ADVERTISEMENT

സാങ്കൽപിക ബ്രാഞ്ചിലെ വ്യാജ അക്കൗണ്ടുകളിലൂടെ 1.81 ലക്ഷം ‘ഭവനവായ്പ’ നൽകി ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ വിവിധ ബാങ്കുകളിൽനിന്ന് തട്ടിയത് 14,000 കോടി രൂപ. 17 ബാങ്കുകളിൽ നിന്ന് പല കാലങ്ങളിലായി 34,615 കോടി രൂപ സ്ഥാപനം വകമാറ്റിയെന്ന് സിബിഐ കുറ്റപത്രം.

ഈ സാങ്കൽപിക ബ്രാഞ്ചിലെ 2 ലക്ഷം വായ്പ അക്കൗണ്ടുകളുടെ ഉടമകൾക്കു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവുമില്ല. ആരെങ്കിലുമായി സാമ്യം തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രമാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന  ദിവാൻ ഹൗസിങ് ഫിനാൻസ്  കോർപറേഷൻ (ഡിഎച്ച്എഫ്എൽ) എന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനം ഏതാനും വർഷം മുൻപ് ഇത്തരമൊരു അറിയിപ്പ് ഇറക്കിയാൽപോലും അദ്ഭുതപ്പെടാനില്ലായിരുന്നു. അത്രത്തോളമുണ്ട് ഡിഎച്ച്എഫ്എൽ നടത്തിയ തട്ടിപ്പുകളിലെ അവിശ്വസനീയതയും കൗതുകവും. സാങ്കൽപികമായ ഒരു ബ്രാഞ്ച് സൃഷ്ടിച്ച് അതിലെ വ്യാജ അക്കൗണ്ടുകളിലൂടെ 1.81 ലക്ഷം വ്യാജ ഭവനവായ്പകൾ നൽകിയെന്നു വരുത്തിത്തീർത്തായിരുന്നു തട്ടിപ്പുകളിലൊന്ന്. 

പാവപ്പെട്ടവർക്കു വീട് നൽകാനുള്ള പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഭാഗമായിട്ടാണു വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. വിവിധ ബാങ്കുകളിൽ നിന്നു കടമെടുത്ത 14,000 കോടി രൂപ ഈ ‘അജ്ഞാത അക്കൗണ്ടുകൾക്ക്’ വായ്പയായി നൽകിയെന്നാണു ഡിഎച്ച്എഫ്എൽ വരുത്തിത്തീർത്തത്. യഥാർഥത്തിൽ 14,000 കോടി രൂപ പോയതു ഡിഎച്ച്എഫ്എലുമായി ബന്ധമുള്ള ചില കടലാസ് കമ്പനികളിലേക്കാണ്. വകമാറ്റലിനു പുറമേ കേന്ദ്രത്തിൽ പിഎംഎവൈ പദ്ധതിയിൽ നിന്ന് 1,880 കോടി രൂപയോളം സബ്സിഡിയായും ക്ലെയിം ചെയ്തു!

ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷന്റെ മുംബൈയിലെ ഓഫിസ്.
ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷന്റെ മുംബൈയിലെ ഓഫിസ്.

14,000 കോടി രൂപ മൂല്യം വരുന്ന ഈ 1.81 ലക്ഷം വ്യാജ ഭവനവായ്പകളെ വിളിക്കുന്നത് ‘ബാന്ദ്ര ബുക്സ്’ എന്നാണ്. മുഖ്യ അക്കൗണ്ടിങ് സോഫ്റ്റ്‍വെയർ ഉള്ളപ്പോഴും ഡിഎച്ച്എഫ്എലിൽ ‘ബാന്ദ്ര ബുക്സ്’ രേഖകൾ സൂക്ഷിച്ചിരുന്നതു ഫോക്സ്പ്രോ എന്ന സോഫ്റ്റ്‍വെയറിന്റെ പ്രത്യേക ഡേറ്റാബേസിലായിരുന്നു. സീനിയർ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഓരോ അക്കൗണ്ടിലും വ്യാജമായ ഇടപാടുകൾ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഒരു പൈസപോലും ഈ അക്കൗണ്ടുകളിലൂടെ കൈമാറ്റപ്പെട്ടിട്ടില്ലെന്നതാണു സത്യം. ഡിഎച്ച്എഫ്എലും അതിന്റെ പ്രമോട്ടർമാരായ കപിൽ വാധവാൻ, ധീരജ് വാധവാൻ എന്നിവരും ഉൾപ്പെട്ട ഒട്ടേറെ തട്ടിപ്പുകളിൽ ഒന്നുമാത്രമായിരുന്നു ഇത്. 

kapil deeraj wadavan
കപിൽ വാധവാൻ, ധീരജ് വാധവാൻ

പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താൻ അനുദിനം സർക്കാർ ശ്രമിക്കുമ്പോഴും വമ്പൻ തട്ടിപ്പുകളിലൂടെ ബാങ്കുകൾ പ്രതിസന്ധിയിലേക്കുതന്നെ വീഴുകയാണെന്നു വ്യക്തമാക്കുന്നതാണ് ഡിഎച്ച്എഫ്എൽ തട്ടിപ്പും അടുത്തകാലത്തു തന്നെ പുറത്തുവന്ന എബിജി ഷിപ്‌യാഡ് തട്ടിപ്പും.

ഇന്ത്യയിലെ ചില വമ്പൻ ബാങ്ക് തട്ടിപ്പുകൾ

ഡിഎച്ച്എഫ്എൽ തട്ടിപ്പ് 34,615 

എബിജി ഷിപ്‍യാഡ് തട്ടിപ്പ് 22,842 

നീരവ് മോദി നടത്തിയ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ്     ‍11,400 

വിജയ് മല്യയുടെ കിങ്ഫിഷർ തട്ടിപ്പ്  9,000 

പഞ്ചാബ് –മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് 4,355 

റോട്ടോമാക് തട്ടിപ്പ് 3,695 

ഐസിഐസിഐ വിഡിയോകോൺ തട്ടിപ്പ്      1,875

തട്ടിപ്പിന്റെ ആഴം

17 ബാങ്കുകളിൽ നിന്നായി 34,615 കോടി രൂപ വായ്പയെടുത്ത് വകമാറ്റിയെന്ന ഗുരുതരമായ കുറ്റമാണ് 1984ൽ മുംബൈയിൽ ആരംഭിച്ച ദിവാൻ ഹൗസിങ് ഫിനാൻസിനുമേൽ സിബിഐ ചുമത്തിയിരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് ഭവനവായ്പ നൽകാനെന്നു പറഞ്ഞാണ് ഡിഎച്ച്എഫ്എൽ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തത്. ഫൊറൻസിക് ഓഡിറ്റിനായി ബാങ്കുകളുടെ കൺസോർഷ്യം നിയമിച്ച കെപിഎംജി നടത്തിയ പഠനത്തിൽ വായ്പയായി നൽകിയ തുകയുടെ 67 ശതമാനത്തിലധികവും മറ്റു നിക്ഷേപ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നു വ്യക്തമാക്കുന്നു. പലതും വസ്തു വാങ്ങാനും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനുമൊക്കെയായി വിനിയോഗിച്ചു. 

അന്വേഷണാത്മക മാധ്യമസ്ഥാപനമായ കോബ്രാപോസ്റ്റിന്റെ 2019ലെ വാർത്ത ഡിഎച്ച്എഫ്‌എലിന്റെ പിന്നിലെ പുഴുക്കുത്തുകൾ തുറന്നുകാട്ടുന്നതായിരുന്നു.  വായ്പയായി എടുക്കുന്ന തുക പല മാർഗങ്ങളിലൂടെ ബാങ്കിങ് സംവിധാനത്തിനു പുറത്തെത്തിക്കുകയാണ് എല്ലാ വായ്പത്തട്ടിപ്പുകളുടെയും രീതി.  പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത് ഉപകമ്പനികളെന്നു വിളിക്കുന്ന ചില കടലാസ് കമ്പനികളെയും. ഡിഎച്ച്എഫ്എലും ഈ രീതി തന്നെയാണു പ്രയോഗിച്ചത്. പ്രമോട്ടർമാരുടെ വ്യക്തിപരമായ ആവശ്യത്തിനായി കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ വകമാറ്റി പുറത്തെത്തിച്ചത്.

ഡിഎച്ച്എഫ്എൽ തട്ടിപ്പ്:ബാങ്കുകളുടെ നഷ്ടം ഇങ്ങനെ

ബാങ്കുകളുടെ പേര്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 9,898 

ബാങ്ക് ഓഫ് ഇന്ത്യ 4,044 

കനറാ ബാങ്ക് 4,022 

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 3,813 

പഞ്ചാബ് നാഷനൽ ബാങ്ക് 3,802

ബാങ്ക് ഓഫ് ബറോഡ 2036

ഇന്ത്യൻ ബാങ്ക് 1,499

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 1034

ഐഡിബിഐ ബാങ്ക് 961 

പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 815

ഇന്ത്യൻ ഓവർസീസ് ബാങ്ക് 686 

ബാങ്ക് ഓഫ് മഹാരാഷ്ട്ര 633

യുകോ ബാങ്ക് 557

എച്ച്ഡിഎഫ്‍സി ബാങ്ക് 349

ഫെഡറൽ ബാങ്ക് 202 

കർണാടക ബാങ്ക് 185 

സൗത്ത് ഇന്ത്യൻ ബാങ്ക് 71.86

66 കമ്പനികളിലേക്ക് ഒഴുകിയത് 29,100 കോടി 

42,871.42 കോടി രൂപയുടെ വായ്പയാണു യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വം നൽകുന്ന 17 അംഗ ബാങ്കിങ് കൺസോർഷ്യം ഡിഎച്ച്എഫ്എലിനു വിവിധ നാളുകളിൽ നൽകിയത്. 2019 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് ഈ വായ്പകൾ നിഷ്ക്രിയ ആസ്തിയായി മാറി. 2020ൽ ഇവ ‘തട്ടിപ്പ്’ എന്ന ഗണത്തിൽ ബാങ്കുകൾ ഉൾപ്പെടുത്തി. വായ്പയ്ക്കു പുറമേ ഡിഎച്ച്എഫ്എലിന്റെ കടപ്പത്രങ്ങളിലും പല ബാങ്കുകളും പണമിറക്കി. തിരിച്ചടവു മുടങ്ങിയപ്പോൾ പലപ്പോഴും സ്ഥാപനത്തിന്റെ ധനകാര്യസ്ഥിരതയെക്കുറിച്ചു ബാങ്കുകൾ ചോദിച്ചു. എന്നാൽ, ഒരു കുഴപ്പവുമില്ലെന്ന മറുപടിയാണു ദിവാൻ ഫിനാൻസ് നൽകിയത്.

dhfl1
ക്രിയേറ്റിവ്: മനോരമ

2019ൽ കോബ്രപോസ്റ്റിന്റെ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ്, ദിവാൻ ഫിനാൻസിന് ഏറ്റവും കൂടുതൽ തുക വായ്പ നൽകിയ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (ലീഡ് ബാങ്ക്) എന്നിവ അടിയന്തരയോഗം ചേരുന്നതും കെപിഎംജിയെ ഫൊറൻസിക് ഓഡിറ്റിനായി നിയോഗിക്കുന്നതും.

വായ്പയെടുത്ത തുക ഡിഎച്ച്എഫ്എലുമായി ബന്ധമുള്ള 66 സ്ഥാപനങ്ങളിലേക്ക് ഒഴുകിയതായി കെപിഎംജി കണ്ടെത്തി. 

ഇതിൽ 40 എണ്ണം പ്രമോട്ടർമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. 66 കമ്പനികളിലേക്ക് 29,100.33 കോടി രൂപയാണു ചെന്നത്. 12 കമ്പനികൾ മുൻപു പ്രമോട്ടർമാരുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ്. 52 എണ്ണത്തിന്റെ വിലാസവും ഇ മെയിൽ ഐഡി പോലും ഒന്നാണ്. 16 കമ്പനികൾ ഡിഎച്ച്എഫ്എലിന്റെ കടപ്പത്രങ്ങളിൽ 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ 9 എണ്ണം റിയൽ എസ്റ്റേറ്റ് കമ്പനികളാണ്. 

പല അക്കൗണ്ടുകളിലേക്കും വെറും ഒരു മാസത്തെ വ്യത്യാസത്തിലാണ് പലതവണ വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നതെന്നും കണ്ടെത്തി. 

വായ്പയായി ചില സ്ഥാപനങ്ങൾക്കു നൽകിയ തുക ‘റൗണ്ട് ട്രിപ്പിങ്’ എന്ന മാർഗത്തിലൂടെ കറങ്ങിത്തിരിഞ്ഞ് തിരിച്ച് ഡിഎച്ച്എഫ്എലിൽ തന്നെ എത്തി. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളിലടക്കം ക്രമക്കേടുകൾ നടന്നു. ഉദാഹരണത്തിന്, ദിവാൻ ഫിനാൻസിൽനിന്നു ‘വായ്പയെടുത്ത’ അമർലിസ് റിയൽറ്റേഴ്സ്, ഗുൽമാർഗ് റിയൽറ്റേഴ്സ് എന്നീ റിയൽ എസ്റ്റേറ്റ് ഉപകമ്പനികളുടെ വായ്പ അക്കൗണ്ട് അനുസരിച്ച് 2,000 കോടി രൂപ തിരിച്ചടച്ചതായി കാണിക്കുന്നുണ്ട്. എന്നാൽ, ഡിഎച്ച്എഫ്എലിന്റെ സ്റ്റേറ്റ്‍മെന്റിൽ ഈ തുകയില്ല! 

യെസ് ബാങ്കിന്റെ ‘സഹായം’

2018 ഏപ്രിലിനും ജൂണിനുമിടയിൽ യെസ് ബാങ്ക് ഡിഎച്ച്എഫ്എലിന്റെ കടപ്പത്രങ്ങളിൽ 3,700 കോടി രൂപയുടെ നിക്ഷേപം നടത്തി.  ഇതിനു പിന്നാലെ യെസ് ബാങ്കിന്റെ മുൻ ചെയർമാൻ റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂറും മകൾ റോഷ്നി കപൂറും ഡയറക്ടർമാരായ ഡിഒഐടി അർബൻ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് (ഡിയുവിപിഎൽ) ഡിഎച്ച്എഫ്എൽ 600 കോടി വായ്പ അനുവദിച്ചു. വെറും 39.68 കോടി രൂപ മൂല്യമുള്ള ഒരു വസ്തുവിന്റെ മൂല്യം ഊതിപ്പെരുപ്പിച്ചു കാട്ടിയാണ് ഈ വായ്പ അനുവദിച്ചത്. കൃഷിഭൂമിയായ വസ്തു ഭാവിയിൽ റസിഡൻഷ്യൽ ഭൂമിയായി മാറുമെന്നു കാണിച്ചാണ് 254 കോടി രൂപയെന്ന ഉയർന്ന മൂല്യം കണക്കാക്കിയത്. 

ranaanitwitter
റാണ കപൂർ. ചിത്രം: ട്വിറ്റർ

യെസ് ബാങ്കിൽനിന്ന് ‘സഹായം’ ലഭിച്ചതിനു പ്രത്യുപകാരമായി സ്ഥാപകനായ റാണ കപൂറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിക്ക് 600 കോടി രൂപ വായ്പയെന്ന പേരിൽ ഡിഎച്ച്എഫ്എൽ നൽകുകയായിരുന്നുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. വമ്പൻ വായ്പകൾ അനുവദിച്ചു വ്യക്തിഗത നേട്ടമുണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ വ്യക്തിയാണു റാണ. തകർന്ന ഡിഎച്ച്എഫ്എലിനെ പിരമൽ എന്റർപ്രൈസസ് ലിമിറ്റഡ് കഴിഞ്ഞ വർഷം 14,700 കോടി രൂപ നൽകി ഏറ്റെടുത്തിരുന്നു. 

കേരളത്തിൽനിന്ന് 2 ബാങ്ക് മാത്രം

ഡിഎച്ച്എഫ്എലിന്റെ തട്ടിപ്പിൽപെട്ട 17 ബാങ്കുകളിൽ സ്വകാര്യ ബാങ്കുകൾ നാലു മാത്രം. നാലിനുംകൂടി സംഭവിച്ച നഷ്ടമാകട്ടെ മൊത്തം നഷ്ടത്തിന്റെ 2% മാത്രവും. കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്കിന് 202 കോടി രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിന് 71.86 കോടിയും മാത്രമാണു കിട്ടാക്കടമായത്. രണ്ടു ബാങ്കുകളുടെയും ഒരുദ്യോഗസ്ഥന്റെ പോലും പേര് സിബിഐയുടെ കുറ്റപത്രത്തിൽ പരാമർശിക്കുന്നുമില്ല.  

98 കടലാസ് കമ്പനികൾ; വർഷങ്ങളുടെ ആസൂത്രണം

എബിജി ഷിപ്‍യാഡ്: രാജ്യത്തെ രണ്ടാമത്തെ വലിയ തട്ടിപ്പിന്റെ കഥ

ഏകദേശം 98 കടലാസ് കമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ്, ബാങ്ക് വായ്പയായി എടുത്ത 22,842 കോടി രൂപ ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിച്ച എബിജി ഷിപ്‍യാഡ് ലിമിറ്റഡ് തട്ടിയെടുത്തതെന്നാണു ഡിജിറ്റൽ ഫൊറൻസിക് പരിശോധന നടത്തിയ ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) കണ്ടെത്തിയത്.

abg shipyard
അഹമ്മദാബാദിലെ എബിജി ഷിപ്‌യാഡ്.PHOTO: Sam PANTHAKY/ AFP

1985ൽ ആരംഭിച്ച എബിജി ഷിപ്‍യാഡിന് ഐസിഐസിഐ ബാങ്ക് നേതൃത്വം നൽകിയ 28 ബാങ്കുകളുടെ കൺസോർഷ്യമാണു വായ്പ നൽകിയിരുന്നത്. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടുന്നു. തിരിച്ചടവില്ലാതായതോടെ 2013ൽ ഇതു കിട്ടാക്കടമായി. 2014ൽ വായ്പ തിരിച്ചടവ് പുനഃക്രമീകരിച്ച് 2 വർഷത്തേക്കു സമയം നൽകിയെങ്കിലും കാര്യമുണ്ടായില്ല.

വായ്പയായി ലഭിച്ച പണം തിരിച്ചടയ്ക്കാതെ കമ്പനിയുമായി ബന്ധപ്പെട്ടവർ പണം വകമാറ്റി സ്വന്തമാക്കിയെന്നും അതിനായി അക്കൗണ്ടുകളിൽ വ്യാപക തിരിമറി നടത്തിയെന്നും ഫൊറൻസിക് ഓഡിറ്ററായി നിയമിക്കപ്പെട്ട ഇവൈ തെളിവുസഹിതം കണ്ടെത്തി. ഈ കേസ് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചേർന്ന് അന്വേഷിക്കുകയാണ്.

എബിജി തട്ടിപ്പിങ്ങനെ

വായ്പത്തുക ഉപകമ്പനികളുടെ സഹായത്തോടെ പല തരത്തിലാണു ബാങ്കിങ് സംവിധാനത്തിനു വെളിയിലെത്തിച്ച് എബിജി തട്ടിയെടുത്തതെന്നു ഫൊറൻസിക് റിപ്പോർട്ട് പറയുന്നു.

∙ റീറൂട്ടിങ്: എബിജി ഷിപ്‍യാഡ് എടുത്ത വായ്പത്തുക ഉപകമ്പനികളിൽ നിന്നോ ബന്ധമുള്ള വെൻഡർ കമ്പനികളിൽ നിന്നോ ഉൽപന്നമോ സേവനമോ വാങ്ങിയെന്ന പേരിൽ അക്കൗണ്ടിൽ രേഖപ്പെടുത്തി നൽകി. ഇങ്ങനെ ലഭിച്ച 1,415 കോടിയോളം രൂപ എബിജി ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ വായ്പ തിരിച്ചടവിനും മറ്റു ചെലവുകൾക്കുമായി ഉപയോഗിച്ചു.

∙വിദേശ കമ്പനിയിലൂടെ നിക്ഷേപം: സിംഗപ്പൂരിലുള്ള എബിജി സിംഗപ്പൂർ എന്ന ഉപകമ്പനിയിൽ വായ്പത്തുകയിലെ 4.35 കോടി ഡോളർ നിക്ഷേപിച്ചു. ഈ പണം എബിജി സിംഗപ്പൂർ നികുതിവെട്ടിപ്പുകാരുടെ ഇഷ്ടസ്ഥലമായ കെയ്മൻ ദ്വീപിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ട്രസ്റ്റിലേക്കു വഴിതിരിച്ചു.

∙ ഉപകമ്പനികൾ വഴി ആസ്തി വാങ്ങൽ: ഏരിസ് മാനേജ്മെന്റ് സർവീസസ്, ജിസി പ്രോപ്പർട്ടീസ്, തിരുപ്പതി ലാൻഡ്മാർക്ക് എന്നിങ്ങനെ 7 കമ്പനികൾക്കു വായ്പത്തുകയിൽ 83 കോടി രൂപ നൽകുകയും ഈ കമ്പനികൾ അത് ആസ്തികൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു. ഇവയെല്ലാം എബിജിയുടെ തന്നെ കടലാസ് കമ്പനികളായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു.

∙ ചട്ടം പാലിക്കാതെ അക്കൗണ്ട്: 2014ൽ വായ്പ പുനഃക്രമീകരണം നടന്നപ്പോ‍ൾ സുതാര്യതയ്ക്കും നിരീക്ഷണത്തിനുമായി എല്ലാ പണമൊഴുക്കും ട്രസ്റ്റ് ആൻഡ് റിറ്റെൻഷൻ അക്കൗണ്ട് (ടിആർഎ) വഴിയായിരിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഈ സമയത്ത് എബിജിക്കു ലഭിച്ച 54.14% തുകയും ടിആർഎ അക്കൗണ്ടിലൂടെയായിരുന്നില്ല.

English Summary: DHFL's Rs 34,615-Crore Fraud: A Look At India's Biggest Bank Fraud Case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com