമില്ലെന്നു മനസ്സിലാക്കി ചൈനയെ അയൽരാജ്യമായി കണ്ട്, വാണിജ്യ ബന്ധങ്ങളിലൂടെ സഹകരിച്ചു പോകുക എന്ന നയമാണോ സ്വീകരിക്കേണ്ടത്? ആദ്യത്തേതാണു നമ്മൾ സ്വീകരിക്കുന്നതെങ്കിൽ സാമാന്യബുദ്ധിയനുസരിച്ച്, ചൈനയോട് ഉടക്കി നിൽക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം – പ്രത്യേകിച്ച് യുഎസുമായി– കൂടുതൽ ശക്തമാക്കണം. എന്നാൽ അത്, ഉരുത്തിരിഞ്ഞുവരുന്ന ആഗോള രാഷ്ട്രീയബന്ധങ്ങളിൽ നമ്മെ ഒരു ചേരിയിലേക്ക് ഒതുക്കും. രണ്ടാമത്തെ നിലപാടാണെങ്കിൽ നമ്മുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതരം ഒരു വിധേയ നിലയിലേക്കു താഴേണ്ടിയും വരും.

എന്നാൽ, ഇന്ത്യ ഈ രണ്ടു നിലപാടുകളും മാറ്റിവയ്ക്കുകയായിരുന്നു. ഭൂമിശാസ്ത്രപരമായി നമ്മളിൽനിന്ന് ഏറെ അകലെ നിൽക്കുന്ന യുഎസുമായും സോവിയറ്റ് യൂണിയനുമായും ചേരിചേരാ നയം സ്വീകരിക്കുന്നതു താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ, രണ്ട് ആഗോള എതിരാളികളിൽ ഒരാൾ നമ്മുടെ അതിർത്തിക്കു മുകളിലൂടെ തീ തുപ്പിക്കൊണ്ടിരിക്കുമ്പോൾ നമുക്കു ചേരിചേരാ നില സ്വീകരിക്കാനാകുമോ? സർക്കാർ അടിയന്തരമായി അഭിമുഖീകരിക്കേണ്ട ചോദ്യം ഇതാണ്. നമ്മുടെ രാജ്യത്തെ ജനതയെ സംബന്ധിച്ചു സുപ്രധാനമാണ് അതിന്റെ ഉത്തരം.

വാൽക്കഷണം

ഗീതാജ്ഞലി ശ്രീയെ അംഗീകരിക്കാൻ നാം വൈകിയതെന്തേ? 

geethanjali
ഗീതാജ്ഞലി ശ്രീ

ഈയിടെ ലണ്ടനിൽ നടന്ന ഒരു ലിറ്റററി ഫെസ്റ്റിവലിൽ, ആദ്യമായി ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയ ഇന്ത്യൻ കൃതിയായ ‘റേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ (ഇംഗ്ലിഷ് പരിഭാഷ ‘ടൂം ഓഫ് സാൻഡ്’) കർത്താവ് ഗീതാഞ്ജലി ശ്രീയെ പരിചയപ്പെട്ടത് ആഹ്ലാദകരമായിരുന്നു. എന്നാൽ, അവരുടെ വിജയത്തിന്റെ ആഘോഷം കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയത്, ഇത്രയും കാലം ഗീതാഞ്ജലി ഒരു ഹിന്ദി നോവലിസ്റ്റായി അജ്ഞാതവാസം നയിച്ചുകൊണ്ടിരുന്നപ്പോൾ ഈ ആഘോഷക്കാരെല്ലാം എവിടെയായിരുന്നു എന്നാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദി സാഹിത്യലോകത്തിനപ്പുറം ഈ എഴുത്തുകാരി അറിയപ്പെടാതിരുന്നത്? വിദേശ അംഗീകാരം കിട്ടിയെങ്കിൽ മാത്രമേ നമ്മുടെ നാട്ടിലെ ഒരു എഴുത്തുകാരനോ എഴുത്തുകാരിക്കോ കയ്യടി കൊടുക്കൂ എന്ന നിലയിൽ ഇപ്പോഴും കൊളോണിയൽ നുകത്തിനു കീഴിലാണോ നമ്മുടെ സമൂഹമനസ്സ്?

English Summary: Shashi Tharoor on India-China dispute

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA