വകതിരിവില്ലാത്ത അഴിഞ്ഞാട്ടം

HIGHLIGHTS
  • ഭരണപക്ഷ വിദ്യാർഥിസംഘടന ജനാധിപത്യത്തെ അവഹേളിക്കുന്നു
kalpetta-sfi-attack
രാഹുൽഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർക്കുന്നു. ചിത്രം∙ മനോരമ
SHARE

ജനാധിപത്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള ഒരുപാധിയാണ് പ്രത്യക്ഷ പ്രതിഷേധം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെടാനുള്ള മാർഗവുമാണത്. എന്നാൽ പ്രതിഷേധങ്ങൾ വകതിരിവില്ലായ്മയായി മാറുമ്പോൾ ജനാധിപത്യ സംവിധാനത്തിന്റെ തന്നെ കടയ്ക്കൽ കത്തിവീഴുന്നു.

ഇന്നലെ കൽപറ്റയിൽ കണ്ടത് അതാണ്. ഒരു പറ്റം എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ കടന്നുകയറി അക്രമം അഴിച്ചുവിടുകയും ഓഫിസ് ജീവനക്കാരെ മർദിക്കുകയും ചെയ്തത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ കളങ്കമാണു ചാർത്തിയത്. 

സംരക്ഷിത വനപ്രദേശങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റും ബഫർസോൺ ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള അരക്ഷിതത്വവും ആശങ്കയും ആർക്കും തൊട്ടറിയാവുന്നതാണ്. ആ പ്രശ്നത്തിൽ പ്രതിഷേധം കേരളത്തിൽ നീറിനിൽക്കുകയുമാണ്. ഒട്ടേറെ സംഘടനകളും രാഷ്ട്രീയകക്ഷികൾ തന്നെയും ഇക്കാര്യത്തിൽ പ്രത്യക്ഷ സമരപരിപാടികൾ പലയിടത്തും നടത്തിക്കഴിഞ്ഞിട്ടുണ്ട്. അവ തുടരുകയുമാണ്. അതേ പേരു പറഞ്ഞാണ് എസ്എഫ് ഐ പ്രവർത്തകരും രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫിസിലേക്കു മാർച്ച് നടത്തിയത്. എംപിയുടെ കസേരയിൽ വാഴ സ്ഥാപിക്കുക തുടങ്ങിയ അപക്വനടപടികളും മഹാത്മാഗാന്ധിയുടെ ചിത്രം തല്ലിയുടയ്ക്കുന്നതു പോലത്തെ ഹീനകൃത്യങ്ങളും അവർ ചെയ്തുകൂട്ടി. 

വയനാട്ടിലെ കൃഷിക്കാരിൽ ഏറെ ആശങ്കയുയർത്തിയ വിധിയാണു ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നുണ്ടായതെങ്കിലും ശാന്തമായ പ്രതിഷേധങ്ങളാണു ജില്ലയിൽ ഇതുവരെ നടന്നത്. ഇതിൽ വിദ്യാർഥികളടക്കം എല്ലാ മണ്ഡലങ്ങളിലുമുള്ളവർ പങ്കെടുത്തിട്ടുമുണ്ട്. എന്നാൽ, വളരെ അപ്രതീക്ഷിതമായി എസ്എഫ്ഐ പ്രവർത്തകർ ബഫർസോണിന്റെ പേരിൽ മാർച്ചിനിറങ്ങിയതും എംപിയുടെ ഓഫിസിൽ അക്രമം നടത്തിയതും ഇതുവരെ നടന്ന സമരങ്ങളുടെയെല്ലാം അന്തഃസത്തയെ തകർക്കുന്നതായി. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ പാർട്ടികളും ഒത്തുചേർന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്തുവരുന്നതിനിടയിലുണ്ടായ അക്രമം കൂട്ടായ ജനകീയ നീക്കത്തെ പിന്നോട്ടടിക്കാൻ പോന്നതായി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടുകൂടിത്തന്നെയായിരുന്നു എസ്എഫ്ഐക്കാരുടെ മാർച്ച്. അക്രമത്തെ പാർട്ടി തള്ളിപ്പറ‍ഞ്ഞെങ്കിലും അക്രമത്തിലേക്കു പോകാതെ പ്രതിഷേധം തടയേണ്ട ഉത്തരവാദിത്തം അവർ നിറവേറ്റിയില്ലെന്നതും കാണാതിരുന്നുകൂടാ. 

കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകാനും മറ്റുമായി ഒട്ടേറെ പാവപ്പെട്ടവർ എത്താറുള്ള ഇടമാണ് ഒരു എംപിയുടെ ഓഫിസ്. ഇവിടേക്കാണ് എസ്എഫ്ഐക്കാർ ഇരച്ചുകയറി ആക്രമണം നടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനടുത്ത് ഇത്ര വലിയ അക്രമം മുക്കാൽ മണിക്കൂറോളം നീണ്ടിട്ടും പൊലീസ് വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അക്രമം നടക്കുമെന്ന വിവരമറിഞ്ഞിട്ടും പൊലീസ് കാഴ്ചക്കാരായി എന്നാണാക്ഷേപം. ഒരു പറ്റം വിദ്യാർഥികൾ എംപി ഓഫിസിന്റെ ഷട്ടർ തകർത്ത് ആക്രമണത്തിനു മുതിരുമ്പോൾ അതു തടയാൻ കഴിയാത്ത വിധം പൊലീസിനെ നിഷ്ക്രിയത്വം ബാധിക്കുന്നതിന്റെ അർഥമെന്താണ്? 

പരിസ്ഥിതിലോല മേഖല (ബഫർസോൺ) നിർണയിക്കുന്ന കാര്യത്തിൽ ശക്തമായ നടപടി ഇനിയുണ്ടാകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്നിരിക്കെ, എസ്എഫ്ഐ നടപടി പരിഹാസ്യമാകുകയുമാണ്. ഭരണകൂടം സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാതിരിക്കെ, അതേ ഭരണകൂടത്തിന്റെ തണൽപറ്റുന്ന വിദ്യാർഥിസംഘടന നടത്തിയ തേർവാഴ്ചയ്ക്ക് ഒരു ന്യായീകരണവും കണ്ടെത്താനാവില്ല. മുഖ്യമന്ത്രിയടക്കം ഉത്തരവാദപ്പെട്ടവർ ഇന്നലത്തെ അക്രമത്തെ അപലപിച്ചതു കാണാതിരിക്കുന്നില്ല. അപ്പോഴും അക്രമകെടുതികളിൽ നിന്ന് ഈ നാടിന് എന്നാണൊരു മോചനം എന്ന ചോദ്യം സാധാരണ ജനങ്ങളുടെ മനസ്സിൽ നീറിനിൽക്കുന്നു.

English Summary: SFI activists vandalise Rahul Gandhi’s office in Wayanad.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS