ADVERTISEMENT

സംസ്ഥാനത്താദ്യമായി, നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ പ്ലസ് പ്ലസ് ഗ്രേഡ് കരസ്ഥമാക്കുമ്പോൾ ഈ നേട്ടം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു മുഴുവൻ ഊർജം നൽകുന്നു. ആശാവഹമല്ലാത്ത സ്ഥിതിയിൽനിന്നു നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ സുസജ്ജമാക്കാൻ വലിയെ‍ാരു സമർപ്പിതയജ്ഞം കെ‍ാണ്ടേ സാധിക്കൂവെന്ന ഓർമപ്പെടുത്തൽകൂടി ഈ വലിയ നേട്ടത്തിലുണ്ട്. 

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ 16 സർവകലാശാലകളിലെ‍ാന്നായ കേരളയുടെ വളർച്ചയിൽ സുപ്രധാനമായെ‍ാരു നാഴികക്കല്ലാണ് ഇതോടെ പിന്നിടുന്നത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത് 1937 നവംബർ ഒന്നിനാണ് യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂർ സ്ഥാപിച്ചത്. മഹാരാജാവ് ആയിരുന്നു ആദ്യ ചാൻസലർ; ദിവാൻ സി.പി.രാമസ്വാമി അയ്യർ ആദ്യ വൈസ് ചാൻസലറും. കേരളപ്പിറവിക്കുശേഷമാണു ട്രാവൻകൂർ സർവകലാശാല, കേരള സർവകലാശാലയായി മാറിയത്. പിന്നീട് ഗവർണറായി ചാൻസലർ. 

ദക്ഷിണേന്ത്യയിൽ നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ച നാലാമത്തെ സർവകലാശാലയാണു കേരള; ഇന്ത്യയിൽ ഈ ഗ്രേഡ് നേടിയ ആറു സംസ്ഥാന സർവകലാശാലകളിലെ‍ാന്നും. ഈ ആറു സർവകലാശാലകളിൽ ഏറ്റവുമധികം സ്കോർ കേരളയ്ക്കാണെന്നതും നേട്ടമാണ്. ആകെയുള്ള 4 സ്കോറിൽ 3.67 സ്കോർ നേടിയാണ് ഐഐടി നിലവാരത്തിലുള്ള ഈ റാങ്ക് കൈവരിച്ചത്. 2003ൽ ബി പ്ലസ് പ്ലസ് ഗ്രേഡും 2015ൽ എ റാങ്കിങ്ങും ഉണ്ടായിരുന്നതിൽ നിന്നാണ് കേരള സർവകലാശാലയുടെ ഈ വളർച്ച. 

കരിക്കുലം, അധ്യാപനം, ഗവേഷണം, അടിസ്ഥാനസൗകര്യ മേഖല, സ്റ്റുഡന്റ് സപ്പോർട്ട്, മാനേജ്മെന്റ്, ഇൻസ്റ്റിറ്റ്യൂഷനൽ വാല്യു ആൻഡ് ബെസ്റ്റ് പ്രാക്ടീസ് എന്നിവ കണക്കാക്കിയാണു ഗ്രേഡ് നൽകുന്നത്. ലാബുകൾ, ലൈബ്രറി, സ്റ്റേഡിയം, ഹോസ്റ്റൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ മികവ് അക്രഡിറ്റേഷനിൽ കേരളയ്ക്കു ഗുണം ചെയ്തു. അഞ്ചു വർഷത്തെ കാലാവധിയുള്ള ഈ ഗ്രേഡ് കൈവരിച്ചതിലൂടെ വിദ്യാർഥികളുടെ ഉപരിപഠന സാധ്യത വർധിക്കുമെന്നതു പ്രധാനമാണ്. വിവിധ വിദ്യാഭ്യാസ പദ്ധതികൾ സമർപ്പിക്കുന്ന മുറയ്ക്ക് യുജിസിയിൽനിന്നു 100 മുതൽ 800 കോടി രൂപ വരെ ലഭിക്കാനുള്ള സാധ്യതയാണു തുറന്നിരിക്കുന്നത്. 

നാക് സംഘം പരിശോധനയ്ക്കായി എത്തുന്നതിനു മുൻപുതന്നെ എല്ലാ ഡിപ്പാർട്മെന്റുകളും ഏകോപിതമായ കഠിനപ്രയത്നത്തിലൂടെ അതിനായി സുസജ്ജമായിരുന്നു. കൊമേഴ്സ് വകുപ്പ് മേധാവിയും ഡീനുമായ ഡോ.ഗബ്രിയേൽ സൈമൺ തട്ടിലിന്റെ നേതൃത്വത്തിലാണ് അക്രഡിറ്റേഷനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള, പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ എന്നിവരും സിൻഡിക്കറ്റ് അംഗങ്ങളും ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 

ഭാവിതലമുറയ്ക്കു നേർവഴിവെളിച്ചം പകരുന്നതു മുതൽ അവർക്കു മികവുറ്റ വിദ്യാഭ്യാസം നൽകി തൊഴിലവസരങ്ങൾക്കു സജ്ജരാക്കുകയും നാടിന്റെ വികസനത്തിന് ഉത്തേജകമാവുകയുംവരെ സർവകലാശാലകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലുണ്ട്. എത്രയോ രാജ്യങ്ങൾ നടത്തുന്ന അതിശയിപ്പിക്കുന്ന ചുവടുവയ്പുകളും കൈവരിക്കുന്ന അഭിമാനനേട്ടങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തെയും പാകപ്പെടുത്തിയെടുക്കാൻ വൈകരുത്. അതിനായി മികച്ച അധ്യാപകരെ നിയോഗിക്കുകയും ഗവേഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. പ്രഫഷനൽ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്കു തൊഴിൽ പഠിക്കാൻ സാധിക്കണം. 

മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ പോകാതെ പുതിയ തലമുറയ്ക്ക് ഇവിടെത്തന്നെ രാജ്യാന്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ കേരളത്തിലെ എല്ലാ സർവകലാശാലകളും സജ്ജമാകണം. ഇവിടെ പഠനം പൂർത്തിയാക്കുന്നവരുടെ നിലവാരവും അവർക്കുള്ള ജോലി ലഭ്യതയും ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ഈ സാഹചര്യത്തിൽ, നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പാതയിലേക്കു നയിക്കാനാകുന്ന പ്രചോദനമായി കേരള സർവകലാശാലയുടെ ഈ നേട്ടം മാറേണ്ടതുണ്ട്.

English Summary: University Of Kerala Gets A++ Ranking From NAAC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com